സ്ത്രീ സുരക്ഷ: കാഴ്ചപ്പാടുകള്‍ നവീകരിക്കണം
text_fieldsലോക വനിത ദിനാചരണത്തിന് പല സംഘടനകളും തകൃതിയായ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. ദിനാചരണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അതിഗംഭീരമായ ചടങ്ങുകളും കെങ്കേമമായ വരവേല്‍പ് പരിപാടികളുമാണ് ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. മറുവശത്ത് ബലാത്സംഗം, ശല്യംചെയ്യല്‍, പെണ്‍വാണിഭം അടിച്ചമര്‍ത്തല്‍ തുടങ്ങിയ സ്ത്രീപീഡന പരമ്പരകള്‍ മാറ്റമില്ലാതെ തുടരുന്ന വിപര്യയവും ദര്‍ശിക്കാം. സ്ത്രീ സുരക്ഷയെ സംബന്ധിച്ച് വാതോരാതെ പ്രസംഗിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്കും നമ്മുടെ രാജ്യത്ത് കുറവൊന്നുമില്ല.
എന്നാല്‍, പരുഷയാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണയക്കാന്‍ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും തയാറല്ല എന്നതാണ് നടുക്കമുളവാക്കുന്ന വസ്തുത. ദിനാചരണങ്ങള്‍കൊണ്ടോ ഒരു ദിവസത്തെ ബോധവത്കരണം വഴിയോ പോംവഴി കണ്ടത്തൊനാകാത്ത സമസ്യകളാണ് സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. നിര്‍ഭാഗ്യവതികളായ മഹിളകളെ കൂടുതല്‍ പാര്‍ശ്വവത്കരിക്കാന്‍ മാത്രമാണ് ഇത്തരം ദിനാചരണങ്ങള്‍ ഉതകുകയെന്ന് ഞാന്‍ ന്യായമായും സംശയിക്കുന്നു.
നേരത്തേ ഇത്തരം ചില വനിത ദിനാചരണങ്ങളില്‍ സംബന്ധിക്കാന്‍ എനിക്ക് അവസരം സിദ്ധിച്ചിരുന്നു. പക്ഷേ, മുഷിച്ചിലുണ്ടാക്കുന്ന പൊങ്ങച്ച പ്രകടനങ്ങളും കപടനാടകങ്ങളും അരങ്ങേറുന്ന വേദികളായിരുന്നു അവയത്രയും. അതിനാല്‍, മേലാല്‍ ഇത്തരം ചടങ്ങുകളില്‍ സംബന്ധിക്കില്ളെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു.
ലൈംഗികചൂഷണം മാത്രമല്ല സ്ത്രീസമൂഹം നേരിടുന്ന വെല്ലുവിളി. ഭക്ഷണ-പാര്‍പ്പിട-വസ്ത്ര കാര്യങ്ങളിലെല്ലാം അവര്‍ ഇരകളാക്കപ്പെടുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നു. തടവറകളും ചൂഷണാലയങ്ങളായി പരിണമിച്ചിരിക്കുന്നു. ഇത്തരം നിഷ്ഠുരതകള്‍ നമ്മുടെ രാജ്യം എത്തിച്ചേര്‍ന്ന ദുരന്താവസ്ഥയുടെ പരിച്ഛേദമാണ് നമുക്കുമുന്നില്‍ അനാവരണം ചെയ്യുന്നത്.
എന്നാല്‍, ഈ നരകങ്ങളിലേക്ക് ദൃഷ്ടിതുറക്കാന്‍ രാഷ്ട്രീയനേതാക്കളും ഭരണകര്‍ത്താക്കളും അവരുടെ ഉപദേശകപുംഗവരും സന്നദ്ധരല്ല -ജയില്‍ വാര്‍ഡന്മാരുടെ ദയാദാക്ഷിണ്യങ്ങളിലാണ് ഇന്ന് തടവുപുള്ളികള്‍. ജയില്‍ മുക്തരായ വ്യക്തികളുടെ അനുഭവകഥകള്‍ വായിക്കുന്നവര്‍ക്കറിയാം തടവറകളിലെ നരകതുല്യമായ ഭയാനകതയുടെ ആഴം. മാര്‍ച്ച് എട്ടിന് വനിതദിനം ആചരിക്കുമ്പോള്‍ ഏതാനും തടുവകാരികള്‍ക്കോ തടവുകാര്‍ക്കോ മധുരപലഹാരങ്ങള്‍ അയക്കുന്ന സംഘടനകള്‍ സാമൂഹികമാറ്റങ്ങള്‍ക്കുവേണ്ടി സാര്‍ഥകമായ പ്രവര്‍ത്തനങ്ങളാകണം കാഴ്ചവെക്കേണ്ടത്.
സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷങ്ങള്‍, തടവുപുള്ളികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമവും സുരക്ഷയുമാകണം രാഷ്ട്രവികസന സൂചികയുടെ യഥാര്‍ഥ മാനദണ്ഡം. സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സ്ത്രീകള്‍ക്കും ഇതര പാര്‍ശ്വവത്കൃതര്‍ക്കും ലഭിക്കുന്ന പദവികളെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതാനും സമൂഹം തയാറാകണം. അല്ലാത്തപക്ഷം, ഇരുണ്ടയുഗത്തിന്‍െറ ചതുപ്പുകളില്‍ അടിയുറച്ചുപോയ സാമൂഹികഗണമായി ഭാവിതലമുറ നമ്മെ കുറ്റപ്പെടുത്താതിരിക്കില്ല.
അനുഭവസാക്ഷ്യവുമായിഹര്‍ഷ് മന്ദര്‍
2002ലെ ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഐ.എ.എസ് പദവി രാജിവെച്ച് എഴുത്തുകളിലൂടെ തന്‍െറ സാമൂഹിക പ്രതിബദ്ധത ധീരമായി തെളിയിച്ചുകൊണ്ടിരിക്കുന്ന അസാമാന്യ വ്യക്തിയാണ് ഹര്‍ഷ് മന്ദര്‍. ഗുജറാത്തിലെ വര്‍ഗീയ ധ്രുവീകരണ പദ്ധതികളെ സംബന്ധിച്ചും ന്യൂനപക്ഷവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പീഡനങ്ങളെ സംബന്ധിച്ചും ദീര്‍ഘമായ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം പുറത്തുവിടുകയുണ്ടായി.
ഗുജറാത്ത് ലഹളയെ അതിജീവിച്ചവരെക്കുറിച്ച് അദ്ദേഹം ഇപ്പോഴും എഴുത്ത് തുടരുകയാണ്. അദ്ദേഹത്തിന്‍െറ പുതിയ സമാഹാരവും ഗുജറാത്തിലെ അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ്. ‘ഫാറ്റല്‍ ആക്സിഡന്‍റ്സ് ഓഫ് ബര്‍ത്: സ്റ്റോറീസ് ഓഫ് സ്ഫറിങ്, ഒപ്രഷന്‍ ആന്‍ഡ് റെസിസ്റ്റന്‍സ്’ എന്ന ഈ കൃതി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേരുടെ അനുഭവ കഥകളുടെ ഹൃദയസ്പൃക്കായ പ്രതിപാദ്യമാണ്. സാമ്പത്തികമോ സാമൂഹികമോ ആയ ജനന പശ്ചാത്തലം, പ്രത്യേക മതാനുയായി, ലിംഗപദവി എന്നിവമൂലം വിവേചനങ്ങള്‍ക്കും ക്ളേശങ്ങള്‍ക്കും നിന്ദകള്‍ക്കും ഇരകളാക്കപ്പെട്ടവര്‍. ഇരകളില്‍ ചിലര്‍ പോരാട്ടം വഴി പ്രതിസന്ധികളെ അതിജീവിച്ചു. ചിലര്‍ പോരാട്ടം തുടരുന്നു, പ്രതിരോധശേഷിയില്ലാതെ നിസ്സംഗ ജീവിതം നയിക്കുന്നവരും നിരവധി.
ഭരണകര്‍ത്താക്കളും ഭരണകക്ഷിക്കാരും ജനജീവിതം ഏതുവിധമാണ് ദുസ്സഹമാക്കുന്നത് എന്നതിന്‍െറ മികച്ച ദൃഷ്ടാന്തമായി മന്ദറിന്‍െറ പുസ്തകത്തെ വിലയിരുത്താം. ‘ശവക്കല്ലറകള്‍ക്കിടയിലെ ജീവിതം’ എന്ന അധ്യായത്തില്‍നിന്ന് ഏതാനും ഭാഗം ഉദ്ധരിക്കാം: ‘കടുത്ത വേനലില്‍ അഹ്മദാബാദ് ഉരുകിക്കൊണ്ടിരിക്കെയാണ് ഞാന്‍ ഖാലിദ് മുഹമ്മദ് നൂര്‍ എന്ന വയോധികനെ കണ്ടുമുട്ടിയത്. തന്‍െറ 75 വര്‍ഷത്തെ ജീവിതാനുഭവങ്ങളില്‍നിന്ന് ഏതാനും ഭാഗം അദ്ദേഹം എനിക്ക് മുന്നില്‍ വിശദീകരിച്ചു. ഇതിനകം നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് അയാള്‍ സാക്ഷിയാവുകയുണ്ടായി. 1947ലെ വിഭജനവേളയിലെ വര്‍ഗീയലഹളയില്‍ അയാള്‍ക്ക് പിതാവിനെതന്നെ നഷ്ടമായി.
1969ലെ അഹ്മദാബാദ് ലഹള, 1969ലെ ലഹള, 1992ല്‍ ബാബരി മസ്ജിദ് ധ്വംസിക്കപ്പെട്ടപ്പോള്‍ അരങ്ങേറിയ കലാപം തുടങ്ങിയവ അദ്ദേഹത്തിന് കനത്ത നഷ്ടങ്ങളും വേദനകളുമാണ് സമ്മാനിച്ചത്. എന്നാല്‍, അവയെ എല്ലാം തളരാതെ അതിജീവിച്ച ഖാലിദിനെ 2002ലെ ഗുജറാത്ത് വംശഹത്യ പരിക്ഷീണിതനാക്കി.
മുന്‍കാലങ്ങളില്‍ ലഹളക്കാര്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വെറുതെ വിട്ടിരുന്നു. എന്നാല്‍, ഗുജറാത്തിലെ ലഹളക്കാര്‍ സ്ത്രീയെന്നോ കുട്ടിയെന്നോ ഭേദമില്ലാതെ ജനങ്ങളെ അരിഞ്ഞുവീഴ്ത്തുകയുണ്ടായി. പലരെയും ചുട്ടുകൊന്നു. സ്ത്രീകളെ മാനഭംഗത്തിനിരയാക്കി. കടകള്‍ ചാമ്പലാക്കി. മുമ്പില്ലാത്തവിധം നിഷ്ഠുരമായ രീതികളില്‍’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.