ഖാദർ കമ്മിറ്റി റിപ്പോർട്ട് എന്തിനായിരുന്നു?
text_fieldsഏജൻസികളും പണക്കൊഴുപ്പും അനാവശ്യ മത്സരവും ഉൾപ്പെടെ എയ്ഡഡ് മേഖലയിലെ മുഴുവൻ അസാന്മാർഗികതകളുടെയും അടിവേര്, വിദ്യാലയത്തിന്റെ പ്രശസ്തി ഉയർത്തി കുട്ടികളെ ആകർഷിച്ച് നിയമനത്തിന് വഴിനോക്കുന്ന സാഹചര്യമാണ്പൊതു വിദ്യാഭ്യാസ നയരൂപവത്കരണത്തിനായി ഒട്ടനവധി വിദ്യാഭ്യാസ കമീഷനുകളും പദ്ധതികളും ഉണ്ടായിട്ടും ഒടുവിലത്തെ വിദ്യാഭ്യാസ കമ്മിറ്റി റിപ്പോർട്ടിലും ചർച്ച ചെയ്യേണ്ടിവരുന്നത് രണ്ടാം തലമുറ പ്രശ്നങ്ങളായ ഗുണതയും...
ഏജൻസികളും പണക്കൊഴുപ്പും അനാവശ്യ മത്സരവും ഉൾപ്പെടെ എയ്ഡഡ് മേഖലയിലെ മുഴുവൻ അസാന്മാർഗികതകളുടെയും അടിവേര്, വിദ്യാലയത്തിന്റെ പ്രശസ്തി ഉയർത്തി കുട്ടികളെ ആകർഷിച്ച് നിയമനത്തിന് വഴിനോക്കുന്ന സാഹചര്യമാണ്
പൊതു വിദ്യാഭ്യാസ നയരൂപവത്കരണത്തിനായി ഒട്ടനവധി വിദ്യാഭ്യാസ കമീഷനുകളും പദ്ധതികളും ഉണ്ടായിട്ടും ഒടുവിലത്തെ വിദ്യാഭ്യാസ കമ്മിറ്റി റിപ്പോർട്ടിലും ചർച്ച ചെയ്യേണ്ടിവരുന്നത് രണ്ടാം തലമുറ പ്രശ്നങ്ങളായ ഗുണതയും തുല്യതയും ഉറപ്പുവരുത്തുകയെന്നത് തന്നെയാണ്. തുല്യതയിലൂന്നിയ, നീതിയിലധിഷ്ഠിതമായ ഗുണമേന്മ വിദ്യാഭ്യാസത്തെക്കുറിച്ച് വാചാലരാകുന്ന വേളയിൽ വർത്തമാന ക്ലാസ് മുറി യാഥാർഥ്യത്തിലേക്ക് നാം കടന്നുചെല്ലേണ്ടത് അനിവാര്യമാണ്.
കേരളത്തിലെ 6286 സർക്കാർ സ്കൂളുകളും 8275 എയ്ഡഡ് സ്കൂളുകളും ചേർന്നതാണ് നമ്മുടെ പൊതു വിദ്യാലയങ്ങൾ (1). എണ്ണത്തിൽ കൂടുതലുള്ള എയ്ഡഡ് സ്കൂളുകളിൽ പലതിലും പൊതു വിദ്യാഭ്യാസ സംവിധാനത്തിന്റെ നെടുംതൂണുകളായ തുല്യത, നീതി, സമത്വം എന്നിവയെ നിഷ്പ്രഭമാക്കുന്ന സാമ്പത്തിക ദൂരം കണ്ടുവരുന്നുണ്ട്. പാഠ്യപദ്ധതി നിഷ്കർഷിക്കും പ്രകാരമുള്ള ലിസണിങ്-സ്പീക്കിങ് സ്കില്ലുകൾ വർധിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങളൊന്നും ഇംഗ്ലീഷ് ക്ലാസ് മുറികളിൽ പ്രയോഗിക്കാതിരിക്കുകയും സ്പോക്കൺ ഇംഗ്ലീഷിനായി പുറം ഏജൻസികളെ വെച്ച് ഫീസ് വാങ്ങിച്ച് ഭാഷാനൈപുണ്യം വികസിപ്പിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നത് പല എയ്ഡഡ് സ്കൂളുകളിലെയും കാഴ്ചയാണ്. പൊതു വിദ്യാലയങ്ങളായിട്ടും ഇവയെല്ലാം അപ്രാപ്യമാകുന്ന വലിയൊരു വിഭാഗം കുട്ടികൾ നമ്മുടെ മുഖത്തേക്ക് ദൈന്യതയോടെ നോക്കുന്നുണ്ട്. എയ്ഡഡ് സ്കൂളുകളുടെ ഒത്താശയോടെ പുറം ഏജൻസികൾ പണം വാങ്ങിച്ച് സർഗശേഷി വികാസത്തിനുള്ള ചിത്രരചന, സംഗീതം, കരാട്ടേ പോലുള്ള ആയോധന കലകൾ, ബുദ്ധിവികാസത്തിനായി ചെസ്, അബാക്കസ് തുടങ്ങിയവ ഒഴിവുദിനങ്ങളിലും ചിലയിടങ്ങളിൽ സ്കൂൾ പ്രവൃത്തിസമയത്തുപോലും പരിശീലനം നൽകിവരുന്നുണ്ട്. വർഷത്തിലൊരിക്കൽ മാത്രമുള്ള കലാമേളയിലൂടെ മാത്രം കുട്ടികളുടെ സർഗശേഷി പരിപോഷിക്കപ്പെടുകയില്ലയെന്നതിനാൽ ടൈംടേബിളിൽ സർഗവേള, ആർട്ട് തുടങ്ങി പ്രത്യേകം പീരിയഡുകൾ നിർബന്ധമായും കൂട്ടിച്ചേർത്തിട്ടും പല സ്കൂളിലും ഇത് കാണുന്നില്ല. വളർച്ചാഘട്ടത്തിൽ സ്വായത്തമാക്കേണ്ട പാഠ്യേതര പ്രവർത്തനങ്ങൾക്ക് പരിഗണന ലഭിക്കാത്തത് സ്കൂളിന് കമീഷൻ വാങ്ങാൻ കഴിയുംവിധത്തിലുള്ള ഇത്തരം ബദൽ സംവിധാനങ്ങൾ വേറെയുള്ളതുകൊണ്ടാണ്.
സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് കലാപരിപാടികൾ ഏജൻസികളെ വെച്ച് പഠിപ്പിക്കുകയും സമയപരിധിയുടെ കാരണം പറഞ്ഞ് അവക്കു മാത്രം വേദിയൊരുക്കുകയും ചെയ്യുന്നത് സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാർഥികൾ നേരിടുന്ന മറ്റൊരു അസമത്വമാണ്. കുബേരന്മാരുടെ രംഗവേദിക്ക് പുറത്ത് വലിയൊരു വിഭാഗം കുട്ടികൾ കണ്ണീരോടെ മാറിനിൽക്കുകയാണ്. പി.ടി.എ യോഗത്തിലുയരുന്ന അക്കാദമിക ചർച്ചകളും വിദ്യാഭ്യാസപരമായ പോരായ്മകളും ഗൗരവത്തിലെടുക്കാത്ത എയ്ഡഡ് സ്കൂളുകൾ മത്സര പരീക്ഷകൾക്ക് അമിത പ്രാധാന്യം നൽകുന്നു. സംഘടനകളും മറ്റു ഏജൻസികളും നടത്തുന്നതോ പല ദിനാചരണങ്ങളുടെ പേരിലുള്ളതോ ആയ മത്സര പരീക്ഷകൾ, എല്ലാ മാസവും പ്രത്യേകം നടത്തുന്ന ജി.കെ ക്വിസ് തുടങ്ങിയവ പ്രവൃത്തിസമയത്തെ അപഹരിക്കുന്നതിനും പോർഷനെടുത്തു തീരാനാവാതെ അധ്യാപകർ നെട്ടോട്ടമോടുന്നതിനും കാരണമാവുന്നുണ്ട്. നിമിഷനേര പ്രശസ്തിക്കുവേണ്ടി അനാരോഗ്യ മാർഗങ്ങളിലൂടെ വ്യക്തിഗത നേട്ടത്തിന് സമ്മാനം നൽകുന്ന മത്സരങ്ങൾ പഠനത്തിലെ ആനന്ദം നിഷേധിക്കുമെന്നതിനാൽ നിരുത്സാഹപ്പെടുത്തണമെന്ന് തൊണ്ണൂറുകളിൽ യശ്പാൽ കമ്മിറ്റി ശിപാർശ (2) ചെയ്തിട്ടും ഫലമുണ്ടായില്ല. ഓരോ ചുവടിലും പ്രദർശനപരത മുഖമുദ്രയാക്കിയിരിക്കുകയാണ് വിദ്യാലയങ്ങൾ. ഭൂരിപക്ഷം വരുന്ന പഠന പിന്നാക്കമുള്ള കുട്ടികളുടെ കാര്യത്തിൽ ഒരു ആധിയും വ്യഥയുമില്ലാതെ പഠനമികവുള്ള പത്തു ശതമാനത്തിൽ എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ച് എൽ.എസ്.എസ്, യു.എസ്.എസ് കോച്ചിങ് നൽകുന്നത് ഇവ അധ്യാപകരുടെ നിലനിൽപിന്റെയും സ്കൂളിന്റെ ഗരിമയുടെയും അളവുകോലാകുന്നതുകൊണ്ടാണ്.
ചട്ടങ്ങൾ അവഗണിച്ചും വിദ്യാർഥികളുടെ ശാരീരിക-മാനസികാരോഗ്യം പരിഗണിക്കാതെയുമാണിവ നടത്തുന്നത്. വിജയികളുടെ ഫോട്ടോ വെച്ച പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച് സ്കൂളിന്റെ ഖ്യാതി വളർത്താനുള്ള മാർക്കറ്റിങ് തന്ത്രമാണിത്. മികച്ച സ്കൂളിനെ തേടി കുട്ടികൾ വന്നുചേരുന്നതോടെ അധ്യാപക തസ്തിക കൂടുകയും കോഴവ്യവസായം പൊടിപൊടിക്കുകയും ചെയ്യും. ഇവിടെയാണ് കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ മുൻ അനുവാദം വാങ്ങാതെ അധ്യാപകരെ നിയമിക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളെ ആകർഷിക്കാൻ അസാന്മാർഗിക രീതികൾ സ്വീകരിക്കുന്നുവെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിരീക്ഷണത്തിന്റെ (3) പ്രസക്തി.
എയ്ഡഡ് സ്കൂളുകളടക്കമുള്ള സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ വിദ്യാലയങ്ങളിലെയും അധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്ന കർശന നിർദേശവും ഖാദർ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, ദലിത് -പിന്നാക്ക സംഘടനകൾ ഉൾപ്പെടെ പൊതുസമൂഹത്തിന്റെ ശക്തമായ ആവശ്യം ഉയരുന്നുണ്ടെങ്കിലും സാമുദായിക സംഘടനകളുടെ പിൻബലമുള്ള കോർപറേറ്റ് മാനേജ്മെന്റുകളുടെ എതിർപ്പ് മറികടന്ന് ഇത് നടപ്പാക്കാനുള്ള ആർജവം ഭരണകൂടത്തിനില്ല. യു.പിയിൽ 30 മുതൽ 50 ലക്ഷം വരെയും ഹയർസെക്കൻഡറിയിൽ ഒരു കോടിയും കോഴ വാങ്ങിയാണ് മാനേജ്മെന്റ് അധ്യാപക നിയമനം നടത്തുന്നത്. നമ്മുടെ പൊതു വിദ്യാലയങ്ങളിൽ പകുതിയിലധികവും എയ്ഡഡ് സ്കൂളുകളാണെന്നോർക്കണം. സർക്കാർ സ്കൂളുകൾ സുലഭമല്ലാത്തതിനാലാണ് എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കേണ്ടിവരുന്നത്. മുകളിൽ സൂചിപ്പിച്ച അസാന്മാർഗികതകളുടെ അടിവേര് നിയമനം ലക്ഷ്യമിട്ട് വിദ്യാലയത്തിന്റെ പ്രശസ്തി ഉയർത്തി കുട്ടികളെ ആകർഷിക്കാനുള്ള ത്വരയാണെന്നതിനാൽ എയ്ഡഡ് അധ്യാപക നിയമനം പി.എസ്.സിക്ക് വിടുകയെന്ന ശിപാർശ ഏതുവിധേനയും നടപ്പിൽ വരുത്തിയേ മതിയാകൂ. ഇതിന് സർക്കാർ മുതിരാത്തിടത്തോളം കാലം എന്തിനായിരുന്നു ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നും ലക്ഷങ്ങൾ ചെലവിട്ട് വർഷങ്ങൾ നീണ്ട ഖാദർ കമ്മിറ്റി റിപ്പോർട്ടും മറ്റും എന്ന ചോദ്യം ബാക്കിയാവുന്നു!
Reference:
1. ഡി.പി.ഐ സ്റ്റാറ്റിസ്റ്റിക്സ്, ഹയർസെക്കൻഡറി ഡയറക്ടറേറ്റ് -കേരളത്തിലെ 6286 സർക്കാർ സ്കൂളുകൾ, 8275 എയ്ഡഡ് സ്കൂളുകൾ
2. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലുകൾ -പേജ് 153: ഡോ. സി. ഗോകുൽദാസൻ പിള്ള
3. ഖാദർ കമ്മിറ്റി റിപ്പോർട്ട് ഭാഗം 2,
പേജ് 99
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.