അറബിഭാഷയെ സ്വീകരിച്ച കേരളം
text_fieldsലോക ഭാഷകളിൽ ഉത്തുംഗശ്രേണിയിൽ സ്ഥാനംപിടിച്ച അറബിഭാഷക്ക് പ്രാചീനകാലം മുതൽതന്നെ കേരളവുമായി ശക്തമായ ബന്ധമുണ്ട്. കച്ചവടത്തിനും മതപ്രചാരണത്തിനുമായി എത്തിയ മാലിക് ദീനാറും സംഘവും കേരളത്തിൽ ഭാഷയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അസ്സൽ, ആപത്ത്, ഉലുവ, ഒസിയത്ത്, കത്ത്, കീശ, വക്കീൽ തുടങ്ങിയ നൂറുകണക്കിന് പദങ്ങൾ മലയാള നാടിന് സമർപ്പിച്ചത് അറബിഭാഷയാണ്. അരി, കർപ്പൂരം, നാരങ്ങ തുടങ്ങി ധാരാളം പദങ്ങൾ അറബിഭാഷയിലേക്ക് സംഭാവന ചെയ്യാനും കേരളത്തിന് സാധിച്ചിട്ടുണ്ട്.
കേരളത്തിൽ 50 ലക്ഷത്തിലധികം ആളുകൾക്ക് അറബിഭാഷ പരിചിതമാണെന്നാണ് വിലയിരുത്തുന്നത്. 1912ൽ തിരുവിതാംകൂർ രാജഭരണം അറബിഭാഷക്ക് നൽകിയ അംഗീകാരമാണ് ഇന്ന് കേരളത്തിൽ അറബിഭാഷ വളർന്നുപന്തലിക്കാൻ കാരണമായത്. ഭാഷാസ്നേഹിയും ദാർശനികനുമായ വക്കം അബ്ദുൽ ഖാദിർ മൗലവി അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ബിഷപ്പിന് നൽകിയ നിവേദനം ഭാഷക്ക് ധാരാളം വിഭവം നൽകാൻ നിമിത്തമായ ഒരു വിത്തുതന്നെയായിരുന്നു. അങ്ങനെ തിരുവിതാംകൂർ സർക്കാർ മേധാവിയായ ശ്രീമൂലം തിരുനാൾ തെൻറ കീഴിലുള്ള പ്രവിശ്യകളിൽ അറബിക് അധ്യാപകരെ നിയമിച്ചു. പൊന്നാനിയിൽ ഒമ്പതു മാസത്തെ ട്രെയ്നിങ് നൽകിയാണ് അവർക്ക് അധ്യാപകരായി നിയമനാംഗീകാരം കൊടുത്തത്. കെ.കെ. ജമാലുദ്ദീൻ, സി.എൻ. അഹ്മദ് മൗലവി, കരുവള്ളി മുഹമ്മദ് സാഹിബ് എന്നിവരാണ് ആദ്യകാല സർക്കാർ അറബിക് അധ്യാപകർ.
വക്കം അബ്ദുൽ ഖാദിർ മൗലവിയെത്തന്നെയാണ് ആദ്യത്തെ അറബിക് ടെക്സ്റ്റ്ബുക്ക് കമ്മിറ്റി ചെയർമാനായി സർക്കാർ നിശ്ചയിച്ചത്. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായ കാലത്ത് ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള ടെക്സ്റ്റ്ബുക്കുകൾക്ക് രൂപം നൽകുകയും കാലോചിതമായ പരിഷ്കരണങ്ങൾ വരുത്തുകയും ചെയ്തു. 1967ൽ മന്ത്രിസ്ഥാനം ഏറ്റെടുത്ത സി.എച്ച്. മുഹമ്മദ്കോയ അറബിക് അധ്യാപകൻ അനുഭവിക്കുന്ന മിക്ക പ്രശ്നങ്ങൾക്കും പരിഹാരം കാണുകയുണ്ടായി. ഇന്ന് പ്രൈമറിതലം മുതൽ ഗവേഷണതലം വരെയും പോസ്റ്റ് ഡോക്ടറേറ്റ് തലത്തിലേക്കും പ്രവേശിക്കാൻ അറബിഭാഷക്ക് അവസരങ്ങളുണ്ട്. അറബിഭാഷാപഠനം അനൗപചാരികമായി കേരളത്തിെൻറ മുക്കുമൂലകളിൽ അന്നും ഇന്നും സജീവമായി നടന്നുവരുകയാണ്. ശാന്തപുരം അൽജാമിഅ, പട്ടിക്കാട് നൂരിയ്യ, കാരന്തൂർ മർകസുസ്സഖാഫതിസ്സുന്നിയ്യ പോലുള്ള സ്ഥാപനങ്ങളിലും സർക്കാർ അംഗീകാരമുള്ള അറബിക് കോളജുകളിലും ഭാഷാപഠനം വളരെ സജീവമാണ്.
ശ്രദ്ധേയമായ ധാരാളം കൃതികൾ അറബിയിൽനിന്ന് മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്. ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (െഎ.പി.എച്ച്) എന്ന പ്രസിദ്ധീകരണാലയമാണ് ഏറ്റവും കൂടുതൽ അറബിക് ഗ്രന്ഥങ്ങൾ മലയാളിക്ക് പരിചയപ്പെടുത്തിയത്. ഇേതപ്രകാരം, മലയാളത്തിൽനിന്ന് അറബിഭാഷയിലേക്ക് ധാരാളം കൃതികൾ വിവർത്തനം ചെയ്തിട്ടുമുണ്ട്. ജ്ഞാനപീഠം പുരസ്കാരം ലഭിച്ച എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീൻ’ പ്രമുഖ അറബിക് പണ്ഡിതൻ ഡോ. മുഹ്യിദ്ദീൻ ആലുവായ് അറബിഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തു. കവി കുമാരനാശാൻ രചിച്ച ‘വീണപൂവ്’ മൗലവി അബൂബക്കർ നന്മണ്ട കാവ്യരൂപത്തിൽ ഭാഷാന്തരം ചെയ്തു. നോവലിസ്റ്റ് ബെന്യാമിൻ രചിച്ച ആടുജീവിതം, ശ്രീനാരായണ ഗുരുവിെൻറ ദൈവദശകം എന്നിവയും അറബിഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടവയാണ്.
കേരളത്തിലെ ഗവൺമെൻറ്, എയിഡഡ് സ്കൂളിലെ അറബിഭാഷ വിദ്യാർഥികൾക്ക് നടപ്പിലാക്കിയ മഹത്തായ പരിപാടിയാണ് അറബി സാഹിത്യോത്സവം. 1984ൽ അറബിക് സ്പെഷൽ ഒാഫിസറായിരുന്ന എം.എസ്. മൗലവിയുടെ ദീർഘവീക്ഷണമാണ് ഇതിെൻറ പിന്നിലുള്ളത്. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ 41 മത്സരപരിപാടികൾ ഇൗ സാഹിേത്യാത്സവത്തിലുണ്ട്.
ഭാഷാനൈപുണ്യവും ഭാഷാസ്നേഹവും വളർത്തുന്നതിന് ഇൗ മത്സരപരിപാടി സഹായിക്കുന്നുവെന്ന് എല്ലാവരും സമ്മതിക്കുന്നു. നല്ല അവബോധം ഭാഷാസ്നേഹികളിൽ സ്ഥാനംപിടിച്ചാൽ നിലവാരമുള്ള പരിപാടികൾക്ക് അർഥവും ജനകീയതയും കൈവരും. വിദ്യാർഥികൾക്കും അധ്യാപകർക്കും ഇൗ വിഷയത്തിൽ ദിശാബോധം രൂപപ്പെടേണ്ടതുണ്ട്. കലോത്സവ മാന്വൽ പ്രകാരം ഭാഷ, ചരിത്രം, സംസ്കാരം തുടങ്ങിയ മേഖലകളിൽനിന്നാണ് അറബിക് ക്വിസിെൻറ ചോദ്യങ്ങൾ രൂപപ്പെടുന്നത്. പൊതുവിജ്ഞാന ചോദ്യങ്ങളതിൽ ഉൾപ്പെടുമെങ്കിലും ഭാഷാ വികസന ചോദ്യങ്ങൾ ലളിതമായി ചോദിക്കാനും കുട്ടികൾക്ക് ചിന്തിക്കാനും അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്.
കേരളത്തിൽ ധാരാളം പേർ അറബിഭാഷ പഠിച്ചിട്ടുണ്ട്. ഗോപാലിക അന്തർജനം ഭാഷ പഠിച്ച് അറബിക് അധ്യാപികയായി ജോലി ചെയ്തത് കേരളീയർ മറന്നിട്ടില്ല. കേരളത്തിൽ ഇന്ന് 50േലറെ അറബിക് അധ്യാപകർ മുസ്ലിംകളല്ലാത്തവരുണ്ട്. കേരളത്തിലെ തൊഴിലില്ലായ്മക്ക് ഒരുപരിധിവരെ പരിഹാരം ഗൾഫ് രാജ്യങ്ങളാണ്. ആതുര ശുശ്രൂഷരംഗത്തും വിദ്യാഭ്യാസ മേഖലയിലും വ്യവസായിക രംഗങ്ങളിലും മറ്റു തൊഴിൽ വിഭാഗങ്ങളിലും കേരളീയർ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. ഭാഷാപഠനം അവരുടെ തൊഴിൽ സാധ്യതകളെ വർധിപ്പിക്കും. ഭാഷ, സംസ്കാരം, കല, സാഹിത്യം, തൊഴിൽസാധ്യത എന്നിവയുടെ ഉയർച്ചക്കായി നമുക്ക് ആസ്ഥാനം അത്യാവശ്യമാണ്. ഇതിനുവേണ്ട എല്ലാ സഹായവും കേരളം സന്ദർശിച്ച ഡോ. സുൽത്താൻ മുഹമ്മദ് ബിൻ ഖാസിം കേരള സർക്കാറിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് പുലരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.