രക്ഷപ്പെടുത്തുമോ, കേരള മോഡൽ?
text_fieldsഅധികാര രാഷ്ട്രീയത്തിൽ കേരളത്തിൽ മാത്രമായി വളർച്ച മുറ്റിയ അരനൂറ്റാണ്ടിലേറെ പ്രായമുള്ള പാർട്ടിയെ എങ്ങനെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നതാണ് 23ാം പാർട്ടി കോൺഗ്രസിന് തിരശ്ശീല വീഴുമ്പോൾ മൂന്നാം തവണയും ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരിയും പുതിയ കേന്ദ്ര നേതൃത്വവും നേരിടുന്ന മുഖ്യ വെല്ലുവിളി. ഭരണഘടനയെ അട്ടിമറിച്ച് ഇന്ത്യ ദേശരാഷ്ട്രത്തെ മുഴുവനായി ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി പരിവർത്തനം ചെയ്യുന്നതിന് സംഘ്പരിവാർ നിയന്ത്രിക്കുന്ന ബി.ജെ.പി ഭരണകൂടം സകലനീക്കങ്ങളും നടത്തുന്ന ഘട്ടത്തിലാണ് കണ്ണൂരിൽ പാർട്ടി കോൺഗ്രസിന് കൊടിയേറിയത്. പക്ഷേ, പുതുകാല വെല്ലുവിളിയെ നേരിടുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് ഇറങ്ങുന്ന സി.പി.എമ്മിന് ഇന്ത്യയിൽ നിലനിൽക്കുന്നത് ഫാഷിസമാണെന്ന് പറയാൻപോലും ഇനിയും കഴിഞ്ഞിട്ടില്ല. 'ഫാഷിസ്റ്റ് മനോഭാവമുള്ള ആർ.എസ്.എസ്' എന്ന പ്രത്യയശാസ്ത്ര സാങ്കേതികത്വത്തിൽ ഇപ്പോഴും കടിച്ചുതൂങ്ങി നിൽക്കുന്ന സി.പി.എമ്മിനെ രാജ്യത്ത് ഫാഷിസമാണുള്ളതെന്ന് വിശ്വസിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങൾ എങ്ങനെ വിശ്വസിക്കും?
വർഗ-ബഹുജനങ്ങളുടെ സംഘടനയെന്ന് പറയുമ്പോഴും നവ ഉദാരവത്കരണത്തോടെ മാറിയ തൊഴിൽ മേഖലയിൽ ഇന്ന് ആരാണ് തൊഴിലാളി എന്നതിൽതന്നെ ഉണ്ടായ വലിയ അഴിച്ചുപണിയെ അഭിമുഖീകരിക്കുമെന്നത് വെല്ലുവിളിയാണ് സി.പി.എമ്മിന്. പാർട്ടി കോൺഗ്രസ് ഈ വിഷയത്തെ അഭിസംബോധന ചെയ്തുവോ എന്നതും സംശയമാണ്. പുതിയ തൊഴിൽ മേഖലകൾ വന്നതോടെ പരമ്പരാഗത തൊഴിലിടങ്ങളിലും മാറ്റമുണ്ടായി. അതിന് സമാന്തരമായി സംഘടിത തൊഴിലാളിവർഗത്തോട് സി.പി.എം ഇന്ന് ഭരണത്തിലിരിക്കുന്ന കേരളത്തിൽ എടുക്കുന്നു സമീപനംതന്നെ ഉദാഹരണം. സംസ്ഥാന സി.പി.എം ചരിത്രത്തിൽതന്നെ ആദ്യമായാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ സി.ഐ.ടി.യു പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ അംഗമല്ലാതാവുന്നത്. വലതുപക്ഷം തൊഴിലാളികളോട് സ്വീകരിക്കുന്ന നയസമീപനം തന്നെ സി.പി.എം സ്വീകരിക്കുന്നതും മുന്നോട്ടുപോക്കിൽ വെല്ലുവിളിയാണ്.
ഗുജറാത്ത് മാതൃക വികസനത്തിന് ബദലായി കേരള മാതൃക വികസനത്തെ ദേശീയതലത്തിൽ പ്രചാരണോപാധിയാക്കാൻകൂടി തീരുമാനിച്ചാണ് പാർട്ടി കോൺഗ്രസ് സമാപിക്കുന്നത്. പിണറായി വിജയൻ സർക്കാറിന്റെ 'കേരള മോഡൽ' ഒരു നല്ല മാതൃകയോ എന്ന ചോദ്യത്തിനു കൂടിയാണ് ഈ തീരുമാനം വാതിൽ തുറക്കുന്നത്. ബി.ജെ.പി-കോൺഗ്രസ് സർക്കാറുകൾ മുന്നോട്ടുവെക്കുന്ന നവ ഉദാരവത്കരണ, ഭൂരിപക്ഷ വർഗീയ നയങ്ങൾക്ക് ബദലാണ് കേരള സർക്കാറിന്റെ വികസന ഭരണമാതൃകയെന്നാണ് പാർട്ടി കേന്ദ്രനേതൃത്വം ഉയർത്തിക്കാട്ടുന്നത്. എന്നാൽ, കേന്ദ്രത്തിൽ ബി.ജെ.പിയും കോൺഗ്രസ് സംസ്ഥാന സർക്കാറുകളും നടപ്പാക്കുന്ന നവ ഉദാരവത്കരണനയത്തിൽനിന്ന് എന്ത് വ്യത്യാസമാണ് വ്യവസായവത്കരണത്തിലും വികസന നയത്തിലുമുള്ളതെന്ന ചോദ്യത്തിന് ഉത്തരം പറയാൻ സി.പി.എം വിയർക്കും. കേരളത്തിൽ സെമി ഹൈസ്പീഡ് റെയിൽവേ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ അഹ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് എതിരെ സി.പി.എം നടത്തുന്ന സമരത്തിന്റെ സാംഗത്യം ചർച്ചയാവും. മേമ്പൊടിക്കു നൽകുന്ന ക്ഷേമപദ്ധതികൾ ഒഴിച്ചുനിർത്തിയാൽ സ്വകാര്യ-വിദേശ നിക്ഷേപത്തിന് വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്ന കേരള മോഡലും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുകയെന്നതും കേന്ദ്ര നേതാക്കൾക്ക് വെല്ലുവിളിയാവും. വലതുപക്ഷ ഭരണകൂടം ന്യൂനപക്ഷങ്ങൾക്കും ദലിത്, ആദിവാസി, മാവോവാദികൾക്കുമെതിരെ എടുത്തുപയോഗിക്കുന്ന യു.എ.പി.എ എന്ന ഭീകരനിയമം വെള്ളംചേർക്കാതെ ഉപയോഗിക്കുന്നവരാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ. എട്ട് മാവോവാദികളെ 'ഏറ്റുമുട്ടൽ കൊലപാതക' നാടകങ്ങളിലൂടെ വെടിവെച്ചുകൊന്നത് ഇടതുപക്ഷ ബദലാണോ എന്ന ചർച്ച ദേശീയതലത്തിൽ ഉയരാനാണ് ഇത് വഴിവെക്കുക.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് പാർട്ടി കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് നൽകിയിരിക്കുന്നത്. കോൺഗ്രസുമായി രാഷ്ട്രീയസഖ്യം പാടില്ലെന്ന നിലപാടിനൊപ്പം സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന പ്രാദേശിക കക്ഷികളെ ഒപ്പം അണിനിരത്തുക എന്ന ഉത്തരവാദിത്തമാണ് യെച്ചൂരിക്ക് മുന്നിലുള്ളത്. ഇന്ത്യയിലെ കുത്തക ബൂർഷ്വാ ഭരണകൂടത്തിന്റെ പ്രതിനിധിയായാണ് 1950കളിൽ കോൺഗ്രസിനെ സി.പി.എം വിലയിരുത്തിയിരുന്നത്. എന്നാൽ, ഈ വിഭാഗം എങ്ങനെയാണ് കോൺഗ്രസിനെ കൈയൊഴിഞ്ഞ് ബി.ജെ.പിയെ പുൽകിയതെന്ന ഗൗരവമായ വിലയിരുത്തലിലേക്ക് ഇതുവരെയും സി.പി.എം കടന്നിട്ടുമില്ല. ഇത് ദേശീയ സാഹചര്യങ്ങളെ വിലയിരുത്തുന്നതിലെ സി.പി.എമ്മിന്റെ ദൗർബല്യമായാണ് ഇടത് ബുദ്ധിജീവികൾ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തികനയത്തിൽ ബി.ജെ.പിയുമായി ഒരു വ്യത്യാസവുമില്ലാത്ത പ്രാദേശിക കക്ഷികളെതന്നെ ബി.ജെ.പിക്ക് എതിരായി അണിനിരത്തുമ്പോൾ ആ കക്ഷികൾക്കുള്ളിലെ വർഗവൈരുധ്യങ്ങളെ സി.പി.എം അഭിസംബോധന ചെയ്യാൻ തയാറുമല്ല.
ഒരുകാലത്ത് ബംഗാൾ ഘടകത്തിന്റെ അപ്രമാദിത്വത്തിന് വിട്ട് ഘടനാപരമായും നയപരമായും എല്ലുംതോലുമായ സംഘടനാശരീരത്തെയാണ് 2015ൽ ആദ്യം ജനറൽ സെക്രട്ടറിയായപ്പോൾ യെച്ചൂരിക്ക് ലഭിച്ചത്. പക്ഷേ, രണ്ടു തവണ ജനൽ സെക്രട്ടറി പദവി വഹിച്ചിട്ടും സി.പി.എമ്മിന് രാഷ്ട്രീയ ജീവൻ വെപ്പിക്കാൻ അദ്ദേഹത്തിനോ പി.ബിക്കോ കഴിഞ്ഞില്ല. അപ്പോഴേക്ക് സംഘടനാപരമായി വർധിതശക്തിയോടെ വളർന്ന കേരള ഘടകത്തിന്റെ നിഴലിലായി യെച്ചൂരിയും പി.ബിയും. ഒരുകാലത്ത് ബംഗാളിലെ ഭരണത്തെ സംരക്ഷിക്കാനായി എന്തൊക്കെ മൂടിവെച്ച് നയങ്ങളും നിലപാടുകളുമുണ്ടാക്കിയോ അതിന്റെ ആവർത്തനമാണ് ഇന്ന് കേരളത്തിനുവേണ്ടി പി.ബി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.