പൂർണേഷ് മോദി വിചാരണ ഒരു വർഷത്തോളം വൈകിച്ചതെന്തിന്?
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ വിചാരണ നീട്ടിവെക്കണമെന്ന് ഹരജിക്കാരൻ പൂർണേഷ് മോദി ആവശ്യപ്പെട്ടത് എന്തിന്? ഒരു വർഷത്തോളം വിചാരണ നടപടികൾ നീട്ടിവെപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ത്? നിയമ, രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോൾ ഉയരുന്ന ചോദ്യമിതാണ്.
കുറ്റാരോപിതരാണ് സാധാരണഗതിയിൽ വിചാരണ നീട്ടിവെക്കാൻ ആവശ്യപ്പെടാറ്. എന്നാൽ, ഈ കേസിൽ പരാതിക്കാരനായ മുൻ ഗുജറാത്ത് മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ പൂർണേഷ് മോദി കഴിഞ്ഞ വർഷം ഹൈകോടതിയെ സമീപിച്ച് വിചാരണ സ്റ്റേ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
2019 ഏപ്രിൽ 26നാണ് ഇദ്ദേഹം കേസ് ഫയൽ ചെയ്തത്. 2021 ജൂൺ 24ന് രാഹുൽ ഗാന്ധി അന്നത്തെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ.എൻ. ദേവ് മുമ്പാകെ ഹാജരായി മൊഴി നൽകി. രാഹുൽ ഗാന്ധിയെ വീണ്ടും വിളിപ്പിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം 2022 മാർച്ചിൽ തള്ളിയ കോടതി വാദം ഉടൻ ആരംഭിക്കണമെന്നും നിർദേശിച്ചു. എന്നാൽ, ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ച് വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 2022 മാർച്ച് ഏഴിന് കോടതി സ്റ്റേ അനുവദിച്ചു.
11 മാസത്തെ ഇടവേളക്കുശേഷം ഈ വർഷം ഫെബ്രുവരി 16ന് ഹരജിക്കാരൻ വീണ്ടും ഹൈകോടതിയെ സമീപിച്ച് സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടു. വിചാരണ കോടതി മുമ്പാകെ മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വിഷയം മുടങ്ങിക്കിടക്കുന്നത് വിചാരണ വൈകിപ്പിക്കുകയാണെന്നുമാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്.
അതേസമയം, സ്റ്റേ ചെയ്തശേഷം വിചാരണ കോടതി പുതിയ തെളിവുകൾ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. വിചാരണ മുടങ്ങിയത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരവുമായിരുന്നു. എന്നിട്ടും ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു.
വിവാദ വ്യവസായി ഗൗതം അദാനിയുമായുള്ള ബന്ധത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി പാർലമെന്റിൽ രൂക്ഷമായ ആക്രമണം നടത്തി ഒരാഴ്ച തികയും മുമ്പാണ് പൂർണേഷ് മോദി വിചാരണ നടപടി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടത്. ഫെബ്രുവരി 27ന് പുതിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്.എച്ച് വർമ മുമ്പാകെ വിചാരണ പുനരാരംഭിച്ചു.
കേസിനെക്കുറിച്ച് പ്രാഥമിക അന്വേഷണം പോലും നടത്താതെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച വിധിയുടെ സാധുതയും നിയമവിദഗ്ധർ ചോദ്യം ചെയ്യുന്നുണ്ട്. ക്രിമിനൽ നടപടിക്രമം സെക്ഷൻ 202 പ്രകാരം കോടതിയുടെ അധികാര പരിധി എന്ന പ്രധാന ചോദ്യവും രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ഉന്നയിച്ചിരുന്നു.
കുറ്റാരോപിതൻ തന്റെ അധികാര പരിധിക്ക് പുറത്ത് താമസിക്കുന്നയാളാണെങ്കിൽ, ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതുവരെ മജിസ്ട്രേറ്റ് വിചാരണ നീട്ടിവെക്കണമെന്ന് സെക്ഷൻ 202 വ്യവസ്ഥ ചെയ്യുന്നു. രാഹുൽ ഗാന്ധി ഡൽഹിയിൽ താമസിക്കുന്നയാളാണെന്നും അതിനാൽ സാക്ഷികളെ വിസ്തരിക്കണമെന്നും വിഷയം അന്വേഷിക്കണമെന്നും രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.