കടലിൽ കല്ലിടുന്ന പരിസ്ഥിതിസംരക്ഷണം
text_fields‘‘പ്രകൃതിയെ സുസൂക്ഷ്മം വീക്ഷിക്കുക. നിങ്ങൾക്കെല്ലാം സ്വയം മനസ്സിലാവും’’ മനുഷ്യനൊഴികെ പ്രകൃതിയിലുള്ള എല്ലാ ജീവജാലങ്ങളും ഈയൊരു സത്യം മനസ്സിലാക്കിയാണ് ജീവിക്കുന്നത്. ഈ സത്യത്തിൽനിന്ന് അകന്നുമാറി ജീവിക്കുന്നത് മനുഷ്യൻമാത്രം. പക്ഷേ, ഓരോ പ്രകൃതിക്ഷോഭത്തിലും വൈകിയാണെങ്കിലും അവർ തെറ്റ് തിരിച്ചറിയും. ആ നിമിഷം അതിജീവിക്കുന്നതോടെ വീണ്ടും ആ തെറ്റിലേക്ക് ആഴത്തിൽ മുങ്ങിപ്പോവുകയും ചെയ്യും. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിയിലാണ് ഇന്നിപ്പോൾ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ജീവിക്കേണ്ടി വരുന്നത്. കാരണങ്ങൾ പലതാണ്. പണ്ട് മരങ്ങൾ നടുന്നതായിരുന്നു പ്രതിവിധിയെങ്കിൽ ഇന്ന് കടലിൽനിന്നും കരയിൽനിന്നും പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതിനാണ് അതിനേക്കാൾ പ്രാധാന്യം.
കേരളത്തിലും സ്ഥിതി ഒട്ടും ആശാവഹമല്ല. കരയെ കാർന്നുതിന്നുന്ന കടലാക്രമണം കേരളത്തിെൻറ എപ്പോഴത്തെയും പേടിസ്വപ്നം തന്നെ. ഓരോ പ്രാവശ്യം കടലാക്രമണം നടക്കുമ്പോഴും നമ്മൾ പുതിയ കടൽ ഭിത്തികളെ കുറിച്ച് ആലോചിക്കും; കഴിഞ്ഞ വർഷം കെട്ടിയ ഭിത്തിയുടെ കല്ലുകൾ കടലിൽ ഒലിച്ചുപോകുന്നത് കണ്ടുകൊണ്ട് തന്നെ. നമ്മുടെ നാട്ടിൽ ‘കടലിൽ കല്ലിടുക’ എന്ന പ്രയോഗം തന്നെയുണ്ട്, ഒരു പ്രയോജനവും ഇല്ലാത്ത പ്രവൃത്തിയെ വിശേഷിപ്പിക്കാൻ. കടൽഭിത്തി നിർമാണം ഇതിനെ അർഥവത്താക്കുന്നുണ്ട്. അപ്പോഴാണ് ആദ്യം പറഞ്ഞ വാക്യത്തിലേക്ക് തിരിച്ചുപോകേണ്ടത്.
വിശാലമായ കടലിനു പ്രകൃതി അതിര് നിർമിച്ചിരിക്കുന്നത് അയഞ്ഞ മണൽത്തരികൾ നിറഞ്ഞ തീരം കൊണ്ടാണ്. പ്രകൃതി നിർമിച്ച അതിര് അങ്ങനെയായിരിക്കെ മലകൾ പൊട്ടിച്ചു കൊണ്ടുവന്ന പാറകൾ കൊണ്ട് ഉണ്ടാക്കുന്ന മതിൽ എങ്ങനെയാണു നമുക്ക് സംരക്ഷണഭിത്തിയാവുന്നത്. കടൽത്തീരങ്ങൾ ഒരു ആവാസ വ്യവസ്ഥയായി നാം കണ്ടിട്ടുണ്ടോ എന്ന് തന്നെ സംശയം. വൻ തിരകൾ തീരം കവർന്നെടുക്കാതിരിക്കാൻ എന്തുചെയ്യണം? കടലാക്രമണം എന്ന ദുരന്തം എങ്ങനെയൊക്കെ തടുക്കാൻ ആവുമെന്ന് ചിന്തിക്കുമ്പോഴാണ് കണ്ടൽക്കാടുകൾ പ്രതീക്ഷ തരുന്നത്. കൊടുങ്കാറ്റ്, സൂനാമി, തീരശോഷണം എന്നിവയിൽനിന്ന് തീരത്തെ സംരക്ഷിക്കാൻ കണ്ടൽക്കാടുകൾക്കു കഴിയുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഉഷ്ണമേഖല പ്രദേശങ്ങളിലും ഭൂമധ്യരേഖയോട് തൊട്ടടുത്ത് കിടക്കുന്ന പ്രദേശങ്ങളിലുമാണ് തീരപ്രദേശങ്ങളിൽ കണ്ടൽക്കാടുകൾ കണ്ടുവരുന്നത്. ഉപ്പുവെള്ളത്തിൽ വളരാൻ കഴിയുമെന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ശുദ്ധജല തടാകങ്ങൾക്കരികിലും വളരുന്ന കണ്ടൽച്ചെടികളുണ്ട്. അധികം ഉയരമില്ലാത്ത, കൂട്ടംകൂടി വളരുന്ന ഒരു കൂട്ടം മരങ്ങളായിട്ടാണ് ഇവ കാണപ്പെടുന്നത്.
ഓക്സിജൻ ലെവൽ കുറഞ്ഞ സാഹചര്യങ്ങളിൽ വളരാൻ കഴിവുള്ള കണ്ടലുകൾ ഉപ്പിെൻറ അംശം അരിച്ചെടുക്കാനും തിരമാലകളുടെ ഗതി നിയന്ത്രിക്കാനും കഴിവുള്ള വേരു പടലങ്ങളോടു കൂടിയവയുമാണ്. കെട്ടുപിണഞ്ഞു കിടക്കുന്ന ഇവയുടെ വേരുകൾ മണ്ണിനെ ഉറപ്പിച്ചു നിർത്തുകമാത്രമല്ല ജലത്തിലെ അവശിഷ്ടങ്ങൾ അലിയിച്ചു മണലിെൻറ അളവും കട്ടിയും കൂട്ടുകയും ചെയ്യുന്നു. തീരത്തിനടുത്തു നിൽക്കുന്ന കണ്ടൽക്കാടുകൾ തിരയുടെ ശക്തിയും വേഗവും കുറയ്ക്കുന്നു. ചുഴലിക്കാറ്റും വൻ തിരമാലകളും കണ്ടൽക്കാടുകൾക്കിടയിലൂടെ കടന്നുപോകുന്നത് നിമിത്തം അതിെൻറ ശക്തിയും വേഗവും കുറയുകയും തന്മൂലമുണ്ടാവുന്ന നാശങ്ങൾ കുറക്കുകയും ചെയ്യുന്നു. നല്ല വിസ്തൃതിയിൽ കണ്ടൽക്കാടുകൾ ഉണ്ടെങ്കിൽ നമ്മളെ ബാധിക്കുന്ന കടൽക്ഷോഭം വളരെ ഗണ്യമായ രീതിയിൽതന്നെ കുറയുന്നു. നല്ല പൊക്കത്തിൽ വളരുന്ന കണ്ടൽക്കാടുകൾക്കു സൂനാമിയെവരെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. കേരളത്തിൽ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ കടൽതീരത്ത് കണ്ടൽക്കാടുകൾ ഉണ്ടെങ്കിൽ, സംഭവിച്ചേക്കാവുന്ന ദുരന്തം വലിയ ഒരു പരിധിവരെ തടുക്കാൻ സാധിക്കും. ഇനി പല തരത്തിലുള്ള വനങ്ങൾ എടുത്തുനോക്കിയാലും ഏറ്റവും കൂടുതൽ കാർബൺ ആഗിരണം ചെയ്യാൻ കഴിയുന്ന ഒരു വനമേഖലകൂടിയാണ് കണ്ടൽക്കാടുകൾ.
ഇതു മുന്നിൽകണ്ടാണ് അന്താരാഷ്ട്ര തലത്തിൽ ‘ഇൻറർനാഷനൽ ബ്ലൂ കാർബൺ ഇനിേഷ്യറ്റീവ്’ എന്ന ആശയം രൂപംകൊള്ളുന്നത്. യുനെസ്കോ, ഇൻറർനാഷനൽ ഓഷ്യാനോഗ്രാഫിക് എന്നിവർ സംയുക്തമായാണ് ഇങ്ങനെയൊരു ആശയത്തിന് രൂപം കൊടുക്കുന്നത്. കടലിലും കടൽതീരത്തും ഉള്ള ആവാസവ്യവസ്ഥകളിൽ അടങ്ങിയിരിക്കുന്ന കാർബൺ പ്രാതിനിധ്യമാണ് ബ്ലൂ കാർബൺ കൊണ്ട് ഉദ്ദേശിക്കുന്നത്. കടൽതീരത്തുള്ള ആവാസവ്യവസ്ഥകളായ കണ്ടൽക്കാടുകൾ, ലവണാംശമുള്ള ചതുപ്പുകൾ, കടൽത്തീരത്തുള്ള പുൽമേടുകൾ എന്നിവയൊക്കെ വലിയ തോതിൽ കാർബൺ അംശം അതിെൻറ ഇലകളിലും മണ്ണിെൻറ അടിത്തട്ടിലുമൊക്കെ സൂക്ഷിക്കുന്നുണ്ട്. പോരാത്തതിന് ഇത് ആയിരത്തോളം വർഷങ്ങൾ സൂക്ഷിച്ചുവെക്കാനും കഴിയും. യഥാർഥത്തിൽ കടൽതീരത്ത് ഒരു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള കാർബണിെൻറ അളവ് സാധാരണ ഒരു ഉഷ്ണമേഖലാ വനത്തിലുള്ളതിനേക്കാൾ അഞ്ചു മടങ്ങ് കൂടുതലാണ്. ഇങ്ങനെ സൂക്ഷിക്കുന്ന കാർബൺ ആഗോളതാപനം കുറക്കാൻ ഏറ്റവും സഹായകരമാണ്. ഇപ്പോൾ നടന്ന പല പഠനങ്ങളും സമുദ്രാന്തർഭാഗത്ത് ചൂടുകൂടുന്നതു കൊണ്ടാണ് ആഗോള താപനം കൂടുന്നതെന്നും തെളിയിച്ചിട്ടുണ്ട്. പല രീതിയിലുമുള്ള തീരശോഷണങ്ങൾ ഈ ശേഖരിച്ചിരിക്കുന്ന കാർബണിനെ കാർബൺ ഡൈ ഓക്സൈഡ് ആയി അന്തരീക്ഷത്തിൽ കലരാനും അതുവഴി ആഗോള താപനത്തിനു ആക്കംകൂട്ടാനും കാരണമാകുന്നു. കാർബൺ ഖനി മാത്രമല്ല, കണ്ടൽക്കാടുകൾ നിരവധിയായ ജീവിവർഗങ്ങളുടെ ആവാസവ്യവസ്ഥയാണ്. ചിത്രശലഭങ്ങൾ, പക്ഷികൾ, പാമ്പുകൾ, ഇഴ ജീവികൾ ഇങ്ങനെ പോകുന്നു ആ പട്ടിക. കണ്ടൽക്കാടുകളുടെ സംരക്ഷണം ഭൂമിയുടെ ഈ അവകാശികളുടെകൂടി സംരക്ഷണമാണ്. കേരളത്തിൽ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി നടന്ന ഒരുപാട് ആളുകളുണ്ട്. കല്ലൻ പൊക്കുടൻ അതിൽ ഏറ്റവും പ്രധാനി. ഈ സത്യങ്ങൾ നേരത്തേയറിഞ്ഞു കാലത്തിനു മുേമ്പ നടന്ന ആളുകളായി തന്നെ അവരെ കാണണം. കേരളത്തിെൻറ തീര പരിരക്ഷ ഈ ആശയത്തെ മുൻനിർത്തിത്തന്നെയായാൽ തീരങ്ങൾ മാത്രമല്ല കേരളം മൊത്തത്തിൽ രക്ഷപ്പെടും.
ഏറ്റവും കൂടുതൽ ദുരന്തസാധ്യതയുള്ള മേഖലയായിട്ടാണ് ഇന്ന് കടൽതീരങ്ങളെ കണക്കാക്കുന്നത്. കേരളത്തിെൻറ കടൽത്തീരങ്ങളിൽ പലപ്പോഴും പല നിർമാണ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നു. പരിസ്ഥിതി ആഘാതപഠനങ്ങൾ കഴിഞ്ഞിട്ടാണോ ഇത്തരം പ്രവൃത്തികൾ നടക്കുന്നത് എന്ന് ചോദിച്ചാൽ പലപ്പോഴും ശരിയായ ഉത്തരം കിട്ടണമെന്നില്ല. വിഴിഞ്ഞം ഇൻറർനാഷനൽ പോർട്ടും ആലപ്പാട് കരിമണൽ ഖനനവും ഒക്കെ ഉദാഹരണങ്ങൾമാത്രം. അടുത്ത പ്രകൃതിക്ഷോഭത്തിനു തീരം കടലെടുത്തു പോവുമ്പോൾ തദ്ദേശവാസികളെ പുനരധിവസിപ്പിക്കാൻ വേറെ പ്രദേശം നോക്കേണ്ടിയും വരുന്നു. ഉയർന്ന തിരമാലകൾ, സൂനാമി, സമുദ്ര നിരപ്പ് ഉയരൽ, തീരശോഷണം എന്നിവക്കുള്ള പ്രതിവിധിയായിട്ടാണ് പല രാജ്യങ്ങളും കണ്ടൽക്കാടുകളെ കാണുന്നതും അവ പുനഃസ്ഥാപിക്കാൻ മുന്നിട്ടിറങ്ങുന്നതും. ദുരന്തനിവാരണത്തിൽ ദുരന്തത്തിെൻറ ആഘാതം കുറക്കുക എന്നതും ഒരു പരിഹാരമാണ്. ഭൂമി ആഗോളതാപനത്തിലൂടെ കടന്നുപോകുമ്പോൾ കടൽക്ഷോഭങ്ങൾ തുടരെ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഓരോ പ്രാവശ്യവും തീരത്തിനും തീരവാസികൾക്കും വൻ നഷ്ടമുണ്ടാവാതിരിക്കാൻ വളരെ വിസ്തൃതിയിലുള്ള കണ്ടൽക്കാടുകൾ സഹായിക്കും. ചെലവ് കുറഞ്ഞ ഒരു ഗ്രീൻ ബെൽറ്റിന് തീരങ്ങളെ സംരക്ഷിക്കാൻ കഴിവുണ്ടെങ്കിൽ എന്തിനു നാം അത് വേണ്ടെന്നു വെക്കണം?
മനോഹരങ്ങളായ കടൽത്തീരങ്ങൾ കൊണ്ടുമാത്രം ജീവിച്ചുപോകുന്ന ഒരുപാടു രാജ്യങ്ങൾ ലോകത്തുണ്ട്. പഞ്ചാര മണലും വെട്ടിത്തിളങ്ങുന്ന കരിനീലഛായയുള്ള, അടിത്തട്ട് കാണാവുന്ന കടലും ഭൂമിയിൽ ആരെയാണ് ആകർഷിക്കാത്തത്! പുതിയ പദ്ധതികൾ ആലോചിക്കുന്നതിനു പകരം ഇങ്ങനെയൊന്ന് ആലോചിച്ചാൽ ഈ പദ്ധതികൾ തരുന്ന വരുമാനത്തിനേക്കാൾ വിദേശ നാണ്യം നേടിത്തരാൻ കേരള തീരങ്ങൾക്കു കഴിയും. ‘പ്രകൃതിയിലേക്കു തിരികെ’ (Back to Nature)എന്ന ആശയത്തിലേക്ക് മനുഷ്യരെ കൊണ്ടെത്തിക്കാൻ കൊറോണ വൈറസിനു കഴിഞ്ഞ ഈ സമയത്ത് ഇങ്ങനെയൊക്കെ നമ്മൾ ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.