നല്ല നാളേക്ക് ഒരു കോടി വൃക്ഷവേരുകൾ
text_fieldsജൈവവൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിെൻറ അനിവാര്യതയാണ്. മനുഷ്യെൻറ ഇടപെടലിൽ ജൈവവൈവിധ്യങ്ങൾക്ക് നാശനഷ്ടം വരുന്നു എന്നത് വസ്തുതയാണ്. ഇത്തരമൊരു അവസ്ഥയിൽ നമ്മുടെ പച്ചപ്പും ജൈവവൈവിധ്യവും എങ്ങനെ സംരക്ഷിക്കാം എന്നതാണ് മുന്നിലുള്ള പ്രധാന പ്രശ്നം. ഈ പരിസ്ഥിതി ദിനത്തിൽമാത്രം ചർച്ചചെയ്യേണ്ട ഒന്നല്ല അത്. ഇടതുപക്ഷ ജനാധിപത്യമുന്നണി 2016ൽ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച പ്രകടനപത്രികയിൽ പരിസ്ഥിതിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവെച്ചിരുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത സുസ്ഥിര വികസന മാതൃകയാണ് കാലഘട്ടത്തിെൻറ ആവശ്യം. ഇതു മുന്നിൽ കണ്ടുകൊണ്ടാണ് തുടക്കം മുതൽ സർക്കാർ ഇടപെടുന്നത്.
ജൈവവൈവിധ്യ സംരക്ഷണത്തിെൻറ അനിവാര്യത ഉദ്ഘോഷിക്കുന്നതിനൊപ്പം പ്രകൃതിയെ തകർക്കുന്ന പ്രവണതകൾക്കെതിരായ അവബോധമുണർത്തുന്നതു കൂടിയാണ് പരിസ്ഥിതി ദിനാചരണം. കേരളത്തിെൻറ ഹരിതകേരളം മിഷൻ അത്തരമൊരു മുൻകൈയാണ്. ഭൂമിയും മണ്ണും വായുവും ജലവും മലിനമാക്കാതെ വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന സുസ്ഥിര വികസന പരിേപ്രക്ഷ്യം കേരളത്തിെൻറ പാരിസ്ഥിതിക സമനില വീണ്ടെടുക്കുന്നതിൽ ഏറ്റവും പ്രധാനമാണ്.
ഹരിത കേരളം മിഷെൻറ പ്രവർത്തനങ്ങൾ കൃഷിവകുപ്പ്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സാമൂഹിക വനവത്കരണ വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പ്രധാനമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സംഘടിപ്പിച്ചത്. 2016-17ൽ 86 ലക്ഷം വൃക്ഷത്തൈകൾ ഇങ്ങനെ കേരളത്തിൽ നട്ടു. തുടർച്ചയായ രണ്ടു വർഷങ്ങളിലെ പ്രളയം തൈകളുടെ നിലനിൽപിനെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് വൃക്ഷവത്കരണ പ്രവർത്തനങ്ങളെ സ്ഥായിയാക്കുന്നതിനും കൃത്യമായ തുടർപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. പത്തനംതിട്ട ജില്ലയിലെ കൊടുമൺ, കോട്ടയത്തെ എലിക്കുളം എന്നിവ എല്ലാ വാർഡിലും പച്ചത്തുരുത്തുകൾ സ്ഥാപിച്ച് സമ്പൂർണ പച്ചത്തുരുത്ത് പഞ്ചായത്തുകളായി മാറി.
ചെറിയ കാലയളവിനുള്ളിൽ നാലു ദുരന്തങ്ങളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തവരാണ് കേരളീയർ. തുടർച്ചയായ വർഷങ്ങളിൽ സംഭവിച്ച രണ്ടു പ്രളയങ്ങൾ, ഒരു ചുഴലിക്കാറ്റ്, നിപ വൈറസ് ബാധ എന്നിവ കേരളത്തെ പിടിച്ചുലച്ചു. ഇവയിൽ ഏറ്റവും വലിയ ആഘാതം നമുക്കുണ്ടായത് 2018ൽ സംഭവിച്ച നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയത്തെ തുടർന്നാണ്. പ്രളയത്തിൽനിന്നു കരകയറിയെങ്കിലും അതിൽ തകർന്ന കേരളത്തെ പുനർനിർമിക്കുകയെന്ന വലിയ ദൗത്യം നമുക്ക് പൂർത്തിയാക്കാനുണ്ട്. അതിനിടയിലാണ് കോവിഡ് 19 മഹാമാരി വന്നത്. ഇനിയുള്ള നമ്മുടെ പരിസ്ഥിതി ഇടപെടലുകൾ അതിനനുസൃതം കൂടിയാവണം.
ഈ വർഷം ഒരുകോടി ഒമ്പതു ലക്ഷം വൃക്ഷത്തൈകൾ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. ജൂൺ അഞ്ചിന് 81 ലക്ഷം തൈകൾ നടും. ജൂലൈ ഒന്നുമുതൽ 27 വരെയുള്ള ദിവസങ്ങളിൽ 28 ലക്ഷം തൈകൾ നടും. കൃഷിവകുപ്പും വനംവകുപ്പും ചേർന്നാണ് തൈകൾ തയാറാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ 12 ലക്ഷം തൈകൾ ഒരുക്കി. ‘ഭൂമിക്ക് കുടചൂടാൻ ഒരുകോടി മരങ്ങൾ’ എന്ന ശീർഷകത്തിലാണ് ഈ പദ്ധതി.
ഖരമാലിന്യങ്ങളുടെ ശേഖരണവും അതിെൻറ സംസ്കരണവും നമുക്ക് പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മാലിന്യനിർമാർജനം പ്രധാന ലക്ഷ്യങ്ങളിലൊന്നായി നാം കാണുന്നു. ഈ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിെൻറ മണ്ണിലേക്ക് ഇറങ്ങുന്ന ഒരുകോടി വൃക്ഷവേരുകൾ നമ്മുടെ നല്ല നാളേക്കുള്ള ഉറപ്പാണ്. ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള കേരളത്തിെൻറ ഈടാണ് അത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.