പ്ലാച്ചിമടയുടെ വിജയസന്ദേശം
text_fieldsവ്യക്തതയേറെയാണ് ഈ സന്ദേശത്തിന്. എരവാളരും മലസരുമായി അറിയപ്പെടുന്ന ഗോത്രവർഗ ജനത താമസിക്കുന്നതും എട്ട് കോളനികൾ അടങ്ങുന്നതുമായ പ്ലാച്ചിമട ജൂലൈ 13ന് ലോകത്തിന് നൽകിയ സന്ദേശം സമാനതകൾ ഇല്ലാത്തതാണ്. പ്രപഞ്ചംതന്നെ പറഞ്ഞ വില കൊടുത്താൽ കൂടെപ്പോരുമെന്ന ധാർഷ്ട്യം സിരകളിലത്രയുമോടുന്ന കുത്തക ഭീമൻ കൊക്കക്കോള സുപ്രീംകോടതിയിൽ അടിയറവു പറഞ്ഞ് ഏത്തമിട്ടത് അന്നാണ്. കേവലം ഒരു സമരത്തിെൻറ വിജയ പരിസമാപ്തിയായി ഇതിനെ ഒതുക്കിക്കൂടാ. പ്ലാച്ചിമടയിലെ 34.4 ഏക്കർ പച്ചപ്പാടം 1998ൽ വാങ്ങുകയും മണ്ണിെൻറ ഉർവരത അപ്പാടെ ഊറ്റുകയും ചെയ്ത് ഉൽപാദനവും വിപണനവും തുടങ്ങുമ്പോൾ സമരകോലാഹലങ്ങളെ തെല്ലും ഭയക്കുന്നവരായിരുന്നില്ല ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ്. ആശയങ്ങളിൽ പരിപൂർണ യോജിപ്പുള്ളവരുടെ കോളവിരുദ്ധ സമരമായിരുന്നില്ല പ്ലാച്ചിമടയിൽ അരങ്ങേറിയത് എന്നത് വിജയവേളയിൽ ഓർക്കേണ്ട ഒന്നാം പാഠം. ശക്തിദുർഗത്തിെൻറ കരുത്ത് മനസ്സിലാക്കിതന്നെ തുടക്കം മുതൽ ഒടുക്കം വരെ നിലകൊണ്ടവരും ഇടക്ക് ചിതറിയവരുമുണ്ട്.
ആദിവാസി ജനതയുടെ അതിജീവന സമരത്തിന് കൈമെയ് മറന്ന് സഹായഹസ്തങ്ങളുമായി സമരത്തുടക്കം മുതൽ പ്ലാച്ചിമടയിലേക്ക് ഒഴുകിയിരുന്നവരുടെ എണ്ണം ഏറെയുണ്ട്. ഒരു ചരിത്രഭൂമി എന്ന വിശേഷണത്തിലേക്ക് അടിവെച്ചുകയറുകയായിരുന്നു പ്ലാച്ചിമട എന്ന തമിഴക സാമീപ്യമുള്ള കൊച്ചുനാട്. 2002 ഏപ്രിൽ രണ്ടിന് ആരംഭിക്കുകയും സുപ്രീംകോടതിയിലെ അടിയറവോടെ അവസാനിക്കാതിരിക്കുകയും ചെയ്യുന്ന കോളവിരുദ്ധ സമരവും സമരപ്പന്തലും തുരുമ്പുവീണ കൊക്കക്കോള കവാടത്തിനു മുന്നിലെ റോഡരികിൽ ഇപ്പോഴും സജീവം. കുത്തകവിരുദ്ധ സമരത്തിന് ഉപരിപ്ലവ പിന്തുണയുമായി രംഗത്തുവന്ന രാഷ്ട്രീയ പാർട്ടികളുടെ പരാജയമായി കോളയുടെ അടിയറവിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. മുന്നണി ഭരണ പ്രത്യേകതയുള്ള കേരളത്തിൽ പ്രതിപക്ഷ പാർട്ടികൾ കാലാകാലങ്ങളിൽ സമരത്തിന് നൽകുന്ന ഉള്ളുപൊള്ളയായ പിന്തുണക്കൊന്നും ഈ സമരത്തെ ഒരു ഘട്ടത്തിലും വളർത്താനായിട്ടില്ല. ഒരുഘട്ടത്തിൽ കോളക്ക് അനുകൂലമായ നിലപാടിലായിരുന്നു പെരുമാട്ടി ഗ്രാമപഞ്ചായത്ത്. കമ്പനിക്ക് ലൈസൻസ് കൊടുത്തതും അവരാണ്. എന്നാൽ, പിന്നീട്, കോള കമ്പനിയുടെ ഉറക്കംകെടുത്തിയ നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചതും അതേ ഗ്രാമപഞ്ചായത്തുതന്നെ. കമ്പനിക്ക് ലൈസൻസ് നിഷേധിക്കുകയും അത് ഹൈകോടതി സിംഗിൾ ബെഞ്ച് ശരിവെക്കുകയും പിന്നീട്, ഡിവിഷൻ ബെഞ്ച് നിരാകരിക്കുകയും ചെയ്തതൊക്കെ നിയമവഴിയിലെ ഏടുകളാണ്. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് പെരുമാട്ടി ഗ്രാമപഞ്ചായത്ത് സുപ്രീം കോടതിയിൽ എത്തിയത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സ്ഥാപനത്തിന് അനുമതി നിഷേധിക്കാൻ ഗ്രാമഭരണകൂടത്തിന് അധികാരമണ്ടോ എന്ന കാതലുള്ള ചോദ്യമായിരുന്നു സുപ്രീംകോടതിയിൽനിന്ന് ഉത്തരം ലഭിക്കേണ്ടിയിരുന്നത്. ഈ ഉത്തരം കേൾക്കാനുള്ള കരളുറപ്പിെൻറ അഭാവമായിരിക്കാം തങ്ങളിനി പ്ലാച്ചിമടയിലേക്കില്ലെന്ന് കോളയുടെ ഓഛാനവാക്കിന് കാരണമായത്.
ജലക്ഷാമം തൊട്ടുതീണ്ടാത്ത നാടായിരുന്നു പെരുമാട്ടി പഞ്ചായത്തിൽപെട്ട പ്ലാച്ചിമടയും പരിസരവും. കമ്പാലത്തറ, വെങ്കലക്കയം എന്നീ ജലസംഭരണികൾക്ക് ചുറ്റുമുള്ള ഈ ഗ്രാമത്തിനു തൊട്ടാണ് പറമ്പിക്കുളം കരാർ പ്രകാരം ചിറ്റൂർ പുഴയിലേക്ക് വെള്ളം തരുന്ന മണക്കടവ്. വർഷത്തിൽ രണ്ട് വിള ഇറക്കിയിരുന്ന പാടമാണ് കോള നികത്തി പ്ലാൻറ് സ്ഥാപിച്ചത്. ഉൽപാദനം ആരംഭിച്ചതു മുതൽ മലിനീകരണം ജലസ്രോതസ്സുകളിൽ വരെ കാണപ്പെട്ടെങ്കിലും കോള മാനേജ്മെൻറിനെതിരെ സമരത്തുടക്കത്തിന് പിന്നെയും കാത്തിരിക്കേണ്ടി വന്നു. പ്ലാച്ചിമടയെപ്പറ്റി പഠിക്കാൻ 2001ൽ സ്ഥലത്തെത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞൻ സതീഷ് ചന്ദ്രെൻറ ആധികാരിക റിപ്പോർട്ട് ചരിത്രസമരത്തിന് വഴിമരുന്നിട്ടു. 2002 ഏപ്രിൽ 22ലെ ഭൗമദിനത്തിൽ സമരം തുടങ്ങുകയും ചെയ്തു.
സമര കാലഘട്ടത്തിൽ പലതും പ്ലാച്ചിമടക്ക് കാണാൻ യോഗമുണ്ടായി. ചിലർ വളവിലെ വേഗതക്കുറവിനിടയിൽ സമരവാഹനത്തിൽനിന്ന് ഇറങ്ങിപ്പോയി. അനുഭാവമുണ്ടെന്ന് പറയപ്പെടുന്ന മറ്റുചിലർ പുറംവാക്കുകളിൽ സമരതീക്ഷണത ഒതുക്കി. എന്നാൽ, കാറ്റിലും കോളിലും തരിമ്പും ഉലയാതെ തികഞ്ഞ നിശ്ചയദാർഢ്യവുമായി സമരത്തെ നെഞ്ചേറ്റിയ ഒരുപാടുപേരുണ്ട്. ഇവരുടെ കർമഫലം കൂടിയാണ് കോളയെ അടിയറവിലേക്ക് എത്തിച്ചെതന്നത് വസ്തുത. പരോക്ഷമായി കോളക്ക് എല്ലാ അർത്ഥത്തിലും പിന്തുണ നൽകുകയും പരസ്യമെന്ന മായാപ്രപഞ്ചത്തിൽ തത്തിക്കളിക്കുകയും ചെയ്തവരുടെ ഇരട്ടത്താപ്പുകൾ കൺകുളിർക്കെ കാണുകയും കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് പ്ലാച്ചിമടക്കാർ. 2003 ജനുവരി 26ന് മേധ പട്കറുടെ നേതൃത്വത്തിൽ പ്ലാച്ചിമടയിൽനിന്ന് അയോധ്യയിലേക്ക് നടത്തിയ ദേശീയ പ്രക്ഷോഭയാത്രയാണ് സമരത്തിന് ദേശീയശ്രദ്ധ നേടിക്കൊടുത്തത്. സമരപ്പന്തലിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം. അന്ന് സമരവേദിയിലുണ്ടായിരുന്ന പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സിദ്ധരാജ് ദദ്ധ തനിക്ക് പത്മഭൂഷൺ ബഹുമതി ലഭിച്ചെന്നറിഞ്ഞ് പൊട്ടിത്തെറിക്കുകയും രോഷത്തോടെ തിരസ്കരണ പ്രഖ്യാപനം നടത്തുകയും ചെയ്തത് സമര ചരിത്രത്തിലെ മറക്കാനാവാത്ത സംഭവങ്ങളിലൊന്നാണ്. മറ്റൊരനുഭവമായിരുന്നു പ്ലാച്ചിമട സാക്ഷ്യംവഹിച്ച 2004 ജനുവരി 21 മുതൽ മൂന്നു ദിവസങ്ങളിലെ ലോക ജലസമ്മേളനം. സമര ഐക്യദാർഢ്യവുമായി കടന്നുവന്ന പോരാട്ട സംഘടനകളുടെ ആത്മാർഥതയും സമരത്തിന് വെള്ളവും വളവുമായി. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് നൽകിയ കലവറയില്ലാത്ത പിന്തുണ സമരത്തിന് നൽകിയ ദൃഢത ചെറുതല്ല. സമരം ആരംഭിച്ച നിമിഷം മുതൽ ഇതിന് പ്രചോദനമായി നിലകൊണ്ട ‘മാധ്യമ’ത്തിെൻറ സുവ്യക്ത നിലപാട് തൊട്ടറിയാൻ സമരവഴികളിലൂടെ തിരിച്ചുനടന്നാൽ മതി.
മാസങ്ങൾ നീണ്ട ആസൂത്രണവുമായി സംസ്ഥാനത്തെ അങ്ങാടികളിലും വീടുകളിലും കയറിയിറങ്ങി സമാഹരിച്ച അരി സമരപ്പന്തലിൽ എത്തിച്ച സമരമുറയായിരുന്നു സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് 2005 മാർച്ചിൽ കാഴ്ചവെച്ചത്. ഡോ. കൂട്ടിൽ മുഹമ്മദലി സംസ്ഥാന പ്രസിഡൻറും കളത്തിൽ ഫാറൂഖ്, എം. സുലൈമാൻ എന്നിവർ യഥാക്രമം ജില്ല പ്രസിഡൻറും ജന. സെക്രട്ടറിയുമായിരിക്കെയായിരുന്നു പുതുമയും ഉൾക്കനവുമുള്ള ഈ സമരം. അന്ന് നൽകിയ അരിയുടെ ശേഖരം കുറേക്കാലത്തേക്ക് സമരക്കാർക്ക് ആശ്രയമായിരുന്നു.
കോളക്ക് ‘പ്രവേശനമില്ല’ എന്ന മുദ്രാവാക്യവുമായി സോളിഡാരിറ്റി ചെക്പോസ്റ്റ് സ്ഥാപിക്കൽ സമരവും നടത്തി. ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത മയിലമ്മയായിരുന്നു ഈ സമരത്തിെൻറ ഉദ്ഘാടക. മാർച്ചുകളും സഹനസമരങ്ങളും നിരാഹാരങ്ങളും എത്രയോ കണ്ടു കോളയുടെ കവാടം. പി.യു.സി.എല്ലിെൻറ പ്രഥമ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകനായ വിളയോടി വേണുഗോപാൽ പ്ലാച്ചിമട സമരത്തിെൻറ മുന്നണിപ്പോരാളിയാവുന്നത്. അന്നുമുതൽ ഇപ്പോഴും വേണുഗോപാൽ സമരത്തിെൻറ മുൻനിരയിലുണ്ട്. വിജയനഗർ കോളനിയിലെ മാരിമുത്തുവിെൻറ ഭാര്യ മയിലമ്മ സമരത്തിനു നൽകിയ ആവേശം ചെറുതല്ല. സമരത്തിലെ നിറസാന്നിധ്യമായി ഇപ്പോഴും തുടരുന്ന വിജയനഗർ കോളനിയിലെ കന്നിയമ്മ, ആറുമുഖൻ പത്തിച്ചിറ, നീളിപ്പാറ മാരിയപ്പൻ, ആർ. അജയൻ, തന്നെയും കുടുംബത്തെയും ഊട്ടിയിരുന്ന നാല് ഏക്കർ വയൽ കോളയുടെ വരവോടെ തരിശിടേണ്ടി വന്നതിെൻറ അരിശം മുഴുവൻ ഉള്ളിലൊതുക്കി പ്ലാച്ചിമട സമരത്തിന് ഊർജം പകർന്ന് കടന്നുപോയ ഷാഹുൽ ഹമീദ്, വേലൂർ സ്വമിനാഥൻ എന്നിങ്ങനെ ഈ സമരത്തെ വിജയപഥത്തിലെത്തിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയവരുടെ പേരുകൾ ഇനിയും നീളും. സമരത്തിന് പഞ്ചായത്തിെൻറ പിന്തുണയുമായി പ്രവർത്തിച്ച മുൻ പ്രസിഡൻറ് എ. കൃഷ്ണൻ ഇതിന് നേതൃത്വം നൽകുകയും നിയമയുദ്ധത്തിന് ആളും അർഥവും നൽകുകയും ചെയ്ത ഇപ്പോഴത്തെ എം.എൽ.എ കെ. കൃഷ്ണൻകുട്ടി, ലോക സമ്മേളനത്തിന് നേതൃത്വം നൽകിയ എം.പി. വീരേന്ദ്രകുമാർ, സമ്മേളനത്തിൽ പങ്കാളികളായ ഡോ. സുകുമാർ അഴീക്കോട്, വന്ദന ശിവ, രാജേന്ദ്രപ്രസാദ് തുടങ്ങിയവരും വിജയനിമിഷത്തിൽ സ്മരണയിലെത്തുന്നവരിൽ ചിലർ മാത്രമാണ്. സമരവേദിയിലേക്ക് നിരന്തരം സന്ദർശനം നടത്തി സമരഗാനം മുഴക്കിയ തൃശൂർ ജില്ലയിലെ മുണ്ടൂർ കിരാലൂരിലുള്ള സൽസബീൽ സ്കൂൾ കുട്ടികളെ മാറ്റി നിർത്തി ഒരു പ്ലാച്ചിമട സമരം ഇല്ലെന്നുപറയാം.
പ്ലാച്ചിമട എന്നത് ഹിന്ദുസ്ഥാൻ കൊക്കക്കോളക്ക് ബാലികേറാമലയായി മാറിയെങ്കിലും സമരം ഇപ്പോഴും അവസാനിക്കുന്നില്ല എന്നിടത്താണ് ഇനിയുള്ളതിെൻറ തുടക്കം. ലോകത്തിനുതന്നെ മാതൃകയായ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ അട്ടത്ത് അടയിരിക്കുകയാണ് ഇപ്പോഴും. സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായി 2011 ഫെബ്രുവരി 24ന് പാസാക്കിയ ബില്ല് ഇന്ദ്രപ്രസ്ഥത്തിലെ ഭരണകൂട അറകളിലൊന്നിൽ ഇരിപ്പുണ്ട്. അത് അങ്ങനെതന്നെ തുടരാനാണ് കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ അടിയറവ് പറഞ്ഞ കോള മാനേജ്മെൻറിെൻറ ആജ്ഞ. ഈ ആജ്ഞ ധിക്കരിക്കാൻ കഴിയുന്ന ഭരണാധികാരികൾ ഇനിയും ഉണ്ടായിട്ടില്ല. 2004 മാർച്ച് ഒമ്പതിന് ഉൽപാദനം നിർത്തുകയും യന്ത്രസാമഗ്രികൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തെങ്കിലും പ്ലാച്ചിമടയിലെ ഭൂമി ഇപ്പോഴും കോളയുടെ പക്കലാണ്. അനുഭവിച്ച ദുരിതത്തിനും നേരിടേണ്ടിവന്ന നഷ്ടത്തിെൻറ പരിഹാരം നൽകേണ്ടതും ലഭിക്കേണ്ടതും അനിവാര്യമാണ്. ഈ അനിവാര്യത വിജയനിമിഷത്തിനു ശേഷം പ്ലാച്ചിമടയിലെത്തുന്നവർക്ക് തൊട്ടറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.