പുലയരുടെ പഠിപ്പിൽ എന്തിനാണ് ആശങ്ക?
text_fieldsമഹാത്മ അയ്യൻകാളി പുലയ സമുദായത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടി ശ്രീമൂലം പ്രജാസഭയിൽ നടത്തിയ പ്രസംഗത്തിൽനിന്ന്
''ഗവൺമെന്റിന്റെ സഹായത്തോടും അനുവാദത്തോടും കൂടി പുലയരുടെ വിദ്യാഭ്യാസത്തിൽ ഇനിയും അഭിവൃദ്ധി ഉണ്ടാക്കാൻ കഴിയുന്നതാണെന്ന് കഴിഞ്ഞ ആണ്ടിൽ പുലയസമുദായത്തിന് ഉണ്ടായിട്ടുള്ള വിദ്യാഭിവൃദ്ധിയിൽനിന്ന് കാണുന്നു. എല്ലാ പൊതു സ്ഥലങ്ങളും, മിക്ക ഡിപ്പാർട്ട്മെന്റ് പാഠശാലകളും അവർക്ക് പ്രവേശ്യമായിരിക്കുന്നു എന്ന് വരികിലും യഥാർഥത്തിൽ ഇരുപത്തഞ്ചിൽ കവിയാത്ത പാഠശാലകളിൽ മാത്രമേ അവരെ ചേർക്കുന്നുള്ളൂ.
പുലയരുടെ ഉന്നതിക്കുള്ള ഏക പ്രതിബന്ധം ഇതര സമുദായങ്ങളിലെ വിദ്യാഭ്യാസമില്ലാത്തവരായ ആളുകളിൽനിന്ന് ഉണ്ടാകുന്നതത്രേ. പഠിപ്പുള്ള ആളുകളും, ഗവൺമെന്റും പുലയരുടെ നേർക്ക് അനുഭാവം കാണിക്കുകയാണെങ്കിൽ പ്രതിബന്ധം വേഗത്തിൽ മാറിപ്പോകും. പള്ളിക്കൂടത്തിൽ ഇരിക്കുമ്പോൾ ഒരു പുലയക്കുട്ടി ഒരിക്കലും മലിനനായിരിക്കില്ല. അതുകൊണ്ട് പുലയക്കുട്ടികളെ പള്ളിക്കൂടത്തിൽ ചേർക്കാതിരിക്കാനുള്ള ഒരു കാരണം അവരുടെ മലിന ശീലങ്ങളാണെന്ന് പറയുന്നത് ശരിയല്ല.
അപരിഷ്കൃത നിലയിൽ ഇരിക്കുന്നു എന്നുള്ള കാരണത്തിൻമേൽ അവരെ ബഹിഷ്കരിക്കുന്നത് അന്യമതങ്ങളിൽ ചേരുന്നതിന് അവരെ പ്രേരിപ്പിക്കുകയായിരിക്കും. എന്തുകൊണ്ടെന്നാൽ, അപ്രകാരം ചെയ്ത ഉടൻ സ്കൂൾ പ്രവേശനം ലഘുവായി ലഭിക്കുന്നു. പുലയർക്ക് പഠിപ്പുണ്ടായാല്‍ നിലങ്ങളിൽ വേല ചെയ്യാൻ തക്ക വേലക്കാരുടെ എണ്ണം കുറഞ്ഞു പോകുമെന്ന ആശങ്ക അടിസ്ഥാനരഹിതമാകുന്നു. എന്തുകൊണ്ടെന്നാൽ അടിമക്കച്ചവടം നിർത്തലാക്കിയപ്പോൾ വ്യാവസായിക അഭിവൃദ്ധിയും കൃഷിസംബന്ധിതമായ അഭിവൃദ്ധിയും ഉണ്ടായി.
സംസ്ഥാനമൊട്ടുക്ക് അവർക്കായി പ്രത്യേകം പാഠശാലകൾ ഏർപ്പെടുത്തുന്നത് യുക്തമല്ല, എന്നു മാത്രമല്ല അപ്രകാരം ചെയ്യുന്നതുകൊണ്ട് പബ്ലിക്ക് പാഠശാലകളിൽ പുലയർക്ക് പ്രവേശനം നിഷേധിക്കപ്പെടും. പകുതി ഫീസ് കുറച്ചുകൊടുത്തിരിക്കുന്ന ആനുകൂല്യം വാസ്തവത്തിൽ പുലയർക്ക് ഗുണകരമായിരിക്കുന്നില്ല. ധനസമൃദ്ധിയുള്ള മുഹമ്മദ് സമുദായത്തിന് പകുതി ഫീസ് മുതലായ ആനുകൂല്യങ്ങൾ നൽകിയിരിക്കുമ്പോൾ പുലയരെ സംബന്ധിച്ചിടത്തോളം മുഴുവൻ ഫീസും കുറച്ചു കൊടുക്കണം എന്നുള്ള പ്രാർഥന ക്രമത്തിൽ കൂടുതലല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.