ഭോപാൽ എന്തുകൊണ്ട് ഗുലാം ദസ്തകീർ സ്റ്റേഷനാവണം
text_fieldsഅവിടെനിന്നാണ് ഭോപാലിന്റെ ദുരന്തഭൂമിയിലേക്ക് തിരിച്ചത്... മുമ്പ് രണ്ടുവർഷക്കാലം നഴ്സിങ് പഠിച്ചത് അന്ന് വളരെ ഗുണപ്പെട്ടു. വിഷവാതകം ശ്വസിച്ച് വീർപ്പുമുട്ടി ഓടുന്നതിനിടയിൽ പലരും വീഴുകയായിരുന്നു. ബോധം നശിച്ച് വീണുപോയവർ പലരും മരിച്ചു എന്നുകരുതി ഉപേക്ഷിക്കപ്പെട്ടു. ഡെഡ്ബോഡികൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽനിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തുകയുണ്ടായി. അവരുടെ ശരീരം കുറെയേറെ പൊള്ളിയിട്ടുണ്ടായിരുന്നു.
ബോധമില്ലാതെ കിടക്കുന്നവർക്ക് എഴുന്നേറ്റ് വന്ന് ഞങ്ങൾക്ക് ജീവനുണ്ടെന്ന് പറയാനാവില്ലല്ലോ. ഹോഷംഗബാദിൽ വീണുകിടന്ന പലരെയും പുഴയിൽ തള്ളിയിട്ടു. കട്ടികൂടിയ വിഷവാതകം മുകളിലേക്ക് പോകാത്തതുകൊണ്ട് ടെറസിനു മുകളിൽ കയറിയിരുന്നവർ മാത്രമാണ് രക്ഷപ്പെട്ടത്. ഭോപാൽ റെയിൽവേസ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ ഭോപാലിലേക്കുള്ള വണ്ടികളെല്ലാം വഴിതിരിച്ചുവിട്ടു. സ്റ്റേഷനിൽ കിടന്ന വണ്ടികൾ നാലുപാടും വിടുകയും ചെയ്ത അദ്ദേഹം അവിടെത്തന്നെ മരിച്ചുവീണു.
പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഒളിച്ചോടുന്ന ഉദ്യോഗസ്ഥരുള്ള നമ്മുടെ നാട്ടിൽതന്നെയാണ്, ദുരന്തത്തിന്റെ ഭീകരതയെയും അപകടത്തെയും കുറച്ചുകൊണ്ടുവരുന്നതിന് സഹായിച്ച സ്റ്റേഷൻമാസ്റ്ററുടെ മഹനീയമായ ഈ നടപടി. (‘പച്ചവിരൽ’. കന്യാമഠത്തിൽനിന്ന് കീഴാളമണ്ണിലെത്തിയ ദയാബായിയുടെ ആത്മകഥയിൽ നിന്ന്)
സ്വന്തം ജീവിതം അധഃസ്ഥിത മനുഷ്യജന്മ മോചനത്തിനുവേണ്ടി സമർപ്പിച്ച പാലാക്കാരി മേഴ്സി മാത്യു എന്ന ദയാബായിയുടെ ആത്മകഥ വായിച്ച അന്നുമുതൽ, ആ സ്റ്റേഷൻ മാസ്റ്റർ ആരെന്നറിയാൻ, അപകടത്തിൽ പതിനായിരങ്ങളുടെ രക്ഷകനായി മാറി സ്വയം അവസാനിച്ചിട്ടും അവസാനിക്കാത്ത ആ മഹാമനുഷ്യനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിച്ചെങ്കിലും അപ്പോഴൊന്നും കൃത്യമാംവിധം അതൊന്നും നടന്നില്ല.
ഇങ്ങനെ ആ സ്റ്റേഷൻമാഷിന്റെ പേര് കിട്ടാത്ത പ്രയാസം പ്രസംഗവേദികളിൽ പങ്കുവെച്ചതിന്റെ പശ്ചാത്തലത്തിലാവണം ഒരജ്ഞാതസുഹൃത്ത് ആ പേര് എഴുതി അറിയിച്ചു. അതുണ്ടാക്കിയത് വല്ലാത്തൊരാഹ്ലാദമാണ്. പക്ഷേ, അപ്പോഴും ശരിക്കുള്ള അദ്ദേഹത്തെ നേർക്കുനേർ കാണാനായില്ല. പിന്നീട് ശിവ്റാവയ്ൽ സംവിധാനവും ആയുഷ് ഗുപ്ത രചനയും നിർവഹിച്ച ‘റെയിൽവേക്കാർ അഥവാ 1984ലെ ഭോപാൽ കൂട്ടക്കൊലയുടെ പറയപ്പെടാത്ത കഥ’ (The Railway Men: The Untold Story of Bhopal 1984) എന്ന 2023ൽ പുറത്തിറങ്ങിയ ഡോക്യു പരമ്പര കണ്ടപ്പോഴാണ്, ഞങ്ങൾ ശരിക്കും ആത്മത്യാഗത്തിന്റെ ഇതിഹാസമായി സ്വയം മാറിയ ആ സ്റ്റേഷൻ മാസ്റ്ററെ കണ്ടത്.
സിനിമയിൽ, വെബ്സീരീസിൽ കായ്കായ് മേനോൻ അനശ്വരമാക്കിയ ഇഫ്തികാർ സിദ്ദീഖി എന്ന സ്റ്റേഷൻ മാസ്റ്റർ, സത്യത്തിൽ ഗുലാം ദസ്തഗീർ എന്ന ഭോപാൽ റെയിൽവേ സ്റ്റേഷൻ മാസ്റ്ററാണെന്നറിഞ്ഞപ്പോഴും, എന്തുകൊണ്ടാണ് യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിച്ച സിനിമയിൽ ഗുലാം ദസ്തഗീർ എന്ന യഥാർഥപേര് മറച്ചുവെച്ച്, ഇഫ്തികാർ സിദ്ദീഖി എന്ന സാങ്കൽപിക പേര് നൽകിയതെന്ന ചോദ്യം അവശേഷിക്കുന്നുണ്ടായിരുന്നു. ഗുലാം ദസ്തഗീറിന്റെ മകൻ ശദാബ് ദസ്തഗീർ പിന്നീട് പറഞ്ഞതുപോലെ തങ്ങളുടെ പിതാവിന്റെ ഹീറോയിസത്തിന് അഥവാ ധീരസമർപ്പണത്തിന് അർഹമായ പരിചരണമാണ് സിനിമയിലായാലും ജീവിതത്തിലായാലും ഉണ്ടാവേണ്ടിയിരുന്നത്. പക്ഷേ അതുണ്ടായില്ല!
സത്യത്തിൽ ഒരുവേള നമ്മളെ അമ്പരപ്പിച്ചുകൊണ്ടും, അത്രതന്നെ അതിശയപ്പെടുത്തിയും സങ്കൽപത്തിലെ റെയിൽവേസ്റ്റേഷനും അവിടത്തെ ജീവനക്കാരുമല്ല, ശരിക്കുള്ള മനുഷ്യർ, അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിന്റെ അപൂർവമാതൃകയായി മാറുകയായിരുന്നു. സത്യം സങ്കൽപത്തെ ഓവർടേക് ചെയ്ത ഒരുജ്ജ്വല സന്ദർഭം. ഓരോരുത്തരും ഞാൻ ഞാൻ മുന്നിൽ എന്ന മട്ടിൽ രക്ഷാപ്രവർത്തനങ്ങളിൽ പരസ്പരം മത്സരിക്കുകയായിരുന്നു.
തെരുവുകളിലും വീടുകളിലും മനുഷ്യർ യൂനിയൻ കാർബൈഡ് കമ്പനിയിലെ വിഷവാതകം ശ്വസിച്ച് ശ്വാസംമുട്ടിയും ചുമച്ചും കണ്ണുന്തിയും മരിച്ചുവീഴുമ്പോൾ, അറിയാവുന്ന പ്രാഥമികശുശ്രൂഷകൾ നൽകി റെയിൽവേ സ്റ്റേഷനിൽ തള്ളിക്കയറിയ മനുഷ്യരെ, റെയിൽവേ ജീവനക്കാർ സ്വന്തം ജീവൻപരിഗണിക്കാതെ രക്ഷിക്കുകയായിരുന്നു. ജനറൽ മാനേജർ ഹരീഷ്ധ്രുവെ മുതൽ ആ സാഹസിക ശ്രമത്തിൽ നിരവധി റെയിൽവേ ജീവനക്കാരാണ് മരിച്ചുവീണത്.
സ്വന്തം കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും മൃതദേഹങ്ങൾക്കിടയിൽനിന്നാണ് വിഷവാതകമുണ്ടാക്കിയ സർവ തളർച്ചകളും സഹിച്ചവർ രക്ഷാപ്രവർത്തനം നടത്തിയത്. ഈ പ്രവർത്തനങ്ങളെ മുഴുവൻ ഏകോപിപ്പിച്ചത് ഗുലാം ദസ്തഗീർ എന്ന ഒരു സാധാരണ റെയിൽവേ ഉദ്യോഗസ്ഥനാണ്. മുംബൈ-ഗോരഖ്പുർ എക്സ്പ്രസ് പതിവനുസരിച്ച് അന്ന് ഭോപാലിൽ നിർത്തിയിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു.
നിരവധി തീവണ്ടികൾ വഴിതിരിച്ച് വിട്ട് ആസന്നമായ ദുരന്തം ഒഴിവാക്കിയതിനും പിന്നിൽ ഗുലാം ദസ്തഗീർ നിർവഹിച്ച മഹാദൗത്യം അർഹിക്കുംവിധം അടയാളപ്പെടുത്താതെ പോവുകയാണുണ്ടായത്. രക്ഷാപ്രവർത്തനത്തിനിടയിൽ തൽക്ഷണം മരിച്ചവരുടെ പേരുവിവരമടങ്ങുന്ന ഒരു സ്മാരകം ഭോപാൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലുണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ, വിഷവാതകം ശ്വസിച്ച് നിത്യരോഗിയായി വൈകി മരിച്ചതിനാലാവാം അതിലും ഗുലാം ദസ്തഗീറിന്റെ പേരില്ല.
പേരിനെപ്പോലും ഇന്ത്യൻ നവഫാഷിസം അപരവിദ്വേഷത്തിന്റെ പോർമുഖം തുറക്കാനുള്ള അസംസ്കൃതപശ്ചാത്തലമായി ഉപയോഗപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ്, അപകടസന്ദർഭത്തിൽ പതറാതെ സ്നേഹസമർപ്പണത്തിന്റെ പര്യായമായി, പ്രത്യേകിച്ച് ആരുടെയും ആഹ്വാനമില്ലാതെ മാറിയ ഗുലാം ദസ്തഗീറിന്റെ പേര് എന്തുകൊണ്ട് ഭോപാൽ സ്റ്റേഷന് നൽകിക്കൂടാ എന്ന് ചോദിക്കേണ്ടി വരുന്നത്. അങ്ങനെ ഇപ്പോഴെങ്കിലും ചെയ്തിരുന്നെങ്കിൽ മരണാനന്തരം ദസ്തഗീറിനും, അദ്ദേഹം നടത്തിയ പ്രചോദനാത്മകമായ രക്ഷാപ്രവർത്തനത്തിനും രാഷ്ട്രം നൽകുന്ന ആദരവായി അത് മാറുമായിരുന്നു.
അതോടൊപ്പം പ്രസ്തുത റെയിൽവേസ്റ്റേഷനു മുന്നിൽ യൂനിയൻ കാർബൈഡ് എന്ന ബഹുരാഷ്ട്ര കുത്തക സ്ഥാപനം 1984 ഡിസംബർ 2-3 തീയതികളിലും, അതിനുമുമ്പും പിമ്പും നടത്തിയ മനുഷ്യത്വവിരുദ്ധതയുടെയും ലാഭചോരക്കൊതിയുടെയും ചരിത്രം സംക്ഷിപ്തമായി എഴുതിവെക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ഇപ്പോഴും ഇത് രണ്ടും സംഭവിച്ചിട്ടില്ല! സമയം ഇനിയും ബാക്കിയുണ്ട്.
മറവിക്കുള്ള തീറ്റയായി ഓർമ മാറുന്ന, മനുഷ്യരുടെ ഉള്ളിലെ തീ അണഞ്ഞുകൊണ്ടിരിക്കുന്ന ഒരു ദുരവസ്ഥയിലൂടെയാണ് ഇന്ത്യക്കാർ ഇന്നും കടന്നുപോവുന്നത്. ഭോപാൽ കൂട്ടക്കൊല കഴിഞ്ഞ് കൊല്ലം നാൽപത് കഴിഞ്ഞിട്ടും മിഥൈൽ ഐസോസൈനേറ്റ് എന്ന ഏറക്കുറെ സൈനേഡ്പോലുള്ള മാരകവിഷ സമാനമായ വാതകത്തിൽ വെന്ത പരിസരപ്രദേശത്തെ 11 ടൺ വിഷമലിനമണ്ണ് മാറ്റിയിട്ടില്ലെന്നും, ഇതേക്കുറിച്ചുള്ള അന്വേഷണങ്ങൾ ഉത്തരവാദപ്പെട്ട സർക്കാർ ഒരു മറുപടിയും നൽകിയിട്ടില്ലെന്നും വെളിപ്പെടുത്തുന്ന ഇതുസംബന്ധിച്ചുള്ള പ്രധാനപ്പെട്ടൊരു വാർത്ത ‘ഹിന്ദു’ പത്രം പ്രസിദ്ധീകരിച്ചത് കഴിഞ്ഞദിവസമാണ്.
ലോകത്തെ നടുക്കിയ ഒരു വൻ വ്യവസായ അപകടം നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്മരണകളിലെന്നപോലെ സമകാലജീവിതത്തിലും ദുരിതങ്ങൾ വിതച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും മരങ്ങളെയും മണ്ണിനെയും വായുവിനെയും വെള്ളത്തെയും ഭാവിതലമുറകൾവരെയും അതിന്റെ കടന്നാക്രമണങ്ങൾക്ക് ഇപ്പോഴും പലപ്രകാരങ്ങളിൽ വിധേയമായിക്കൊണ്ടിരിക്കുന്നു.
1984ലെ ഭോപാൽ കൂട്ടക്കൊല കൊല്ലാക്കൊല (Slow Violence), പരിസ്ഥിതിഹത്യ (Ecocide), രാഷ്ട്രബ്രഹ്മരക്ഷസ്സ് (State vampirism), കോർപറേറ്റ് നീരാളിപ്പിടിത്തം (Corporate violence), അവസാനമില്ലാത്ത ദുരന്തം (Unending disaster), മിനി ഹിരോഷിമ എന്നിങ്ങനെ നടുക്കം സൃഷ്ടിക്കുന്ന പലവിധ ഭാഷാപ്രയോഗങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും, അവശേഷിക്കുന്ന വിഷവാതക ബാധിത മനുഷ്യരുടെ ജീവിതവഴി ഇനിയും വേണ്ടവിധം തുറന്നിട്ടില്ല.
ലാഭം വർധിപ്പിക്കാൻ പല സുരക്ഷാ സംവിധാനങ്ങളും നിർത്തലാക്കിയാണ് തുടക്കം മുതൽ യൂനിയൻ കാർബൈഡ് പ്രവർത്തിച്ചത്. ബഹുരാഷ്ട്ര കുത്തകകൾക്ക് സഹജമായ സമസ്ത ജനവിരുദ്ധ തന്ത്രങ്ങളും അവർ നിരന്തരം കൈക്കൊണ്ടു. എഴുപതുകളിൽതന്നെ തൊഴിലാളി സംഘടനകൾ വരാനിരിക്കുന്ന വൻ വിപത്തിനെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകിയിരുന്നു. 1981ലെ മുഹമ്മദ് അഷ്റഫ് എന്ന തൊഴിലാളിയുടെ മരണവും 1982ലെ ഫാക്ടറിക്കകത്തെ തീപിടിത്തവും അന്നേ വാർത്തകളിൽ ഇടംപിടിച്ചു.
രാജ്കുമാർ കേശ്വാനി എന്ന പത്രപ്രവർത്തകൻ നിരന്തരമായി ഭോപാൽ ഒരു അഗ്നിപർവതത്തിന്റെ മുനമ്പിലാണെന്ന് മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നു. 1982ൽ അമേരിക്കയിൽനിന്ന് വന്ന അന്വേഷണസംഘത്തിന്റെ സുരക്ഷയുടെ ഭാഗമായി പൈപ്പിന് ആവശ്യമായ കവറിങ് അഥവാ പൊതിയൽ വേണമെന്ന നിർദേശംപോലും അതെല്ലാം ചെലവേറിയതാണെന്ന ന്യായം നിരത്തി യൂനിയൻ കാർബൈഡ് തള്ളിക്കളയുകയായിരുന്നു. മനുഷ്യജീവന് ബഹുരാഷ്ട്ര കുത്തക ഒരു വിലയും കൽപിച്ചില്ല. അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സൈറൺപോലും 1982ൽ അവർ കമ്പനിക്കുള്ളിൽ ഒതുക്കി.
നിങ്ങൾ കമ്പനിക്കുള്ളിൽ നടക്കുന്നത് ശരിയായി മനസ്സിലാക്കുന്നില്ലെങ്കിൽ നിങ്ങൾ തുടച്ചു നീക്കപ്പെടും എന്ന ജനായത്തവാദികളുടെ ആവർത്തിച്ചുള്ള താക്കീത് അനാഥമായിപ്പോയതിന്റെ അനന്തരഫലമാണ് ഭോപാൽ ദുരന്തമെന്ന് അലസമായി ഇപ്പോഴും ചിലർ വിളിക്കുന്ന ആ കൂട്ടക്കൊല. യൂനിയൻ കാർബൈഡ് കമ്പനി പീഡിതരെ ഭീകരരും അട്ടിമറിക്കാരും അപവാദപ്രചാരകരുമായി മുദ്രകുത്തി. സർക്കാറാവട്ടെ വാറൻ ആൻഡേഴ്സനടക്കമുള്ള കമ്പനി ഉദ്യോഗസ്ഥരെ പരോക്ഷമായി സംരക്ഷിച്ചു.
ഇന്ത്യൻ വ്യവസായികളുടെ സംഘടനയാവട്ടെ വാറൻ ആൻഡേഴ്സന്റെ നാമമാത്രമായ നക്ഷത്രസൗകര്യമൊരുക്കിയുള്ള അറസ്റ്റിൽപോലും പ്രതിഷേധിച്ചു. മിനിഹിരോഷിമയായി മാറിയ ഭോപാലിലേക്ക്, ഗ്യാസ് ബാധിതർക്കുള്ള സോഡിയം തയോസൾഫൈറ്റ് മറുമരുന്നിന്റെ അരലക്ഷം ചെറുകുപ്പികളുമായി വന്ന ജർമൻ ശാസ്ത്രജ്ഞൻ ഡോ. മാക്സ്ഡോൻഡററെ ഭോപാൽ സിറ്റിയിൽനിന്നും പുറത്താക്കി! സൈനേഡിനുള്ള മറുമരുന്നായ സോഡിയം തയോസൾഫേറ്റ് ഉപയോഗിച്ചാൽ സാർവദേശീയതലത്തിൽ കമ്പനിയുടെ സൽപ്പേര് നഷ്ടമാവുമെന്നതിനാണേത്ര ഈ ക്രൂരത അരങ്ങേറിയത്!
പറഞ്ഞുവരുന്നത് ഒരു പ്രതിസന്ധി സന്ദർഭത്തിൽ ബഹുരാഷ്ട്രകുത്തക കമ്പനിയാൽ പൂർണമായും ഉപേക്ഷിക്കപ്പെട്ട ഒരു ജനതക്ക് അൽപമെങ്കിലും ആശ്വാസം പകർന്നത് ഒരു റെയിൽവേ സ്റ്റേഷനായിരുന്നെന്നും അതിന് പ്രാണൻ പകുത്തുള്ള സുരക്ഷാ പ്രവർത്തനങ്ങളിൽ വ്യാപരിച്ചത് അവിടത്തെ റെയിൽവേ ജീവനക്കാരായിരുന്നെന്നും, ആ പ്രവർത്തനങ്ങളുടെ നേതൃത്വമായി മാറിയത് ഇപ്പോഴും അർഹിക്കുംവിധം അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഗുലാം ദസ്തഗീർ ആയിരുന്നെന്നും ഓർമിപ്പിക്കാനാണ്.
കീഴാളർ ചിലപ്പോഴെങ്കിലും സ്വന്തം മരണത്തിലൂടെയും സംസാരിക്കും. പക്ഷേ അത് കേൾക്കാൻ സാധാരണ ശ്രദ്ധമാത്രം പോരാ, ആർദ്രതയുള്ളൊരു മനസ്സും അതോടൊപ്പം ജനപക്ഷ സമീപനവും വേണം. പീഡിതരോടുള്ള കരുതലും കാവലും പ്രതിബദ്ധതയുമുണ്ടാവണം. ഇപ്പോൾ യൂനിയൻ കാർബൈഡിന്റെ സ്ഥാനത്തുള്ളത് അവരുടെ തന്നെ രാസവ്യവസായ ശാലയാണ്. യൂനിയൻ കാർബൈഡ് ലാഭമുണ്ടാക്കാൻ ദുരന്തത്തിൽനിന്നും പഠിച്ചു. അത് ഡിസാസ്റ്റർ ക്യാപിറ്റലിസത്തിന്റെ മിടുക്ക്!
എന്നാൽ, രാഷ്ട്രമിപ്പോഴും അതിനെ പ്രതിരോധിച്ച് ക്ഷേമപ്രവർത്തനവുമായി മുന്നോട്ടു പോവാനും, പീഡകർക്ക് നീതി ഉറപ്പാക്കാനും ശരിക്കും പഠിച്ചതായി തോന്നുന്നില്ല. ഇനിയും എടുത്തുമാറ്റാത്ത ആ പതിനൊന്ന് ലക്ഷം ടൺ വിഷമണ്ണ് അതല്ലാതെ മറ്റെന്താണ് വിളിച്ചുപറയുന്നത്? പക്ഷേ, അതിജീവിതർ സമരം അവസാനിപ്പിച്ചിട്ടില്ല. അവർക്കത് അവസാനിപ്പിക്കാൻ കഴിയില്ല. 40 വർഷത്തിന് ശേഷവും ആ സമരം തുടരുകയാണ്.‘‘He who fights, can lose. He who doesn't fight, has already lost.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.