കമ്യൂണിസ്റ്റുകൾ ഭരണഘടനയെ തള്ളിപ്പറയുന്നതെന്തുകൊണ്ട് ?
text_fieldsഭരണഘടനക്കെതിരെ നിന്ദകളുയരുന്നത് പ്രധാനമായും രണ്ടു കോണുകളിൽനിന്നാണ്-കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടികളിൽനിന്ന്. എന്തുകൊണ്ടാണവർ നിന്ദിക്കുന്നത്? ഇതൊരു മോശം ഭരണഘടനയായതുകൊണ്ടാണോ? 'അല്ല' എന്നുപറയാൻ ഞാൻ ധൈര്യപ്പെടുന്നു.
തൊഴിലാളിവർഗ സ്വേച്ഛാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു ഭരണഘടനയാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ആവശ്യം. പാർലമെന്ററി ജനാധിപത്യത്തിലധിഷ്ഠിതമാകയാലാണ് അവർ ഭരണഘടനയെ നിന്ദിക്കുന്നത്. സോഷ്യലിസ്റ്റുകൾക്ക് രണ്ടു കാര്യങ്ങളാണാവശ്യം. തങ്ങൾ അധികാരത്തിൽ വന്നാൽ, സ്വകാര്യസ്വത്തുക്കൾ മുഴുവൻ ദേശസാത്കരിക്കാനോ സാമൂഹികവത്കരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഭരണഘടന നൽകണം എന്നതാണ് അവരുടെ ആദ്യ ആഗ്രഹം.
രണ്ടാമത്തെ കാര്യം, ഭരണഘടനയിൽ പരാമർശിച്ചിരിക്കുന്ന മൗലികാവകാശങ്ങൾ സമ്പൂര്‍ണവും അപരിമിതവുമാകണം. അവരുടെ പാർട്ടിക്ക് അധികാരത്തിലെത്താൻ സാധിച്ചില്ലെങ്കിൽ ഭരണകൂടത്തെ വിമർശിക്കാൻ മാത്രമല്ല, അതിനെ അട്ടിമറിക്കാനും അവർക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യമുണ്ടാകും. ഭരണഘടന അപലപിക്കപ്പെടുന്ന പ്രധാന കാരണങ്ങളാണിവ. പാർലമെന്ററി ജനാധിപത്യം മാത്രമാണ് രാഷ്ട്രീയജനാധിപത്യത്തിന്റെ അനുയോജ്യമായ രൂപമെന്ന് ഞാൻ പറയുന്നില്ല.
നഷ്ടപരിഹാരം നൽകാതെ സ്വകാര്യസ്വത്ത് ഏറ്റെടുക്കരുത് എന്ന തത്ത്വം അതീവ പവിത്രമാണെന്നും അതിൽനിന്ന് വ്യതിചലനം ഉണ്ടാകില്ലെന്നും ഞാൻ പറയുന്നില്ല, മൗലികാവകാശങ്ങൾ ഒരിക്കലും പരിപൂർണമാകില്ലെന്നും അവയുടെമേൽ ഏർപ്പെടുത്തിയിരിക്കുന്ന പരിമിതികൾ ഒരിക്കലും നീക്കാൻകഴിയില്ലെന്നും ഞാൻ പറയുന്നില്ല. ഞാൻ പറയുന്നതെന്തെന്നാൽ, ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന തത്ത്വങ്ങൾ ഇന്നത്തെ തലമുറയുടെ കാഴ്ചപ്പാടുകളാണ്, അതൽപം കടന്നുപോയി എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ, അവ ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങളുടെ കാഴ്ചപ്പാടുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.