സ്ത്രീ-പുരുഷ സമത്വത്തിന്റെ കൊടിപാറിച്ച പോരാളി
text_fieldsചരിത്രം സൃഷ്ടിച്ച മേരി റോയിയുടെ നിര്യാണത്തിൽ ദുഃഖിക്കുന്നു. പഴയ തിരുവിതാംകൂർ രാജ്യത്തെ സുറിയാനി ക്രിസ്ത്യാനികളുടെ പിതൃസ്വത്തവകാശനിയമം മുൻകാല പ്രാബല്യത്തോടെ റദ്ദാക്കി സ്വത്തവകാശത്തിൽ സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുന്ന സുപ്രീംകോടതി വിധി നേടിയെടുത്ത പോരാളിയാണവർ. വെറും സ്വത്തവകാശത്തർക്ക വിധി മാത്രമായിരുന്നില്ല അത്.
പിതാവ് വിൽപത്രമെഴുതാതെ മരിച്ചാൽ മകന് ലഭിക്കേണ്ട സ്വത്തിന്റെ മൂന്നിൽ ഒന്നു മാത്രമേ മകൾക്ക് അവകാശമുള്ളൂ എന്ന നിയമമാണ് 1986ലെ വിധിയിലൂടെ സുപ്രീംകോടതി റദ്ദാക്കിയത്. ഇന്ത്യൻ ൈക്രസ്തവരുടെ സ്വത്തവകാശ നിയമം പ്രാബല്യത്തിലാക്കിയ വിധിക്ക് കാരണമായത് മേരി റോയിയുടെ കേസായിരുന്നു. മേരി റോയി നേടിയ സുപ്രീംകോടതി വിധിക്കെതിരെ ഒരു ബിൽ കേരള അസംബ്ലി പാസാക്കിയെങ്കിലും അതിൽ ഒപ്പുവെക്കാൻ പ്രസിഡന്റ് തയാറായില്ല.
സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും യേശുക്രിസ്തുവിൽ തുല്യരാണ് എന്നുള്ളത് പതിവായി പള്ളികളിൽ വായിക്കുന്ന ബൈബിൾ പുതിയ നിയമത്തിൽ പൗലോസിന്റെ ഗലാത്തിയക്കാർക്ക് എഴുതിയ ലേഖനത്തിലാണ്. ഇത് പൗലോസിന്റെ ഒരു പ്രബോധനമായിരുന്നില്ല. അത് ക്രൈസ്തവ സഭ ആരാധിക്കുന്ന ക്രിസ്തുവിന്റേതാണ്. ആ വാചകം ഇങ്ങനെയാണ്. 'യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല.
നിങ്ങൾ എല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ്' (ഗലാത്തി. 3:28). ഈ വാചകം സ്ത്രീ-പുരുഷ വ്യത്യാസം മാത്രമല്ല വർഗ, ജാതി വ്യത്യാസങ്ങളും സമൂഹത്തിലെ ഉന്നതർ, താഴ്ന്നവർ എന്ന വ്യത്യാസവും നിഷേധിക്കുന്നു. ക്രിസ്തുവിന്റെ കാലത്ത് സ്ത്രീകളെ പുരുഷനോട് തുല്യമായി ഒരു സംസ്കാരവും പരിഗണിച്ചിരുന്നില്ല. യഹൂദ സംസ്കാരവും ഗ്രീക് സംസ്കാരവും റോമാ സാമ്രാജ്യവും ഒരുപോലെ പുരുഷാധിപത്യം നിറഞ്ഞതായിരുന്നു. ഭാരതത്തിൽ പുരുഷാധിപത്യം മാത്രമല്ല, ജാത്യാധിപത്യവും പ്രബലമായിരുന്നു. ഈ സംസ്കാരത്തിൽ ക്രിസ്തു സുവിശേഷം പുരുഷാധിപത്യത്തിലും ജാതിക്കോയ്മയിലും ഒളിക്കപ്പെട്ട കഥയാണ് മേരി റോയി കേസിലും വ്യക്തമാകുന്നത്. എന്തുകൊണ്ട് തിരുവിതാംകൂറിൽ മകനുള്ള അവകാശം മകൾക്ക് ലഭിച്ചില്ല എന്നതിന് ഉത്തരവാദി ഇവിടത്തെ ൈക്രസ്തവർ തന്നെയാണ്.
ക്രിസ്തു സ്ത്രീസമത്വം അംഗീകരിച്ച് ആദരിച്ചെങ്കിലും ക്രൈസ്തവ സഭകളിൽ പുരുഷാധിപത്യം പല രൂപങ്ങളിൽ നിലനിന്നു. അതിന് ഉത്തമ ഉദാഹരണമാണ് തോമാ ശ്ലീഹായുടെ സുവിശേഷം എന്ന രണ്ടാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിൽ രചിക്കപ്പെട്ട ഒരു സുവിശേഷ പുസ്തകം. ഈ കൃതി യേശുവിന്റെ വാക്കുകളുടെ ഒരു സമാഹരണമാണ്. ഇതിൽ യേശു പറയുന്നു: 'പുരുഷനാകുന്ന ഓരോ സ്ത്രീയും ദൈവരാജ്യത്തിൽ പ്രവേശിക്കും.' ഇതിനർഥം സ്ത്രീക്ക് സ്വർഗരാജ്യത്തിൽ പ്രവേശിക്കാൻ പുരുഷനാകണമെന്നാണ്. എന്നാൽ, സഭാ പിതാക്കന്മാർ ഈ സുവിശേഷത്തെ വ്യാജ സുവിശേഷങ്ങളുടെ ഗണത്തിലാണ് പെടുത്തിയത്. കേരളത്തിലെ പഴയ തിരുവിതാംകൂർ രാജ്യത്തിലെ പുരാതന ക്രിസ്ത്യാനികൾക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. പാരമ്പര്യം സ്വന്തം വിശ്വാസത്തെ ഗ്രസിച്ച് ഇല്ലാതാക്കിയോ എന്നു ചിന്തിക്കേണ്ടതാണ്. മനുസ്മൃതിയിൽ സുവിശേഷവെളിച്ചം മങ്ങിയതിന്റെ ഭവിഷ്യത്താണ് നാം കാണുന്നത്.
മേരി റോയിയുടെ കേസിന്റെ വിധി നടപ്പായിട്ടുപോലും സ്ത്രീധന സമ്പ്രദായം റദ്ദാക്കാനും പിതൃസ്വത്തിനു തുല്യമായ അവകാശം അംഗീകരിച്ച് നടപ്പാക്കാനും ൈക്രസ്തവ സമൂഹങ്ങൾ തയാറായതായി കാണുന്നില്ല. സ്ത്രീധന സമ്പ്രദായം പലതും നിലനിൽക്കുന്നു. പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ ഫലമായി സ്ത്രീ നവോത്ഥാനത്തിന്റെ ഒരു വസന്തം പോലെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കന്യാസ്ത്രീമാരുടെ വസന്തം കേരള കത്തോലിക്കരിൽ ഉണ്ടായത്. അതുമൂലം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വലിയ മുന്നേറ്റമുണ്ടായി. പക്ഷേ, കന്യാസ്ത്രീകളെ ഈ സഭ വേണ്ടവിധത്തിൽ ആദരിച്ചോ അംഗീകരിച്ചോ എന്ന് ആത്മശോധന ചെയ്യേണ്ടിയിരിക്കുന്നു. അവരെ അടുക്കളയിലേക്ക് ഒതുക്കിയോ എന്നു ചിന്തിക്കണം. ഫലമായി കന്യാസ്ത്രീകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേരിടുന്നതു വംശഹത്യയുടെ ഭീഷണിയാണ്.
മേരി റോയിയും കേരള ൈക്രസ്തവ സമൂഹവും വിദ്യാഭ്യാസത്തിൽ ഇടപെട്ടു നടത്തിയ മുന്നേറ്റങ്ങൾ ആർക്കും മറക്കാനാവില്ല. അത് ഇവിടെ ആരംഭിച്ചത് പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തിലുമായിരുന്നു. മേരി റോയി ചരിത്രം സൃഷ്ടിച്ച ധീരയായ ൈക്രസ്തവ വനിതയാണ്. പ്രസിദ്ധ രാഷ്ട്രീയ ചിന്തക ഹന്ന അറന്റ് എഴുതിയതുപോലെ മനുഷ്യർ ആരംഭങ്ങൾ തുടങ്ങുന്നവരാണ്. മനുഷ്യരുടെ തനിമ അതാണ്. പുരുഷന് മാത്രമല്ല സ്ത്രീക്കും അതിനു കഴിയും. അതിനൊക്കെ വേണ്ടത് ധീരമായ നിലപാടുകളാണ്. മേരി റോയിയുടേത് ഒരു കുടുംബ കഥയാകാം. സ്വന്തം മനുഷ്യത്വം ഉയർത്തിപ്പിടിക്കാനുള്ള ധീരമായ നിലപാട്. അത് ഒരു സമുദായത്തിലെ എല്ലാ സ്ത്രീകൾക്കും ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ചു. അതാണ് അവരെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. അവർ ചരിത്രത്തിൽ ഒഴുകിയവരല്ല - അവർ ചരിത്രത്തെ തന്റെ നിലപാടിലേക്ക് ഒഴുക്കിയവരാണ്. ചരിത്രത്തിൽ നാം ജീവിക്കുന്നു. പേക്ഷ, നാം ചരിത്രം സൃഷ്ടിക്കുന്നവരാകുമ്പോഴാണ് നമ്മുടെ മനുഷ്യത്വം മഹത്ത്വമണിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.