ആരോഗ്യപൂർണമായ ലോകത്തിനുവേണ്ടി
text_fieldsആരോഗ്യരംഗത്തെ പുരോഗതിയിൽ ഫാർമസിസ്റ്റുകളുടെ കടമയും ഉത്തരവാദിത്തങ്ങളും ഓർമിപ്പിക്കുന്നതിനും അതിനുള്ള പ്രവർത്തനങ്ങളെ പോത്സാഹിപ്പിക്കുന്നതിനുമായി ലോകമെമ്പാടും സെപ്റ്റംബർ 25ന് ഫാർമസിസ്റ്റ് ദിനമായി ആചരിക്കുന്നു. മരുന്ന് എന്ന് അർഥമുള്ള ‘ഫാർമക്കോൺ’ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഫാർമസി എന്ന പദത്തിന്റെ ഉത്ഭവം. പഴയകാലത്ത് ചികിത്സയും മരുന്നുകളും കൈകാര്യം ചെയ്തിരുന്നത് ചികിത്സകർ നേരിട്ടായിരുന്നു. മരുന്നുകളുടെ എണ്ണവും നിർമാണത്തിലെ സങ്കീർണതകളും വർധിച്ചതോടെ ഫാർമസി പ്രഫഷന്റെ വളർച്ച അനിവാര്യമായി. ഇന്ത്യയിൽ 1842 മുതൽ ഫാർമസി വിഷയം പഠിപ്പിച്ചിരുന്നുവെങ്കിലും 1937ൽ ബനാറസ്...
ആരോഗ്യരംഗത്തെ പുരോഗതിയിൽ ഫാർമസിസ്റ്റുകളുടെ കടമയും ഉത്തരവാദിത്തങ്ങളും ഓർമിപ്പിക്കുന്നതിനും അതിനുള്ള പ്രവർത്തനങ്ങളെ പോത്സാഹിപ്പിക്കുന്നതിനുമായി ലോകമെമ്പാടും സെപ്റ്റംബർ 25ന് ഫാർമസിസ്റ്റ് ദിനമായി ആചരിക്കുന്നു. മരുന്ന് എന്ന് അർഥമുള്ള ‘ഫാർമക്കോൺ’ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഫാർമസി എന്ന പദത്തിന്റെ ഉത്ഭവം. പഴയകാലത്ത് ചികിത്സയും മരുന്നുകളും കൈകാര്യം ചെയ്തിരുന്നത് ചികിത്സകർ നേരിട്ടായിരുന്നു. മരുന്നുകളുടെ എണ്ണവും നിർമാണത്തിലെ സങ്കീർണതകളും വർധിച്ചതോടെ ഫാർമസി പ്രഫഷന്റെ വളർച്ച അനിവാര്യമായി.
ഇന്ത്യയിൽ 1842 മുതൽ ഫാർമസി വിഷയം പഠിപ്പിച്ചിരുന്നുവെങ്കിലും 1937ൽ ബനാറസ് ഹിന്ദു സർവകലാശാലയിലാണ് ആദ്യമായി ഫാർമസി വിഭാഗം ആരംഭിച്ചത്. 1948 ലെ ഫാർമസി ആക്ടും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ടും (1940) ഈ പ്രഫഷന്റെ വളർച്ചയിൽ നിർണായകമായി. രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ ഫാർമസി, നാല് വർഷത്തെ ബിരുദ കോഴ്സ്, രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം, ആറു വർഷത്തെ ഡോക്ടർ ഇൻ ഫാർമസി, ഗവേഷണ കോഴ്സുകൾ എന്നിവയെല്ലാം ഇന്ന് ഇന്ത്യയിൽ വിവിധ കോളജുകളിലായി ദേശീയ ഫാർമസി കൗൺസിലിന്റെ അംഗീകാരത്തോടെ നടത്തുന്നു. ഏകദേശം പത്തുലക്ഷത്തോളം ഫാർമസിസ്റ്റുകളാണ് രാജ്യത്ത് സേവനമനുഷ്ഠിക്കുന്നത്. ഫാർമസിസ്റ്റുകളുടെ സേവനത്തെക്കുറിച്ച് പൊതുജനത്തിനിടയിൽ വലിയ അബദ്ധധാരണകളുണ്ട്. മരുന്ന് ഷാപ്പിലെ സെയിൽസ് ജീവനക്കാർ മാത്രമാണവരെന്നാണ് പൊതുവായ തെറ്റിദ്ധാരണ.
പാശ്ചാത്യ രാജ്യങ്ങളിലെ ഫാർമസി സംവിധാനത്തെ അപേക്ഷിച്ച് ശൈശവ ദശയിലുള്ള ഇന്ത്യൻ സമൂഹത്തിൽ വേണ്ടത്ര അംഗീകാരവും അവർക്ക് ലഭിക്കുന്നില്ല. ആരോഗ്യ മേഖലയിൽ ലോകത്തുതന്നെ മൂന്നാംസ്ഥാനത്ത് നിൽക്കുന്ന വലിയ പ്രഫഷനാണിത്. കമ്യൂണിറ്റി ഫാർമസി, റീട്ടെയിൽരംഗം, ഹോസ്പിറ്റൽ ഫാർമസി, ക്ലിനിക്കൽ ഫാർമസി, അധ്യാപന മേഖല, ക്ലിനിക്കൽ റിസർച്, ഫാർമസി നിയമമേഖല തുടങ്ങി മരുന്നുനിർമാണ മേഖലയിലെ ഗുണമേന്മ ഉറപ്പുവരുത്തുന്ന ലാബുകളിലും ഗവേഷണ വിഭാഗത്തിലും മാർക്കറ്റിങ് രംഗത്തുമെല്ലാമായി പൊതു-സ്വകാര്യ മേഖലകളിലായി നിരവധി അവസരങ്ങളാണ് ഫാർമസിസ്റ്റുകൾക്കുള്ളത്.
ഡോക്ടർ നിർദേശിച്ച മരുന്നുകൾ ശരിയായ അളവിലും ഗുണമേന്മയിലും ലഭിക്കുക എന്നത് പൗരജനങ്ങളുടെ അവകാശമാണ്. ഈ രംഗത്ത് പ്രാവീണ്യം നേടിയവർതന്നെ മരുന്നുകൾ കൈകാര്യം ചെയ്താൽ മാത്രമേ മരുന്ന് ദുരുപയോഗവും അപകടകരമായ സ്വയംചികിത്സയും തടഞ്ഞ് ജനങ്ങളുടെ ആരോഗ്യ അവകാശവും സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്താൻ സാധിക്കൂ. ഈ കടമയെ ഓർമപ്പെടുത്തുകയാണ് ‘ഫാർമസിസ്റ്റുകൾ ആഗോള ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നു’ എന്ന ഈ വർഷത്തെ ദിനാചരണ പ്രമേയം.
ഇന്ന് ധാരാളം മരുന്നുകൾ കഴിക്കുന്നവരാണ് മലയാളികൾ; സ്വയംചികിത്സയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല നമ്മൾ. വിവിധ ചികിത്സാ വിഭാഗങ്ങളിൽനിന്നും ഡോക്ടർമാരിൽനിന്നും നിർദേശിക്കപ്പെടുന്ന മരുന്നുകൾ കഴിക്കുമ്പോൾ അവ തമ്മിലെ പരസ്പര പ്രവർത്തനങ്ങൾമൂലം അപകടകരമായ സാഹചര്യം ഉണ്ടാകാറുണ്ട്. അതുപോലെ മരുന്ന് കുറിപ്പടികളിലും ചിലപ്പോൾ പിഴവുകൾ സംഭവിക്കാം. ഇത്തരം കാര്യങ്ങൾ നിരീക്ഷിച്ച് തെറ്റുതിരുത്താനും കുറ്റമറ്റതാക്കാനും കാര്യമായ സംവിധാനങ്ങളില്ലാത്തത് പലപ്പോഴും ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. മരുന്നുകളുടെ പാർശ്വ ഫലം മൂലമുള്ള മരണം അമേരിക്കയിൽ ഹൃദ്രോഗ മരണങ്ങളേക്കാൾ കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇതുസംബന്ധമായ കാര്യമായ പഠനങ്ങൾ നടക്കാത്തതു കൊണ്ടു മാത്രമാണ് ഇതിന്റെ ഗുരുതരാവസ്ഥകൾ പുറത്തറിയാത്തത്. മരുന്നുകൾ കൈകാര്യം ചെയ്യേണ്ടത് ഫാർമസിസ്റ്റുകൾ മാത്രമാണ് എന്ന കൃത്യമായ നിർദേശവും, ഫാർമസി സേവനങ്ങളും ശക്തമായി നടപ്പിലാക്കിയാൽ സ്വയംചികിത്സയും മരുന്നുകളുടെയും ആൻറിബയോട്ടിക്കുകളുടെയും ദുരുപയോഗം ഒരു പരിധിവരെ തടയാൻ സാധിക്കും.
ഹോസ്പിറ്റൽ ഡ്രഗ്ഫോർമുല, പേഷ്യൻറ് ഹിസ്റ്ററി എന്നിവ തയാറാക്കൽ, പേഷ്യന്റ് കൗൺസലിങ്, അഡ്വേഴ്സ് ഡ്രഗ്റിയാക്ഷൻ ക്ലിനിക്, വാർഡ് ഫാർമസി, സാറ്റലൈറ്റ് ഫാർമസി, ഡ്രഗ് ഇൻഫർമേഷൻ സെന്റർ, ടോക്സിക്കോളജിക്കൽ ലാബ്, പോയ്സൺ ഇൻഫർമേഷൻ സെൻറർ, ഹെൽത്ത് എജുക്കേഷൻ, പോസ്റ്റ് ട്രീറ്റ്മെന്റ് ഡ്രഗ് ക്ലിനിക്, ജീവിതശൈലിരോഗ ബോധവത്കരണം, ഫാർമക്കോ വിജിലൻസ് സെന്റർ തുടങ്ങി നിരവധി സേവനങ്ങൾ ജനങ്ങൾക്ക് നൽകാൻ സാധിക്കും. ആരോഗ്യ രംഗത്തെ കടുത്ത വെല്ലുവിളികളെ അതിജീവിക്കാൻ അത്യന്താപേക്ഷിതമാണ് ഇത്തരം കാൽവെപ്പുകൾ.
(കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ഫാർമസ്യൂട്ടിക്കൽ സയൻസ് വിഭാഗം അസിസ്റ്റൻറ് പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.