ഇറാൻ ബോംബുണ്ടാക്കുമോ?
text_fieldsവൈറ്റ്ഹൗസിനും ഇസ്രായേലിനും ഒരേപോലെ ഇഷ്ടപ്പെട്ട വ്യക്തിയാണ് റിപ്പബ്ലിക്കൻ സെനറ്റർ ലിൻറ്സെ ഗ്രഹാം (Lindsey Graham). അവിരാമമായി തുടരുന്ന ഗസ്സയിലെ യുദ്ധക്കെടുതികളവസാനിക്കാൻ അദ്ദേഹം ഒരു നിർദേശം മുന്നോട്ടുവെച്ചു: ഫലസ്തീനിനുമുകളിൽ ഒരു ബോംബ് വർഷിച്ചാൽ ഒറ്റദിവസം കൊണ്ടു പരിഹരിക്കാവുന്ന കാര്യമാണിത്. അങ്ങനെയല്ലേ അമേരിക്ക രണ്ടാം ലോകയുദ്ധം അവസാനിപ്പിച്ചത്. ഹിരോഷിമയും നാഗസാക്കിയും വെണ്ണീരായതോടെ പ്രശ്നം പരിഹരിച്ചു. ഇസ്രായേലിന്റെ മുന്നിലുള്ള എളുപ്പമാർഗം...
വൈറ്റ്ഹൗസിനും ഇസ്രായേലിനും ഒരേപോലെ ഇഷ്ടപ്പെട്ട വ്യക്തിയാണ് റിപ്പബ്ലിക്കൻ സെനറ്റർ ലിൻറ്സെ ഗ്രഹാം (Lindsey Graham). അവിരാമമായി തുടരുന്ന ഗസ്സയിലെ യുദ്ധക്കെടുതികളവസാനിക്കാൻ അദ്ദേഹം ഒരു നിർദേശം മുന്നോട്ടുവെച്ചു: ഫലസ്തീനിനുമുകളിൽ ഒരു ബോംബ് വർഷിച്ചാൽ ഒറ്റദിവസം കൊണ്ടു പരിഹരിക്കാവുന്ന കാര്യമാണിത്.
അങ്ങനെയല്ലേ അമേരിക്ക രണ്ടാം ലോകയുദ്ധം അവസാനിപ്പിച്ചത്. ഹിരോഷിമയും നാഗസാക്കിയും വെണ്ണീരായതോടെ പ്രശ്നം പരിഹരിച്ചു. ഇസ്രായേലിന്റെ മുന്നിലുള്ള എളുപ്പമാർഗം അതാണ്. അത് നമുക്കു ന്യായീകരിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതെന്തൊരു ക്രൂരതയാണെന്നു നിങ്ങൾ ചോദിച്ചേക്കാം. എന്നാൽ, അങ്ങനെ കരുതുന്നത് മൗഢ്യമാണ്.
സമകാലിക ലോകത്ത്, രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ ജനതയെക്കുറിച്ചോ, രാജ്യത്തെക്കുറിച്ചോ ചിന്തിക്കുന്നവരല്ല. അവർക്ക് രാഷ്ട്രീയം സ്വന്തം കാര്യങ്ങൾ സാധിക്കാനുള്ള ഉപാധി മാത്രമാണ്. ഗസ്സയുടെ വിസ്തീർണം 165 ചതുരശ്ര കി. മീ മാത്രമാണല്ലോ. ബോംബ് വർഷിച്ചാൽ, അതിന്റെ അണുപ്രസരണം കാരണം, ഇസ്രായേൽ ജനത പൂര്‍ണമായും നശിച്ചുപോകുന്നതാണ്.
ലിൻറ്സെ ഗ്രഹാമിന്റെ അഭിപ്രായം, ഇറാനിലും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. തങ്ങളുടെ മേൽ ബോംബ് വർഷമുണ്ടായാൽ എന്തുചെയ്യുമെന്നതിനെക്കുറിച്ചാണ് അവർ ചിന്തിച്ചത്. ആണവായുധങ്ങൾ നിർമിക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണെന്ന ഖുമൈനിയുടെ ‘ഫത്വ’ കാലോചിതമായി പരിഷ്കരിക്കാവുന്നതാണ്.
യാഥാസ്ഥിതിക കക്ഷിയുടെ പാർലമെന്റ് അംഗവും സുപ്രീം നാഷനൽ കൗൺസിൽ ഭാരവാഹിയുമായ കരീം ഖുദ്ദൂസ് വ്യക്തമാക്കി: ‘ഖുമൈനിയുടെ ‘ഫത്വ’ നീക്കം ചെയ്താൽ ഇറാന് ഒരാഴ്ചകൊണ്ട് ആണവായുധം പരീക്ഷിക്കാൻ സാധിക്കുന്നതാണ്.
ഇറാന്റെ വിദേശബന്ധങ്ങൾ നിയന്ത്രിക്കുന്ന സ്ട്രാറ്റജിക് കൗൺസിൽ തലവനായ കമാൽ ഖറാസിയും തന്റെ അഭിപ്രായം തുറന്നുപറഞ്ഞു: ‘നമ്മുടെ രാജ്യം ഒരു ആണവഭീഷണി നേരിടുന്ന പക്ഷം, താമസംവിനാ നാം നമ്മുടെ ആണവനയം പുനഃപരിശോധിക്കുന്നതാണ്.’ ഇറാൻകാരായ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ എളുപ്പം തള്ളിക്കളയാനാവില്ല.
കാരണം, ഇൻറർനാഷനൽ ആറ്റമിക് എനർജി ഏജന്‍സി ഡയറക്ടർ റാഫേൽ ഗ്രോസി പറയുന്നത്, ഇറാന്റെ വശം ധാരാളം ബോംബുകൾ ഉണ്ടാക്കാനുള്ള സമ്പുഷ്ട യുറേനിയം ഉണ്ടെന്നാണ്. മാത്രമല്ല, ഫത്ഹ് ഹൈപ്പർസോണിക് മിസൈലുകൾ രണ്ടായിരം കിലോമീറ്റർ അകലത്തിൽ ആണവായുധങ്ങൾ തൊടുത്തുവിടാനായി രൂപകല്പന ചെയ്തതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇത് ഇസ്രായേലിനെ ഉന്നംവെച്ചു പാകപ്പെടുത്തിയതാണ്. കാരണം, മേഖലയിൽ ബോംബുകൾ കൈവശമുള്ള ഏക രാജ്യം ഇസ്രായേലാണ്. അവർ ചുറ്റുപാടുമുള്ള രാഷ്ട്രങ്ങളെയും ജനതയെയും സദാ ഭീഷണിപ്പെടുത്തുന്നു. ഇതിനു തടയിടണമെന്നത് മേഖലയിലെ രാഷ്ട്രങ്ങളുടെ പൊതുവായ താൽപര്യമാണ്.
അതിനു കഴിവും സന്നദ്ധതയുമുള്ള ഏക രാഷ്ട്രം ഇറാനാണ്. ഈയിടെ ‘ടൈംസ് ഓഫ് ഇസ്രായേലി’ൽ അമീർ ബാർ-ശാലോം ‘പുതിയ ആണവ സൂചനകൾ’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തില്‍ ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് ഇറാനിൽ നടക്കുന്ന ഒട്ടേറെ സംഭവങ്ങളിലേക്ക് വിരൽചൂണ്ടി. ആണവായുധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിൽ ഇറാൻ നേരത്തേ കാണിച്ചിരുന്ന അവ്യക്തത ഇപ്പോഴില്ലെന്നും വേണ്ട സന്ദർഭത്തിൽ ഇറാൻ ബോംബ് നിർമാണവുമായി മുന്നോട്ടുപോകുമെന്നും ലേഖകൻ സമർഥിക്കുന്നു.
അതുതന്നെ സുപ്രീം ലീഡറുടെ സീനിയർ ഉപദേശകനായ കമാൽ ഖറാസി പത്രങ്ങളോടും പറയുകയുണ്ടായി: “ഞങ്ങൾ ബോംബ് നിർമിക്കാൻ തീരുമാനിച്ചിട്ടില്ല. എന്നാൽ, രാജ്യം ആക്രമണത്തിനു വിധേയമായാൽ, അങ്ങനെ ചിന്തിക്കേണ്ടിവരും.”
2024 ജൂൺ 16ന് ഇസ്രായേലിന്റെയും അമേരിക്കയുടെയും സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ് യോഗം വൈറ്റ്ഹൗസിൽ നടന്നു, യു.എസ് ദേശീയ സുരക്ഷാ ഉപദേശകൻ ജെയ്ക് സുള്ളിവൻ (Jake Sullivan),വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കൻ, ഇസ്രായേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷാഛി ഹനഗ്ബി (Tzachi Hanegbi), നയതന്ത്ര കാര്യ മന്ത്രി റോൻ ഡർമർ എന്നിവരുടെ ചര്‍ച്ച ഊന്നൽ നൽകിയത് ഇറാന്റെ ബോംബ് നിർമാണത്തിലായിരുന്നു. ഇറാൻ ആണവശക്തിയായി മാറുന്നത് തടയണമെന്നതിൽ എല്ലാവരും യോജിച്ചു.
യഥാർഥത്തിൽ, ഇറാൻ ആണവ നിയന്ത്രണ കരാറിൽ (Non-Proliferation of Nuclear Weapons- NPT) അംഗമാണ്. റിപ്പോർട്ടുകളനുസരിച്ച് ഇറാൻ കരാറനുസരിച്ചുള്ള ബാധ്യതകളെല്ലാം പാലിച്ചിരുന്നു. എന്നാൽ, പിന്നീട് അന്താരാഷ്ട്ര ആണവ ഏജന്‍സി ഇറാന്റെ ആണവ പരിപാടികൾ പലതും രഹസ്യമാണെന്നും അവയുടെ സൈനിക സാധ്യതകൾ അന്വേഷണവിധേയമാകണമെന്നും ശഠിച്ചപ്പോഴാണ് 2010ൽ സെക്യൂരിറ്റി കൗൺസിൽ ഉപരോധം ഏർപ്പെടുത്തുന്നത്. ഇതോടെ,
ഇറാന്റെ ആണവ സാങ്കേതികവിദ്യ ആറ്റമിക് ഏജന്‍സിയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി. യുറേനിയം സമ്പുഷ്ടീകരണമുൾപ്പെടെ ഇറാന്റെ എല്ലാവിധ ആണവ സാങ്കേതിക പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കപ്പെട്ടു. ഇങ്ങനെയിരിക്കുമ്പോഴാണ് 2018ൽ ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി ഇറാന്റെ ആണവകരാര്‍ റദ്ദു ചെയ്യുന്നത്.
ആണവരംഗത്തുവന്ന സാങ്കേതിക മുന്നേറ്റങ്ങൾ സ്വായത്തമാക്കാൻ ഇത് ഇറാന് സഹായകമായി. ഇപ്പോൾ, IAEA പറയുന്നത് ഇറാൻ ബോംബ് നിർമാണത്തിന്റെ പടിവാതിൽക്കലെത്തിയിരിക്കുന്നുവെന്നാണ്!
ഇന്ന് ഇറാനിലെ ഒരു ഡസനോളം സ്ഥലങ്ങളിൽ ആണവായുധ സംബന്ധമായ ഗവേഷണ പ്രവര്‍ത്തനങ്ങൾ നടക്കുന്നുണ്ട്. യുറേനിയം സമ്പുഷ്ടീകരണം തകൃതിയായി നടക്കുന്നത് നതാൻസി (Natanz)ലാണത്രെ. അറബിക്കടൽ തീരത്തുള്ള ബുഷഹർ (Bushehr) ആണ് ആണവ ഗവേഷണ കേന്ദ്രമെന്നും റിപ്പോർട്ടുകൾ സൂചന നല്കുന്നു. ഇറാൻ അതിന്റെ ആണവ സിദ്ധാന്തം മാറ്റുന്ന പ്രക്രിയയിലാണെന്നു തോന്നുന്നു.
തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ അതേ മാർഗമുള്ളൂ എന്ന് ഭൂരിപക്ഷം ഉദ്യോഗസ്ഥരും വിശ്വസിക്കുന്നതായി മനസ്സിലാകുന്നു. 2024 ഒക്ടോബർ എട്ടിന് ‘തെഹ്റാൻ ടൈംസ്’ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ തലക്കെട്ട്, ‘ആണവായുധങ്ങൾക്കായി മുറവിളികൾ ഉയരുന്നു’ എന്നായിരുന്നു. എഴുപത് ശതമാനത്തിലേറെ ഇറാനികളും അണുബോംബ് കൈവശം വേണമെന്ന അഭിപ്രായക്കാരാണ്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.