ഏകീകൃത സിവിൽ നിയമം എന്തിനുവേണ്ടി?
text_fieldsരാജ്യം വീണ്ടും ഏകീകൃത സിവിൽ കോഡ് ചർച്ച ചെയ്യുകയാണ്. ഭോപാലിൽ ബി.ജെ.പിയുടെ ബൂത്തുതല പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യക്ക് ഏകീകൃത സിവിൽ നിയമം അനിവാര്യമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ യൂനിഫോം സിവിൽ കോഡ് ആവശ്യമാണെന്ന കേന്ദ്ര സർക്കാറിന്റെ സുപ്രീംകോടതിയിലെ നിലപാടും, ജസ്റ്റിസ് ഋതുരാജ് അശ്വതിയുടെ നേതൃത്വത്തിലുള്ള 22ാം ലോ കമീഷൻ നടപടികളും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.
ഈ ഘട്ടത്തിൽ, സ്വാഭാവികമായും ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. ഏകീകൃത സിവിൽ കോഡ് എന്തിനുവേണ്ടിയാണ്? അത് രാജ്യത്തിന്റെ അഖണ്ഡതയും തുല്യനീതിയും ഉറപ്പുവരുത്തുന്നതിനും എല്ലാവർക്കും ബാധകമായ ഒരു പൊതുനിയമം സൃഷ്ടിക്കുന്നതിനും വേണ്ടിയാണോ?.
നിയമങ്ങളിലെ വൈവിധ്യങ്ങൾ
ഇന്ത്യൻ സിവിൽ നിയമങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ഏകീകൃതമാണ്. മതവും സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യക്തി നിയമങ്ങളിലാണ് ഏകീകരണം കൊണ്ടുവരാത്തത്. അതിനർഥം മതേതരമായ എല്ലാ നിയമങ്ങളും എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ ആണ് എന്നല്ല. പ്രാദേശികമായ നിയമങ്ങളും വൈവിധ്യവും വകഭേദവും എല്ലാമുണ്ട്. മോട്ടോർ വാഹന സംബന്ധിയായി 2019ൽ കേന്ദ്ര നിയമം വന്നപ്പോൾ ആ വ്യത്യാസം നമ്മൾ കൃത്യമായി മനസ്സിലാക്കിയതാണ്. ക്രിമിനൽ നിയമങ്ങളിൽവരെ ഏകതാനത കൈവന്നിട്ടില്ല. ഗുജറാത്തിൽ മദ്യപിച്ചാൽ പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബിഹാറിൽ മറ്റൊരു നിയമമാണ്. അതായത് പൂർണാർഥത്തിൽ ഒരു രാജ്യം ഒരു നിയമം എന്നത് ക്രിമിനൽ വിഷയങ്ങളിൽപോലും നിലവിലില്ല.
ഹിന്ദു നിയമങ്ങൾ പോലും ഒരേപോലെയല്ല. ഹിന്ദു വിവാഹനിയമ പ്രകാരം അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം കുറ്റകരമാണ്. എന്നാൽ, ദക്ഷിണേന്ത്യയിൽ മുറച്ചെറുക്കനും മുറപ്പെണ്ണും സാധാരണമാണ്. ഇത്തരം വൈരുധ്യങ്ങളെ അംഗീകരിക്കുന്നതാണ് ഭരണഘടനാപരമായ കീഴ്വക്കം.
ഏക സിവിൽ നിയമം ഭരണഘടനയിൽ
ഭരണഘടന നിർമാണ സഭയിൽ ഏകീകൃത സിവിൽ നിയമം വലിയ ചർച്ചയായിരുന്നു. കെ.എം. മുൻഷിയെപ്പോലെ പലരും ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കണമെന്ന് വാദിച്ചു. ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മഹത്തായ മുദ്രാവാക്യം നമുക്ക് സമ്മാനിച്ച മൗലാന ഹസ്രത്ത് മൊഹാനി ഉൾപ്പെടെയുള്ളവർ അതിനെ ശക്തമായെതിർത്തു. മതം, ഭാഷ, സംസ്കാരം മുതലായ കാര്യങ്ങളിൽ അതത് വിഭാഗത്തിന്റെ പിന്തുണയില്ലാതെ ഭരണകൂടം ഇടപെടലുകൾ നടത്തുന്നത് വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കും എന്നവർ വാദിച്ചു. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച ഉപസമിതിയുടെ നിർദേശവും സമാനമായിരുന്നു.
അങ്ങനെ യൂനിഫോം സിവിൽ കോഡിനെ നിർദേശക തത്ത്വങ്ങളുടെ കൂട്ടത്തിലേക്ക് തള്ളി. നിർദേശക തത്ത്വങ്ങളിൽ ഏറ്റവും മൃദുവായ ഭാഷയിൽ എഴുതിയിട്ടുള്ളത് അനുച്ഛേദം 44 ആണെന്ന് കാണാം. ‘ഇന്ത്യയിലാകെ ഏക സിവിൽ നിയമം കൊണ്ടുവരാൻ ഗവൺമെൻറ് പരിശ്രമിക്കണം’ എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നീതിയും, വിഭവങ്ങളുടെ നീതിപൂർവമായ വിതരണവും, മികച്ച തൊഴിൽ സൗകര്യങ്ങളും, വിദ്യാഭ്യാസവും ഒക്കെ ഉറപ്പുവരുത്തണമെന്ന് കർശനമായ ഭാഷയിൽ നിർദേശിക്കുന്ന അനുച്ഛേദങ്ങൾക്കില്ലാത്ത പ്രാധാന്യം ഇതിന് ലഭിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യത ഒന്നുകൊണ്ടുമാത്രമാണ്.
ഏകീകൃത സിവിൽ കോഡ് മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കാത്തതിന് കൃത്യമായ കാരണമുണ്ട്. മൗലികാവകാശങ്ങൾ ജന്മനായുള്ള അവകാശങ്ങളാണ്; ആയത് സംരക്ഷിക്കാൻ ഗവൺമെൻറ് ബാധ്യസ്ഥമാണ്. മൗലികാവകാശ ലംഘനമുണ്ടായാൽ ഗവൺമെൻറിനെതിരെ കോടതി വഴി ഭരണഘടനാപരമായ പരിഹാരം തേടാനും പൗരർക്കവകാശമുണ്ട്. എന്നാൽ, നിർദേശകതത്ത്വങ്ങൾ കോടതിയിൽ അവതരിപ്പിച്ച് നിവൃത്തി തേടാൻ കഴിയില്ല. സർക്കാറിന്റെ ബാധ്യതയുമല്ല. ഒരു ‘ധാർമിക അഭിലാഷം’ മാത്രമാണ്.
വൈവിധ്യത്തിന്റെ ആവശ്യകത ഭരണഘടനാ ശില്പികൾക്കും ബോധ്യപ്പെട്ടിരുന്നതുകൊണ്ടാണ്, വ്യക്തിനിയമങ്ങളെ കൺകറൻറ് ലിസ്റ്റിൽ പെടുത്തിയത്. രാജ്യവ്യാപകമായ ഒറ്റ നിയമമാണ് വേണ്ടിയിരുന്നതെങ്കിൽ യൂനിയൻ ലിസ്റ്റിൽ ചേർത്താൽ മതിയായിരുന്നു. കൺകറൻറ് ലിസ്റ്റിൽ സംസ്ഥാനങ്ങൾക്കും നിയമങ്ങൾ ഉണ്ടാക്കാം. ഇപ്പോൾ, വിവിധ സംസ്ഥാനങ്ങളിൽ വ്യതിരിക്തങ്ങളായ വ്യക്തിനിയമങ്ങളുണ്ട്. പുതുച്ചേരിയിൽ ഇന്നും ഫ്രഞ്ച് നിയമമാണ്. സ്പെഷൽ മാര്യേജ് ആക്ടും പരിഷ്കരിച്ച ഹിന്ദു വ്യക്തി നിയമവും ശരീഅത്ത് നിയമവും ഗോവയിൽ പ്രാബല്യത്തിലില്ല.
ഹൈന്ദവ വ്യക്തിനിയമ പരിഷ്കാരങ്ങൾ
ലക്ഷ്യം തുല്യനീതിയും സ്ത്രീപുരുഷ സമത്വവും ഒക്കെയാണെന്ന് പറയുമ്പോഴും, ഇപ്പോൾ സിവിൽ കോഡിനു വേണ്ടി ശബ്ദമുയർത്തുന്നവർ, ചരിത്രത്തിൽ ഏതു പക്ഷത്തായിരുന്നു എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഹൈന്ദവ വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്താൻ ശ്രമമുണ്ടായപ്പോൾ നഖശിഖാന്തം എതിർത്തവരാണിവർ. നിയമ മന്ത്രി ഡോ. ബി. ആർ. അംബേദ്കർ ഒരു അധ:സ്ഥിതൻ എന്ന നിലയിൽ ഉന്നത ജാതിക്കാരോട് പകപോക്കുകയാണ് എന്നവർ ആരോപിച്ചു. ആചാര സംരക്ഷണാർഥം തെരുവിലിറങ്ങി.
ആർ.എസ്.എസും ഹിന്ദുമഹാസഭയും മാത്രമല്ല, കോൺഗ്രസ് പ്രസിഡന്റ് പട്ടാഭി സീതാരാമയ്യർ മുതൽ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് വരെ എതിർപക്ഷത്തായിരുന്നു. അവസാനം നെഹ്റുവിനുപോലും പിന്മാറേണ്ടി വന്നു. അംബേദ്കർ മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നീട് പല ഘട്ടങ്ങളിലായി ചെറിയ ചെറിയ നിയമങ്ങളിലൂടെ ഹിന്ദു വ്യക്തിനിയമം പരിഷ്കരിച്ചുപോന്നു. സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം നൽകുന്ന ഭേദഗതി വന്നത് 2005ലാണ്.
ഹൈന്ദവ നിയമത്തിൽ വന്ന മാറ്റങ്ങളുടെ വേഗത മുസ്ലിം വ്യക്തി നിയമത്തിൽ സ്വാഭാവികമായും ഉണ്ടായിരുന്നില്ല. എപ്പോഴും ഭൂരിപക്ഷ വിഭാഗത്തിന്റെ നിയമങ്ങളെ പരിഷ്കരിക്കാനാണ് എളുപ്പം. ന്യൂനപക്ഷത്തെ സ്പർശിക്കുമ്പോൾ അതവരുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയായി വ്യാഖ്യാനിക്കാനും എതിർപ്പുകളുണ്ടാവാനും സാധ്യത കൂടുതലാണ്. .
ന്യൂനപക്ഷ അവകാശ സംരക്ഷണം ഏതൊരു ജനാധിപത്യ സംവിധാനത്തിന്റെയും പ്രാഥമിക പരിഗണനയാണ്. ഭരണഘടന നിർമാണ സഭയിൽ, ന്യൂനപക്ഷ ഉപസമിതിയുടെ ആദ്യ മീറ്റിങ്ങിൽ സർദാർ വല്ലഭ്ഭായി പട്ടേൽ ഇതു വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം നേതൃത്വം നൽകിയ ഉപസമിതി, ഏക സിവിൽ കോഡിനെ മൗലികാവകാശങ്ങൾക്കൊപ്പം ചേർക്കുന്നതിന് എതിരായിരുന്നു.
ഏക സിവിൽകോഡ് എന്നാൽ തുല്യനീതിയല്ല
ഏക സിവിൽകോഡ് നിലവിൽ വരുന്നതോടുകൂടി തുല്യനീതിയും സാമൂഹികനീതിയും ഉറപ്പുവരുത്താൻ കഴിയുമെന്ന ധാരണ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഗോവയിലെ ഏകീകൃത നിയമം. അത് എല്ലാവരെയും ഒരുപോലെ കാണുന്ന നിയമമല്ല. ചില ഹൈന്ദവ ആചാരങ്ങൾക്ക് പ്രത്യേക സംരക്ഷണമുണ്ട്. കത്തോലിക്ക വിവാഹങ്ങളും വിവാഹമോചനവും മറ്റു വിഭാഗങ്ങളുടെ നടപടിക്രമങ്ങളിൽനിന്നും വ്യത്യസ്തമാണ്. വിവാഹമോചനത്തിനുള്ള കാരണങ്ങളിലും പുരുഷ പക്ഷപാതിത്വം കാണാം.
ഹിന്ദുക്കളിൽ ബഹുഭാര്യത്വം അനുവദനീയമാണ്. സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ചാണെങ്കിൽ വിവാഹസമയത്ത് നാലുതരത്തിലുള്ള കരാറുകൾ സാധ്യമാണെങ്കിലും എല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീവിരുദ്ധമാണ്. സ്വത്തവകാശം ലഭിക്കുമ്പോഴും അതിന്റെ നടത്തിപ്പവകാശം പുരുഷന് ലഭിക്കുന്ന വിചിത്ര കാഴ്ചയും ഗോവൻ സിവിൽ കോഡിലുണ്ട്. ഭർത്താവിന്റെ സ്വത്തിന്മേലുള്ള പിന്തുടർച്ചാവകാശത്തിന്റെ കാര്യത്തിലും തികച്ചും സ്ത്രീവിരുദ്ധമായ നിയമമാണത്.
ഗോവയിലെ നിയമം പരിശോധിച്ചാൽ ഏക സിവിൽനിയമം വന്നതുകൊണ്ടുമാത്രം തുല്യനീതി ഉറപ്പുവരുകയില്ല എന്ന് വ്യക്തമാകും. മതവും സമൂഹവും കൊണ്ടുനടക്കുന്ന അനീതികൾ അതേപടി പകർത്തിവെക്കുന്ന കോഡാണ് വരുകയെങ്കിൽ അത് അനീതിയെ സാർവത്രികമാക്കുകയാണ് ചെയ്യുക.
ചർച്ചകളിൽ പൊതുവേ ഉയർന്നുവരുന്ന ധാരണ ഏക സിവിൽ കോഡ് ‘മുസ്ലിംകളെ മാത്രം ബാധിക്കുന്ന’ കാര്യമാണെന്നാണ്. പരിഷ്കരിക്കപ്പെട്ട ഹിന്ദു വ്യക്തിനിയമങ്ങളിലും ധാരാളം പ്രശ്നങ്ങൾ കാണാം. 2006ലെ ഒരു നിയമത്തിലൂടെ ഉത്തർപ്രദേശിൽ കാർഷിക ഭൂമിക്ക് പിന്തുടർച്ചാവകാശം ഉള്ളത് അവിവാഹിതയായ മകൾക്ക് മാത്രമാണ്. വിവാഹിതരായ പെൺമക്കൾക്ക് കാർഷിക ഭൂമിയിൽ അവകാശമില്ല . ഹിന്ദു സ്വത്തവകാശ നിയമത്തിൽ മകൾ തുല്യാവകാശി ആണെങ്കിലും ഒസ്യത്തെഴുതാനുള്ള മാതാപിതാക്കളുടെ അവകാശം വഴി പെൺകുട്ടികൾക്ക് സ്വത്ത് നിഷേധിക്കുന്നുണ്ട്.
മതവിശ്വാസങ്ങളുടെ അടിസ്ഥാനശിലയെ ബാധിക്കുന്ന ചില പ്രശ്നങ്ങളും ഏക സിവിൽ കോഡ് വരുമ്പോൾ അഭിമുഖീകരിക്കേണ്ടിവരും. ചില മതങ്ങളിലും മതേതര സിവിൽ കോഡായ സ്പെഷൽ മാര്യേജ് ആക്ടിലും ഗോവൻ കോഡിലും വിവാഹം ഒരു സിവിൽ കരാറാണ്. എന്നാൽ, ഹിന്ദുമതം ഉൾപ്പെടെയുള്ള മതങ്ങളിൽ വിവാഹം ഒരു ആത്മീയ ശുശ്രൂഷയാണ്. ദൈവികമായ ചടങ്ങിനെ ഒരു കരാറായി മാറ്റാൻ മതനേതൃത്വം സമ്മതിക്കുമോ? അങ്ങനെ മാറ്റിയതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
അതിലുപരി വിവാഹവും വിവാഹമോചനവും ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ മതവിശ്വാസത്തിന്റെയും ആചാരക്രമങ്ങളുടെയും സംസ്കാരത്തിന്റെയും ഭാഗമാണ് എന്നുകരുതുന്നവരാണ് രാജ്യത്ത് ഭൂരിപക്ഷവും. വൈവിധ്യങ്ങളെ അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്യുന്നതുകൊണ്ട് കൂടിയാണ് ഈ രാജ്യം നിലനിൽക്കുന്നത്.
മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് ബൽബിർ സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള 2018ലെ 21ാം ലോ കമീഷൻ റിപ്പോർട്ടും ഈ വസ്തുതയെ അംഗീകരിക്കുന്നു. ഏകീകൃത സിവിൽകോഡ് അനിവാര്യമോ അഭിലഷണീയമോ അല്ല എന്ന് വിലയിരുത്തിയ റിപ്പോർട്ട് വിവിധ വ്യക്തി നിയമങ്ങളിൽ കൊണ്ടുവരേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. മതപരിവർത്തനത്തിന് ശേഷമുള്ള ബഹുഭാര്യത്വം അംഗീകരിക്കരുത്.
അവിവാഹിതരായ മാതാപിതാക്കൾക്കുണ്ടാവുന്ന കുട്ടികളുടെ ക്ഷേമത്തിനുതകുന്ന പരിഷ്കാരങ്ങൾ കൊണ്ടുവരുക, അവർക്കും പിന്തുടർച്ചാവകാശം നൽകുക. ഗാഡിയൻസ് ആൻഡ് വാർഡ്സ് ആക്ടിൽ ഭർത്താവ് ഭാര്യയുടെ രക്ഷകർത്താവാണ് (ഭർത്താവിന് പ്രായപൂർത്തിയായിട്ടില്ലെങ്കിൽപ്പോലും) എന്ന നില ഒഴിവാക്കുക. കുട്ടികൾക്കുമേലും തുല്യ അവകാശം നൽകുക. ലിംഗഭേദമന്യേ ആർക്കും കുട്ടികളെ ദത്തെടുക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുക.
എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും തുല്യമായ ജീവനാംശം നൽകുക. ഒരാൾ മരണപ്പെട്ടാൽ, അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് അവകാശം നൽകുന്ന നിയമഭേദഗതികൾ വരുത്തുക. കൂടാതെ, ഓരോ വ്യക്തിനിയമത്തിലും വേണ്ട പ്രത്യേക മാറ്റങ്ങളും നിർദേശിച്ചിട്ടുണ്ട്. വ്യക്തിനിയമങ്ങൾക്കകത്ത് നടത്തുന്ന മാറ്റങ്ങളിലൂടെ സാമൂഹികനീതി ഉറപ്പുവരുത്താൻ കഴിയുമെന്നാണ് കമീഷൻ കരുതുന്നത്.
ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളിലാണ്
ഓരോ വ്യക്തിനിയമങ്ങളിലും അന്തർലീനമായ അസമത്വത്തെ അതത് വിഭാഗങ്ങൾക്കകത്തുനിന്നുകൊണ്ട് പരിഹരിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതുണ്ടാവുകയും വേണം. സർള മുഗ്ദ കേസിൽ സുപ്രീംകോടതി ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്: ‘‘ഇതൊരു മതേതര ജനാധിപത്യ രാജ്യമാണ്. വിശ്വാസസ്വാതന്ത്ര്യം നമ്മുടെ സംസ്കാരത്തിന്റെ കാതലാണ്. അതിൽ ചെറിയൊരു മാറ്റംപോലും നമ്മുടെ സാമൂഹിക വ്യവസ്ഥയെ ഉലച്ചേക്കാം. എന്നാലും മനുഷ്യാവകാശങ്ങളെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന മതാചാരങ്ങളും അടിസ്ഥാന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നിയന്ത്രണങ്ങളും സ്വയം നിർണയാവകാശമല്ല, മറിച്ച് അടിച്ചമർത്തലാണ്.’’
ഈയൊരു വികാരം കൊണ്ട് ഓരോ വ്യക്തി നിയമങ്ങൾക്കകത്തും പരിഷ്കരണത്തിനുള്ള സാധ്യതകളുണ്ട്. മുസ്ലിം നിയമം ഭേദഗതി ചെയ്ത് മുസ്ലിം പിന്തുടർച്ചാവകാശം ക്രോഡീകരിച്ച നിയമമാക്കി മാറ്റാം. സ്ത്രീക്കും പുരുഷനും തുല്യാവകാശം ലഭിക്കുന്ന തരത്തിലാക്കാം. നിക്കാഹ് നാമയിൽത്തന്നെ ബഹുഭാര്യത്വം ഒരു ക്രിമിനൽ കുറ്റമാണ് എന്ന് രേഖപ്പെടുത്തുന്നതിനുള്ള നിർദേശവുമുണ്ട്. ക്രൈസ്തവ നിയമത്തിൽ വിവാഹമോചനത്തിനെടുക്കുന്ന ദീർഘമായ കാലവിളംബം നീക്കം ചെയ്യണം. മതത്തിനുപുറത്ത് വിവാഹിതയാകുന്ന സ്ത്രീക്ക് ഭ്രഷ്ട് കൽപിക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന പാഴ്സി നിയമം ഒഴിവാക്കേണ്ടതാണ്. അങ്ങനെ അതത് സമുദായങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് സാവധാനത്തിൽ നീതിപൂർവമല്ലാത്ത നിയമങ്ങളെ പരിഷ്കരിക്കാൻ സാധിക്കും. ഏകതാനതക്കുവേണ്ടിയുള്ള നമ്മുടെ ത്വര രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാകുന്ന തരത്തിലാവരുത് എന്നുമാത്രം.
21ാം ലോ കമീഷൻ, പ്രശ്നത്തെ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: ‘‘ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കണമെന്ന് പറയുമ്പോഴും അത് സമൂഹത്തിലെ അവശവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ആകരുത്. പ്രശ്നങ്ങൾക്കുള്ള പരിഹാരം വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതും ആകരുത്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ അനാവശ്യവും അനഭിലഷണീയവുമായ ഏക സിവിൽ കോഡിനെക്കുറിച്ചല്ല, വിവേചനപരമായ നിയമങ്ങളെക്കുറിച്ചാണ് കമീഷൻ പ്രതിപാദിക്കുന്നത്. എല്ലാ രാജ്യങ്ങളും തന്നെ വ്യത്യാസങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. വ്യത്യസ്തതകൾ നിലനിൽക്കുന്നത് വിവേചനത്തിന്റെ തെളിവല്ല, മറിച്ച് ആരോഗ്യകരമായ ജനാധിപത്യം പ്രാവർത്തികമാകുന്നു എന്നതിന്റെ സൂചകമാണ്.’’
22ാം ലോ കമീഷൻ, ഏക സിവിൽ കോഡിനെക്കുറിച്ച് വീണ്ടും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഒരുപക്ഷേ ഈ കമീഷന്റെ നിലപാടുകൾ വ്യത്യസ്തമായിരിക്കാം. മുൻ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് അശ്വതിയാണ് പുതിയ ലോ കമീഷന് നേതൃത്വം നൽകുന്നത്. കർണാടകയിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള വിധി ഇദ്ദേഹത്തിന്റേതായിരുന്നു. രാജ്യത്തിന്റെ സുസ്ഥിരമായ നിലനിൽപാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അതിനും മറുപടി ഏകീകൃത സിവിൽ കോഡല്ല. ഒരു രാജ്യം ഒരു നിയമം എന്നതാണ് രാജ്യത്തിന്റെ അഖണ്ഡതയുടെ അടിസ്ഥാനമെങ്കിൽ, ലോകത്തെ ഏറ്റവും അസ്ഥിരമായ രാജ്യം അമേരിക്ക ആകുമായിരുന്നു.
ഒരു നിയമമല്ല എന്ന് മാത്രമല്ല, ഓരോ സംസ്ഥാനങ്ങൾക്കും ഓരോ ഭരണഘടന തന്നെയുണ്ടവിടെ. മതരാഷ്ട്രങ്ങളിൽ പോലും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവരുടേതായ വ്യക്തിനിയമങ്ങളും ആചാരക്രമങ്ങളും അനുവദിച്ചുകൊടുക്കാറുണ്ട്. എല്ലാ നിയമങ്ങളിലും കടന്നുവരേണ്ട ചില പൊതുതത്ത്വങ്ങൾ ബാധകമാക്കുക എന്നതല്ലാതെ എല്ലാ സാംസ്കാരിക പശ്ചാത്തലത്തിൽനിന്ന് വരുന്നവരും ഒരേ നിയമവും ഒരേ ആചാരക്രമങ്ങളും പിന്തുടരണമെന്ന് പറയുന്നത് ജനാധിപത്യമല്ല, ഫാഷിസമാണ്. അത്തരം ഇടപെടലുകൾ രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുപകരം ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ഉപകരിക്കുക. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനവും ഭരണഘടന നിർമാണ സഭയും തള്ളിക്കളഞ്ഞ ഏകാത്മകമായ രാഷ്ട്രദർശനം നെഞ്ചേറ്റുന്നവർ, ഹിറ്റ്ലർ ഇന്ത്യക്കാർക്ക് അനുകരണീയമായ മാതൃകയാണ് എന്ന് പ്രസ്താവിച്ചവർ, നമ്മുടെ ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരത്തെയും ഒറ്റുകൊടുത്തവർ, സിവിൽ കോഡിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ദേശത്തെയും അതിന്റെ സാംസ്കാരിക വൈവിധ്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും സ്നേഹിക്കുന്ന സാധാരണ മനുഷ്യർ ആശങ്കാകുലരാവുന്നത് സ്വാഭാവികമാണ്. അവരുടെ ആശങ്കകൾ കണക്കിലെടുക്കാതെ മുന്നോട്ടുപോകുന്നത് രാജ്യനന്മക്ക് ഭൂഷണമാവുകയില്ല.
(നിയമ- പൗരാവകാശ മേഖലയിൽ സ്വതന്ത്ര ഗവേഷകനും ഗ്രന്ഥകാരനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.