Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2017 7:41 AM GMT Updated On
date_range 27 Sep 2017 7:41 AM GMTപരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരം ലക്ഷ്യം
text_fieldsbookmark_border
2016ല്‍ 10,38,419 വിദേശ വിനോദസഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ 6.23 ശതമാനം വര്‍ധനയുണ്ടായി. 2016ല്‍ 1,31,72,535 ആഭ്യന്തര ടൂറിസ്റ്റുകളും കേരളത്തിലെത്തി. അതായത്, 5.67 ശതമാനം വര്‍ധന. 7749.5 കോടി രൂപയുടെ വിദേശനാണ്യം നേടിയപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ള വര്‍ധന 11.5 ശതമാനം. നേരിട്ടും അല്ലാതെയും 29658.56 കോടി രൂപയാണ് 2016ല്‍ ടൂറിസംരംഗത്തുനിന്നുള്ള ആകെവരുമാനം. മുന്‍ വര്‍ഷത്തേക്കാള്‍ 11.12 ശതമാനം വര്‍ധന.
കേരളത്തിെൻറ വിനോദസഞ്ചാര അനുഭവത്തിെൻറ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനാകണം ഇനി മുന്‍ഗണന നല്‍കേണ്ടത്. ഗുണകരമായ ജനകീയ ഇടപെടല്‍ വിനോദസഞ്ചാരരംഗത്ത് ഉണ്ടാകണം. പരിസ്ഥിതിയെ പോറലേൽപിക്കാതെ, അതേസമയം പ്രകൃതിസൗന്ദര്യം പ്രയോജനപ്രദമാക്കുന്ന വികസനമാണ് ടൂറിസത്തിെൻറ ഭാഗമായി ഉണ്ടാകേണ്ടത്. വിനോദസഞ്ചാര മേഖലകളില്‍ ജീവിക്കുന്നവര്‍ക്ക് അതായത് തദ്ദേശവാസികള്‍ക്ക് കൂടി പ്രയോജനപ്പെടുന്നതാകണം ടൂറിസമെന്നതാണ് സര്‍ക്കാറിെൻറ നയം. ഉത്തരവാദിത്ത ടൂറിസം അഥവാ റെസ്പോണ്‍സിബ്ള്‍ ടൂറിസമെന്നതിനാണ് നമ്മള് ഊന്നല്‍ കൊടുക്കുന്നത്. ടൂറിസം വികസനത്തിലൂടെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ ലഭ്യമാകുന്ന വരുമാനത്തിെൻറ മുഖ്യപങ്ക് അവിടത്തെ തദ്ദേശവാസികള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്ന ആശയമാണ് സാമ്പത്തിക ഉത്തരവാദിത്ത ടൂറിസം മുന്നോട്ടുവെച്ചിട്ടുള്ളത്. അതായത് ടൂറിസത്തിെൻറ വരുമാനം പ്രാദേശിക സാമ്പത്തിക വികസനത്തിന് ഉപയോഗപ്പെടുത്തുകവഴി പ്രദേശവാസികള്‍ക്ക് അധികം വരുമാനം ലഭിക്കുന്ന ഒന്നായോ, മുഖ്യ വരുമാനം ലഭ്യമാക്കുന്ന ഒന്നായോ ടൂറിസത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ടൂറിസത്തിെൻറ ഗുണപരമായ അംശങ്ങള്‍ പരമാവധി വർധിപ്പിക്കാനും തെറ്റായ ഘടകങ്ങളെ ഇല്ലാതാക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ ഉത്തരവാദിത്ത ടൂറിസം ലോകവ്യാപകമായി സ്വീകരിക്കപ്പെടുന്നു. ഇന്ത്യയില്‍ ഈ ആശയം ആദ്യം ഉള്‍ക്കൊണ്ട് പ്രാവര്‍ത്തികമാക്കിയ സംസ്ഥാനമാണ് കേരളം. ടൂറിസത്തിെൻറ പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും കേന്ദ്രീകരിക്കപ്പെടുന്നത് ആ പ്രദേശത്തെ സമൂഹത്തിലാണ്. ഓരോ പ്രദേശത്തിെൻറയും പ്രൗഢമായ സംസ്കാരത്തെയും പൈതൃകത്തെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക ഉത്തരവാദിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ വിജയകരമാക്കിയ ഇന്ത്യയിലെ പ്രഥമ ടൂറിസം കേന്ദ്രമെന്ന ബഹുമതി കുമരകത്തിനാണ്. പാരിസ്ഥിതികമോ സാമൂഹികമോ ആയ കോട്ടങ്ങളൊന്നും വരുത്താതെ ടൂറിസ്റ്റുകള്‍ക്കും തദ്ദേശവാസികള്‍ക്കും പരമാവധി പ്രയോജനം ലഭ്യമാക്കാനുള്ള സമഗ്രസമീപനമാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ളത്. ഏറ്റവും ശ്രദ്ധേയമായ വസ്തുത ഉത്തരവാദിത്ത ടൂറിസം തദ്ദേശീയ സമൂഹത്തിെൻറ ജീവിതാവസ്ഥകളെ അത്ഭുതകരമാം വിധം മെച്ചപ്പെടുത്തി എന്നതാണ്.
ഉത്തരവാദിത്ത ടൂറിസം മിഷന് വഴി ടൂറിസം മേഖലയില്‍ ഒന്നര ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കാനാണ് നമ്മുടെ ശ്രമം. കുറഞ്ഞത് അമ്പതിനായിരം തദ്ദേശവാസികള്‍ക്ക് ഉത്തരവാദിത്ത ടൂറിസം പദ്ധതിപ്രകാരം തൊഴില്‍ പരിശീലനം നല്‍കും. ഇതിെൻറ ഭാഗമായി ഈ വര്‍ഷം ഇരുപത് വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകള്‍ പുതിയതായി ആരംഭിക്കും. കേരള ഗ്രാമങ്ങളുടെ ഉള്ളറകളിലേക്ക് യാത്രചെയ്യുമ്പോള്‍ ഗ്രാമീണ ജീവിതത്തിെൻറ സ്പന്ദനവും നൈസര്‍ഗികതയും കലയും ആചാരവും ഭക്ഷണവും എല്ലാം ടൂറിസം ഉൽപന്നങ്ങളായി മാറണം. ടൂറിസത്തിലെ ഇത്തരം നൂതനപ്രവണതകള്‍ ഗ്രാമപ്രദേശങ്ങള്‍ക്കും അവികസിത പ്രദേശങ്ങള്‍ക്കും വലിയ സാധ്യത തുറന്നിടുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് ഉത്തര മലബാറിലേക്ക് തനതായ ടൂറിസം പദ്ധതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏഷ്യയില്‍ കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങളുടെ ‘ലോണ്‍ലി പ്ലാനറ്റ്’ പട്ടികയില്‍ വടക്കന്‍ കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് സംസ്ഥാന ടൂറിസം വകുപ്പിെൻറ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ്. വടക്കന്‍ കേരളത്തിലെ ടൂറിസം വികസനത്തിനായി 600 കോടിയോളം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഈ ലോകോത്തര അംഗീകാരം സര്‍ക്കാരിന് പ്രചോദനമേകുന്നു.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ വടക്കന്‍ കേരളത്തിെൻറ ടൂറിസം സാധ്യതകള്‍ വര്‍ധിക്കുമെന്നതുകൂടി കണക്കിലെടുത്താണ് മലബാറിലെ ടൂറിസം പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. വടക്കന്‍ കേരളത്തിലെ ബീച്ചുകള്‍ ഗോവന്‍ ബീച്ചുകളേക്കാള്‍ ഭംഗിയും വൃത്തിയുമുള്ളതാണ്. മുഴുപ്പിലങ്ങാട് ബീച്ചില്‍ ഏറ്റെടുത്തിട്ടുള്ള 3.5 ഏക്കര്‍ സ്ഥലത്ത് 43.20 കോടി രൂപ മുതല്‍മുടക്കില്‍ ആധുനികസൗകര്യങ്ങളോട് കൂടിയ റിസോര്‍ട്ട് നിർമിക്കുന്നതും, പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണവും ബീച്ച് ടൂറിസത്തിന് പ്രോത്സാഹനമാകും. കോഴിക്കോട് മാനാഞ്ചിറ സ്ക്വയര്‍ നവീകരണം, മിഠായിത്തെരുവ് നവീകരണം, കണ്ണൂര്‍ പഴയ മൊയ്തുപാലം സൗന്ദര്യവത്കരണ സംരക്ഷണം, തലശ്ശേരി കടൽപാലം സംരക്ഷണം, കടൽപാല റോഡില്‍ ശില്പ പാര്‍ക്ക്, ഫുഡ് സ്ട്രീറ്റ്, പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍ വികസനം, ചാവക്കാട് ബീച്ച് വിനോദസഞ്ചാര വികസനം, പീച്ചി അണക്കെട്ട് മേഖല സൗന്ദര്യവത്കരണം , പീച്ചി ബൊട്ടാണിക്കല്‍ ഗാര്ഡന്, കാരാപ്പുഴ അണക്കെട്ടില്‍ വിനോദസഞ്ചാര കേന്ദ്രം, മലപ്പുറം ചമ്രവട്ടം പുഴയോര സ്നേഹപാത, പൂന്താനം സാംസ്കാരികനിലയത്തിെൻറ രണ്ടാംഘട്ട വികസനം തുടങ്ങിയവക്ക് ഭരണാനുമതി നല്കി കഴിഞ്ഞു.
വയനാട്ടിലും നിരവധി ടൂറിസം പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. കല്പറ്റയിലെ ‘എന്‍ ഊര്’ ടൂറിസം പദ്ധതിക്ക് നാലരക്കോടി രൂപയാണ് അനുവദിച്ചത്. സുല്‍ത്താന്‍ ബത്തേരിയില്‍ റോക്ക് അഡ്വെഞ്ചര്‍ പദ്ധതി, പഴശ്ശി സ്മാരകം, കുറുവ ദ്വീപ് ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി എന്നിവക്കും ഫണ്ട് വകയിരുത്തിയത് വയനാടിെൻറ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്. ഹോംസ്റ്റേകള്‍, നാടന്‍ ഭക്ഷണശാലകള്‍ എന്നിവയിലൂടെ തദ്ദേശീയര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാകുന്നതിനും ടൂറിസ്റ്റുകള്‍ക്ക് നവീനാനുഭവം സമ്മാനിക്കുന്നതിനും ടൂറിസം വകുപ്പ് പ്രോത്സാഹനം നല്‍കും.
പ്ലാസ്റ്റിക് മാലിന്യരഹിത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നതാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആശയം. ഇത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് മാത്രമല്ല പരിസ്ഥിതിക്ക് ഗുണകരമാകുകയും ചെയ്യും. വേമ്പനാട്ട് കായലില്‍ ശുചീകരണം നടത്തി മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിച്ചത് മാതൃകാപരമായ നടപടിയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒഴിവുകാലം ചെലവഴിക്കുന്നതിന് താല്പര്യപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. ഈ സാധ്യതയെ എത്രത്തോളം സംസ്ഥാനത്തിന് പ്രയോജനപ്രദമാക്കാനാകുമെന്ന് വിലയിരുത്തി പുതിയ സാധ്യതകള്‍ തുറക്കുന്നതിനും, കൂടുതലാളുകള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനുമാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രകൃതി കനിഞ്ഞ് നല്കിയ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുതന്നെ വേണം വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കേണ്ടതെന്നാണ് സര്‍ക്കാറിെൻറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story