കോവിഡ് കാലത്തെ പാലിയേറ്റീവ് പരിചരണം
text_fieldsഒക്ടോബർ മാസത്തെ രണ്ടാം ശനിയാഴ്ച ലോകമെങ്ങും പാലിയേറ്റീവ് പരിചരണദിനമായി ആചരിക്കുകയാണ്. പാലിയേറ്റീവ് പരിചരണം: എെൻറ പരിചരണം, എെൻറ ആശ്വാസം(Palliative Care: It's My care, My comfort) എന്നതാണ് ഈ വർഷത്തെ പ്രമേയം. ലോകത്തെങ്ങും ഗുരുതരരോഗങ്ങൾ മൂലവും മറ്റും വേദന തിന്ന് കഴിയുന്നവർക്കെല്ലാം സാന്ത്വന പരിചരണം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ദിനാചരണം കരുത്തു പകരുന്നു. രോഗപീഡയാൽ വേദന അനുഭവിക്കുന്നവർക്ക് വേദനസംഹാരികളും സ്നേഹപരിചരണവും നൽകി രോഗിയുടെയും കുടുംബത്തിെൻറയും സ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് പാലിയേറ്റീവ് പരിചരണമെന്ന് ലോകാരോഗ്യ സംഘടന വിവക്ഷിക്കുന്നത്. ജീവിതാന്ത്യം പ്രതീക്ഷിക്കുന്ന രോഗികൾക്കുള്ള പരിചരണമായി ആദ്യകാലത്ത് കണക്കാക്കിയിരുന്നുവെങ്കിലും ഇപ്പോൾ ഹ്രസ്വകാല രോഗങ്ങൾക്കും രോഗചികിത്സയോടൊപ്പം സാന്ത്വനപരിചരണവും നൽകിവരുന്നു. ഇത്തരം പരിചരണരീതിയുടെ ആവശ്യകത തെളിയിച്ച കാലമായിരുന്നു കോവിഡ് കാലം. കോവിഡ് 19െൻറ വ്യാപനമായതോടെ കേരളത്തിൽ രോഗീപരിചരണത്തിന് മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവർത്തകരിൽ നല്ലൊരു പങ്കും പാലിയേറ്റീവ് പ്രവർത്തകരാണ്.
നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ദിനാചരണത്തിെൻറ ഭാഗമായി ലോകമെങ്ങും നടക്കുന്നുണ്ട്. ഗുരുതര രോഗം ബാധിച്ച് പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് രോഗത്തിെൻറ ആരംഭദശയിൽതന്നെ ഏറ്റവും നല്ല പരിചരണവും വലിയ അളവിൽ ആശ്വാസവും ലഭ്യമാക്കുക പ്രധാനമാണ്. ഒപ്പം രോഗിയുടെ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളും പാലിയേറ്റീവിെൻറ ഭാഗമാകണം. ചികിത്സരീതികൾ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള രോഗിയുടെ അവകാശം പ്രത്യേകം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പലപ്പോഴും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും തീരുമാനങ്ങൾക്കു മുമ്പിൽ നിസ്സഹായനായി നിൽക്കാനേ രോഗിക്ക് കഴിയുകയുള്ളൂ. പരിചരണത്തിനിറങ്ങുന്ന സന്നദ്ധപ്രവർത്തകരുടെ മാനസികവും സാമൂഹികവും ആത്മീയവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുകയെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
കോവിഡ് കാലത്ത് ഏറെ കരുതലോടെയും സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാണ് കേരളത്തിലെ പാലിയേറ്റീവ് പ്രവർത്തകർ സേവനം ലഭ്യമാക്കിയത്. പാലിയേറ്റീവ് രംഗത്തെ അടിസ്ഥാന പ്രവർത്തനമായ വീട്ടിലെത്തിയുള്ള പരിചരണം അടിയന്തരഘട്ടങ്ങളിലേക്ക് പരിമിതപ്പെടുത്തി ഫോൺ മുഖാന്തരം ഓഡിയോ, വിഡിയോ കോളുകളിലൂടെ ടെലി ഹോംകെയർ എന്ന പുതിയ രീതി വിജയകരമായി നടപ്പാക്കിവരുന്നു.
ലോകത്തെ പല രാജ്യങ്ങളിലും ജനങ്ങൾ ഇപ്പോഴും പാലിയേറ്റീവ് പരിചരണത്തെക്കുറിച്ച് അജ്ഞരാണ്. ഓരോ വർഷവും ഗുരുതരരോഗം ബാധിക്കുന്ന 25.5 മില്യൺ ജനങ്ങൾ പാലിയേറ്റീവ് പരിചരണം ലഭിക്കാതെ, ഒഴിവാക്കാവുന്ന വേദന സഹിച്ച് മരണത്തെ വരിക്കുന്നു എന്നാണ് കണക്ക്. ലോകത്താകമാനം പരിചരണം ലഭിക്കേണ്ടവരിൽ 10 ശതമാനം പേർക്ക് മാത്രമേ ആവശ്യമായ പരിചരണം ലഭിക്കുന്നുള്ളൂ. 42 ശതമാനം രാജ്യങ്ങളിൽ പാലിയേറ്റീവ് പരിചരണരീതിതന്നെ നിലവിലില്ല. 32 ശതമാനം രാജ്യങ്ങളിൽ ചെറിയ തോതിൽ പരിചരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 8.5 ശതമാനം രാജ്യങ്ങളിൽ മാത്രമാണ് നിലവിലുള്ള ആരോഗ്യ പരിചരണസംവിധാനത്തിെൻറ ഭാഗമായി പാലിയേറ്റീവ് പരിചരണം ഉൾപ്പെടുത്തിയിട്ടുള്ളത്. 2008ൽ ആദ്യമായി പാലിയേറ്റീവ് പരിചരണനയം രൂപവത്കരിച്ച് രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളം. ദേശീയതലത്തിൽ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങൾമാത്രമാണ് ഈ മേഖലയിൽ പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത്. ജനകീയ സഹകരണത്തോടെയുള്ള പാലിയേറ്റീവ് പരിചരണരംഗത്തെ കേരളമാതൃക ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ പാലിയേറ്റീവ് പരിചരണത്തിന് സംവിധാനമൊരുക്കി നാം ചരിത്രം സൃഷ്ടിച്ചതാണ്. എന്നിട്ടും ആവശ്യമായ മുഴുവൻ ആളുകൾക്കും പരിചരണം ഒരു അവകാശമെന്നോണം ലഭ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല.
മരണം നീട്ടിെവക്കാൻ കഴിയില്ലെങ്കിലും വേദനയില്ലാതെ, അന്തസ്സോടെയുള്ള മരണം ഓരോ രോഗിക്കും അനുഭവിക്കാൻ കഴിയണം. രോഗിയുടെ അഭിപ്രായങ്ങൾക്ക് വിലകൽപിക്കുന്ന സമീപനരീതിയുണ്ടാവണം. പാലിയേറ്റീവ് പരിചരണമെന്നത് കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരും രോഗിക്ക് നൽകുന്ന ഔദാര്യമല്ല, രോഗിയുടെ അവകാശമാണെന്ന തിരിച്ചറിവുണ്ടാകണം. പാലിയേറ്റീവ് പരിചരണം ജനകീയവും വ്യാപകവുമായ കേരളത്തിൽ സേവനത്തിെൻറ ഗുണനിലവാര വർധനയും ആധുനീകരണവുമാണ് ഇനി നടക്കേണ്ടത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെയുള്ള പ്രവർത്തനങ്ങളിൽ കുറേക്കൂടി ജനകീയ സഹകരണം ഉറപ്പാക്കണം. ഇതോടൊപ്പം ഈ മേഖലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘങ്ങളെ സഹായിക്കാനുള്ള പദ്ധതികളുമുണ്ടായാൽ കേരളത്തിന് ഇനിയും ചരിത്രം സൃഷ്ടിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.