നഴ്സുമാരുടെ സമരം ന്യായമാകുന്നതെന്തുകൊണ്ട്?
text_fieldsസ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരത്തിെൻറ ന്യായാന്യായതകളെക്കുറിച്ച് രണ്ടു വ്യത്യസ്ത വിശകലനങ്ങൾ
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വിട്ടുവീഴ്ചയില്ലാതെ കഴിഞ്ഞ 22 ദിവസമായി നടത്തിവരുന്ന സമരം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപയും മറ്റ് അലവൻസുകളും നൽകുക, 200നുമേൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ സർവിസിലെ നഴ്സിന് തുല്യമായ ശമ്പളം നൽകുക, നിരോധിക്കപ്പെട്ട െട്രയ്നി സമ്പ്രദായം അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷിതത്വവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പാക്കുക തുടങ്ങിയ സുപ്രീംകോടതി നിർദേശങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നഴ്സുമാർ സമരത്തിനിറങ്ങിയത്. സമരത്തിനിടയിൽ സർക്കാർ വിളിച്ചുചേർത്ത ചർച്ചയിൽെവച്ച് സമരക്കാരാവശ്യപ്പെട്ട ശമ്പളം നൽകാൻ സർക്കാർ തീരുമാനിച്ചെന്നും അതിനുശേഷവും സമരം തുടരുന്നത് അന്യായമാണെന്നും സർക്കാർ പ്രസ്താവനയിറക്കി. എന്നാൽ, കണക്കിലെ ചില കളികളിലൂടെ ജനങ്ങളെ പറ്റിച്ച് മാനേജ്മെൻറിന് അനുകൂലമായ വിധത്തിൽ കാര്യങ്ങളെ കൊണ്ടെത്തിക്കാനും സമരക്കാരെ കൈകാര്യം ചെയ്യാനും നടത്തിയ ശ്രമത്തെ നഴ്സുമാർ ആദ്യംതന്നെ പരാജയപ്പെടുത്തി. ഇപ്പോഴാകട്ടെ, പണിമുടക്കുന്ന ആശുപത്രികളിലെ പ്രവർത്തനങ്ങൾക്കായി പഠനം പൂർത്തിയാക്കാത്ത വിദ്യാർഥികളെക്കൊണ്ട് ജോലിചെയ്യിക്കാൻ നിരോധനാജ്ഞ ഏർപ്പെടുത്തിയ നീക്കത്തെ വിദ്യാർഥികളും സംഘടിതമായി പരാജയപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ എല്ലാ കണ്ണുകളും ഇന്ന്, 19ന് മുഖ്യമന്ത്രി വിളിച്ചുചേർക്കുന്ന ചർച്ചയിലും നാളെ ഹൈകോടതിയുടെ മീഡിയേഷനിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവയിലൂടെ പരിഹാരമുണ്ടാകുമോ? സുപ്രീംകോടതി കണ്ടെത്തിയ കാര്യങ്ങൾ ഹൈകോടതി പരിഗണിക്കുമോ? സർക്കാർ ആരുടെ പക്ഷത്ത് നിൽക്കും?
2012ൽ മനുഷ്യാവകാശ കമീഷൻ മുൻ ചെയർമാനായിരുന്ന ഡോ. എസ്. ബലരാമൻ ഒരു സ്വകാര്യാശുപത്രി സന്ദർശിച്ചു. അദ്ദേഹം മാനേജറുടെ മുറിയിൽ പ്രവേശിച്ചപ്പോൾ കണ്ട കാഴ്ച ഞെട്ടലുളവാക്കുന്നതായിരുന്നു. മാനേജർ മേശമേൽ കാൽ കയറ്റിെവച്ച് അദ്ദേഹത്തിെൻറ മുറിയിൽ ഘടിപ്പിച്ചിരിക്കുന്ന മോണിറ്ററിലെ ദൃശ്യങ്ങൾ കാണുന്നു. നഴ്സുമാർ വസ്ത്രം മാറുന്ന മുറികളിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വിയിലൂടെയുള്ള ദൃശ്യങ്ങളായിരുന്നു അത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, നഴ്സുമാരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനുവേണ്ടി സർക്കാർ രൂപവത്കരിച്ച കമീഷൻ നടത്തിയ തെളിവെടുപ്പിലായിരുന്നു ഈ ഞെട്ടിപ്പിക്കുന്ന കാഴ്ച. തുടർന്ന് ആ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. ആശുപത്രിയിൽ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം ആളുകൾക്കും നിയമന ഉത്തരവുപോലുമിെല്ലന്നതും നഴ്സുമാരായിരിക്കുന്നവർ നീണ്ട നാളത്തെ സേവനത്തിനുശേഷവും െട്രയ്നി എന്ന ഓമനപ്പേരിൽ തുച്ഛവരുമാനക്കാരായിരിക്കുന്നതും അദ്ദേഹം മനസ്സിലാക്കി. സംസ്ഥാനത്തെ നൂറുകണക്കിന് സ്വകാര്യാശുപത്രികളിൽ നടത്തിയ അന്വേഷണത്തിലുടനീളം സമാനമായ സാഹചര്യമാണെന്ന് കണ്ടെത്തുകയും റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുമ്പുതന്നെ പത്രസമ്മേളനം നടത്തി കാര്യങ്ങൾ പൊതുസമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. തെൻറ ജീവനുതന്നെ ഭീഷണിയായ ആ റിപ്പോർട്ട് ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട് തയാറാക്കി സർക്കാറിന് സമർപ്പിക്കുകയും ചെയ്തു.
കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിലെ തീപിടിത്തത്തിൽ ജീവൻ വെടിഞ്ഞ നഴ്സുമാരുടെ നാടാണ് കേരളം. ജീവിതം കരുപ്പിടിപ്പിക്കാൻ ലോകത്തിെൻറ ഏതുകോണിലും എന്തിന് യുദ്ധഭൂമികളിൽപോലും പണിയെടുക്കാൻ നിർബന്ധിതരാകുന്ന ജീവിതസാഹചര്യമുള്ളവർ. പഠനത്തിനുവേണ്ടി വിനിയോഗിക്കേണ്ടിവന്ന ലക്ഷങ്ങളുടെ കടക്കാർ. രോഗിയുടെ ഏറ്റവും പ്രിയപ്പെട്ടവർക്കുപോലും അവരെ പരിചരിക്കാൻ പറ്റാത്തത്ര സാഹചര്യങ്ങളിൽപോലും പുഞ്ചിരിയോടെ അവരെ പരിചരിക്കുന്നതുകൊണ്ടാണ് നഴ്സുമാർക്ക് മാലാഖ എന്ന പേര് അന്വർഥമാകുന്നത്. പക്ഷേ, ഭൂമിയിലെ മാലാഖമാർക്ക് വായും വയറുമുണ്ടെന്നും മാലാഖയുടെ വീട്ടിൽ നാലഞ്ച് ജീവിതങ്ങൾ ഒരുനേരത്തെ ഭക്ഷണത്തിനായി കാത്തിരിപ്പുണ്ടെന്നും അറിയാത്ത ഭരണാധികാരികളുടെ നാട്ടിൽ പതിറ്റാണ്ടുകളായി അടിമകളെപ്പോലെ പണിയെടുത്തുകൊണ്ടിരിക്കുന്ന നഴ്സുമാർ സമരരംഗത്തേക്ക് വരുമ്പോൾ ആശുപത്രി മുതലാളിമാരും സർക്കാറുകളും സമരത്തെ അന്യായമെന്ന് വിളിക്കുന്നു.
ലക്ഷങ്ങൾ ഫീസൊടുക്കിയാണ് ഇന്ന് പ്രധാനമായും നഴ്സിങ് പഠനം നടക്കുന്നത്. പഠനത്തോടൊപ്പംതന്നെ പ്രാക്ടിക്കലും ഉണ്ട്. പ്രാക്ടിക്കലിെൻറ ഭാഗമായി പഠനത്തിെൻറ ഓരോ ഘട്ടത്തിലും ഇത്ര മണിക്കൂർ നിശ്ചിത ഡിപ്പാർട്െമൻറുകളിൽ പ്രവർത്തിച്ചിരിക്കണം. ഈ രീതിയിൽ പഠനം പൂർത്തിയായിക്കഴിഞ്ഞാൽ ഏതാനും ദിവസങ്ങളുടെ പരിചയംകൊണ്ട് ഏത് വലിയ ആശുപത്രിയിലും ജോലിചെയ്യാനുള്ള വൈദഗ്ധ്യം നഴ്സുമാർ നേടിക്കഴിയും. സർട്ടിഫിക്കറ്റുകൾ പിടിച്ചുെവച്ചുകൊണ്ട് ശമ്പളമില്ലാതെ നിർബന്ധിതമായി നടത്തുന്ന സേവനത്തെ അഥവാ ബോണ്ടിനെ നിയമം മൂലം നമ്മുടെ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ആ നിരോധനത്തെ മറികടന്നുകൊണ്ടാണ് െട്രയ്നി എന്നപേരിൽ ആശുപത്രികൾ ചൂഷണം ചെയ്യുന്നത്. ഈ ചൂഷണത്തിന് സർക്കാറും ഒത്താശ ചെയ്യുന്നു. നമ്മുടെ താലൂക്ക് ആശുപത്രികളിൽ ചെന്നാൽ കേവലം1500 രൂപക്ക് പണിയെടുക്കേണ്ടിവരുന്ന നഴ്സുമാരെ കാണാം. അങ്ങനെ മുതലാളിമാരെ വെല്ലുന്ന തരത്തിൽ സർക്കാർ തന്നെ ചൂഷകരായി മാറുന്നു.
സമരത്തെ അനുനയത്തിലൂടെ ഒതുക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ നഴ്സിങ് കോളജിൽ പഠിക്കുന്ന വിദ്യാർഥികളെ സ്വകാര്യാശുപത്രികൾക്ക് സൗജന്യ സേവനത്തിന് (ദിവസം 150 രൂപ നിരക്കിൽ) നൽകുവാൻ കലക്ടർമാർ ഉത്തരവിടുകയും പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയുമുണ്ടായി. മെഡിക്കൽ എത്തിക്സിന് വിരുദ്ധമായി പഠനം നടത്തുന്ന വിദ്യാർഥികളെ ഉപയോഗിച്ച് ആശുപത്രി നടത്തിക്കൊണ്ടുപോകാനും അതിന് വഴങ്ങാത്തവരെ കോഴ്സിൽനിന്ന് പുറത്താക്കാനും തീരുമാനിച്ചുള്ള ഉത്തരവിലൂടെ കേരള സർക്കാറിെൻറ യഥാർഥമുഖം വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. പഠനം പൂർത്തിയായി അഞ്ചും ആറും വർഷം കഴിഞ്ഞവരെ െട്രയ്നികളായി നിലനിർത്തുന്ന ആശുപത്രികൾ അവർക്കുണ്ടായ പ്രതിസന്ധി മറികടക്കാൻ പഠനം പൂർത്തിയാക്കാത്തവരെ ഉപയോഗപ്പെടുത്തുന്നു. വിചിത്രമായ ആചാരങ്ങൾ!
നഴ്സുമാർ ഉന്നയിക്കുന്ന ഡിമാൻഡുകൾ ന്യായമാണെന്ന് പൊതുസമൂഹം മുഴുവൻ വിശ്വസിക്കുമ്പോഴും അവരോടൊപ്പം നിലയുറപ്പിക്കേണ്ട ഗവൺമെൻറ് മറുവശത്ത് അണിചേർന്നിരിക്കുന്നു. ദീർഘനാളുകളായി നഴ്സുമാരുടെ ഭാഗത്തുനിന്നും ഉയർന്നുവന്ന ആവശ്യങ്ങളുടെ പശ്ചാത്തലവും അതിനുവേണ്ടി സുപ്രീംകോടതി വരെ നടത്തിയ നിയമപോരാട്ടങ്ങൾക്കുമൊടുവിലാണ് ഏറ്റവും കുറഞ്ഞ ശമ്പളമായി 20,000 രൂപ നൽകുവാൻ സുപ്രീംകോടതി നിർദേശിച്ചത്. 200 ബെഡിനു മുകളിലുള്ള ആശുപത്രികളിൽ സർക്കാർ ശമ്പളത്തിനു തുല്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നും (കഴിഞ്ഞ ചർച്ചയിൽ പറയുന്നത് 800 ബെഡിനു മുകളിലുള്ള ആശുപത്രികളിൽ 23,760 രൂപ കൊടുക്കണമെന്നാണ്. കേരളത്തിൽ എത്ര ആശുപത്രികളിലാണ് 800നുമേൽ കിടക്കകളുള്ളത്?) തുടർന്ന് ഓരോ സംസ്ഥാനവും ഈ രംഗത്ത് നടത്തിയ ഇടപെടലുകളും കേന്ദ്രസർക്കാറിനെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ട് വർഷം ഒന്ന് പിന്നിടുകയാണ്. ഇത്തരത്തിൽ വിവിധ കമീഷനുകളുടെ റിപ്പോർട്ടുകളെയും സുപ്രീംകോടതിയുടെ നിർദേശങ്ങളെയും കാറ്റിൽപറത്തിക്കൊണ്ടാണ് സർക്കാറുകൾ എല്ലാത്തരത്തിലുമുള്ള ചൂഷണങ്ങൾക്കും സ്വകാര്യ ാശുപത്രി മാനേജ്മെൻറിന് ഇടംനൽകുന്നത്. പണിയെടുക്കുന്നവർക്ക് സ്വന്തം സ്ഥാപനത്തിൽപോലും ചികിത്സയും വാക്സിനേഷനും മാനേജ്മെൻറുകൾ സൗജന്യമായി നൽകാറില്ല. ആരോഗ്യമേഖലയിൽ 1964ൽ രൂപവത്കരിച്ച സ്റ്റാഫ് പാറ്റേണാണ് ഇന്നും സംസ്ഥാനത്ത് നിലനിൽക്കുന്നത്. സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാൻ ഒരു ഗവൺമെൻറും തയാറായിട്ടില്ല. മാത്രവുമല്ല, സർക്കാർ ആശുപത്രികളിലെ സ്ഥിരനിയമനങ്ങൾ അട്ടിമറിച്ചുകൊണ്ട് എംപ്ലോയ്മെൻറ്, എൻ.ആർ.എച്ച്.എം, ഡി.എം.ഒ നിയമനം തുടങ്ങി സ്ഥിരസ്വഭാവത്തിലുള്ള നിയമനങ്ങൾ ഇല്ലാതാക്കി. അതിനാൽ അടിയന്തരമായി സർക്കാർ മേഖലയിലെ ഒഴിവുകളെത്രയാണെന്ന് നിജപ്പെടുത്തുകയും അതിലേക്ക് സ്ഥിരനിയമനം നടത്തുകയും വേണം.
നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥ സംബന്ധിച്ച് ബലരാമൻ, വീരകുമാർ കമ്മിറ്റികളുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടും ഏറ്റവുമൊടുവിൽ സുപ്രീം കോടതി നിർദേശിച്ച മാനദണ്ഡങ്ങളുടെയും പശ്ചാത്തലത്തിൽ വളരെ വ്യക്തതയുള്ള ഒരു പരിഹാരമാവണം 19ന് നടക്കുന്ന സർക്കാർ തല ചർച്ചയിലും 20ാം തീയതിയിലെ ഹൈകോടതി നടത്തുന്ന മീഡിയേഷനിലൂടെയും ഉയർന്നുവരേണ്ടത്.
എസ്മ പ്രയോഗിക്കുവാനുള്ള ഉത്തരവ് ആശുപത്രി മാനേജ്മെൻറുകൾ ഹൈകോടതിയിൽനിന്നും സമ്പാദിച്ചിരിക്കുന്നു. പക്ഷേ, അതാർക്കെതിരെ വേണമെന്നതാണ് വിഷയം. ആശുപത്രികൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടും ശമ്പളവും ആനുകൂല്യവും നിഷേധിച്ചുകൊണ്ടും പണിയെടുക്കുന്നവരെ ജീവനക്കാരായി അംഗീകരിക്കാതെയും അവരിൽനിന്നും പിടിച്ചെടുക്കുന്ന ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ അട്ടിമറിക്കുകയും ചെയ്യുന്ന സ്വകാര്യാശുപത്രി മാനേജ്മെൻറുകളുടെ നേർക്ക് എസ്മ പ്രയോഗിച്ച് ആശുപത്രികൾ പിടിച്ചെടുക്കാനുള്ള ആർജവമാണ് ഒരു ജനാധിപത്യ സർക്കാർ കാണിക്കേണ്ടത്. ഒരുവശത്ത് രോഗികളിൽനിന്ന് അന്യായമായ രീതിയിലുള്ള ഫീസുകൾ ചുമത്തി ഒരു സാമൂഹിക പ്രതിബദ്ധതയുമില്ലാതെ പ്രവർത്തിക്കുകയും മറുവശത്ത് പണിയെടുക്കുന്നവരുടെ ശമ്പളം നിഷേധിക്കുകയും ചെയ്യുന്നവരെ നിലക്കുനിർത്തുന്നതിനായി സേവന-വേതന വ്യവസ്ഥകളെ സംബന്ധിച്ച നിയമനിർമാണവും നടത്തണം.
(ഇന്ത്യൻ നഴ്സസ് പാരൻറ്സ് അസോസിയേഷൻ സെക്രട്ടറിയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.