ഭയക്കില്ല, നിശ്ശബ്ദരാക്കാൻ കഴിയില്ല
text_fieldsഡോ. പി.കെ. പോക്കർ
രാജ്യത്തെ സർവകലാശാലകളിൽ സംഘടിതമായി നടക്കുന്ന സംവരണ അട്ടിമറിക്കെതിരെ മാധ്യമത്തിൽ ലേഖനമെഴുതിയതിന്റെ പേരിൽ ചരിത്രകാരനും ദലിത്-കീഴാള പഠന വിദഗ്ധനുമായ ഡോ. കെ.എസ്. മാധവന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലേഖനമെഴുതിയതിന് കാരണം കാണിക്കാൻ ആവശ്യപ്പെടുന്നത് സകല ജനാധിപത്യ മര്യാദകളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു പ്രമുഖ ചിന്തകനും സഹ എഴുത്തുകാരനുമായ ലേഖകൻ.
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനു വേണ്ടിയും എക്കാലത്തും ഇടപെടലുകൾ നടത്തുകയും പ്രാന്തവത്കരിക്കപ്പെടുന്നവരും വേട്ടയാടപ്പെടുന്നവരുമായ സമൂഹങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട് ലോകമൊട്ടുക്കുമുള്ള അക്കാദമിക സമൂഹം. ഭരണകൂടമോ ഭൂരിപക്ഷ സമൂഹമോ ആർക്കൊപ്പമാണെന്ന് നോക്കിയല്ല, നീതി നിഷേധിക്കപ്പെടുന്നവർക്കു വേണ്ടിയാണ് എന്നും വാദിച്ചിട്ടുള്ളത്.
കേരളത്തിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. കെ.എസ്. മാധവനും ഞാനും ചേർന്ന് 'സർവകലാശാലകളിൽ നിറഞ്ഞാടുന്നു സംവരണ വിരുദ്ധ മാഫിയ' എന്ന തലക്കെട്ടിൽ ഏപ്രിൽ 21ന് മാധ്യമത്തിൽ എഴുതിയ ലേഖനവും അതേ നിലപാടിന്റെ ഭാഗമാണ്. സർവകലാശാലകളിൽ കാലാകാലമായി നിലനിൽക്കുന്ന കീഴാള വിരുദ്ധതയെ കുറിച്ച് ഞങ്ങളിരുവരും വളരെക്കാലമായി നടത്തിവരുന്ന പഠനങ്ങളുടെയും പ്രവർത്തനത്തിന്റെയും തുടർച്ചയാണ് ആ ലേഖനവും. ഇന്ത്യയിലും കേരളത്തിലും നടക്കുന്ന സംവരണ അട്ടിമറികൾ അന്വേഷിച്ചു നടപടിയെടുക്കണമെന്ന ഞങ്ങളുയർത്തിയ ആവശ്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനു പകരം ചരിത്ര വിഭാഗം അസോ. പ്രഫസറായ ഡോ. മാധവനെതിരെ പ്രതികാര നടപടി സ്വീകരിക്കാനാണ് കാലിക്കറ്റ് സർവകലാശാല മുതിരുന്നത്.
ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ലേഖനമെഴുതിയതിന്റെ പേരിൽ ഒരു അക്കാദമീഷ്യനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് പുരോഗമന ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യ സംഭവമായിരിക്കും.
ഏതെങ്കിലും ഒരു പ്രത്യേക സർവകലാശാലയെ മാത്രം വിമർശിക്കുന്നതായിരുന്നില്ല ആ ലേഖനം. മറിച്ച് ഇന്ത്യൻ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും കാലങ്ങളായി നടമാടുന്ന കീഴാള വിരുദ്ധതയിലേക്കും സംവരണ വിരുദ്ധത മനോഭാവത്തിലേക്കും ശ്രദ്ധക്ഷണിക്കുന്നതായിരുന്നു.
ഉൾക്കൊള്ളൽ വിദ്യാഭ്യാസത്തിന്റെയും ഭരണഘടനപരവും നിയമപരവുമായ അവകാശ സംരക്ഷണത്തിന്റെയും അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നത് വിദ്യാഭ്യാസ മേഖലയിൽനിന്നുള്ള സാമൂഹിക പ്രവർത്തകർ എന്ന നിലയിൽ ഞങ്ങളുടെ ഉത്തരവാദിത്തവുമാണ്.
വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ സർവകലാശാലകളിലെല്ലാം വൻ റാലികളാണ് നടന്നത്. ഇറാഖ് അധിനിവേശത്തിനെതിരെ യൂറോപ്യൻ സർവകലാശാല സമൂഹങ്ങളിൽനിന്നാണ് ശക്തമായ അഭിപ്രായരൂപവത്കരണമുണ്ടായത്. അടിയന്തരാവസ്ഥക്കെതിരിലും അന്യായ വധശിക്ഷകൾക്കെതിരിലും ജനാധിപത്യ ധ്വംസന നീക്കങ്ങൾക്കെതിരിലും ചെറുത്തുനിൽപ്പുകൾക്ക് നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട് ഇന്ത്യയിലെ സർവകലാശാല സമൂഹം. ജെ.എൻ.യുവിൽ അവകാശപ്പോരാട്ടത്തിലേർപ്പെട്ട വിദ്യാർഥികളോട് ഐക്യദാർഢ്യപ്പെട്ട്, തുറന്ന ക്ലാസ്മുറികൾ സംഘടിപ്പിച്ച അധ്യാപകർ സർവകലാശാലയെ വിമർശിക്കുന്ന ലേഖനങ്ങൾ സമാഹരിച്ച് പുസ്തകമായി ഇറക്കിയത് അടുത്ത കാലത്താണ്. അതിന്റെ പേരിൽ ഏതെങ്കിലുമൊരു അധ്യാപകന് നോട്ടീസ് ലഭിച്ചതായി അറിവില്ല. അമേരിക്കൻ മിലിട്ടറിയുടെ ഗവേഷണംകൂടി നടക്കുന്ന എം.ഐ.ടി സർവകലാശാലയിൽ പ്രഫസറായിരുന്നുകൊണ്ടാണ് നോം ചോംസ്കി അമേരിക്കയുടെ വംശീയവും അധിനിവേശപരവുമായ തെറ്റായ നയങ്ങളെ വിമർശിച്ചത്.
വി.കെ.എന്നിന്റെ 'അധികാരം' പിൻവലിക്കാനുള്ള കാലിക്കറ്റ് സർവകലാശാല തീരുമാനത്തിനെതിരെ ഞങ്ങൾ അധ്യാപകർ ശബ്ദമുയർത്തുകയും മാധ്യമങ്ങളുമായി സംസാരിക്കുകയും പ്രഫ. എം.എൻ. വിജയനും കടമ്മനിട്ട രാമകൃഷ്ണനുമുൾപ്പെടെയുള്ള സാംസ്‌കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രതിഷേധ സംഗമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഡോ. രാമചന്ദ്രൻ മൊകേരി സർവകലാശാല മുറ്റത്ത് തുടർച്ചയായി പ്രതിഷേധ നാടകങ്ങൾ അവതരിപ്പിച്ചു. ഭരണകൂടങ്ങൾ പിന്തിരിപ്പൻ നയങ്ങളിൽനിന്ന് തോറ്റുപിന്മാറിയത് പലപ്പോഴും ഇത്തരം പ്രതിഷേധച്ചൂടിന്റെകൂടി ഫലമായാണ്.
അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും ഇന്ത്യൻ ഭരണഘടനയാണ് ഓരോ പൗരനും പരിരക്ഷ നൽകിയിരിക്കുന്നത്. നാട്ടുരാജാക്കന്മാരെപ്പോലെ അത് പരിമിതപ്പെടുത്താനോ ഞങ്ങളുടെ പ്രവിശ്യയിൽ അനുവദിക്കില്ലെന്ന് പറയാനോ ഒരാളും മുതിരാതിരിക്കുന്നതാവും നല്ലത്. ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തുന്നത് തടയാൻ തൊഴിലുടമകൾക്ക് അവകാശമില്ലെന്ന് ബഹുമാനപ്പെട്ട നീതിപീഠങ്ങൾ പലവുരു വ്യക്തമാക്കിയതാണ്. അടിമ-ഉടമ ബന്ധത്തിന്റെ കാലമാണിപ്പോഴും എന്ന് തെറ്റായ ധാരണ ആരെങ്കിലും ഇപ്പോഴും തുടരുന്നുവെങ്കിൽ അത് തിരുത്താൻ സമയം അതിക്രമിച്ചിരിക്കുന്നു.
അക്ഷരങ്ങൾക്ക് അങ്ങേയറ്റം വില കൽപ്പിക്കുന്ന കേരളംപോലൊരു നാട്ടിൽ അഭിപ്രായ പ്രകടനങ്ങൾക്കുമേൽ വിലക്കേർപ്പെടുത്താൻ മുതിരുന്നുവെന്നത് തീർത്തും നിരാശജനകമാണ്. എഴുതാനും വായിക്കാനും ആശയങ്ങൾ തുറന്നു പ്രകടിപ്പിക്കാനും സ്വാതന്ത്ര്യമില്ലെങ്കിൽ അത് ആ നാടിന്റെ അന്ത്യമായാണ് കാണേണ്ടത്.
ഞങ്ങൾ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ ഭരണഘടന നിർദേശങ്ങളെ വെല്ലുവിളിക്കുന്ന, സാമൂഹിക നീതി അട്ടിമറിക്കുന്ന മാഫിയ സർവകലാശാലകളിൽ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഡോ. കെ.എസ്. മാധവനെ വേട്ടയാടാനുള്ള നീക്കം. നമ്മളാരും അതനുവദിച്ചുകൊടുക്കാൻ പോകുന്നില്ല. അനുഭവങ്ങളിൽനിന്ന് കരുത്തു നേടിയ, പഠന ഗവേഷണങ്ങൾക്കായി ഇത്രമാത്രം സമർപ്പിച്ച ആ മനുഷ്യനെ ഭയപ്പെടുത്തി പിന്മാറ്റാനും കഴിയില്ല. ലജ്ജാകരമായ നടപടി പിൻവലിച്ച് മേലിൽ ഇത് ആവർത്തിച്ച് അപഹാസ്യരാവാതിരിക്കാനുള്ള വിവേകമാണ് അധികൃതർ കാണിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.