ഈ കൊലപാതകങ്ങൾക്ക് ആരാണ് ഉത്തരവാദി?
text_fieldsപുലരാൻ കാലം ആദ്യം കേൾക്കുന്നത് ആന ഇറങ്ങി ആളെക്കൊന്നു, കടുവ യുവാവിനെ കൊന്നു തിന്നു, വളർത്തു മൃഗങ്ങളെ അജ്ഞാത ജീവി പിടികൂടി തുടങ്ങിയ വർത്തമാനങ്ങളാണ്. ഇതു നിത്യസംഭവമാവുേമ്പാൾ പൊറുതി മുട്ടുന്ന മനുഷ്യർ റോഡ് ഉപരോധിക്കാനും അധികാരികളെ വളയാനും മറ്റും നിർബന്ധിരാവുന്നു. കടുവ ആളെപ്പിടിച്ച് തിന്നു തീരുന്നതു വരെ നിസംഗരായി ഉറങ്ങുന്ന അധികാരികളാവട്ടെ ആശ്രിതർക്ക് ജോലി, നഷ്ടപരിഹാരം തുടങ്ങിയ പൊടിക്കൈ പ്രയോഗങ്ങൾ നടത്തി രംഗം താൽകാലികമായി ശാന്തമാക്കുന്നു. വയനാട് ഉൾപ്പെടെ കേരളത്തിലെ മലയോര ജില്ലകളിലും അയൽപക്കമായ കർണാടക, തമിഴ് നാട് സംസ്ഥാനങ്ങളിലും കുറച്ചു കാലമായി തുടരുന്ന ദുരന്തനാടകമാണിത്.
ആനയും പുലിയം കടുവയും മാത്രമല്ല കാട്ടുപന്നികൾ, മയിലുകൾ, കുരങ്ങുകൾ ഉൾപ്പെടെയുള്ള ജീവികളും വനത്തിൽ നിന്ന് ഭക്ഷണം തികയാതെ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നു.മലയോര മേഖലയിൽ മാത്രം ഇവ വരുത്തിവെക്കുന്ന കൃഷിനാശം കോടിക്കണക്കിന് രൂപയുടേതാണ്. കർഷകരും വനം വകുപ്പ് ജീവനക്കാരും പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും കൂവി വിളിച്ചും അവയിൽ നിന്ന് രക്ഷതേടുന്ന അവസ്ഥ. പ്രാണഭയത്താൽ എന്തെങ്കിലുമൊരൽപ്പം കൂടുതൽ ചെയ്തുപോയാൽ പിന്നെ നിയമത്തിെൻറ ചങ്ങലക്കെട്ടുകൾക്കുള്ളിലായി ജീവിതം.
നഗരവാസികളായ മൃഗസ്നേഹികൾ, പരിസ്ഥിതി ഉഗ്രവാദികൾ, വാർത്താ ചാനലുകളിലെ ന്യായാധിപന്മാർ എന്നിവർ ഇതിനെല്ലാം കാരണക്കാർ അന്നാട്ടിലെ ജനങ്ങളാണെന്നും അവർ അനുഭവിക്കണമെന്നും ചർച്ച ചെയ്ത് വിധിക്കുന്നു. ഇൗ രാജ്യത്തെ ഓരോ പൗരജനങ്ങൾക്കും നമ്മുടെ ഭരണഘടന ഉറപ്പു നൽകുന്ന ജീവനും സ്വത്തിനും സംരക്ഷണം എന്ന അവകാശത്തിന് ഇവിടുത്തെ ജനങ്ങൾക്ക് അർഹതയില്ലേ? അതോ, കാട്ടാനക്കും കാട്ടുപോത്തിനും പന്നിക്കും മുന്നിൽ ജനങ്ങൾ ഇനിയും കൈകൂപ്പി നിന്ന് ജീവന് വേണ്ടി അർഥിക്കണോ? മനുഷ്യ ജീവൻ കടുവക്ക് കടിച്ചുവലിക്കാനുള്ള ഭക്ഷണമല്ല, ആനക്ക് ചവിട്ടിമെതിക്കാനുള്ളതുമല്ല.
വനം-വന്യജീവി സംരക്ഷണ നിയമങ്ങളിൽ ഒരു പൊളിച്ചെഴുത്ത് ഇല്ലാത്ത പക്ഷം ജനജീവിതത്തിനു മേലുള്ള മൃഗങ്ങളുടെ കടന്നുകയറ്റം അനുസ്യൂതം തുടരുകയും ഭരണഘടന ഉറപ്പു നൽകുന്ന ഇന്നാടുകളിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സമ്പൂർണമായി ഭീഷണി നിഴലിൽ തുടരുകയും ചെയ്യും. ഗുരുതരമായ ജീവൽപ്രശ്നം നിലനിൽക്കെ റേഡിയോ കോളർ, ആൻറിന, കാമറ, മയക്കുവെടി പോലുള്ള മറുമരുന്നുകൾ പറഞ്ഞ് തടിതപ്പുകയാണ് വനംവകുപ്പ് അധികൃതർ.
കാട്ടാനകളെക്കുറിച്ച് മാത്രമല്ല, ആന ഇരുന്നാലും ചെരിഞ്ഞാലും പന്തീരായിരം എന്ന ചൊല്ലിനെ അന്വർഥമാക്കുംവിധം കോടികളുടെ പദ്ധതികളുമായി ശീതികരിച്ച മുറിയിലിരിക്കുന്ന ഉദ്യോഗസ്ഥവൃന്ദം എന്ന വെള്ളാനക്കൂട്ടത്തെക്കുറിച്ചും ജനങ്ങൾ രോഷത്തോടെ ചർച്ച ചെയ്യുന്നത് വെറുതെയല്ല. മാനന്തവാടി പനച്ചിയിൽ അജീഷിെൻറ മരണത്തിന് കാരണം ഉദ്യോഗസ്ഥരാണെന്നും അവർക്കെതിരെ മനപൂർവമുള്ള നരഹത്യക്ക് കേസെടുക്കണമെന്നും ബന്ധുക്കളും നാട്ടുകാരൂം ആവശ്യമുന്നയിച്ചിട്ടുണ്ട്. വനജീവി ആക്രമണം മൂലം കഴിഞ്ഞ പത്തുവർഷത്തിനിടെ വയനാട്ടിൽ മാത്രം അതിദയനീയമാംവിധം കൊല്ലപ്പെട്ടത് 54 പേരാണ്. കഴിഞ്ഞ എട്ടു വർഷം കൊണ്ട് കേരളത്തിലാകമാനം ഇത്തരത്തിൽ കൊല്ലപ്പെട്ടവരുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്-909!. പരിക്കേറ്റവരും കൃഷിയും കിടപ്പാടവും നഷ്ടപ്പെട്ട് അധികൃതരുടെ കനിവ് തേടി നടക്കുന്നവർ അതിെൻറ എത്രയോ ഇരട്ടി വരും.
2011ലെ ഒരു കണക്കനുസരിച്ച് കേരളത്തിലെ കാടുകളിൽ മാത്രം 7400 ആനകളുണ്ട്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവ കൂടിയാവുേമ്പാൾ വനവിസ്തൃതിക്ക് താങ്ങാനാവുന്നതിലേറെയാവുന്നു ഇവയുടെ എണ്ണം.വിവിധതരം വേലികളോ കിടങ്ങുകളോ മാറിമാറി പരീക്ഷിക്കുന്നതു കൊണ്ട് ആനകൾ നാട്ടിലേക്കിറങ്ങുന്നത് തടയാനാവില്ല.നിലവിലെ മെല്ലെപ്പോക്ക് നടപടിക്രമങ്ങൾ തുടർന്നാൽ വന്യജീവികളും മനുഷ്യരും തമ്മിലെ സംഘർഷവും മരണവും വർധിക്കുമെന്നല്ലാതെ അൽപം പോലും കുറയാൻ ഇടയില്ല.
മനുഷ്യരുടെ ചോര മാത്രമല്ല, ഈ സംഘർഷത്തിൽ വന്യജീവികളുടെ ചോരയും വീഴുന്നുണ്ട്, ജീവൻ പൊലിയുന്നുണ്ട്. അതിെൻറ വ്യാപ്തി കൂടാനും സാധ്യതയേറെയാണ്. ഈ സാഹചര്യത്തിൽ താൽകാലിക പ്രശ്ന പരിഹാരങ്ങൾ ഒന്നും തന്നെ പോരാതെ വരും. ഹൃസ്വകാല-ദീർഘകാല കർമ പദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുകയും തുരുെമ്പടുത്ത നിയമങ്ങൾ കാട്ടിലെറിയുകയും പുതിയവ മുളപ്പിച്ചെടുക്കുകയും വേണം.
നിയമത്തിലുണ്ട് പരിഹാരം
രാജ്യത്ത് നിലവിലുള്ള നിയമങ്ങളിൽത്തന്നെ ഇപ്പോഴനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങളുമുണ്ട്. ഭരണതലത്തിലിരിക്കുന്നവരുടെ നയവും തീരുമാനവുമാണ് പ്രധാനം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെങ്കിലും തങ്ങളുടെ അധികാരങ്ങളെക്കുറിച്ച് തിരിച്ചറിയാനും നടപ്പിൽ വരുത്താനും മുന്നോട്ടുവരണം. വിദേശരാജ്യങ്ങളിൽ ഈ വിപത്തിെൻറ എങ്ങനെ മറികടക്കുന്നു എന്നത് പഠന വിധേയമാക്കണം.
വളരെ ചുരുക്കിപ്പറഞ്ഞാൽ ഇപ്പോഴത്തെ വന്യജീവിശല്യത്തിന് കാരണം കർഷകരോ വന്യജീവികളോ അല്ല. നിയമം വ്യാഖ്യാനിക്കുന്നവരും നടപ്പിൽ വരുത്തുന്നവരും ഒന്ന് മനസ്സിരുത്തിയാൽ കുറെയേറെ പ്രശ്നങ്ങൾക്ക് അറുതിയാവും. വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1), ക്രിമിനൽ നടപടിക്രമം 133-1 എന്നിവ യഥാ സമയം ഉപയോഗിക്കാനും വെടിമുഴക്കാനും ഉദ്യോഗസ്ഥർ എന്തിനാണ് മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നതു വരെ കാത്തിരിക്കുന്നത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.