ഇൻകം ടാക്സ് നൽകാതെ 80 വർഷം; നേടിയത് കോടികൾ
text_fieldsഇൻകം ടാക്സിന്റെ കാര്യത്തിൽ കത്തോലിക്കാ സഭ 80 വർഷമായി വിവേചനപരമായി അനുഭവിച്ചു വരികയായിരുന്ന വമ്പൻ ആനുകൂല്യം അവസാനിപ്പിച്ചുകൊണ്ട് 2024 നവംബർ ഏഴിന് ചരിത്രപ്രധാനമായൊരു വിധി പുറപ്പെടുവിച്ചു സുപ്രീംകോടതി. ബ്രിട്ടീഷ് ഭരണകാലത്ത് 1944ൽ Central Board of Direct Taxes (CBDT) യുടെ സർക്കുലർ പ്രകാരം ആരംഭിച്ചതാണ് കത്തോലിക്കാ സഭയിലെ പുരോഹിതരും കന്യാസ്ത്രീകളും വരുമാനനികുതി അടക്കേണ്ടതില്ലെന്ന നിയമം. പിന്നീട് കോൺഗ്രസ് ഭരണകാലത്ത് ഉണ്ടായ ഉത്തരവുകൾകൂടി അടിസ്ഥാനമാക്കി 2014 വരെ...
ഇൻകം ടാക്സിന്റെ കാര്യത്തിൽ കത്തോലിക്കാ സഭ 80 വർഷമായി വിവേചനപരമായി അനുഭവിച്ചു വരികയായിരുന്ന വമ്പൻ ആനുകൂല്യം അവസാനിപ്പിച്ചുകൊണ്ട് 2024 നവംബർ ഏഴിന് ചരിത്രപ്രധാനമായൊരു വിധി പുറപ്പെടുവിച്ചു സുപ്രീംകോടതി. ബ്രിട്ടീഷ് ഭരണകാലത്ത് 1944ൽ Central Board of Direct Taxes (CBDT) യുടെ സർക്കുലർ പ്രകാരം ആരംഭിച്ചതാണ് കത്തോലിക്കാ സഭയിലെ പുരോഹിതരും കന്യാസ്ത്രീകളും വരുമാനനികുതി അടക്കേണ്ടതില്ലെന്ന നിയമം.
പിന്നീട് കോൺഗ്രസ് ഭരണകാലത്ത് ഉണ്ടായ ഉത്തരവുകൾകൂടി അടിസ്ഥാനമാക്കി 2014 വരെ നിർബാധം തുടർന്നുവന്ന ഈ വമ്പൻ ആനുകൂല്യം ആ വർഷം ഡിസംബറിൽ ആദായനികുതി വകുപ്പിന്റെ നികുതിയടക്കൽ ആവശ്യത്തെതുടർന്നാണ് പൊതുജന ശ്രദ്ധയിൽ വരുന്നത്. മദ്രാസ്- കേരള ഹൈകോടതികളിൽനിന്ന് അനുകൂല വിധികളുണ്ടാകാതെ വന്നതോടെ 93 അപ്പീലുകളാണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടത്. ദാരിദ്ര്യ പ്രതിജ്ഞയെടുത്തിട്ടുള്ളവരും വരുമാനസമ്പാദനത്തിന് സഭാ വിലക്കുകളുള്ളവരുമാകയാൽ Civil death സംഭവിച്ച തങ്ങളെ Individual ആയി പരിഗണിക്കാനാവില്ലെന്നും വരുമാനം മുഴുവൻ രൂപതക്കുള്ളതാണെന്നുമായിരുന്നു സഭാനേതൃത്വത്തിന്റെ വാദം.
ദാരിദ്ര്യ വ്രതമെടുത്തവരാണെങ്കിൽ അവർക്കെന്തിന് ശമ്പളം, സന്യാസ ജീവിതം നയിക്കുന്ന സർവസംഗ പരിത്യാഗികൾ വരുമാനനികുതി അടക്കില്ലെന്നതിന് പകരം വരുമാനം തന്നെ വേണ്ടെന്ന് വെക്കുകയല്ലേ വേണ്ടത്, എല്ലാവരുടേതുമായ സർക്കാർ ഖജനാവിലെ പണമെടുത്ത് കത്തോലിക്കാ സഭയുടെ ഖജനാവിലേക്ക് ഒഴുക്കുകയാണോ വേണ്ടത് എന്നൊക്കെയുള്ള സംശയങ്ങൾ സ്വാഭാവികമായും ആരുടെ മനസ്സിലും പെട്ടെന്ന് ഉയരുന്നതാണ്. മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന് നേതൃത്വം കൊടുത്ത ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് തന്നെ ഈ ചോദ്യം ഉന്നയിച്ചു. ‘രൂപതക്ക് സർക്കാർ എങ്ങനെ പണം നൽകും? ഒരു മതത്തിലേക്ക് സംഭാവന ചെയ്യാൻ അവർക്ക് കഴിയില്ല ... സർക്കാർ സ്കൂളിന് പണം നൽകും. ആ പണം ആർക്കുവേണ്ടിയാണോ നൽകുന്നവർ അവർ മറ്റുള്ളവരെപോലെ നികുതി നൽകിയേ പറ്റൂ.
പണം രൂപതക്കാണ് പോവുന്നതെന്നും 75 ശതമാനം തുകയും ചാരിറ്റബിൾ ആവശ്യത്തിനാണ് ചെലവഴിക്കുന്നതെന്നും ആവർത്തിച്ചുള്ള സഭാ വക്കീലന്മാരുടെ വാദത്തോട് ഇങ്ങനെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം: ഒരു ഹിന്ദു പുരോഹിതൻ പറയുന്നുവെന്നിരിക്കട്ടെ, ഞാൻ എന്റെ ശമ്പളം എന്റെ പക്കൽ വെക്കുന്നില്ല. ഈ പണം ഞാൻ ഒരു സംഘടനക്ക് പൂജ ചെയ്യുന്നതിനായി നൽകുകയാണ് എന്ന്. എന്നുകരുതി ആ വ്യക്തി ജോലിക്കാരനാണെങ്കിൽ, അയാൾ ലഭിക്കുന്ന ശമ്പളത്തിന്റെ നികുതി കുറയ്ക്കാതിരിക്കുമോ? നിയമം എല്ലാവർക്കും പൊതുവായതാണ്. ഇത് ടി.ഡി.എസിന് വിധേയമല്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും?’.
പണം സ്വീകരിക്കാൻ കഴിയുന്ന അവസ്ഥയിലുള്ള ഒരാളെ മാത്രമേ ഇൻകം ടാക്സിന്റെ പരിധിയിലെ വ്യക്തിയായി പരിഗണിക്കാൻ കഴിയൂ, കാനോൻ നിയമപ്രകാരം സിവിൽ ഡെത്ത് സംഭവിച്ച പുരോഹിത കന്യാസ്ത്രീകൾ അതിൽ വരില്ലെന്നുമുള്ള വാദം സഭ കോടതിയിൽ ഉന്നയിച്ചു. മതനിയമ പ്രകാരം പണം വാങ്ങാൻ പറ്റാത്ത ഒരാളുടെ പേരിൽ ശമ്പളം വാങ്ങി അത് മതാവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതിൽ ഗുരുതരമായ ധാർമിക പ്രശ്നമില്ലേ എന്ന് ആലോചിക്കേണ്ടത് പുരോഹിത നേതൃത്വം തന്നെയാണ്.
സർക്കാർ പണം കൊണ്ട് മതപ്രവർത്തനം
ചരിത്രപരമായ ഈ അനീതി സുപ്രീംകോടതി തിരുത്തി എന്നത് സന്തോഷകരം തന്നെ. പക്ഷേ, കഴിഞ്ഞ 80 കൊല്ലത്തിനുള്ളിൽ എത്ര ആയിരം കോടിയാവും ഈ സവിശേഷ ആനുകൂല്യം വഴി സഭ പൊതുഖജനാവിൽനിന്ന് ചോർത്തിയിട്ടുണ്ടാവുക. കേരളത്തിലെ എയ്ഡഡ് കോളജ് സെഗ്മെന്റ് മാത്രമെടുക്കുക. ഒരു സഭാ എയ്ഡഡ് കോളജിൽ പുരോഹിതരോ കന്യാസ്ത്രീകളോ ആയ 10 പേർ എങ്കിലും ശരാശരി രണ്ടുലക്ഷം രൂപ ഇൻകം ടാക്സ് കൊടുക്കേണ്ടവരായി ഉണ്ടാവും. അപ്പോൾ 20 ലക്ഷം രൂപ ആ വകയിൽ ഗവൺമെന്റിന്റെ പണം രൂപതാ ഖജനാവിലെത്തുന്നു.
ഇൻകം ടാക്സ് വകുപ്പുമായി കേസ് നടത്തിക്കൊണ്ടിരിക്കുന്ന 2014 മുതൽ ഒരു കോളജിൽനിന്ന് മാത്രം രൂപതയുടെ /സന്യാസി സമൂഹത്തിന്റെ ഏറ്റവും ചുരുങ്ങിയ വരുമാനം രണ്ട് കോടി രൂപ. ഇനി പ്ലസ് ടുവും സ്കൂളും മറ്റ് എയ്ഡഡ് സ്ഥാപനങ്ങളുമെടുക്കൂ. അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ ഇൻകം ടാക്സ് പരിധിയിലെ സന്യസ്ഥരെ പരിഗണിക്കൂ. ഇതെല്ലാം എട്ടുപതിറ്റാണ്ടിലേറെയായി തുടരുന്ന ഏർപ്പാടാണെന്നുകൂടി കണക്കിലെടുക്കൂ. പൊതുഖജനാവിന് ഇൻകം ടാക്സ് ഇനത്തിൽ കിട്ടേണ്ടിയിരുന്ന നഷ്ടമായ സംഖ്യ എഴുതാൻ എത്ര പൂജ്യം ചേർക്കണമെന്നറിയാതെ കുഴങ്ങും.
കത്തോലിക്കാ സഭ കൊണ്ടുപോകുന്ന പുരോഹിത കന്യാസ്ത്രീകളുടെ ശമ്പളം കൂട്ടാതെയുള്ള ഇൻകം ടാക്സ് ഇന വരുമാനം മാത്രമാണിത്. ശമ്പളം ഒരു സ്ഥാപനത്തിൽ പ്രതിവർഷം 20 ലക്ഷം രൂപ പത്ത് പേരിൽനിന്ന് എന്ന ഏറ്റവും കുറഞ്ഞ ശരാശരി കൂട്ടിയാൽപോലും 2 കോടി രൂപയായി. ucanews.com നൽകുന്ന വിവരമനുസരിച്ച് ഇന്ത്യയിൽ ചർച്ചിന് കീഴിൽ നിരവധി സ്കൂളുകളും 400 കോളജുകളും ആറ് യൂനിവേഴ്സിറ്റികളും ആറ് മെഡിക്കൽ സ്കൂളുകളുമടക്കം 50000 ൽപരം സ്ഥാപനങ്ങളുണ്ട്. ഇവയിലെല്ലാം ജോലി ചെയ്യുന്ന പുരോഹിതരെവെച്ച് സർക്കാർ ഫണ്ട് ഡയോസിസ് ഫണ്ടിലേക്ക് മാറ്റിയത് എത്ര കോടികളാവുമെന്ന് ഒന്നാലോചിച്ച് നോക്കൂ.
വിദ്യാഭ്യാസ മേഖലയിലെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങളെ മതിപ്പോടെ കാണുന്നവരാണ് നാം. പക്ഷേ, സഭയെ സംബന്ധിച്ചിടത്തോളം മതപ്രവർത്തനത്തിന്റെ ഒരു ഭാഗം എന്നതോടൊപ്പം സർക്കാർ പണം മതപ്രവർത്തനത്തിന് ലഭ്യമാക്കാനുള്ള ഒരു സംവിധാനം കൂടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൊളോണിയൽ ഭരണത്തോടൊപ്പം നിന്ന് നേടിയ ആനുകൂല്യങ്ങൾ തുടർഭരണങ്ങളിലും തടസ്സമന്യേ നിലനിർത്താനും അവർക്കായി.
സർക്കാർ ഖജനാവിൽനിന്നുള്ള പണം കഴിഞ്ഞ 84 വർഷമായി മതപ്രവർത്തനത്തിന് ഉപയോഗിച്ചു കൊണ്ടിരിക്കുകയും ഈ സമ്പത്തിന്റെ മുഴുവൻ അവകാശവും സഭയിലെ സാധാരണക്കാർക്ക് നൽകാതെ കൈയടക്കി വെക്കുകയും ചെയ്ത പുരോഹിത നേതൃത്വമാണ് മുസ്ലിംകൾ മതവിദ്യാഭ്യാസത്തിന് സർക്കാർ പണം ഉപയോഗപ്പെടുത്തുന്നു എന്ന പെരും നുണ പറഞ്ഞ് മോദിക്കാലത്ത് സഭാ മക്കളെ ഭയപ്പെടുത്തിയത്. ഇൻകം ടാക്സ് വഴി കോടികൾ സമ്പാദിച്ചുവെച്ച സഭാ നേതൃത്വമാണ് ന്യൂനപക്ഷ സ്കോളർഷിപ് എന്ന പേരിൽ എല്ലാം മുസ്ലിംകൾ കൊണ്ടുപോകുന്നു എന്നാക്ഷേപിച്ച് പരമാവധി മൂന്ന് കോടി രൂപയുടെ ആനുകൂല്യത്തിനുവേണ്ടി മുസ്ലിം - ക്രൈസ്തവ ബന്ധങ്ങളെ നശിപ്പിക്കാൻ മുന്നിൽനിന്നത്.
അപർണാ സെന്നിന്റെ മിസിസ് ആൻഡ് മിസ്റ്റർ അയ്യർ എന്ന സിനിമയിൽ ഒരു രംഗമുണ്ട്. കലാപത്തിനിടെ ഒരു ബസിൽ കയറി മുസ്ലിംകളെ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വ കലാപകാരികളോട് ഞങ്ങളെല്ലാം ഹിന്ദുവാണ് എന്ന് യാത്രക്കാർ പറയുന്നു. അതിനിടയിൽ പെട്ടെന്നൊരാൾ ബസിലുള്ള വൃദ്ധ മുസ്ലിം ദമ്പതികളെ ചൂണ്ടി ഇവർ മുസ്ലിമാണെന്ന് കാണിച്ചു കൊടുക്കുകയും കലാപകാരികൾ അവരെ പിടിച്ചുകൊണ്ടുപോവുകയും ചെയ്യുന്നു. അവർ പോയശേഷം എന്തിനീ ദുഷ്ടത ചെയ്തു എന്നന്വേഷിച്ചയാളോട് താൻ ജൂതനാണെന്നും പാന്റഴിച്ച് പരിശോധിച്ചാൽ തന്നെ പിടിച്ചുകൊണ്ട് പോയിക്കൊല്ലുമെന്ന് പേടിച്ചാണ് വൃദ്ധദമ്പതികളെ ഒറ്റുകൊടുത്തതെന്നുമായിരുന്നു അയാളുടെ വിശദീകരണം.
സമാനമായ രീതിയിൽ കൊളോണിയൽ കാലംമുതൽ തങ്ങളനുഭവിച്ചുവരുന്ന പ്രത്യേക ആനുകൂല്യങ്ങൾ സ്വാതന്ത്ര്യ പിറ്റേന്ന് മുതൽ കോൺഗ്രസ് വക്താക്കളാവാൻ കഴിഞ്ഞതിന്റെയും നെഹ്റുവിയൻ കാലത്തിന്റെ ഉൾക്കൊള്ളൽ സ്വഭാവത്തിന്റെയും ബലത്തിൽ തുടരാൻ കത്തോലിക്കാ സഭക്ക് സാധിച്ചു. മാത്രമല്ല, വിവരങ്ങളെല്ലാം ക്ലാസിഫൈഡ് സ്വകാര്യതകളായിരുന്ന അക്കാലത്ത് ആരൊക്കെ എന്തൊക്കെ ആനുകൂല്യങ്ങൾ പറ്റുന്നു എന്നറിയുന്നതും പ്രയാസകരമായിരുന്നു.
എന്നാൽ, ഇൻഫർമേഷൻ ടെക്നോളജിയുടെ വ്യാപനവും മാറിയ രാഷ്ട്രീയ സാഹചര്യവും തങ്ങളനുഭവിച്ചുവന്നിരുന്ന പ്രിവിലേജുകൾ പബ്ലിക് സ്ക്രൂട്ട്നിക്ക് വിധേയമാകുമെന്ന സഭയുടെ ശങ്ക വർധിപ്പിച്ചിരിക്കുകയാണ്. അത്തരമൊരു പരിശോധനയെ താങ്ങാൻ ഇത്രയും കാലം സർക്കാർ പണവും സംവിധാനങ്ങളും തന്നെ വിഭവസ്രോതസ്സുകളാക്കി മതപ്രവർത്തനം നടത്തിവരുന്ന കത്തോലിക്കാ സഭക്കാവുന്നില്ല.
അതിനാൽ മേൽ സിനിമയിലെ ഒറ്റുകാരനെപ്പോലെ മുസ്ലിംകളെ ചൂണ്ടിക്കാണിച്ച് രക്ഷപ്പെടാമെന്ന വ്യാമോഹത്തിലാണ് നേതൃത്വം. എന്തായാലും പുതിയ കോടതി വിധികളുടെയും വിവരങ്ങൾ ലഭ്യമായിത്തുടങ്ങിയ പുതിയ കാലത്തിന്റെയും പശ്ചാത്തലത്തിൽ സഭയുടെ സമ്പത്തിനെയും അത് കൈവന്ന വഴികളെയും അതിന്റെ നടത്തിപ്പ് രീതികളെയും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നുകൊണ്ടേയിരിക്കും.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.