Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനീ​തി​ദേ​വ​ത​ക്ക്...

നീ​തി​ദേ​വ​ത​ക്ക് തു​റ​ന്ന ക​ത്ത്

text_fields
bookmark_border
നീ​തി​ദേ​വ​ത​ക്ക് തു​റ​ന്ന ക​ത്ത്
cancel
camera_alt

അനിർബൻ ഭട്ടാചാര്യയും ഉമർ ഖാലിദും- ഒരു പഴയ ചിത്രം  (ചിത്രം- സമിം അസ്ഗോർ അലി)

ഇന്ന് ലോക മനുഷ്യാവകാശ ദിനം. പൗരത്വ സമരത്തിൽ പങ്കെടുത്തതിന് യു.എ.പി.എ കേസിൽ കുരുക്കപ്പെട്ട വിദ്യാർഥി നേതാവ് ഉമർ ഖാലിദ് 818 ദിവസമായി ജയിലിലാണ്. അവകാശങ്ങൾക്കുവേണ്ടി പൊരുതുന്നവരെ സംരക്ഷിക്കാൻ നീതിപീഠം മുന്നോട്ടുവരണമെന്ന് ഉണർത്തുന്നു ഉമറിന്‍റെ പ്രിയ സുഹൃത്ത് അനിർബൻ ഭട്ടാചാര്യ

പ്രിയപ്പെട്ട ജസ്റ്റീഷ്യ,

നീതിയുടെ ദേവതയായ താങ്കളോട് ചിലത് പറയണമെന്ന് കുറച്ചുകാലമായി കരുതുന്നു. നിയമം, നീതി, മാനവികത എന്നിവ ലംഘിക്കുന്നവരെ ശിക്ഷിക്കുന്നതിൽ നിങ്ങൾ അശ്രദ്ധ കാണിച്ച നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും, ഞങ്ങൾ വിശ്വാസം നിലനിർത്തിപ്പോന്നു. പക്ഷേ, ഇപ്പോൾ നീതിക്കുവേണ്ടി പൊരുതുന്നവരെപ്പോലും സംരക്ഷിക്കാൻ നിങ്ങൾക്ക് കഴിയാതെവന്നിരിക്കുന്നു.

പൗരത്വത്തിന്റെ പവിത്രത തകർക്കുന്ന ഭരണകൂടത്തിന്റെ ഭരണഘടന വിരുദ്ധ നീക്കങ്ങൾക്കെതിരെ ശബ്ദമുയർത്തിയവർ തങ്ങൾക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് അറിഞ്ഞുകൂടാത്തവരായിരുന്നില്ല. ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി ഒതുക്കാനുള്ള നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കുചേരുന്നത് വെച്ചുപൊറുപ്പിക്കപ്പെടില്ലെന്നും അതിന്റെപേരിൽ താൻ കനത്ത വില നൽകേണ്ടിവരുമെന്നും എന്റെ കൂട്ടുകാരൻ ഉമർ ഖാലിദിന് നന്നായി അറിയാമായിരുന്നു;

ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കുന്നതിനായുള്ള അഹിംസാത്മകവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ മുന്നേറ്റത്തിനെതിരെ ഭരണകൂടം പേശിബലം പ്രകടിപ്പിച്ചാലും നേരിനായി പൊരുതുന്നവരെ പ്രതിരോധിക്കാൻ നിങ്ങൾ ഇടപെടുമെന്ന വിശ്വാസവും അവൻ വെച്ചുപുലർത്തിയിരുന്നു.ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതി പ്രത്യേക ബെഞ്ചിന്റെ ഒക്‌ടോബർ 18ലെ വിധി നിങ്ങൾ കൈയിലേന്തിയിരിക്കുന്ന തുലാസ് സന്തുലിതമല്ല എന്നതിന്റെ തെളിവാണ്.

ഒരു നീണ്ട മുന്നറിയിപ്പോ ക്ഷമാപണമോ പോലെ തോന്നിക്കുന്ന ആ വിധിയിൽ പറയുന്നു: 'സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആർട്ടിക്ക്ൾ 11(1) പ്രകാരം ഏതൊരു കുറ്റാരോപിതനും കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്ന് അനുമാനിക്കപ്പെടുന്നു. ക്രിമിനൽ നിയമവ്യവസ്ഥയിലെ ഈ അടിസ്ഥാനതത്ത്വത്തെ ബഹുമാനപ്പെട്ട സുപ്രീംകോടതിയും ശരിവെച്ചിട്ടുണ്ട്.

എന്നിരുന്നാലും, യു.എ.പി.എ [നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം], എൻ.ഡി.പി.എസ്[നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട്], പോക്‌സോ [ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നിയമം] തുടങ്ങിയ ചില പ്രത്യേക നിയമങ്ങളിൽ ഇതിന് വിരുദ്ധമായ അനുമാനം ഉൾക്കൊള്ളുന്നു, അത് ബന്ധപ്പെട്ട ചട്ടങ്ങൾപ്രകാരം ജാമ്യത്തിനുള്ള വ്യവസ്ഥകളിൽ അനിവാര്യമായ സ്വാധീനം ചെലുത്തുന്നു'.

ഈ 'വിരുദ്ധ അനുമാനം'ദുർബലർക്കെതിരെ അധികാരം പ്രയോഗിക്കുന്നവർക്ക് അനുകൂലമായി നിങ്ങളുടെ തുലാസ്സിനെ നീക്കുന്നു. യു.എ.പി.എയിൽ കനം തൂങ്ങുന്നത് മുൻധാരണകൾക്കാണ്. കള്ളങ്ങളും കെട്ടിച്ചമക്കലുകളുംകൊണ്ട് ബെഞ്ചിനു മുന്നിൽ പ്രകടനം നടത്താൻ പ്രോസിക്യൂട്ടർക്ക് ഇത് ഇടം നൽകുന്നു. വിധിയിലെ വിലയിരുത്തലുകൾ പ്രകാരം ഏതൊരു പ്രതിഷേധത്തെയും ക്രിമിനൽ കുറ്റമായി വ്യാഖ്യാനിക്കാൻ സർക്കാറിന് അവസരം കൈവരുന്നു.

ഉമർ ഖാലിദ് നടത്തിയ ഒരു പ്രസംഗത്തിലെ ഇൻഖിലാബി സലാം (വിപ്ലവാഭിവാദ്യങ്ങൾ) ക്രാന്തികാരി ഇസ്തിഖ്ബാൽ (വിപ്ലവാത്മകമായ സ്വാഗതം) എന്നീ പ്രയോഗങ്ങളെ 'വിപ്ലവം എല്ലായ്പോഴും രക്തരഹിതമാകണമെന്നില്ല', രക്തരഹിത വിപ്ലവം എന്ന് എടുത്തുപറഞ്ഞില്ല എന്നൊക്കെ വിധിന്യായത്തിൽ വ്യാഖ്യാനിച്ചിരിക്കുന്നതുകണ്ട് അമ്പരന്നുപോയി.

2020 ഫെബ്രുവരിയിൽ ഒരു പ്രതിഷേധ യോഗത്തിൽ സംസാരിക്കവെ ഉമർ പറഞ്ഞു; നാം അക്രമത്തിന് അക്രമം കൊണ്ട് പ്രതിക്രിയ ചെയ്യില്ല, വെറുപ്പിനെ വെറുപ്പുകൊണ്ട് എതിരിടില്ല, അവർ വിദ്വേഷം പരത്തുമ്പോൾ നമ്മൾ സ്നേഹംകൊണ്ട് മറുപടി നൽകും, അവർ ലാത്തികൊണ്ട് അടിച്ചമർത്തുമ്പോൾ നാം മൂവർണക്കൊടി ഉയരെപ്പിടിക്കും, അവർ വെടിയുണ്ട പായിച്ചാൽ നാം ഭരണഘടന മുറുകെപ്പിടിക്കും. അവർ നമ്മെ ജയിലിലടച്ചാൽ നമ്മൾ സാരേ ജഹാം സെ അച്ഛാ, ഹിന്ദുസ്താൻ ഹമാരാ എന്ന് പാടിക്കൊണ്ട് ജയിലിലേക്ക് പോകും.

ഈ പ്രസംഗത്തിന് എന്തെങ്കിലും എടുത്തുപറയലുകളോ വിശദീകരണമോ ആവശ്യമായുണ്ടോ? ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാകുർ തുടങ്ങിയവർ നടത്തിയ പ്രസംഗങ്ങളിലെ 'ഗോലി മാരോ...കോ'[അവരെ വെടിവെച്ച് കൊല്ലണം] പോലുള്ള പ്രത്യയങ്ങളെക്കുറിച്ച് എന്തു പറയുന്നു?ഉമർ ഖാലിദിനെ ജയിലിൽെവച്ചും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടയിൽ അൽപനേരവും ഞാൻ കാണാറുണ്ട്. ദേശീയ സംഭവവികാസങ്ങളെയും പുസ്തകങ്ങളെയും ക്രിക്കറ്റിനെയും കുറിച്ചും അവൻ അവലോകനങ്ങൾ മാത്രം വായിച്ചിട്ടുള്ള സിനിമകളെക്കുറിച്ചും ഞങ്ങൾ സംസാരിക്കുന്നു.

കൂടിക്കാഴ്ചാ മുറിയുടെ ഗ്ലാസ് പാനലുകൾക്കപ്പുറത്തുനിന്ന് ഉമർ നമ്മുടെ മുഖത്തെ ഉത്കണ്ഠ തിരിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ എനിക്ക് നിസ്സഹായത തോന്നും. ഇന്നോ നാളെയോ എന്ന് ഉമർ സമയം അളക്കുന്നില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അധികാരത്തിനെതിരെ നിലകൊള്ളുന്ന, പ്രത്യേകിച്ച് അനീതിയോട് രാജിയാകാൻ വിസമ്മതിക്കുന്ന ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവർ, അഭിമുഖീകരിക്കേണ്ടിവരുന്ന ചരിത്രത്തിന്റെ ഒരു വലിയ കോണിനൊപ്പമാണ് അദ്ദേഹം സ്വയം ചേർത്തുവെക്കുന്നത്.

ഞാൻ ഇപ്പോൾ എന്തിനാണ് ഇതൊക്കെ നിങ്ങളോട് പറയുന്നത്? എന്റെ വ്യക്തിപരമായ ആകുലതകൾ മാറ്റിവെച്ചാലും, അശക്തരും ഭയവിഹ്വലരുമായ ദശലക്ഷക്കണക്കിന് ആളുകളുടെ അവസാന പ്രതീക്ഷയാണ് നിങ്ങൾ എന്നതുകൊണ്ടാണ്. 75 വർഷങ്ങൾ പിന്നിടവെ, പത്രങ്ങൾ ഉൾപ്പെടെ ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും വളഞ്ഞുതൂങ്ങിയിരിക്കുന്നു. ഇതിൽനിന്ന് നിങ്ങളുടെ തുലാസ്സെങ്കിലും മോചനം നേടിയില്ലെങ്കിൽ, പ്രതീക്ഷകൾ വല്ലാതെ നേർത്തുപോകും.

തഴക്കവും പഴക്കവുമുള്ള രാജ്യദ്രോഹി എന്നാണ് കുറ്റപത്രത്തിൽ ഉമർ ഖാലിദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മുമ്പും ഇതുപോലൊരു തഴക്കവും പഴക്കവുമുള്ള മനുഷ്യനുണ്ടായിരുന്നു ഈ രാജ്യത്ത്. അനീതിക്കും അന്യായനിയമങ്ങൾക്കുമെതിരെ തെരുവിലിറങ്ങിയ നമ്മുടെ രാഷ്ട്രപിതാവ്. അദ്ദേഹത്തിന്റെ വഴിയേ നടക്കുന്നവരെ സംരക്ഷിക്കേണ്ടത് തീർച്ചയായും നീതിദേവതയുടെ കടമതന്നെയാണ്.

(കടപ്പാട് : Scroll.in)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Human Rights Day
News Summary - World Human Rights Day
Next Story