വനിത സംവരണ ബിൽ; അവകാശവാദങ്ങളും പ്രതിവാദങ്ങളും
text_fieldsവർഷങ്ങൾക്ക് മുമ്പ് രാജ്യസഭ പാസാക്കിയ, പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള ഭരണഘടന ഭേദഗതി ബില്ലിന് പാർലമെന്റിന്റെ ഇരുസഭകളിലും അംഗീകാരമായിരിക്കുന്നു. 15 നിയമസഭകൾ കുടി അംഗീകരിക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്താൽ അതൊരു നിയമമായി മാറും.
ന്യൂനപക്ഷ സമൂഹങ്ങളിലെയും മറ്റു പിന്നാക്ക വിഭാഗങ്ങളിലെയും സ്ത്രീകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനെക്കുറിച്ച് ബില്ലിൽ പരാമർശമേതുമില്ല. സാമൂഹിക നീതി ഉറപ്പാക്കുന്നതിനായി സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിന് ഇത് ഉപകരിക്കില്ലെന്ന അഭിപ്രായം നിരീക്ഷകർക്കിടയിൽ അതിശക്തമാണ്. സഭകൾ അംഗീകാരം നൽകിയെങ്കിലും ബിൽ ഉടനെയൊന്നും പ്രാബല്യത്തിൽ വരില്ലെന്നതാണ് മറ്റൊരു വിഷയം.
നിയമമന്ത്രി അർജുൻ മേഘ്വാൾ ബിൽ അവതരിപ്പിക്കവെ വ്യക്തമാക്കിയത് മണ്ഡല പുനർനിർണയം പൂർത്തിയാക്കിയ ശേഷം ഇത് പ്രാബല്യത്തിൽ വരുമെന്നും അതിന് മുമ്പ് 2021 മുതൽ നടക്കേണ്ട ദേശീയ സെൻസസ് നടത്തുമെന്നുമാണ്.
അടുത്ത മണ്ഡല പുനർനിർണയം നിശ്ചയിച്ചിരിക്കുന്നത് 2026ലാണെന്നിരിക്കെ 2024ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് സാധ്യതയേതുമില്ല. ബിൽ നിലവിൽ വന്നാൽ ഇപ്പോഴുള്ള 82 വനിതാ അംഗങ്ങളുടെ സ്ഥാനത്ത് 181പേരുണ്ടാകുമെന്ന് നിയമമന്ത്രി വിശദമാക്കുന്നു.
ബില്ലിന് ‘നാരി ശക്തി വന്ദൻ ബിൽ’ എന്ന് പേരിടുന്നതിനെ പലരും ചോദ്യം ചെയ്യുന്നുണ്ട്. ബിൽ നിലവിൽ വരുന്നതിന് ഇനിയും കാലങ്ങളെടുക്കുമെന്നിരിക്കിലും ക്രെഡിറ്റ് അടിച്ചെടുക്കുന്നതിനുള്ള മത്സരം ഉച്ചസ്ഥായിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ‘‘സ്ത്രീ ശാക്തീകരണത്തിനുള്ള ഈ വിശുദ്ധ ദൗത്യത്തിനായി ദൈവം എന്നെ തെരഞ്ഞെടുത്തതായി തോന്നുന്നു’’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
സ്ത്രീ അവകാശ പ്രവർത്തകയും പാർലമെന്റംഗവുമായിരുന്ന സോഷ്യലിസ്റ്റ് നേതാവ് പ്രമീള ദന്തവതെ, കേരളത്തിൽ നിന്നുള്ള മുൻ പാർലമെന്റംഗവും മാർക്സിസ്റ്റ് നേതാവുമായ സുശീല ഗോപാലൻ, മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മാർഗരറ്റ് ആൽവ, സി.പി.ഐ നേതാവ് ഗീതാ മുഖർജി തുടങ്ങിയവർ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് ഒരു ചർച്ചയും ഉയരുന്നില്ല.
ആ ധീരവനിതകൾ വഹിച്ച നേതൃപരമായ പങ്ക് നിഷേധിച്ചുകൊണ്ട് ആർക്കും വനിതാ ബില്ലിന്റെ രക്ഷകർതൃത്വം ഏറ്റെടുക്കാനാവില്ല. 33 ശതമാനം സംവരണം ആവശ്യപ്പെട്ട് പാർലമെന്റിൽ ഒരു സ്വകാര്യബിൽ ആദ്യമായി അവതരിപ്പിച്ചത് 1996 സെപ്റ്റംബറിൽ ഗീതാ മുഖർജിയായിരുന്നു.
ദേവഗൗഡ നേതൃത്വം നൽകിയ ഐക്യ മുന്നണി സർക്കാറാണ് അന്ന് ഭരണപഥത്തിൽ. യു.പി.എ സർക്കാർ ഭരണത്തിലിരിക്കെ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കി. അക്കാലത്ത് ബില്ലിനെ എതിർത്ത യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ഇപ്പോൾ സ്വാഗത പ്രസ്താവനയുമായി രംഗത്തുണ്ട്.
യു.പി.എ സർക്കാറിന്റെ കാലത്ത് ബില്ലിനെ എതിർത്തവരിൽ സമാജ്വാദി പാർട്ടിയുമുണ്ടായിരുന്നു, പക്ഷേ എതിർപ്പിന് അവർ ഉന്നയിച്ച കാരണം മറ്റൊന്നായിരുന്നു. സ്ത്രീകൾക്കുള്ള സംവരണം മേൽജാതിക്കാരും ഉന്നത കുടുംബങ്ങളിലെ വനിതകളും കൈയടക്കും എന്ന ആശങ്കയായിരുന്നു അത്. സംവരണ സീറ്റുകൾക്കുള്ളിൽ എസ്.സി/എസ്.ടിക്ക് േക്വാട്ട ഉണ്ടാകുമെന്ന് ബില്ലിൽ പരാമർശമുണ്ട്.
ഓരോതവണ മണ്ഡല പുനർനിർണയ പ്രക്രിയ കഴിഞ്ഞ ശേഷവും സംവരണ സീറ്റുകൾ തിരിക്കും. ജനസംഖ്യ കണക്കെടുപ്പിനും മണ്ഡല പുനർനിർണയത്തിനും ശേഷം ലോക്സഭാ സീറ്റുകൾ എങ്ങനെയാവും രൂപപ്പെടുക എന്നത് വളരെ പ്രധാനമാണ്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകൾക്ക് എന്ത് സംഭവിക്കുമെന്ന് അതിനുശേഷമേ അറിയാൻ കഴിയൂ.
2026ന് ശേഷമേ നടപ്പാക്കാനാവൂ എന്നിരിക്കെ ഇപ്പോൾ ബില്ലിന്റെ പേരിൽ നടക്കുന്നത് വെറും തട്ടിപ്പും ഒച്ചപ്പാടും മാത്രമാണെന്നാണ് ആർ.ജെ.ഡി ദേശീയ ഉപാധ്യക്ഷയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റബ്റിദേവി നടത്തിയ അടിയന്തര പ്രതികരണം. വനിത േക്വാട്ടയിൽ ഒ.ബി.സി, ന്യൂനപക്ഷ വിഭാഗത്തിലുള്ള സ്ത്രീകൾക്ക് അവസരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ബിൽ അവതരണത്തെ സ്വാഗതം ചെയ്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രണ്ട് കാര്യങ്ങൾ ആവശ്യപ്പെട്ടു. വനിത സംവരണത്തിൽ ഒ.ബി.സിക്ക് സംവരണം വേണം, സെൻസസിനൊപ്പം ജാതി സെൻസസു കൂടി നടത്തണം എന്നിങ്ങനെ രണ്ട് ആവശ്യങ്ങൾ. പൊതു സെൻസസിനൊപ്പം ജാതി സെൻസസും കൂടി നടത്തിയാലേ സ്ത്രീകൾക്ക് നേട്ടമുണ്ടാകൂവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
മറ്റു പിന്നാക്ക വിഭാഗങ്ങളിലെയും മുസ്ലിം സമുദായത്തിലെയും സ്ത്രീകൾക്ക് സംവരണമില്ലെന്നതാണ് ബില്ലിന്റെ ഏറ്റവും വലിയ പോരായ്മയെന്ന് ഓൾ ഇന്ത്യ മജ്ലിസ് ഇത്തിഹാദുൽ മുസ്ലിമീൻ മേധാവി അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തുന്നു. ബില്ലിനെതിരായ രണ്ട് വോട്ടുകൾ മജ്ലിസ് അംഗങ്ങളുടേതായിരുന്നു.
ഒരു നിയമം നിർമിക്കുമ്പോൾ പ്രാതിനിധ്യമില്ലാത്തവർക്കാണ് അത് ഉറപ്പാക്കേണ്ടത് എന്ന് പറഞ്ഞ ഉവൈസി ഒരു കണക്കുകൂടി നിരത്തുന്നു. ‘‘രാജ്യത്ത് ഇതിനകം 17 ലോക്സഭാ തെരഞ്ഞെടുപ്പുകൾ നടന്നു, 8992 എം.പിമാർ തെരഞ്ഞെടുക്കപ്പെട്ടു, അതിൽ മുസ്ലിംകളുടെ എണ്ണം 520 മാത്രമാണ്. 50ശതമാനം കുറവാണിത്.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.