ഹിന്ദു-മുസ്ലിം വിവാഹങ്ങളെ നമ്മൾ എന്തിനാണ് ഇത്രമേൽ ഭയക്കുന്നത്....?
text_fieldsകേവലം 24 മണിക്കൂറിനുള്ളിൽ തനിഷ്കിന് ആ പരസ്യം പിൻവലിക്കേണ്ടി വന്നിരിക്കുന്നു. ചില ഇന്ത്യക്കാർ അഭിനന്ദിക്കുകയും മറ്റു ചിലർ എതിർക്കുകയും ചെയ്ത ആ പരസ്യം, രാജ്യത്ത് ഹിന്ദു-മുസ്ലിം വിവാഹങ്ങളെക്കുറിച്ച് ആഴത്തിൽ വേരോടിയ ഭീതി പുറത്തുകൊണ്ടുവരികയാണ് ചെയ്തത്. 2018ലെ സർഫ് എക്സലിെൻറ പരസ്യവും ഈ വർഷം അസമീസ് ടി.വി സീരിയൽ 'ബീഗം ജാനും' ഇതുതന്നെയാണ് വെളിപ്പെടുത്തിയത്.
പക്ഷേ, എന്തുകൊണ്ടാണ് ഈ 2020ലും മിശ്ര വിവാഹങ്ങൾ നമ്മുടെ രാജ്യത്ത് ഭീതിതമായ ഓളങ്ങൾ സൃഷ്ടിക്കുന്നത്? നമ്മൾ അഭിമാനത്തോടെ എടുത്തണിയുന്ന വൈവിധ്യങ്ങളുടെ സമന്വയം ഒരലങ്കാരമായി കരുതുേമ്പാഴും എന്തിനാണ് ഹിന്ദു-മുസ്ലിം വിവാഹങ്ങളെ നമ്മൾ ഇത്രമേൽ ഭയക്കുന്നത്?
'വിശുദ്ധി'
മിക്ക ഹിന്ദു ഭവനങ്ങളിലും തങ്ങളുടെ വേണ്ടപ്പെട്ടവർ ഒരു മുസ്ലിമുമായി പ്രണയത്തിലാകുന്നത് അങ്ങേയറ്റത്തെ 'പാപ'വും സഹിക്കാൻ പറ്റാത്ത 'അറപ്പ്' തോന്നുന്ന പ്രവർത്തിയുമാണ്. എത്ര ലിബറലായ കുടുംബമാണ് അതെന്നതൊന്നും അക്കാര്യത്തിൽ വിഷയമല്ല. അതിെൻറ പ്രാഥമിക കാരണം, 'വിശുദ്ധി'യെന്ന ആശയത്തിലുള്ള അവരുടെ നിമഗ്നതയാണ്. ഒരു ഹിന്ദു യുവതി മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്ന സാഹചര്യത്തിൽ കുലീനതയെന്ന ആശയം ഒട്ടും മാറ്റമില്ലാതെ ഇൗ ചിന്താഗതിയോടൊപ്പം ചേർന്നുനിൽക്കുന്നു. ഞങ്ങളിൽ മിക്കവരോടും പറഞ്ഞിരുന്നത് 'ഒരു മുസ്ലിമിനെ ഒഴിച്ച്' ആരെ വേണമെങ്കിലും കല്യാണം കഴിക്കാമെന്നായിരുന്നു.
മുസ്ലിം യുവാവിനെ കല്യാണം കഴിച്ചാൽ ഹിന്ദു യുവതി മതം മാറേണ്ടിവരുമെന്ന ധാരണ മാത്രമല്ല, ഈ ഭീതിക്കുപിന്നിൽ. ഈ ധാരണക്ക് നേർവിപരീതമായിരുന്നു തനിഷ്കിെൻറ പരസ്യമെന്നോർക്കണം. മുസ്ലിം കുടുംബത്തിലെത്തിയ ഹിന്ദു പെൺകുട്ടിയുടെ ആചാരാനുഷ്ഠാനങ്ങളെ ആദരവോടെ സമീപിക്കുന്നതാണ് ആ പരസ്യത്തിെൻറ ഉള്ളടക്കം. മിശ്രവിവാഹത്തിൽ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ വിശ്വാസത്തെക്കുറിച്ചുപോലുമുള്ള ഭീതിയുമുണ്ട് അവരുടെ മനസ്സിൽ. വംശവഴിയിലെ സന്താന പരമ്പരയിൽ വേറിട്ട ജാതി കൂടിക്കലരുന്നത് ഇക്കാലത്തുപോലും ഉൾക്കൊള്ളാനാകാതെ വരുേമ്പാഴാണ് ദുരഭിമാനക്കൊലകളുടെ ഭീതിപ്പെടുത്തുന്ന അപകടങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത്.
'ഹിന്ദു അപകടത്തിലാണ്'
വിശുദ്ധിയുടെ ഈ മൗലികമായ ഊന്നിപ്പറച്ചിലുകളെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ സാംസ്കാരികമായി രാഷ്ട്രീയവത്കരിച്ചിരിക്കുന്നു. 'ഹിന്ദു ഖത്രേ മേ ഹേ' -ഹിന്ദു അപകടത്തിലാണ്- എന്ന മുദ്രാവാക്യമുയർത്തുന്നത് അങ്ങനെയാണ്. വിശ്വ ഹിന്ദു പരിഷത്തിെൻറ ദേശീയ വക്താവ് വിനോദ് ബൻസാൽ ഒരിക്കൽ പ റഞ്ഞത്, തങ്ങളുടെ സംഘടന മിശ്രവിവാഹങ്ങൾക്ക് എതിരല്ലെന്നും എന്നാൽ, ഹിന്ദു യുവതികളെ കെണിയിൽപെടുത്തുന്നതിനുള്ള ഗൂഢാലോചനകളോട് യോജിക്കാനാവില്ല എന്നുമായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 11ന് അസമിലെ ആേരാഗ്യ വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വ ശർമ പറഞ്ഞത് 2021ൽ പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ 'ലവ് ജിഹാദി'നെതിരെ പോരാടുമെന്നാണ്.
'ലവ് ജിഹാദി'െൻറ പരിധിക്കുള്ളിലായതിനാൽ, വനിതകൾക്ക് തങ്ങളുടേതായ തീരുമാനങ്ങളെടുക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടെന്ന് നന്നായി മനസ്സിലാകും. 'കൗശലക്കാരായ' മുസ്ലിം പുരുഷന്മാരിൽനിന്ന് 'പ്രതിരോധകവചമില്ലാത്ത' വനിതകളെ 'സംരക്ഷിക്കുക'യെന്ന ദൗത്യം അപ്പോൾ ഹിന്ദു പുരുഷന്മാർക്കുള്ളതാണ്. വനിതകൾ പ്രായപൂർത്തിയായവരെങ്കിലും അതുതന്നെ അവസ്ഥ. ഈ രീതിയിലുള്ള ചിന്താഗതിയാണ് നടി കങ്കണ റണാവത്തിനെ പോലുള്ളവർക്ക് ഉള്ളതെന്ന് വിവാദ പരസ്യത്തിെൻറ കാര്യത്തിൽ അവരുടെ നിലപാട് പ്രതിഫലിപ്പിക്കുന്നു. പരസ്യത്തിൽ മരുമകൾ 'തെൻറ സ്വന്തം വീട്ടിൽ ഭയപ്പാടോടെയും വിനയത്തോടെയും ഇരിക്കുന്നതുപോലെ കാണപ്പെടുന്നുവെന്നാണ് അവരുടെ പരാതി. ഞാൻ കണ്ടതിൽനിന്ന് വ്യത്യസ്തമായ പരസ്യമാണോ അവർ കണ്ടതെന്ന് എനിക്കറിയില്ല.
'പെരുകുന്ന എണ്ണം'
മുസ്ലിം പുരുഷന്മാരെ കാമവെറിയന്മാരും അതികൗശലക്കാരുമായും അവതരിപ്പിക്കുന്നതാണ് ലൗജിഹാദ് വിവരണങ്ങൾ. അവരുടെ ലൈംഗിക ശൗര്യം, സംശയത്തിനിട നൽകാത്തതും എളുപ്പത്തിൽ വഴിതെറ്റിക്കാവുന്നതുമായ ഹിന്ദു യുവതികളെ വശീകരിക്കുന്നതിന് ഉപയോഗിക്കുകയും അവരെ മതംമാറ്റുകയും ചെയ്യുന്നുവെന്നാണ് ആ വിവരണങ്ങളുടെ ഉള്ളടക്കം. ലവ് ജിഹാദെന്ന ആലങ്കാരിക പദപ്രയോഗം മറ്റൊരു ഭീതിയിലേക്ക് കൂടി വെളിച്ചം വീശുന്നുണ്ട് -രാജ്യത്തെ ജനസംഖ്യയിൽ ഹിന്ദുക്കളെ 'മറികടക്കാൻ' മുസ്ലിംകൾ പെറ്റുപെരുകുന്നുവെന്ന പ്രചാരണമാണത്.
ആദ്യമായി അമ്മയാകുന്നതിന് മുന്നോടിയായി സുഖപ്രസവത്തിനും സന്തോഷ ജീവിതത്തിനും വേണ്ടി പ്രാർഥിക്കുന്ന ചടങ്ങാണ് തനിഷ്കിെൻറ പരസ്യത്തിൽ ദൃശ്യവത്കരിച്ചത്. അതോടെ സ്ക്രീനിൽ 'ഫോബിയ' കത്തിപ്പടർന്നു. പിറക്കാനിരിക്കുന്ന കുഞ്ഞിെൻറ 'ഉടമസ്ഥാവകാശം' സംബന്ധിച്ച ചോദ്യം തന്നെയാണ് അതിനു കാരണം. ഇന്ത്യയിൽ പിന്തുടരുന്ന വംശപാരമ്പര്യ രീതിയനുസരിച്ച് കുഞ്ഞിനെ എണ്ണുക പിതാവിെൻറ കുടുംബത്തോടൊപ്പമാകും. അപ്പോൾ, പരസ്യത്തിലെ പിറക്കാനിരിക്കുന്ന കുഞ്ഞിെൻറ പിതാവ് മുസ്ലിമായ സ്ഥിതിക്ക് ഇത്തരം ചിന്താഗതിക്കാരുടെ മനസ്സിൽ അതു വിവക്ഷിക്കപ്പെടുന്നത് ലോകത്തേക്ക് മറ്റൊരു മുസ്ലിം കൂടി പിറന്നുവീഴുന്നു എന്ന തരത്തിലാവും. മുസ്ലിം ജനസംഖ്യ വർധിക്കുന്നു എന്ന രീതിയിൽ തീവ്ര ഹിന്ദുത്വ ചിന്താഗതിക്കാർ നടത്തുന്ന പ്രചാരണം കാലങ്ങളായി നാം കാണുന്നതാണ്. മുസ്ലിംകളെക്കാൾ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കാൻ ഇത്തരക്കാർ ഹിന്ദു വനിതകളെ ആഹ്വാനം ചെയ്യുന്നതും പലതവണ നാം കേട്ടിട്ടുണ്ട്.
'ഉൽപതിഷ്ണുക്കളും' 'തീവ്രവാദികളും'
വിഭിന്ന മതവിശ്വാസികൾ തമ്മിലുള്ള വിവാഹം ഇന്ത്യയിൽ അസാധാരണമോ അസ്വാഭാവികമോ അല്ല. ബി.ജെ. പി നേതാവ് ഷാനവാസ് ഹുസൈൻ ഹിന്ദുവായ രേണുവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ശക്തമായി മുന്നോട്ടുപോകുന്ന ഒരുപാട് മിശ്രവിവാഹങ്ങളിൽ ഒന്നുമാത്രമാണത്. എന്നാൽ, 'ലവ് ജിഹാദ്' എന്ന പദപ്രയോഗത്തിൽ ഒളിച്ചുവെച്ചിരിക്കുന്നതും ഉറപ്പിച്ചിരിക്കുന്നതുമായ ശക്തമായ ആഖ്യാനം വേറെയുണ്ട്. ഹിന്ദുക്കളെ അസ്തിത്വത്തിൽനിന്ന് പുറന്തള്ളാൻ മുസ്ലിംകൾ കണ്ടെത്തുന്ന വഴിയാണ് വിവാഹമെന്നതാണത്. മുസ്ലിംകളെ കേവലം തീവ്രവാദികളായും ഐസിസ് അംഗങ്ങളായും ജിഹാദിസ്റ്റുകളായും കാണുന്നവരുടെ ആഖ്യാനമാണത്.
അതുകൊണ്ടാണ് കേരളത്തിലെ മെഡിക്കൽ വിദ്യാർഥി ഹാദിയയെ 'മസ്തിഷ്കപ്രക്ഷാളനം' നടത്തിയുള്ള വിവാഹത്തിൽനിന്ന് 'മോചിപ്പിക്കണ'മെന്ന ആവശ്യമുയർന്നത്. ഹാദിയയുടെ യുക്തിവാദിയായ പിതാവ് കെ.എം. അശോകനുപോലും നിർബന്ധിത മതപരിവർത്തനത്തിെൻറയും ഇസ്ലാമിക തീവ്രവാദികൾക്കൊപ്പം മകൾ വിന്യസിക്കപ്പെടാനുള്ള സാധ്യതയുടെയും 'ഭീതി'യിൽനിന്ന് ഒഴിഞ്ഞുനിൽക്കാനായില്ല. ഇസ്ലാം ഭീകരവാദികൾക്കൊപ്പം നിൽക്കുന്നുവെന്ന മുൻവിധികളെ കുടഞ്ഞുകളയാൻ ആ റിട്ടയേർഡ് പട്ടാളക്കാരനും ഒരുക്കമായില്ല.
അറേഞ്ച്ഡ് മാര്യേജിനെക്കുറിച്ച് എന്തുപറയുന്നു?
മിശ്രവിവാഹങ്ങൾ മിക്കതും പ്രണയ വിവാഹങ്ങളാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുദിക്കുന്നുണ്ട്. ഇക്കാലത്തും, നഗരങ്ങളിലെ പുതുതലമുറ അറേഞ്ച്ഡ് മാര്യേജിന് വഴങ്ങിക്കൊടുക്കുന്നത്, കുടുംബ പശ്ചാത്തലവും വർഗവും ജാതി ഘടനയുമടങ്ങുന്ന വിശാലഭൂമികയിലെ ചേർച്ചകൾ പരിഗണിച്ചാണ്. ഒരു മതാതീത പ്രണയ വിവാഹം കുടുംബത്തിെൻറ അടിസ്ഥാന ഘടനയെയെയും അതിലെ മത സാമുദായികതയെയും ബാധിക്കുന്നു. ആർ.എസ്.എസിന് കീഴിൽ പ്രവർത്തിക്കുന്ന 'സ്വദേശി ജാഗരൺ മഞ്ച്' എന്ന സംഘടന മുസ്ലികളുമായി അഭിപ്രായ ഭിന്നതകൾ സൂക്ഷിക്കുന്നതിനൊപ്പം, പടിഞ്ഞാറിെൻറ കടിഞ്ഞാണില്ലാത്തതും അസന്തുലിതവുമായ വ്യക്തിമാഹാത്മ്യവാദം സാമുദായിക ജീവിതത്തെ നശിപ്പിക്കുന്നുവെന്ന നിരീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരാണ്. പ്രായപൂർത്തിയായ രണ്ടു പേർ മതത്തിനതീതമായി, അവരുടെ യോജിപ്പിെൻറ അടിസ്ഥാനത്തിൽ ഒന്നിക്കാൻ തീരുമാനിച്ചാൽ, അത് ഭീഷണി ഉയർത്തുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക ആചാരമായ അറേഞ്ച്ഡ് മാര്യേജിെൻറ നിലനിൽപിനാണെന്ന് സാരം.
പരസ്യത്തിനെതിരെ കാമ്പയിനുമായി ഒരു വിഭാഗം രംഗത്തെത്തിയതിനെ തുടർന്ന് അതു പിൻവലിച്ച തനിഷ്കിെൻറ തീരുമാനം ശരിയായില്ലെന്ന് പലരും വാദിക്കുന്നുണ്ട്. വിവാദം കൊഴുക്കുന്നതിനിടയിൽ, മുമ്പ് സെയ്ഫ് അലി ഖാൻ പറഞ്ഞ കാര്യമാണ് എനിക്ക് പറയാനുള്ളത് -'മിശ്ര വിവാഹം എന്നത് ജിഹാദല്ല, അത് ഇന്ത്യയാണ്'.
കടപ്പാട്: theprint.in
മൊഴിമാറ്റം: അബൂഅമൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.