സാമ്പത്തിക സംവരണം എതിർക്കപ്പെടുന്നത് എന്തുകൊണ്ട്?
text_fieldsനൂറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിൽക്കുന്ന ജാതികേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയുടെ ഉപോൽപന്നമാണ് സംവരണം. േശ്രണീകൃത അസമത്വവും വിവേചനവും ബോധപൂർവമുള്ള ഒഴിവാക്കലുമാണല്ലോ ജാതിവ്യവസ്ഥയുടെ മുഖമുദ്രകൾ. ബി.സി 3500നോട് അടുത്ത് കന്നുകാലികൾക്ക് മേച്ചിൽപുറങ്ങൾ തേടി ഇന്ത്യയിലെത്തിയ ആര്യന്മാർ ഇന്നാട്ടിൽ സന്നിവേശിപ്പിച്ച ചാതുർവർണ്യ സമ്പ്രദായത്തിൽനിന്നാണല്ലോ ജാതിവ്യവസ്ഥയുടെ പിറവി. ചാതുർവർണ്യം ആര്യൻ സമൂഹത്തെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രർ എന്നിങ്ങനെ നാലു വർണങ്ങളായി വിഭജിച്ച് ഓരോ വർണത്തിനും പ്രത്യേകം, പ്രത്യേകം തൊഴിലുകൾ നിഷ്കർഷിക്കുന്നതോടെയാണ് ഇന്നാട്ടിൽ തൊഴിലുകൾ പ്രത്യേക വിഭാഗങ്ങൾക്കായി നീക്കിവെക്കപ്പെടുന്ന സംവരണം എന്ന സമ്പ്രദായം നിലവിൽവന്നത്. ആര്യമതക്കാർ ചിട്ടപ്പെടുത്തിയ ഈ സംവരണ സമ്പ്രദായത്തിെൻറ ലക്ഷ്യം പക്ഷേ, ഇന്നത്തേതു പോലെ സാമൂഹികനീതി നടപ്പാക്കുകയായിരുന്നില്ല. മറിച്ച് തദ്ദേശീയ ജനവിഭാഗങ്ങളെ ചൂഷണം ചെയ്ത് അവർക്കുമേൽ സർവാധിപത്യം സ്ഥാപിക്കുകയായിരുന്നു. തത്ഫലമായി തദ്ദേശീയ ജനത സമൂഹത്തിെൻറ അടിത്തട്ടിലേക്ക് താഴ്ത്തപ്പെടുക മാത്രമല്ല അവർ വിഭവശൂന്യരും അസംഘടിതരും അരാഷ്ട്രീയരും ദുർബലരും സർവോപരി സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായി തകർക്കപ്പെട്ടവരുമായി ഈ വിധം ജാത്യാധിഷ്ഠിത സമൂഹനിർമിതിയുടെ അനന്തരഫലമായി തകർത്തെറിയപ്പെട്ട തദ്ദേശീയ ജനതയുടെ അതിജീവനം ചാതുർവർണ്യക്കാർക്കോ ചാതുർവർണ്യത്തിന് പരിപാവനത്വവും നിയമസാധുതയും നൽകാൻ ശ്രമിച്ച ബ്രാഹ്മണമതത്തിനോ ആ മതത്തിെൻറ വക്താക്കൾക്കോ ഒരു പ്രശ്നമേ ആയിരുന്നില്ല. കൊളോണിയൽ ഭരണകൂടം ഇവർ ബ്രാഹ്മണമതത്തിെൻറ അധിനിവേശത്താൽ തകർത്തെറിയപ്പെട്ട അധഃസ്ഥിതരാണെന്ന് അംഗീകരിച്ചെങ്കിലും ഇവരുടെ ഉയിർത്തെഴുന്നേൽപും മുന്നേറ്റവും 19ാം നൂറ്റാണ്ടിെൻറ രണ്ടാം പകുതിവരെ മരീചികയായി അവശേഷിച്ചു.
ആദ്യ ശബ്ദം
1873ൽ സത്യാന്വേഷകരുടെ സംഘത്തിനു രൂപംനൽകിയ മഹാത്്മ ഫൂലെയാണ് അധഃസ്ഥിതരുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടി ആദ്യമായി ശബ്്ദമുയർത്തുന്നത്. കൊളോണിയലിസത്തെക്കാൾ ഭയാനകമാണ് ബ്രാഹ്മണിസം എന്ന് വീക്ഷിച്ച അദ്ദേഹം അധഃസ്ഥിതർക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിക്കണമെന്നും വിദ്യാഭ്യാസം നേടിയവർക്ക് സർക്കാർ സർവിസിൽ ജനസംഖ്യാനുപാതികമായി ഉദ്യോഗം നൽകണമെന്നും പ്രാദേശിക ഭരണസമിതികളിൽ പ്രാതിനിധ്യം നൽകണമെന്നും ആവശ്യപ്പെട്ടു. ഫൂലെ നേതൃത്വം നൽകിയ മാതൃകാപരമായ പ്രവർത്തനങ്ങൾ ജാതീയതയുടെ അന്ധകാരത്തിൽ നിശ്ചലമായിപ്പോയ ഇന്ത്യൻ സമൂഹത്തിൽ പ്രത്യേകിച്ചും മഹാരാഷ്ട്രയിൽ ചലനങ്ങൾ സൃഷ്ടിച്ചു. ഹൈന്ദവ സാമൂഹിക വ്യവസ്ഥിതിക്കു കീഴിൽ തകർന്നടിഞ്ഞ ഇന്ത്യയിലെ തദ്ദേശീയ ഭൂരിപക്ഷത്തെ ബഹുജൻസ് എന്നും അസ്പൃശ്യസമുദായത്തെ ദലിതർ എന്നുമാണ് ഫൂലെ വിശേഷിപ്പിച്ചത്. തുടർന്ന് 1902ൽ കോൽഹാപുരിൽ സർവിസ് രംഗത്ത് അബ്രാഹ്മണർക്ക് 50 ശതമാനം പ്രവേശനം നൽകിക്കൊണ്ട് ഇന്ത്യയിൽ സംവരണത്തിന് തുടക്കം കുറിച്ചു. 1920കളിൽ ഡോ. അംബേദ്കർ അധഃസ്ഥിതരുടെ വിമോചന മുന്നേറ്റത്തിെൻറ സാരഥ്യം ഏറ്റെടുത്തതോടെ വിദ്യാഭ്യാസരംഗത്തും തൊഴിൽരംഗത്തും രാഷ്ട്രീയ അധികാരഘടനയിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യം നേടിയെടുക്കുന്നതിനുവേണ്ടിയുള്ള അധഃസ്ഥിതരുടെ പോരാട്ടങ്ങൾ ലോകശ്രദ്ധയാകർഷിച്ചു. ഇന്ത്യയിലെ അയിത്തജാതിക്കാർ ഹിന്ദുക്കളിൽനിന്നും തികച്ചും വ്യതിരിക്തമായൊരു വിഭാഗമാണെന്നും ഹിന്ദുമതവും ജാതികേന്ദ്രീകൃതമായ അതിെൻറ സാമൂഹിക വ്യവസ്ഥിതിയുമാണ് അധഃസ്ഥിതരുടെ മനുഷ്യാവകാശങ്ങൾ ഉന്മൂലനം ചെയ്തു അവരെ അയിത്തജാതിക്കാരായി മുദ്രകുത്തിയതെന്നുമുള്ള ഡോ. അംബേദ്കറുടെ നിരീക്ഷണങ്ങൾ 1930കളിലെ വട്ടമേശ സമ്മേളനങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ, അന്തർദേശീയതലത്തിൽ ചർച്ചചെയ്യപ്പെട്ടു. ജാതിയുടെ പേരിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് നിയമപരമായി പ്രത്യേക പരിരക്ഷകൾ വേണമെന്ന് ആവശ്യപ്പെട്ട് ഡോ. അംബേദ്കർ നടത്തിയ പോരാട്ടങ്ങളുടെ അനന്തരഫലമായാണ് 1932ൽ കമ്യൂണൽ അവാർഡും പുണെ കരാറും 1950ൽ ഇന്ത്യൻ ഭരണഘടനയിലെ പ്രത്യേക പരിരക്ഷകളും ഉടലെടുക്കുന്നത്. 1950ൽ നിലവിൽവന്ന ഇന്ത്യൻ ഭരണഘടന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി പിന്നാക്ക വിഭാഗങ്ങൾക്ക്, വിദ്യാഭ്യാസരംഗത്തും തൊഴിൽരംഗത്തും നിയമനിർമാണ സഭകളിലും ജനസംഖ്യാനുപാതിക സാമുദായിക പ്രാതിനിധ്യം വ്യവസ്ഥചെയ്യുന്നതോടുകൂടിയാണ് അധഃസ്ഥിത വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്ക് ചരിത്രത്തിൽ ആദ്യമായി അംഗീകാരം ലഭിക്കുന്നത്. ഭരണഘടനയിൽ പട്ടികവിഭാഗങ്ങളുടെ രാഷ്ട്രീയ സംവരണം 10 വർഷത്തേക്ക് നിജപ്പെടുത്തിയെങ്കിലും വിദ്യാഭ്യാസ, തൊഴിൽരംഗങ്ങളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നതുവരെ സംവരണം തുടരണമെന്ന് നിഷ്കർഷിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ അധഃസ്ഥിത വിഭാഗങ്ങൾ നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാൻ അനുപേക്ഷണീയമായ പ്രത്യേക കർമപദ്ധതികൾ ആവിഷ്കരിക്കണമെന്ന് നിഷ്കർഷിക്കുകയും ചെയ്തു (അനുച്ഛേദം 15 (4). രാഷ്ട്രതന്ത്രത്തിെൻറ നിർദേശക തത്വങ്ങളിലെ അനുച്ഛേദം 46 പട്ടികവിഭാഗങ്ങളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും മറ്റു ദുർബല വിഭാഗങ്ങളുടെയും വിദ്യാഭ്യാസ, സാമ്പത്തിക താൽപര്യങ്ങൾ മെച്ചപ്പെടുത്താൻ സ്റ്റേറ്റിനെ പ്രത്യേകം ചുമതലപ്പെടുത്തുകയും ചെയ്യുന്നു.
ഭരണഘടന പരിരക്ഷ
ഭരണഘടനയിലെ സംവരണ പരിരക്ഷകർ സ്റ്റേറ്റിെൻറ ഔദാര്യമോ സർക്കാർ ഉദ്യോഗം ലഭിക്കുന്നതിലുള്ള ഉപാധിയോ സാമ്പത്തിക പരാധീനതകൾ ലഘൂകരിക്കുന്നതിനുള്ള മാർഗമോ അല്ല. പ്രത്യുതാ ജാതിവിവേചനത്തിലെ അനന്തരഫലമായി നൂറ്റാണ്ടുകളോളം അധികാരഘടനയിൽനിന്നും സാമ്പത്തിക ക്രയവിക്രയങ്ങളിൽനിന്നും പുറന്തള്ളപ്പെട്ട ജനവിഭാഗങ്ങൾക്ക് ഭരണനിർവഹണത്തിൽ പങ്കാളികളാകുന്നതിനുള്ള പരിരക്ഷയാണ്. അധഃസ്ഥിത വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥക്ക് നിദാനം ജാതിയായതിനാലാണ് ജാതിയുടെ യാന്ത്രികതയാൽ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ജാതിയുടെ അടിസ്ഥാനത്തിൽ ഭരണഘടനയിൽ സമുദായിക പ്രാതിനിധ്യം നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത് എന്നത് ഏറെ ശ്രദ്ധേയമാണ്. സാമ്പത്തിക ഘടകമല്ല, മറിച്ച് ജാതിയും തൊട്ടുകൂടായ്മയുമായിരുന്നല്ലോ സാമൂഹികരംഗത്തും വിദ്യാഭ്യാസരംഗത്തും അധഃസ്ഥിത വിഭാഗങ്ങളുടെ പുരോഗതിക്കും വികാസത്തിനും വിഘാതം സൃഷ്ടിച്ചത്.
ജാതിയുടെ അടിസ്ഥാനത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസരംഗത്തും സർവിസിലും നിയമനിർമാണ സഭകളിലും ജനസംഖ്യാനുപാതിക പ്രതിനിധ്യം ഉറപ്പുവരുത്തുകയാണല്ലോ സംവരണ പരിരക്ഷകളുടെ പ്രാഥമിക ലക്ഷ്യം. ഇൗ ലക്ഷ്യത്തോടെ ആവിഷ്കരിച്ചിട്ടുള്ള സംവരണ പരിരക്ഷ നടപ്പാക്കാനും പരിപാലിക്കാനും നിരവധി സമ്പ്രദായങ്ങളും നടപടികളും രാജ്യത്ത് നിലവിലുണ്ട്. എന്നാൽ, ഈ പരിരക്ഷകൾ ഫലപ്രദമായി നടപ്പാക്കി ഭരണഘടന വിഭാവനചെയ്യുന്ന സാമൂഹികനീതി ഉറപ്പാക്കി ക്ഷേമരാഷ്്ട്ര നിർമിതിയെ പരിപോഷിപ്പിക്കുന്നതിനു പകരം സംവരണ തത്വങ്ങളെയും പരിരക്ഷകളെയും എങ്ങനെ അട്ടിമറിക്കാം എന്നാണ് ഭരണഘടന നിലവിൽവന്ന നാൾ മുതൽ സവർണാധിപത്യത്തിെൻറ വക്താക്കളും അവരുടെ ദല്ലാളുകളും ചട്ടകങ്ങളും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. 1950ലെ പ്രസിഡൻഷ്യൽ ഉത്തരവിലൂടെ സംവരണം ഹിന്ദുമതത്തിലെ പിന്നാക്കക്കാർക്ക് മാത്രമായി നിജപ്പെടുത്തിയും ജുഡീഷ്യറി ഉൾപ്പെടെയുള്ള ഉന്നത വകുപ്പുകളും തസ്തികകളും സംവരണമുക്തമാക്കിയും താഴ്ന്ന തസ്തികകളിൽ വേണ്ടതിലധികം സംവരണം നൽകി സംവരണത്തിെൻറ തോത് ഉയർത്തിക്കാട്ടിയും ഉന്നത വകുപ്പുകളിലും തസ്തികകളിലും സംവരണം നടപ്പാക്കുന്നത് ദേശീയ താൽപര്യത്തിന് പ്രതിലോമകരമാണെന്ന് വാദിച്ചും നിലവിലെ സംവരണത്തെ അട്ടിമറിക്കാൻ സവർണാധിപത്യത്തിെൻറ വക്താക്കൾ ശ്രമിക്കുന്നുണ്ട്. സാമുദായിക പ്രാതിനിധ്യ സംവരണത്തിന് പകരം സാമ്പത്തിക സംവരണമാണ് അഭികാമ്യമെന്ന് നിരന്തരം വാദഗതികൾ ഉന്നയിക്കുന്നതിനു പിന്നിലെ കൗശലവും ഇൗ ലാക്കോടെയാണ്. മിക്കപ്പോഴും ജുഡീഷ്യറിയുടെ സാധ്യതകളെയും ഇക്കൂട്ടർ ചൂഷണം ചെയ്യുന്നുണ്ട്.
അട്ടിമറി ശ്രമങ്ങൾ
ഭരണഘടനാ ദത്തമായ സംവരണ പരിരക്ഷകളെ അട്ടിമറിക്കാൻ സവർണാധിപത്യവാദികൾ ദീർഘകാലമായി നടത്തിക്കൊണ്ടിരിക്കുന്ന വിഫല ശ്രമങ്ങളിൽ ഒന്ന് മാത്രമാണ് സാമ്പത്തിക സംവരണ വാദം. സാമ്പത്തിക സംവരണ വാദം ഭരണഘടനാ വിരുദ്ധമായിരുന്നിട്ടും മനുവാദികളും കമ്യൂണിസ്റ്റുകളും സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുവേണ്ടി കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. സാമ്പത്തിക സംവരണവാദം ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സാമൂഹിക നീതിബോധത്തിന് വിരുദ്ധമാണ്. ഈ നിരീക്ഷണത്തിെൻറ അടിസ്ഥാനത്തിലാണ് മണ്ഡൽ പ്രക്ഷോഭത്തിെൻറ പശ്ചാത്തലത്തിൽ 1991-ൽ നരസിംഹറാവു ഗവൺമെൻറ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 സംവരണം ഏർപ്പെടുത്തിയപ്പോൾ സുപ്രീംകോടതി അതിനെ റദ്ദ് ചെയ്തത്. ഇതിനിടയിൽ സംവരണം 50 കൂടാൻ പാടില്ലെന്നും കോടതി നിർദേശിക്കുകയുണ്ടായി. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് സംവരണം 50 ശതമാനമായി നിലനിർത്തുന്നതിനുവേണ്ടി 52 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങളുടെ സംവരണം 27 ശതമാനമായി ചിട്ടപ്പെടുത്തിയത്. നിലവിൽ ജനസംഖ്യയിൽ ഏതാണ്ട് 85 ശതമാനത്തോളം വരുന്ന പട്ടികജാതി, പട്ടികഗോത്ര, പിന്നാക്ക- മതന്യൂനപക്ഷങ്ങളാണ് 50 ശതമാനം സംവരണത്തിെൻറ ഗുണഭോക്താക്കൾ. ശേഷിക്കുന്ന 15 ശതമാനം മുന്നാക്കക്കാരാണ് മറുപാതി 50 ശതമാനത്തിെൻറ ഗുണഭോക്താക്കൾ. ഇത് ഭരണഘടനവിഭാവനം ചെയ്യുന്ന പ്രാതിനിധ്യ സംവരണത്തിനും സാമൂഹിക നീതിബോധത്തിനും വിരുദ്ധവും പ്രതിലോമകരവുമാണ്? സർക്കാർ സർവിസിൽ സംവരണ വിഭാഗക്കാരുടെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഇപ്പോഴും സമസ്യയായി തുടരുമ്പോഴാണ് മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തിക പരിഗണനയുടെ അടിസ്ഥാനത്തിൽ പ്രത്യേക സംവരണം നടപ്പാക്കാൻ ശ്രമം നടക്കുന്നത്. നിലനിൽക്കുന്ന സാമൂഹിക-സാമ്പത്തിക വൈരുധ്യങ്ങളെ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യും എന്നതിൽ സംശയമില്ല. ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തിെൻറ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ട ജനവിഭാഗങ്ങളെയാണ് ഭരണഘടന പിന്നാക്ക വിഭാഗങ്ങൾ എന്ന് നിർവചിക്കുന്നത് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.
ദലിത് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡൻറാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.