കാതോർക്കാൻ കരുതൽ നൽകാം
text_fieldsഏറെ സംരക്ഷണം നൽകി പരിചരിക്കേണ്ട മനുഷ്യശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ചെവി. പലപ്പോഴും നാം ഏറെ അശ്രദ്ധമായാണ് അതിനെ കൈകാര്യം ചെയ്യുന്നത്. ശബ്ദം ഗ്രഹിക്കുന്നതിലും ശരീര തുലനാവസ്ഥ നിലനിർത്തുന്നതിലുമാണ് ചെവിയുടെ പ്രാധാന്യം.
പ്രധാനമായും ബാഹ്യകർണം, മധ്യകർണം, ആന്തരകർണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ചെവിക്കുള്ളത്. ബാഹ്യകർണത്തിലെ പ്രധാന ഭാഗമായ ചെവിക്കുട വഴി പുറമെനിന്ന് ശബ്ദതരംഗങ്ങളെ മധ്യചെവിയിലേക്ക് എത്തിക്കുന്നു, തുടർന്ന് ചെറിയ അസ്ഥികൾ വഴി കമ്പനങ്ങൾ ചെയ്യിപ്പിച്ചുകൊണ്ട് ശബ്ദതരംഗങ്ങളെ ആന്തരകർണത്തിലെ ഒച്ച് ആകൃതിയിൽ കാണപ്പെടുന്ന കേൾവിയുടെ പ്രധാനഭാഗമായ കോക്ലീയയിലേക്ക് നയിക്കുന്നു.
ശേഷം കേൾവിയുടെ നാഡി വഴി തലച്ചോറിലേക്ക് പ്രവേശിക്കുന്നു-അപ്പോഴാണ് കേൾവി എന്ന അനുഭൂതി മനുഷ്യരിൽ സാധ്യമാകുന്നത്. ചെവിയുടെ വ്യത്യസ്ത ഭാഗങ്ങളിൽ വരുന്ന രോഗാവസ്ഥകൾ മൂലം കേൾവിക്കുറവ് (കണ്ടക്ടിവ് ഹിയറിങ് ലോസ്, മിക്സഡ് ഹിയറിങ് ലോസ്, സെൻസറി ന്യൂറൽ) പ്രകടമാവുന്നു.
ചെവിക്കായം, അണുബാധ, ചെവിയുടെ പാട/കർണപടം പൊട്ടുക, ജന്മനാ ഉള്ളവ/ജനിതക വൈകല്യങ്ങൾ, പാരമ്പര്യം, മുണ്ടിവീക്കം, അഞ്ചാം പനി എന്നിവയെല്ലാം കേൾവിക്കുറവിലേക്ക് നയിച്ചേക്കാം.
കേൾവിക്കുറവ് പരിഹരിക്കാം
കേൾവിയിൽ സംശയങ്ങൾ പ്രകടമാവുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കുക. ഓഡിയോളജിസ്റ്റ് മുഖേനെ കേൾവി പരിശോധന നടത്തി അനുയോജ്യമായ കേൾവി സഹായികൾ ഉപയോഗിക്കുക, സർജറി വഴി മാറ്റാൻ പറ്റുന്നതാണെങ്കിൽ ആ വഴി തേടുക .
കേൾവിയെ എങ്ങനെ സംരക്ഷിക്കാം
- അമിത ശബ്ദങ്ങളുള്ള സാഹചര്യങ്ങളിൽനിന്ന് അകലം പാലിക്കുക
- ചെവി സംരക്ഷണ അടപ്പുകൾ ഉപയോഗിക്കുക (Ear protective device)
- ഹെഡ്സെറ്റ് ഉപയോഗിക്കുന്നവർ നിശ്ചിത അളവിലേറെ വോളിയം ഉയർത്താതിരിക്കുക, അധികനേരം അവ ഉപയോഗിക്കാതിരിക്കുക
- ഡി,ജെ പാർട്ടികളിൽ സമയപരിധി പാലിക്കുക, സ്പീക്കറിൽനിന്ന് അകലം പാലിക്കുക
- ചെവി നനവില്ലാതെ സൂക്ഷിക്കുക (പൂളിലും പുഴകളിലും കുളിക്കുമ്പോൾ ശ്രദ്ധിക്കുക )
- ചെവിയിലെ കായം കളയാൻ ബഡ്സ് ഉപയോഗിക്കാതിരിക്കുക
- അമിത ശബ്ദങ്ങൾ ഉള്ള സാഹചര്യങ്ങളിൽ ജോലിചെയ്യുന്നവർ നിശ്ചിത ഇടവേളകൾ എടുക്കുക
- കൃത്യമായി ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിക്കുക
- കേൾവിക്കുറവിന്റെ ലക്ഷണങ്ങൾ പ്രകടമായാൽ ചികിത്സ തേടുക, കൃത്യമായ പരിശോധനകൾക്ക് വിധേയമാവുക.
- നവജാത ശിശുക്കളുടെ കേൾവി നിർണയം നടത്തി കേൾവിക്കുറവ് ഇല്ലെന്ന് ഉറപ്പുവരുത്തുക
(കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓഡിയോളജിസ്റ്റ്& സ്പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റ് ആണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.