നിർമിത ബുദ്ധി ലോകം കീഴടക്കുമോ?
text_fields1970കളിൽ പോക്കറ്റ് കാൽക്കുലേറ്ററുകൾ വ്യാപകമായപ്പോൾ, കുട്ടികൾ ഗണിതശാസ്ത്രം പഠിക്കില്ലെന്നും അവരുടെ ഗൃഹപാഠങ്ങളെല്ലാം കാൽക്കുലേറ്ററിൽ ചെയ്യുമെന്നും ആളുകൾ ആശങ്കാകുലരായിരുന്നു. എന്നാൽ, ഗണിതശാസ്ത്ര അനുബന്ധ കാര്യങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയിലും നിർവഹിക്കാൻ പോക്കറ്റ് കാൽക്കുലേറ്റർ ആളുകളെ പ്രാപ്തരാക്കി
മനുഷ്യരാശിയുടെ ഭാവിയെ മാറ്റിമറിക്കുംവിധം വഴിത്തിരിവുകളായി മാറിയ നിരവധി സംഭവങ്ങളും സന്ദർഭങ്ങളുമുണ്ട്. ‘തീ’ ഉണ്ടാക്കാൻ പഠിച്ചത്, ചക്രങ്ങളുടെ ആവിഷ്കാരം, വൈദ്യുതിയുടെ കണ്ടെത്തൽ എന്നിവയെല്ലാം മനുഷ്യ നാഗരികതയെ മാറ്റിമറിച്ച സംഭവങ്ങളാണ്. അതുപോലെ നമ്മുടെ കാലത്തെ എന്നത്തേക്കാളുമേറെ പരിവർത്തനം ചെയ്യുന്ന സാങ്കേതിക വിസ്മയമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അഥവാ നിർമിത ബുദ്ധി മാറിക്കൊണ്ടിരിക്കുകയാണ്.
ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും മുതൽ ധനകാര്യവും ഗതാഗതവും വരെയുള്ള വിവിധ മേഖലകളിൽ എ.ഐ വരുത്തിക്കൊണ്ടിരിക്കുന്ന/വരുത്താനിരിക്കുന്ന മാറ്റങ്ങളാണ് ഇന്ന് ആഗോള വാർത്തകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്ന്. ഊഹിക്കാൻ കഴിയുന്നതിനുമപ്പുറത്തേക്ക് ലോകത്തെ മാറ്റാൻ കഴിയുന്ന ഈ മുന്നേറ്റം സമൂഹത്തിൽ ഉണ്ടാക്കിയേക്കാവുന്ന വിപത്തുകളെക്കുറിച്ചുള്ള വ്യാപക ചർച്ചകളും ഓഫ് ലൈനിലും ഓൺലൈനിലുമായി നടക്കുന്നുണ്ട്.
സാങ്കേതികവിദ്യ നാഗരികതക്ക് ഭീഷണിയാകുമെന്ന ഭയം പുതിയ കാര്യമല്ല. 1970കളിൽ പോക്കറ്റ് കാൽക്കുലേറ്ററുകൾ വ്യാപകമായപ്പോൾ, കുട്ടികൾ ഗണിതശാസ്ത്രം പഠിക്കില്ലെന്നും അവരുടെ ഗൃഹപാഠങ്ങളെല്ലാം കാൽക്കുലേറ്ററിൽ ചെയ്യുമെന്നും ആളുകൾ ആശങ്കാകുലരായിരുന്നു.
എന്നാൽ, ഗണിതശാസ്ത്ര അനുബന്ധ കാര്യങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയിലും നിർവഹിക്കാൻ പോക്കറ്റ് കാൽക്കുലേറ്റർ ആളുകളെ പ്രാപ്തരാക്കി. വരാനിരിക്കുന്ന നാളുകളിൽ AI സാങ്കേതികതയുടെ കാര്യത്തിലും ഇത് തന്നെയായിരിക്കും സംഭവിക്കുക. ഏതാനും ചില ഉദാഹരണങ്ങൾ മാത്രം പറയാം.
സങ്കീർണമായ ഒരു ഗണിത പ്രശ്നത്തിൽ പോംവഴി കാണാനാവാതെ ഉഴലുന്ന ഒരു വിദ്യാർഥിക്ക് ഒറ്റവാക്കിൽ ഉത്തരം നൽകാതെ സമവാക്യം പരിഹരിക്കുന്നതിനുള്ള ഘട്ടങ്ങളിലൂടെ വിദ്യാർഥിയെ നയിക്കാൻ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത നിർമിത ബുദ്ധി ആപ്പിന് സാധിക്കും.
ഭാഷയും കോഡിങ്ങും ചിത്രരചനയുൾപ്പെടെയുള്ള കലകളും പഠിക്കുന്നതിനും ആശയങ്ങൾ വിശദീകരിക്കാനും പിശകുകൾ പരിഹരിക്കാനും ഇവ സഹായിക്കും. വിവിധങ്ങളായ വിഷയങ്ങളിൽ ഒരു സഹായിയായി ഇത് വർത്തിക്കുമെങ്കിലും ഏത് സാങ്കേതികതയുമെന്നപോലെ അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് പ്രധാനമാണ്.
ആരോഗ്യ സംരക്ഷണത്തിലും വൈദ്യശാസ്ത്രത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ഇതിനകം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. രോഗനിർണയം, രോഗീപരിചരണം, വ്യക്തിഗതമായ ചികിത്സ എന്നിവ മെച്ചപ്പെടുത്താൻ നിർമിത ബുദ്ധി ഉപകരിക്കും.
റേഡിയോളജിസ്റ്റുകളേക്കാൾ വേഗത്തിൽ എക്സ്റേ, എം.ആർ.ഐ, സി.ടി സ്കാനുകൾ തുടങ്ങിയ സങ്കീർണമായ മെഡിക്കൽ ഇമേജുകൾ വിശകലനം ചെയ്യാൻ AI പ്രോഗ്രാമിങ്ങിലൂടെ കഴിയും. കാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗങ്ങളെ ആരംഭ ഘട്ടത്തിൽത്തന്നെ നിർണയിക്കാൻ AI ഉപകരിക്കും.
സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തിൽ അഭൂതപൂർവമായ മുന്നേറ്റങ്ങൾക്ക് AI വഴിവെക്കുമെങ്കിലും സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ, വർധിച്ച അസമത്വത്തിനുള്ള സാധ്യത തുടങ്ങിയ വെല്ലുവിളികളും ഇവ ഉയർത്തുന്നുണ്ട്. AI അധിഷ്ഠിത സോഫ്റ്റ്വെയർ ഇപ്പോൾ വ്യക്തികളുടെ ശബ്ദം, ഇമേജുകൾ, വിഡിയോകൾ എന്നിവ കൃത്രിമമായി സൃഷ്ടിക്കാൻ ഉപയോഗപ്പെടുത്തുന്നുണ്ട്.
ആളുകൾ ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ പറയുന്നതോ ചെയ്യുന്നതോ ആയി ചിത്രീകരിക്കുന്ന AI നിർമിച്ച ഹൈപ്പർ-റിയലിസ്റ്റിക് ഡിജിറ്റൽ വ്യാജരേഖകൾ ഒരു ഭീഷണിയായി മാറിയിരിക്കുകയാണ്. പലരെയും ഇതുപയോഗിച്ച് രാഷ്ട്രീയമായി അപകീർത്തിപ്പെടുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
അമേരിക്കൻ ജനപ്രതിനിധി സഭയുടെ സ്പീക്കറായ നാൻസി പെലോസിയെ ഒരു പ്രസംഗത്തിനിടെ മദ്യപിച്ച നിലയിൽ കാണിക്കുന്ന, കൃത്രിമമായി ചിത്രീകരിച്ച ഡീപ്ഫേക്ക് വിഡിയോ അടുത്തിടെ പ്രചരിപ്പിക്കപ്പെട്ടത് ഒരുദാഹരണം മാത്രം. അത് വൈറലാവുകയും അതിന്റെ ആധികാരികത പരിശോധിക്കാതെ പ്രമുഖ വ്യക്തികൾ വരെ പങ്കിടുകയും ചെയ്തു.
ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ ദുരുപയോഗം സ്വഭാവഹത്യ, ബ്ലാക്ക് മെയിൽ, വഞ്ചന എന്നിവക്ക് പോലും വഴിവെച്ചേക്കും. ഡീപ്ഫേക്ക് സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഇത് ഉയർത്തുന്ന വെല്ലുവിളികളും ചെറുതല്ല. ശക്തമായ ധാർമിക ചട്ടക്കൂടുകളെ അടിസ്ഥാനമാക്കിയുള്ള നിയമ നിർമാണത്തിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് ഈ സ്ഥിതിവിശേഷം.
AI ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളിലൊന്ന് തൊഴിൽ വിപണിയാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, വരും വർഷങ്ങളിൽ ദശലക്ഷക്കണക്കിന് ജോലികൾ നഷ്ടപ്പെടാൻ AI കാരണമാകുമെന്നാണ് പറയുന്നത്. എന്നിരുന്നാലും, ഡേറ്റ വിശകലനം, സോഫ്റ്റ്വെയർ വികസനം, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് സമസ്ത മേഖലകളിലുമെന്നപോലെ മൊബൈൽ ഫോൺ പോലെ നമ്മൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും ഇനിയങ്ങോട്ട് AI ഒരു അദൃശ്യ സാന്നിധ്യമായി മാറും. സ്മാർട്ട് വീടുകൾ, വ്യക്തിഗതമാക്കിയ ആരോഗ്യ പരിചരണം, സ്വയം ഓടിക്കുന്ന കാറുകൾ എന്നിവ സമീപഭാവിയിൽ നമ്മുടെ ദൈനംദിന ജീവിതത്തെ മെച്ചപ്പെടുത്തുന്ന നിർമിത ബുദ്ധിയുടെ ചില ഉദാഹരണങ്ങൾ മാത്രമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മുന്നേറ്റം, അടിസ്ഥാനപരമായി ഡേറ്റ എങ്ങനെ സംഭരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ഡിജിറ്റൽ യുഗത്തിൽ ഡേറ്റയോളം വിലപിടിപ്പുള്ള മറ്റൊന്നും ഇല്ല. ഭാവിയിൽ AIയുടെ ശക്തി പ്രയോജനപ്പെടുത്താനും അതിൽ നിന്ന് ലാഭം കൊയ്യാനും സാധിക്കുക ഏറ്റവും കൂടുതൽ ഡേറ്റ കൈവശം വെക്കുന്നവരായിരിക്കും. AI സാങ്കേതിക വിദ്യയും ഡേറ്റയും സംയോജിപ്പിച്ച് മനുഷ്യർ അതി മാനുഷരായി മാറുന്ന ഒരു പുതു യുഗപ്പിറവിക്ക് തുടക്കം കുറിക്കാൻ ഇനി അധികകാലമൊന്നും കാത്തിരിക്കേണ്ട.
(AI വിഷയത്തിൽ ഇന്ത്യയിലെ ആദ്യ സിനിമയായ ‘മോണിക്ക: ഒരു AI സ്റ്റോറി’യുടെ നിർമാതാവും സഹ തിരക്കഥാകാരനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.