ഭാവി കേരളത്തിനായി കൂടുതൽ ജാഗ്രതയോടെ
text_fieldsകേരളം വിരൽതൊട്ട് വിജയിപ്പിച്ചത് ഈ കാലഘട്ടത്തിന് അനിവാര്യമായൊരു ചരിത്രത്തെയാണ്. അഞ്ചുവർഷമായി തുടർന്നുവന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണമികവ് മാത്രമല്ല, സംഘ് പരിവാർ ഉയർത്തിയ ഫാഷിസ്റ്റ് പദ്ധതികളെ ചെറുത്തു എന്നതുകൂടിയാണ് ഇൗ വിജയത്തിെൻറ പ്രാധാന്യവും പ്രചോദനവും. ഈ തെരഞ്ഞെടുപ്പ് കേരളത്തിനും രാജ്യത്തിനും നൽകുന്ന ചില സൂചനകളുണ്ട്. വ്യക്തവും കൃത്യവുമായ നിലപാടുകളിലൂടെ ജനപക്ഷ ഭരണം തുടർന്നാൽ സംഘ്പരിവാര ശക്തികൾ ഉയർത്തുന്ന വെല്ലുവിളികളെ ചെറുക്കാൻ സാധിക്കുമെന്നതാണ് അതിൽ പ്രധാനം.
പലയിടത്തും ബി.ജെ.പിയും യു.ഡി.എഫും ഒന്നായിത്തീർന്നിട്ടും അവിടങ്ങളിൽപോലും മിന്നുന്ന വിജയം കൈവരിക്കാൻ ഇടതുപക്ഷത്തിനായത് ജനമനസ്സിനെ ഒപ്പം ചേർക്കാൻ കഴിഞ്ഞതുകൊണ്ടു മാത്രമാണ്. 140ൽ 35 സീറ്റ് നേടിയാൽ അധികാരത്തിലേറുമെന്ന, അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഹുങ്ക് പ്രകടിപ്പിക്കുകയും കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുക തങ്ങളാണെന്ന വീമ്പു പറയുകയും ചെയ്ത ബി.ജെ.പിയുടെ ഉള്ളതും കൂടി ഇല്ലാതാക്കാൻ സാധിച്ചത്, ഇടതുപക്ഷം മുന്നോട്ടുെവച്ച ഫാഷിസ്റ്റ് വിരുദ്ധ ബദൽരാഷ്ട്രീയ പ്രചാരണം കൊണ്ടുതന്നെയാണ്.
ഇടതുപക്ഷത്തിെൻറ തുടർഭരണമെന്നത് കേരളത്തിന് പുതിയ അനുഭവമാണ്. മുമ്പ്,1970ലെ അച്യുതമേനോൻ സർക്കാർ പൂർണ കാലാവധിയും അതിലധികവും ഭരിച്ച ശേഷം, 77ൽ അതേ മുന്നണി,111 സീറ്റുമായി അധികാരത്തിലേറിയതാണ് ഇതിനു സമാനമായ ഒരു ഭരണത്തുടർച്ചാ സംഭവം.
ഇപ്പോഴത്തെ ഇടതുഭരണത്തുടർച്ച പ്രതിലോമ ശക്തികൾക്ക് ഒട്ടും ദഹിക്കുന്നതല്ല.അതിനാൽ, യു.ഡി.എഫും ബി.ജെ.പിയും മത, സാമുദായിക ശക്തികളും വലതുപക്ഷ മാധ്യമങ്ങളും ചേർന്ന് ആ തുടർ ഭരണമെന്ന അനുഭവത്തെ എങ്ങനെയും തകർക്കാനുള്ള ശ്രമങ്ങളായിരിക്കും ഇനി നടത്താൻ പോവുന്നത്. ബി.ജെ.പിയുടെ യു.പി, ഗുജറാത്ത് മോഡൽ പരീക്ഷണമാണ് ഇവിടെയും നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമെല്ലാം നിരനിരയായി അണിനിരന്ന് വർഗീയതയുടെ തീവ്രത വർധിപ്പിക്കാൻ രാവും പകലും പണിയെടുത്തു. അവരെല്ലാം ആക്രമിച്ചത് ഇടതുപക്ഷത്തെയും മുഖ്യമന്ത്രി എന്ന നിലയിൽ ഭരണത്തെ നയിച്ച പിണറായി വിജയനെയുമായിരുന്നു. യു.ഡി.എഫും സംഘ്പരിവാരത്തിെൻറ ആശയങ്ങൾ കടമെടുക്കുവാനാണ് ശ്രമിച്ചത്.
പ്രതിപക്ഷമെന്ന നിലയിൽ യു.ഡി.എഫിന് ഇനി ഇങ്ങനെ അധികകാലം തുടരുവാൻ കഴിയില്ലെന്നാണ് അവരെ ജനം ഓർമപ്പെടുത്തിയിരിക്കുന്നത്. നവോത്ഥാന കാലഘട്ടത്തിലൂടെ സാമൂഹിക പരിവർത്തനം നടത്തിയ മണ്ണാണ് കേരളം . വിദ്യാഭ്യാസ പുരോഗതിയിലും രാഷ്ട്രീയ വിദ്യാഭ്യാസത്തിലും ലോകോത്തര നിലവാരം പുലർത്തുന്ന നാടുമാണിത്. ആ നാടിനെയാണ് സങ്കുചിതവും താൽക്കാലികവുമായ നേട്ടങ്ങൾക്കുവേണ്ടി യു.ഡി.എഫ് ചുരുക്കിക്കണ്ടത്.
കേരളത്തിൽ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും ഇടതുപക്ഷത്തിെൻറ മുഖ്യശത്രു ബി.ജെ.പിയാണ്. ജനാധിപത്യത്തെ ഇല്ലായ്മ ചെയ്ത് മതരാഷ്ട്രം സ്ഥാപിക്കുന്ന നിലപാടുകൾക്ക് എതിരായുള്ള പോരാട്ടം ശക്തിപ്പെടുത്തുക എന്നതുതന്നെയാണ് ഇടതുപക്ഷത്തിെൻറ ലക്ഷ്യം. ബി.ജെ.പി ഇതര പ്രതിപക്ഷം ശക്തമായി നിലനിന്ന് മുന്നോട്ടുപോകണമെങ്കിൽ ജനപക്ഷ നിലപാടുകളിൽ മായം കലർത്തുവാൻ പാടുള്ളതല്ല. ജനക്ഷേമ ഭരണവും പ്രവർത്തനവും എന്നതായിരിക്കണം ബദൽ രാഷ്ട്രീയത്തിെൻറ മുദ്രാവാക്യം.
പ്രതിസന്ധികളുടെ അതിജീവനമായിരുന്നു കഴിഞ്ഞ അഞ്ചുവർഷ ഭരണം. നിപയും ഓഖിയും തുടർച്ചയായി സംഭവിച്ച രണ്ടു പ്രളയങ്ങളും കോവിഡുമെല്ലാം വരിഞ്ഞുമുറുക്കിയപ്പോഴും പ്രതിസന്ധികളിൽ തളരാതെ ജനങ്ങൾക്കൊപ്പംനിന്ന സർക്കാറായിരുന്നു എൽ.ഡി.എഫിേൻറത്. ഇത്രയധികം കെടുതികൾ നേരിട്ട ഒരു കാലവും അതിനെ നേരിടേണ്ടിവന്ന സർക്കാറും ഇന്ത്യയിൽതന്നെ മറ്റൊന്നില്ലായിരുന്നു. ഇതിനിടയിൽ കേന്ദ്രസർക്കാറിെൻറ കടുത്ത അവഗണനകളും പ്രതികാര നിലപാടും. അതിനെയെല്ലാം അതിജീവിക്കാൻ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിനായി. അത്തരത്തിൽ, ജനങ്ങൾക്കൊപ്പം നിന്നതിെൻറ അംഗീകാരമായാണ് ഇൗ വിജയത്തെ ഞങ്ങൾ കാണുന്നത.് അതിനാൽ, കൂടുതൽ ജാഗ്രതയോടെ, ജനപക്ഷത്തുനിന്നുതന്നെയായിരിക്കും തുടർച്ചയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.