പുകഞ്ഞൊടുങ്ങുന്ന പുരോഗതി
text_fieldsസ്പോഞ്ചുപോലെ അനേകായിരം അറകളുള്ള പാവം ശ്വാസകോശത്തെ ശ്വാസംമുട്ടിച്ചു കൊല്ലുന്ന ഒരു ഭീകരനാണ് പുകയിലയെന്നും ഇത്രമേൽ മരണകാരണമാകുന്ന വേറെ ഒരുവസ്തു ഇല്ലെന്നുമൊക്കെ അറിയാത്തവർ ചുരുക്കം. മനുഷ്യരുടെ എണ്ണംകുറച്ച് ഭൂമിയുടെ ഭാരം കുറക്കുന്ന ഈ മാരകസസ്യം കൊണ്ട് ഗുണംകിട്ടുന്നത് പുകയില കമ്പനികൾക്കുമാത്രം. കൃഷി നടക്കുന്ന ഭൂമിക്കും പ്രദേശത്തെ ജീവജാലങ്ങൾക്കും ജല സ്രോതസ്സുകൾക്കും കർഷകനും ദോഷംചെയ്യുന്ന ഉത്പന്നം. തടയാവുന്ന മരണകാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി പുകയിലയെ ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത് പതിറ്റാണ്ടു മുമ്പാണ്.
സമ്പന്ന രാജ്യങ്ങൾ പുകയില കൃഷിയുടെ വിസ്തൃതി കുറച്ചുകൊണ്ടു വരുകയാണ്. നിലവിലെ കണക്കനുസരിച്ചു പുകയില ഉത്പാദനത്തിൽ അമേരിക്കക്ക് നാലാം സ്ഥാനമേയുള്ളൂ. പക്ഷേ, ലോകത്ത് ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന ചൈനയും തൊട്ടുപിന്നിലുള്ള ബ്രസീലും ഇന്ത്യയും ഉത്പാദനം കൂട്ടുകയാണ്. ഇത്രയെല്ലാം ദോഷങ്ങളുണ്ടായിട്ടും പുകയിലകൃഷി നിരോധിക്കാൻ ഒരു രാജ്യവും തയാറല്ല. കാരണം പുകയിലക്ക് ഇന്നും രാജ്യങ്ങളുടെ സമ്പദ്ഘടനയിൽ മോശമല്ലാത്ത പങ്കുണ്ട്. സിഗരറ്റ് ലോബിക്ക് രാജ്യങ്ങളുടെ ഭരണസംവിധാനത്തിലും രാജ്യാന്തര സംഘടനകൾക്കുമേലും കനത്ത സ്വാധീനമുണ്ടെന്നതു മറ്റൊരുകാരണം.കണക്കനുസരിച്ചു 2013ൽ അമേരിക്ക പുകയില ഉത്പാദനം വഴി 55 കോടി ഡോളർ മാത്രം നേടിയപ്പോൾ പത്തിരട്ടിയോളമാണ് ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ ഉത്പാദനം. 501 കോടി ഡോളറിെൻറ പുകയില ചൈന വിളവെടുത്തപ്പോൾ ബ്രസീൽ 135 കോടി ഡോളറും ഇന്ത്യ 132 കോടി ഡോളറും പുകയില ഉത്പാദനത്തിലൂടെ നേടി. ചുരുക്കത്തിൽ ആഗോള ഉത്പാദനം കൂടിവരുന്നു.
സമ്പന്ന രാജ്യങ്ങൾ ആസ്ഥാനമായുള്ള പുകയില കമ്പനികൾ അവിടങ്ങളിലെ കൃഷിയുടെ വിസ്തൃതി കുറച്ചുകൊണ്ട് വരുകയും തങ്ങൾക്കുവേണ്ട ഉത്പന്നം ദരിദ്ര, വികസ്വര രാജ്യങ്ങളിൽനിന്നു ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഫലത്തിൽ പാശ്ചാത്യ രാജ്യങ്ങളിലെ കമ്പനികൾ ലാഭം കൊയ്യുമ്പോൾ അതിെൻറ ഭവിഷ്യത്ത് ആഫ്രിക്ക പോലുള്ള ദരിദ്ര രാജ്യങ്ങളും അവിടത്തെ പാവപ്പെട്ട കൃഷിക്കാരും അനുഭവിക്കുന്നു.
ലോകത്തിലെ 12 ശതമാനം പുകവലിക്കാരും ഇന്ത്യയിലാണെന്ന കണക്ക് ലോകാരോഗ്യ സംഘടന 2009ൽ പുറത്തു വിട്ടിരുന്നു. ഏതാണ്ട് ഒമ്പതു ലക്ഷത്തോളം പേരാണ് പുകയില ഉപയോഗത്തിലൂടെ ഇന്ത്യയിൽ മരിക്കുന്നതെന്നും അന്ന് കണക്കാക്കിയിട്ടുണ്ട്. 2015ലെ കണക്കനുസരിച്ചു പുകവലിക്കുന്നവരുടെ എണ്ണം 108 ലക്ഷമാണ്. കണക്കിൽപെടാത്ത ലക്ഷങ്ങൾ പിന്നെയും എത്രയോ ഉണ്ടാകാം.
നികുതിയായും ജീവനക്കാർക്കുവേണ്ടി ചെലവഴിക്കുന്നതുമുൾെപ്പടെ പുകയില കമ്പനികൾ ഒരു കൊല്ലം മുടക്കുന്ന പണത്തേക്കാൾ കൂടുതലാണ് പുകയിലജന്യ രോഗങ്ങളുടെ ചികിത്സക്കും അതുമൂലം ഇല്ലാതാകുന്ന തൊഴിൽദിനങ്ങളിലൂടെയും ഒരു വർഷം രാജ്യത്തിനുണ്ടാകുന്ന നഷ്ടമെന്നു സുപ്രീംകോടതി 2001ൽ പറഞ്ഞിരുന്നു. അന്നു കാണാക്കിയത് 13 ,500 കോടി രൂപയാണെങ്കിൽ ഇന്ന് എത്രയോ കോടികൾ പിന്നെയും കൂട്ടിച്ചേർക്കേണ്ടിവരും.
ഇന്ത്യയിൽ പുരുഷന്മാരിലെ അഞ്ചിൽ ഒന്നും സ്ത്രീകളിലെ ഇരുപതിൽ ഒന്നും മരണങ്ങൾ പുകയില മൂലമാണെന്നാണ് 2010 ലെ കണക്ക്. അതായത്, വർഷം പത്തു ലക്ഷത്തോളം പുകയില മരണങ്ങൾ.
ഒരു ദശകത്തോളം പിന്നിടാറാകുമ്പോൾ അവസ്ഥ എന്താണെന്ന് അറിയില്ല. നിർഭാഗ്യവശാൽ വർഷംതോറും കണക്കുകൾ കൃത്യമായി ബോധിപ്പിക്കാനുള്ള സംവിധാനമൊന്നും നമ്മുടെ രാജ്യത്ത് ലഭ്യമല്ല .
ലോകത്തിലെ 20 ശതമാനംമാത്രം ജനങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ ലോകത്തിലെ 60 ശതമാനം ഹൃദ്രോഗികൾ ഉണ്ടെന്നും അതിനൊരു മുഖ്യകാരണം പുകവലിയാണെന്നും ഇന്ത്യൻ ഹാർട്ട് അസോസിയേഷെൻറ പഠനവും ഉണ്ട്.
എന്നിരുന്നാലും 35,000 പുതിയ കാൻസർ കേരളത്തിൽ ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ പുരുഷന്മാരിലെ 50 ശതമാനം കാൻസറും പുകയില, മദ്യം ഇവയുടെ ഉപയോഗം മൂലമാണെന്നു പഠനങ്ങൾ പറയുന്നു. സ്ത്രീകളിലും 15 ശതമാനം കാൻസർ പുകയില ഉപയോഗം കൊണ്ട് ഉണ്ടാകുന്നുണ്ട്.
നിയമങ്ങൾ കർശനമാക്കി പൗരന്മാരെ സംരക്ഷിക്കേണ്ട ഭരണസംവിധാനങ്ങൾ കൈകഴുകി മാറിനിൽക്കുമ്പോൾ പുകയിലയിൽനിന്നു രക്ഷനേടാൻ വ്യക്തിപരമായ ഉറച്ചതീരുമാനം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.