മാന്ത്രികവടി ഫലിക്കുമോ
text_fieldsകേരളം അങ്ങേയറ്റം മോശമായ സാമ്പത്തിക സ്ഥിതിയിലൂടെ കടന്നുപോകുമ്പോഴാണ് 2024-25 വർഷത്തെ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ പൊതുവിഭവങ്ങൾ സമാഹരിക്കുകയോ ചെലവുകൾ ചുരുക്കുകയോ മാർഗമുള്ളൂ. കാരണം കടമെടുപ്പിനുമേൽ നിയന്ത്രണങ്ങൾ വന്നുകഴിഞ്ഞു. ഈ വിഷമ വൃത്തം നമ്മുടെ ധനമന്ത്രി എങ്ങനെ കൈകാര്യം ചെയ്യുന്നെന്ന് നോക്കാം.
വിഭവ സമാഹരണം ഏത് ധനമന്ത്രിയെ സംബന്ധിച്ചും വിഷമമേറിയ ഒരു കടമ്പയാണ്. കാരണം പൊതുസേവനങ്ങളെല്ലാം സൗജന്യമായി ഒഴുകിവരുന്നതാണ് എന്ന ഒരു മനോഭാവം നിലനിൽക്കുന്ന സാമൂഹിക സാമ്പത്തിക സ്ഥിതിയാണ് മിക്ക മൂന്നാം ലോക രാജ്യങ്ങളിലും. അതുതന്നെയാണ് ഈ 100 ശതമാനം സാക്ഷരതയും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള കേരളത്തിലും. നമ്മുടെ ധനമന്ത്രി ആകെ 1063 കോടിയുടെ അധിക വിഭവ സമാഹരണമാണ് ലക്ഷ്യമിടുന്നത്.
അതിൽ വൈദ്യുതി തീരുവ, മോട്ടോർ വാഹനങ്ങളുടെ പ്രത്യേകിച്ച് ടൂറിസ്റ്റ്ബസുകളുടെ മേലുള്ള ഫീസുകൾ, മദ്യത്തിന്മേലുള്ള ഗാലനേജ് ഫീസ്, കോർട്ട് ഫീസ് സ്റ്റാമ്പുകൾ, രജിസ്ട്രേഷൻ തുടങ്ങിയവ ഉൾപ്പെടുന്നു. ഇവയൊന്നും താഴ്ന്ന വരുമാനക്കാരെ വളരെയൊന്നും ബാധിക്കുകയില്ലെന്ന് സമാധാനിക്കാം.
നികുതിയിതര സ്രോതസ്സുകളുടെ കാര്യത്തിൽ നദികളിലെ മണൽ വാരി 200 കോടിയും സർക്കാർ ഓഫിസുകളിലും ഡിപ്പാർട്മെന്റുകളിലും കിടക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കളുടെ വിൽപനയിലൂടെ മറ്റൊരു 200 കോടിയും ലക്ഷ്യമിടുന്നു. ഇവയൊന്നും കാര്യമായ എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയില്ലെന്ന് കരുതാം. പക്ഷേ, വിഭവ സമാഹരണത്തിന് മറ്റ് മാർഗങ്ങൾ ഒന്നുമില്ലായിരുന്നെന്ന് ഇതിന് അർഥമില്ല.
ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ നമ്മുടെ റവന്യൂ ചെലവ് 2022-23ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 48,902 കോടി രൂപയാണ്. പക്ഷേ, ആ മേഖലയിൽ നിന്നും ഫീസുകളായി സമാഹരിക്കുന്നത് വെറും 795.38 കോടി. നികുതിയിതര വിഭവങ്ങളുടെ കാര്യത്തിൽ നദികളിൽ നിന്നുള്ള മണൽ വാരി വിറ്റ് 200 കോടി കണ്ടെത്താൻ ബജറ്റ് ലക്ഷ്യമിടുന്നു.
ഇതിനർഥം വിഭവ സമാഹരണത്തിനുള്ള അവസരങ്ങൾ ഒന്നുമില്ല എന്നല്ല. ഉദാഹരണമായി ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഫീസുകളും സേവനങ്ങളുടെ മേലുള്ള ചുമത്തലുകളുമെടുക്കാം. ഈ രണ്ടു മേഖലയിലും കൂടി 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കേരളത്തിന്റെ റവന്യൂ ചെലവ് 48902 കോടി രൂപയാണ്.
ഫീസുകളും മറ്റ് വിവിധ ചുമത്തലുകളുമായി സമാഹരിക്കുന്നതാകട്ടെ, വെറും 795.38 കോടി. എന്നുപറഞ്ഞാൽ 1.63 ശതമാനം. 1972-73ൽ ഇത് 5.44 ശതമാനമായിരുന്നു. അന്നത്തെ നിരക്കിൽ ഇന്ന് ഫീസുകൾ ചുമത്തിയിരുന്നെങ്കിൽ 2714.06 കോടി സമാഹരിക്കാമായിരുന്നു. ഏറെ തമാശ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് 4.41% ആണ് ചുമത്തുന്നത്. ഹരിയാനയിൽ 6.61%.
നമ്മുടെ മധ്യവർഗത്തെയും സമ്പന്നരെയും തൊടാൻ വിപ്ലവ പാർട്ടികൾക്കുപോലും പേടിയാണ് എന്നതാണ് സത്യം. പാവപ്പെട്ടവരെയും പുറമ്പോക്കിൽ കിടക്കുന്നവരെയും ബാധിക്കാത്തവിധം ഇത് ചെയ്യാവുന്നതേയുള്ളൂ. ധനികരും മധ്യവർഗവും യഥാക്രമം മുഴുവൻ ഫീസും 75% ഫീസും ഒടുക്കട്ടെ. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ ഒഴിവാക്കാം. ഇതൊന്നും അസാധ്യമായ കാര്യമല്ല എന്നർഥം.
നമ്മുടെ വിപണി ഇന്ന് ഏറക്കുറെ മരവിപ്പിലാണ്. എവിടെ നോക്കിയാലും അടഞ്ഞുകിടക്കുന്ന കടകൾ കാണാം. കാരണം ലളിതം. സാധാരണ ജനങ്ങളുടെ ചോദനശേഷി കുറഞ്ഞുപോയിരിക്കുന്നു. ഇവിടെ ഒരു നല്ല പരിഹാരമാർഗം ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുകയായിരുന്നു. സ്വകാര്യ മേഖലയോടുള്ള മനോഭാവത്തിൽ ശ്രദ്ധേയമായ ഒരുമാറ്റം ബജറ്റിൽ ദർശിക്കാം. സ്വകാര്യമേഖലയിൽ വ്യവസായ പാർക്കുകൾ, ചൈനീസ് മോഡൽ പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവ എടുത്തുപറയേണ്ടതാണ്.
പൊതുവെ നോക്കുമ്പോൾ ബജറ്റ് വലിയ ശുഭപ്രതീക്ഷ നൽകുന്നതല്ല. പക്ഷേ, അതിന്റെ കുറ്റം പാവം ധനമന്ത്രിയിൽ ചുമത്താനുമാകില്ല. ഓരോ ജനത്തിനും അത് അർഹിക്കുന്ന ധനമന്ത്രിയും ധനകാര്യത്തെയും ലഭിക്കുമെന്ന് കരുതാനേ വഴിയുള്ളൂ.
(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ ഫാക്കൽറ്റിയംഗമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.