വഖഫ് ബോർഡിലെ പി.എസ്.സി നിയമനം എതിർക്കുന്നതെന്തുകൊണ്ട്?
text_fieldsവഖഫ് എന്നത് ഇസ്ലാമിക മതവിധിയുമായി ബന്ധപ്പെട്ട വിഷയമാണ്. ഏതെങ്കിലും സർക്കാറുകൾക്ക് അമിതാധികാരത്തോടെയും വിവേചനപരമായും കടന്നുകയറി ഭരണനിർവഹണം നടത്താൻ സാധ്യമല്ലാത്ത ഒരു സംവിധാനമാണ് വഖഫ് സ്ഥാപനങ്ങൾ. ഇന്ത്യൻ ഭരണഘടനയിൽ ഒരിടത്തും ഇസ്ലാം, മുസ്ലിം, വഖഫ് എന്നീ വാക്കുകൾ കാണാൻ കഴിയില്ല. അതേസമയം, മതന്യൂനപക്ഷാവകാശങ്ങൾ, മത-ധർമ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച് പരിരക്ഷയും പരാമർശങ്ങളുമുണ്ട്.
വഖഫ് ബോർഡ്, ദേവസ്വം ബോർഡ്, കാനോൻ നിയമത്തിെൻറ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങൾ, 1934-ലെ മലങ്കര സഭയുടെ ഭരണഘടനപ്രകാരമുള്ള ക്രൈസ്തവ ദേവാലയങ്ങളടക്കമുള്ള മതന്യൂനപക്ഷ സ്ഥാപനങ്ങൾ സംബന്ധിച്ച അവകാശങ്ങളും പരിരക്ഷയും ഇന്ത്യൻ ഭരണഘടനയുടെ 26-ാം അനുച്ഛേദം ഉറപ്പുനൽകുന്നു. മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം ഇപ്രകാരമാണ് -"പൊതു സമാധാനത്തിനും സാന്മാർഗികതക്കും വിധേയമായി ഓരോ മതവിഭാഗത്തിനും മതപരവും ധർമപരവുമായ ആവശ്യങ്ങൾക്കുവേണ്ടി സ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും മതപരമായ വിഷയങ്ങളിൽ അതിേൻറതായ കാര്യങ്ങൾ നടത്തുന്നതിനും, സ്ഥാവരജംഗമ വസ്തുക്കൾ ഉടമസ്ഥതയിൽ സൂക്ഷിക്കുന്നതിനും ആർജിക്കുന്നതിനും അങ്ങനെയുള്ള വസ്തുവിെൻറ ഭരണം നിയമാനുസൃതമായി നടത്തുന്നതിനും അവകാശമുണ്ടായിരിക്കുന്നതാണ്.
ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ (സമവർത്തി) കൺകറൻറ് ലിസ്റ്റിൽ 28-ാമത് ഇനത്തിൽ മതധർമസ്ഥാപനങ്ങൾ, സംഘങ്ങൾ എന്നിവ സംബന്ധിച്ച് പരാമർശമുണ്ടെങ്കിലും കേന്ദ്ര--സംസ്ഥാന സർക്കാറുകൾക്ക് അവയുടെ നടത്തിപ്പിലോ സ്ഥാപനങ്ങളുടെ ഭരണനിർവഹണത്തിനോ ഒരു അധികാരാവകാശങ്ങളും വ്യവസ്ഥ ചെയ്യുകയോ പ്രതിപാദിക്കുകയോ ചെയ്തിട്ടില്ല എന്നുകാണാം. എന്നാൽ, ഭരണഘടനയുടെ 26-ാം അനുച്ഛേദം ഓരോ മതവിഭാഗത്തിനും അവരവരുടെ മതവിധിയനുസരിച്ച് പ്രവർത്തിക്കാൻ അവകാശം ഉറപ്പുനൽകുന്നുണ്ട്.
ഇന്ത്യയിൽ 1954 മുതലുണ്ടായിരുന്ന വഖഫ് നിയമം പരിഷ്കരിച്ചതാണ് 1995-ലെ സെൻട്രൽ വഖഫ് ആക്ട്. അതിലെ വ്യവസ്ഥകളും നിയന്ത്രണങ്ങളും വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും പൂർണമായി സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര നിയമമാണ്. കേന്ദ്ര--സംസ്ഥാന സർക്കാറുകൾ ചട്ടങ്ങളും െറഗുലേഷനും നിർമിക്കുമ്പോൾ പരസ്പര വിരുദ്ധമാകാൻ പാടില്ല. സംസ്ഥാന നിയമത്തേക്കാളും കേന്ദ്ര ആക്ടിനാണ് കൂടുതൽ നിലനിൽപും പരിഗണനയും.
സെൻട്രൽ വഖഫ് ആക്ട് 24 പ്രകാരം ബോർഡിെൻറ പ്രവർത്തനത്തിനാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് വ്യവസ്ഥകളും ചട്ടങ്ങളുമുണ്ടാക്കി സർക്കാറിെൻറ കൺസൽട്ടേഷനോടെ ബോർഡിനുതന്നെ നിയമനം നടത്താവുന്നതാണ്. സർക്കാറിെൻറ കൺകറൻസോ കൺസേൻറാ ആവശ്യമില്ല. കൺസൽട്ടേഷൻ മാത്രം മതി. കേന്ദ്ര വഖഫ് നിയമത്തിന് വിരുദ്ധമായ നടപടിയാണ് പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം. അതുകൊണ്ടുതന്നെ നിയമസഭ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണ്.
ഭരണഘടനയുടെ കൺകറൻറ് ലിസ്റ്റിൽപെട്ട വിഷയത്തിൽ കേന്ദ്ര നിയമമേ നിലനിൽക്കുകയുള്ളൂ. സംസ്ഥാന നിയമനിർമാണം കേന്ദ്ര നിയമത്തിെൻറ ലംഘനമാണ്. ഭരണഘടനക്കും സെൻട്രൽ വഖഫ് ആക്ടിനും വിരുദ്ധമാണ്. നിയമപരമായി ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
മലങ്കരസഭയിലെ ഓർത്തഡോക്സ് -യാക്കോബായ കേസിലെ തർക്കവിഷയത്തിൽ കാനോൻ നിയമത്തിെൻറ അടിത്തറയിലുള്ള 1934-ലെ മലങ്കര സഭയുടെ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കാനാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇന്ത്യയിലെ ഏതെങ്കിലും സിവിൽ നിയമം ബാധകമല്ലെന്ന് വ്യക്തം. മത-ധർമ സ്ഥാപനങ്ങളുടെ കാര്യത്തിൽ അതത് വിഭാഗങ്ങളുടെ ദൈവികനിയമ വ്യവസ്ഥപ്രകാരം പ്രവർത്തിക്കാനുള്ള അവകാശം മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്നു. ഭരണഘടനാപരമായ ഈ പരിരക്ഷ ബോധ്യപ്പെടുത്തുന്നതിനാണ് ഇക്കാര്യം ഇവിടെ സൂചിപ്പിച്ചത്.
വഖഫ് സ്ഥാപനങ്ങളുടെ ഭരണത്തിലോ നിയമനകാര്യങ്ങളിലോ സർക്കാറിനോ സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസികൾക്കോ കൈകടത്താൻ ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥയില്ലാത്തതുകൊണ്ടാണ് പി.എസ്.സിക്ക് വിടാനുള്ള നടപടിയെ എതിർക്കുന്നത്. കേന്ദ്ര വഖഫ് നിയമത്തെ മറികടക്കാനോ 26-ാം അനുച്ഛേദ പ്രകാരമുള്ള പരിരക്ഷയുടെയും മുസ്ലിം ന്യൂനപക്ഷ സമൂഹത്തിനുള്ള മൗലികാവകാശങ്ങളുടെയും ലംഘനമാകുന്നതിനാലാണ് അത് ചോദ്യംചെയ്യപ്പെടുന്നത്.
വഖഫ് ബോർഡിലെ ജീവനക്കാരുടെ ശമ്പളം നൽകുന്നത് പൊതുഖജനാവിലെ ഫണ്ടുപയോഗിച്ചല്ല. ദൈവപ്രീതിയും പൊതുനന്മയും കാംക്ഷിക്കുന്ന മുസ്ലിം സമൂഹത്തിലെ ഉദാരമതികളായ വിശ്വാസിസമൂഹം സ്വമേധയാ ദാനംചെയ്ത സ്ഥാവരജംഗമ വസ്തുക്കളിൽനിന്നുള്ള വരുമാനവും വഖഫ് സ്ഥാപനങ്ങളുടെ വരുമാനത്തിെൻറ ഏഴു ശതമാനം വിഹിതവുമാണ് വഖഫ് ബോർഡ് തനത് ഫണ്ട്. ഇതിൽനിന്നാണ് വഖഫ് ബോർഡ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. അതേസമയം, ദേവസ്വം ബോർഡിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്കൂൾ- കോളജ് അധ്യാപക--അനധ്യാപകരടക്കമുള്ളവർക്ക് ശമ്പളം നൽകുന്നത് പൊതുഖജനാവിൽനിന്നാണ്. സർക്കാർ ശമ്പളം നൽകുന്ന ദേവസ്വം ബോർഡിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും നിയമനം നടത്തുന്നത് മാനേജ്മെൻറായ ദേവസ്വം ബോർഡും ഇപ്പോൾ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡുമാണ്.
ഇവിടെയാണ് സർക്കാറിെൻറ ഇരട്ടത്താപ്പും മുസ്ലിം ന്യൂനപക്ഷങ്ങളോടും മതസ്ഥാപനങ്ങളോടുമുള്ള വിവേചനവും മത-ധർമ സ്ഥാപനങ്ങളുടെ മേലുള്ള കൈയേറ്റവും ബോധ്യപ്പെടുത്തുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ന്യൂനപക്ഷവിരുദ്ധ നടപടിയാണിത്.
കേരള ജനസംഖ്യയുടെ 28 ശതമാനം വരുന്ന മുസ്ലിംകൾക്ക് അടുത്ത കാൽനൂറ്റാണ്ടിൽ എന്നെങ്കിലും ലഭിച്ചേക്കാവുന്ന 130 ഉദ്യോഗമല്ല പ്രശ്നം. ഭരണാധികാരികളുടെ കടന്നാക്രമണവും ധിക്കാരപരവും നിഷേധാത്മകവുമായ മുസ്ലിം വിരുദ്ധ നടപടികളെയും ഭരണഘടനാവിരുദ്ധ നിയമനിർമാണത്തെയുമാണ് എതിർക്കുന്നത്. ഇക്കാര്യത്തിൽ ജനാധിപത്യ- മതേതര ശക്തികൾക്കും പാർട്ടികൾക്കും വിശ്വാസിസമൂഹത്തിനും രണ്ടഭിപ്രായമില്ല.
(മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ -മെക്ക ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.