ഈ സര്‍ക്കാറെന്തേ ഇങ്ങനെ?
text_fieldsസൂചികൊണ്ട് എടുക്കേണ്ടത് എക്സ്കവേറ്റര്‍കൊണ്ട് എടുക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വഷളാക്കുക എന്നതാണ് നയമെങ്കില്‍ എന്തുപറയാനാണ്? ഒരു പ്രധാന ഉപതെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തില്‍ ചെറിയ കാര്യങ്ങള്‍ വലുതാക്കി, എതിരാളികള്‍ക്ക് രാഷ്ട്രീയ പ്രാധാന്യമുള്ളതാക്കുന്ന സര്‍ക്കാറിെൻറ മനസ്സിലിരിപ്പ് എന്താണ്? ജിഷ്ണു പ്രണോയി വഴി നന്ദിഗ്രാമിനെയും അതുവഴി പശ്ചിമ ബംഗാളിനെയും തെരയുകയാണോ മാര്‍ക്സിസ്റ്റ് പാര്‍ട്ടി? ഇത് പറയുമ്പോള്‍ ഞങ്ങള്‍ ഞങ്ങടെ പാര്‍ട്ടിക്കാരെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ നാട്ടാരെ എന്നാണ് പ്രതികരണമെങ്കില്‍ ഒന്നും പറയാനില്ല. പക്ഷേ, തെരുവില്‍ കിടന്ന് തല്ലുകൊള്ളുന്ന പാര്‍ട്ടിക്കുടുംബം ജനങ്ങളോടു ചോദിക്കുന്നു, ‘ഇതെന്താ ഞങ്ങടെ പാര്‍ട്ടിയും സര്‍ക്കാറും ഇങ്ങനെയായിപ്പോയത്?’
ഐതിഹാസികമായ സമരം എന്നൊക്കെ പാര്ട്ടിക്കാര് പറയാറുണ്ട്. അതാണ് ഈ പാവം പാര്‍ട്ടിക്കുടുംബം കേരളത്തിലെ ജനതക്ക് കഴിഞ്ഞ ദിനങ്ങളില്‍ കാട്ടിക്കൊടുത്തത്. സ്വന്തം ആരോഗ്യവും ജീവനും പണയപ്പെടുത്തി സമരംചെയ്യേണ്ടിവന്നു അവര്‍ക്ക്. സ്വന്തം നേതാക്കളുടെ പുലഭ്യം സഹിക്കേണ്ടിവരുന്ന ദുരവസ്ഥ. പിന്നാലെ പൊലീസിെൻറ പീഡനം. ഇതിനിടയില്‍ പൊലീസിനു മുന്നിലൂടെ പ്രതികള്‍ ൈസ്വരവിഹാരം നടത്തിവന്നു. ബാങ്കില്‍ പണം പിന്‍വലിക്കാന്‍ എത്തിയത് പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് നല്കിയ പ്രതി. മറ്റു പ്രതികളും നാട്ടില്‍തന്നെ ഉണ്ടായിരുന്നു എന്നത്, നിര്‍ബന്ധിത സാഹചര്യത്തില്‍ ഇന്നലെ പൊലീസ് അവരെ പിടികൂടിയപ്പോള്‍ വ്യക്തമായി. ഇതൊക്കെ കുറച്ച് അന്തസ്സോടെ പൊലീസിനു നേരത്തേ ചെയ്യാവുന്ന കാര്യങ്ങളായിരുന്നു എന്ന് ഇനിയെങ്കിലും അധികൃതര്‍ ചിന്തിക്കുമെന്നു കരുതാനാവില്ല. കാരണം, അവരെ നയിക്കുന്നത് ഇപ്പോള്‍ അദൃശ്യശക്തികളത്രേ. ഇപ്പോഴെങ്കിലും പ്രശ്നത്തിന് അയവുണ്ടാക്കാന്‍ സാഹചര്യമുണ്ടാക്കിയ കാനം രാജേന്ദ്രെൻറ വിവേകത്തിന് മുഖ്യമന്ത്രി നന്ദിപറഞ്ഞേ തീരൂ.
ജിഷ്ണു പ്രണോയിയുടെ കുടുംബ പാരമ്പര്യം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേതാണ്. ഇത് ഞങ്ങടെ സ്വന്തം പാര്‍ട്ടിയും കുടുംബവുമാണെന്ന് ഉച്ചത്തില്‍ വിളിച്ചു പറയുകയാണ്, അടികൊള്ളുമ്പോഴും ആ അമ്മ. പിണറായി വിജയനെ പ്രാണതുല്യം കണ്ടവനാണ് മരണമടഞ്ഞ ജിഷ്ണു. മാതാപിതാക്കളും പ്രപിതാക്കളും ബന്ധപ്പെട്ടവരുമെല്ലാം കൊടും പാര്ട്ടിക്കാര്. സ്വന്തം പാര്‍ട്ടി ഭരിക്കുമ്പോള്‍ ന്യായമായും നീതി പ്രതീക്ഷിക്കാന്‍ അര്‍ഹതയുള്ള കുടുംബം. പാര്‍ട്ടിയെ വിട്ട് ജീവിതമില്ല, സമരമില്ല. അനീതിയുടെ പരമ്പരകള്‍ അരങ്ങേറുമ്പോഴും അതു പാര്‍ട്ടിയുടെ കുഴപ്പമല്ല, ഉദ്യോഗസ്ഥ സംവിധാനത്തിെൻറ തകരാറാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് സ്വയം വിശ്വസിക്കാന്‍ പാടുപെടുന്നവര്‍. ആ പാര്‍ട്ടി കുടുംബത്തിെൻറ പ്രതീക്ഷയായ അംഗത്തിെൻറ അപമൃത്യുവില്‍, ആ കുടുംബത്തിന് വന്നുപെട്ട ദുര്യോഗത്തില്, അപരിഹാര്യമായ നഷ്ടത്തില്‍ പാര്‍ട്ടിയും അതിെൻറ സര്‍ക്കാറും ഈ നിലപാടാണ് എടുക്കുന്നതെങ്കില്‍ പാര്‍ട്ടിക്കു പുറത്തുള്ള പൊതുജനത്തിെൻറ അവസ്ഥ എന്താണ്? ആരാണ് രക്ഷകന്?
ജിഷ്ണുവിെൻറ സഹോദരി നിരാഹാര സമരം നടത്തുന്ന വീട്ടില്‍ വര്‍ഷങ്ങളായി എഴുന്നേറ്റു നില്ക്കാന് കഴിയാത്ത ഒരു മനുഷ്യനുണ്ട്, ജിഷ്ണുവിെൻറ അപ്പൂപ്പന്. നിത്യരോഗിയായി മാറിയ ആ മനുഷ്യന് വളയത്തെ ആര്.എസ്.എസ് വേട്ടയുടെ ഇരയാണ്. പാര്‍ട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷി! അദ്ദേഹത്തെ കാണാന്‍ പാര്‍ട്ടി നേതാക്കളാരും ആ വീട് സന്ദര്‍ശിച്ചിട്ടില്ല. ആ മനുഷ്യെൻറ ദുരവസ്ഥയെപ്പറ്റിപോലും ഇതുവരെ ആ കുടുംബം സംസാരിച്ചിട്ടില്ല. അതൊക്കെ പാര്‍ട്ടിയുടെ കടമയാണെന്നു കരുതുന്നവരാണവര്‍. മകനെ കൊന്നവരെ അറസ്റ്റുചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന തികച്ചും പരിമിതമായ ഒരു പരിദേവനം മാത്രമാണ് അവര്‍ക്കുള്ളത്. അതിനായാണ് മാസങ്ങളായി അവര്‍ പാര്‍ട്ടി ഓഫിസുകളും സര്‍ക്കാര്‍ ഓഫിസുകളും കയറിയിറങ്ങുന്നത്.
സ്വന്തം കുടുംബമെന്നു കരുതി എത്തുന്നിടത്തെല്ലാം ആട്ടിയോടിക്കപ്പെടുന്നത്. അവസാനം ജിഷ്ണുവിനെ ഗര്‍ഭംധരിച്ച വയറ്റില്‍ പൊലീസ് ബൂട്ടിട്ടു ചവിട്ടുന്നത്. എന്തൊരു ദുര്യോഗമാണിത്. ഇതൊക്കെ അനുഭവിക്കുമ്പോഴും ബാഹ്യസഹായം വേണ്ടെന്നു പറയുകയാണ് അവര്‍. ചുറ്റും വന്നുകൂടുന്ന മറ്റു പാര്‍ട്ടിക്കാരില്‍ കഴുകന്മാരെ തിരിച്ചറിയാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസമുണ്ട് അവര്‍ക്ക്. എന്നെങ്കിലും തങ്ങളുടെ പാര്‍ട്ടി കൈനീട്ടിത്തരുമെന്ന് പ്രതീക്ഷിച്ചുപോയി, അവര്‍. ഇരട്ടച്ചങ്കുകളില്‍ ഒന്നിലെങ്കിലും അലിവിെൻറ നീരുറവ പൊട്ടുമെന്നു കരുതാനാണ് അവര്‍ക്കിഷ്ടം. തങ്ങളുടെ കുഞ്ഞിനെയും അവെൻറ മരണത്തെയും രാഷ്ട്രീയക്കളികള്‍ക്കു വിട്ടുകൊടുക്കാന്‍ ഈ സന്ദിഗ്ധാവസ്ഥയില്പോലും അവര്‍ തയാറായില്ല. പ്രതികള്‍ ശക്തരാണ്. ധനാഢ്യരും പ്രബലരുമാണ്. അവര്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ട്.
ഇതറിഞ്ഞാണ് തങ്ങള്‍ക്ക് നീതി പ്രതീക്ഷിച്ച് ഈ കൊച്ചുകുടുംബം സ്വന്തം സര്‍ക്കാറില്‍ പ്രതീക്ഷ അര്‍പ്പിച്ചത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊതുവേ ഒരു വിശ്വാസമുണ്ട്. തങ്ങളുടെ പ്രശ്നങ്ങളില്‍ പാര്‍ട്ടി എന്നും കൂട്ടിനുണ്ടെന്നതാണത്. സാധാരണക്കാരുടെ കാര്യത്തില്‍, പാവപ്പെട്ടവരുടെ പ്രശ്നങ്ങളില്‍ ഈ പാര്‍ട്ടി എന്നും കൂടെയുണ്ടാകുമെന്ന് അവര്‍ എക്കാലവും വിശ്വസിക്കുന്നു. ആ വിശ്വാസത്തിെൻറ പിന്‍ബലത്തിലാണ് മഹിജയും കുടുംബവും തിരുവനന്തപുരത്തേക്ക് ഇറങ്ങി പുറപ്പെട്ടതെന്ന് വ്യക്തം. സ്വന്തം കുഞ്ഞിെൻറ ദുര്മരണത്തെ തെൻറ സ്വന്തം പാര്‍ട്ടി അനുതാപപൂര്‍വം കാണുമെന്നു കരുതി, അവര്‍. അതിനും മുമ്പ് വീട്ടില്‍ മുഖ്യമന്ത്രി എത്തുമെന്നും ആശ്വസിപ്പിക്കുമെന്നും അതുവഴി കേസ് അന്വേഷണം ഊര്‍ജിതമാകുമെന്നും ദിവാസ്വപ്നം കണ്ടു അവര്‍. മരിച്ചുപോയ മകന് നെഞ്ചിലേറ്റി നടന്ന നേതാവ് ഭരിക്കുമ്പോള്‍ ഈ പ്രതീക്ഷ ന്യായീകരിക്കാവുന്നതുതന്നെ.
സാമ്പത്തിക ലാഭമല്ല, നീതിയാണ് അവര്‍ പ്രതീക്ഷിച്ചതെന്നതിന് അവരുടെ നിലപാടുകള്‍ തന്നെയാണ് സാക്ഷ്യം. പ്രതികളെ പിടിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്കിയ 10 ലക്ഷം തിരിച്ചു കൊടുക്കുമെന്നു പറയുന്നത് ഈ സാധാരണ കുടുംബത്തിെൻറ മനസ്സിെൻറ നീറ്റലില്നിന്നുണ്ടാകുന്ന പ്രതികരണമാണ് എന്നു മനസ്സിലാക്കാന്‍ വെറും ഒരു ഹൃദയം മാത്രം മതി. അതിനുപകരം, നിലപാടു വിശദീകരിച്ച് ചിട്ടിക്കമ്പനിയെ പോലെ പത്രപരസ്യം നല്‍കുക എന്ന ഗതികേടിലേക്ക് അധഃപതിക്കുകയായിരുന്നു, സര്‍ക്കാര്‍. എതിര് പ്രചാരണങ്ങള്‍ അസഹ്യമാകുമ്പോള്‍ പാര്‍ട്ടി കമ്യൂണിക്കെ വഴി പ്രതിരോധിക്കാറുണ്ട്. ജിഷ്ണുവിെൻറ കുടുംബത്തെ എതിരാളികളായി കാണാന്‍ തുടങ്ങിയോ ഈ സര്‍ക്കാര്‍? ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അത്രമാത്രം അഴിമതിയും ദുര്‍ഭരണവുമാണ് അവര്‍ അതിനുമുമ്പ് അനുഭവിച്ചുവന്നത്. ശക്തനായ ഒരു മുഖ്യമന്ത്രിയും കാര്യക്ഷമമായ ഒരു ഭരണവും അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍, ഒരു വര്‍ഷം തികയും മുമ്പുതന്നെ മടുത്തു തുടങ്ങിയിരിക്കുന്നു. ഒരു കാര്യത്തിലും ഒരുനേട്ടം കാണിക്കാനില്ല. ഒരു രംഗത്തും ശോഭിക്കാന്‍ സര്‍ക്കാറിനായിട്ടില്ല. മടുപ്പും മരവിപ്പുമാണ് സംസ്ഥാനത്ത് പടരുന്നത്. എത്രയോ ചടുലമായിരുന്നു, ഇതുവരെ ഭരിച്ച ഓരോ ഇടതുപക്ഷ സര്‍ക്കാറും. സാധാരണ ജനങ്ങള്‍ക്കു മുന്നില്െവക്കാന് നിരവധി പദ്ധതികള്‍ ഉണ്ടായിരുന്നു.
ജനജീവിതത്തെ പിടിച്ചു നിര്‍ത്താനും പാവപ്പെട്ടവെൻറ ജീവിതനിലവാരം ഉയര്‍ത്താനും കേരളത്തില്‍ ഇടതുപക്ഷം നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. പട്ടിണിപ്പാവങ്ങളുടെയും സാധാരണക്കാരെൻറയും പ്രശ്നങ്ങള്‍ അവര്‍ക്ക് പ്രധാനമായിരുന്നു. പണമല്ല, പാര്‍ട്ടിയും അണികളും അവരുടെ പ്രശ്നങ്ങളുമാണ് പ്രധാനമെന്നു കരുതിയ ഭൂതകാലം അവര്‍ക്കുണ്ടായിരുന്നു. മറ്റു ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെക്കാള്‍ പ്രധാനം പാര്‍ട്ടിക്കാരുടെ പ്രശ്നങ്ങള്ക്കാണെന്നതായിരുന്നു, അക്കാലങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാറുകള്‍ക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. പണക്കാര്‍ക്കായി പാര്‍ട്ടിയോ നേതാക്കളോ പോയിട്ടുണ്ടെന്ന് എതിരാളികള്‍പോലും പറഞ്ഞിട്ടില്ല. ഒരു പണക്കാരെൻറ ആതിഥ്യവും പാര്‍ട്ടി നേതാക്കള്‍ സ്വീകരിക്കാത്ത ഒരു കാലഘട്ടം ഇടതുപക്ഷത്തിനു സ്വന്തമായി ഉണ്ടായിരുന്നു.
അതിനാലാകണം, ജിഷ്ണുവിെൻറ കുടുംബം അമ്പരന്നുനില്‍ക്കുന്നത്. ജിഷ്ണുവിെൻറ മരണത്തിന് ഉത്തരവാദിയായ പാമ്പാടി െനഹ്റു കോളജിലെ അധികാരികളെ സംരക്ഷിക്കാന്‍ അണിയറയില്‍ എന്തോ നീക്കം നടക്കുന്നുവോ എന്ന തോന്നല്‍ പൊതുസമൂഹത്തിേൻറതാണ്. പൊതുജന പ്രശ്നങ്ങളെക്കാള്‍, സാധാരണക്കാരെക്കാള്‍, അതിലുപരി, പാര്‍ട്ടിയെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന പാര്‍ട്ടി കുടുംബാംഗങ്ങളെക്കാള്‍, പണക്കാരായ കുറ്റവാളികള്‍ പാര്‍ട്ടിക്കും അതിെൻറ സര്‍ക്കാറിനും പ്രിയപ്പെട്ടതായി കുറ്റവാളികളായ പണക്കാര് മാറുന്നുവോ എന്നൊരു തോന്നല്‍ ജനങ്ങളില്‍ ഉരുത്തിരിയുന്നു.
ഇത് സി.പി.എം നേതൃത്വം നല്കുന്ന ഒരു സര്‍ക്കാറിന് അഭികാമ്യമല്ല. ശുഭസൂചകമല്ലിത്. കാരണം, ഇതാണ് നന്തിഗ്രാമില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ടത്. ഇതാണ്, പശ്ചിമബംഗാളിലെ ജനം അനുഭവിച്ചത്. ഇതാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭയക്കുന്നത്.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.