സിൻഹ കാണുന്ന പടുകുഴി
text_fieldsചുരുങ്ങിയത് രണ്ടുവർഷത്തേക്ക് ജനത്തിെൻറ കാര്യം പോക്കാണ്. സാമ്പത്തികനില അത്രമേൽ വഷളായി. നോട്ടു നിരോധനവും ജി.എസ്.ടി നടപ്പാക്കാൻ കാട്ടിയ ധിറുതിയും സൃഷ്ടിച്ച കുഴപ്പങ്ങൾ മാറി സമ്പദ്വ്യവസ്ഥ പടുകുഴി കയറിവരാൻ സമയമെടുക്കും. അടുത്ത രണ്ടുവർഷത്തിനുള്ളിൽ വളർച്ചഗ്രാഫ് മുകളിലേക്ക് കയറുമെന്നോ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉൗർജസ്വലത ഉണ്ടാകുമെന്നോ പ്രതീക്ഷിക്കേണ്ടതില്ല. രാഷ്ട്രീയത്തിന് അതീതമായി, സാമ്പത്തിക വിദഗ്ധരും വ്യവസായികളും ഒരുപോലെ ചൂണ്ടിക്കാട്ടുന്ന കാര്യം അതാണ്. സാധാരണക്കാരനും ചെറുകിട കച്ചവടക്കാരനും കർഷകനുമൊക്കെ മാന്ദ്യത്തിെൻറ കെടുതി നേരിട്ടനുഭവിച്ച് അറിയുന്നവരാണ്. അച്ഛേദിൻ സ്വപ്നം കണ്ടവരോട് എല്ലാം റെഡിയാക്കിത്തരുമെന്ന് ഇപ്പോൾ സർക്കാറും പറയുന്നില്ല. പ്രതിസന്ധിയുണ്ട്. അത് സർക്കാറിെൻറ പിടിപ്പുകേടുകൊണ്ട് വന്നതാണെന്ന് സമ്മതിക്കാൻ അരുൺ ജെയ്റ്റ്ലിക്കോ നരേന്ദ്ര മോദിക്കോ കഴിയില്ലെന്നുമാത്രം. ഫലത്തിൽ, മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ സ്വപ്നം കണ്ടവർ ദിവാസ്വപ്നത്തിൽതന്നെ ഇരിക്കേണ്ടിവരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസഹനീയമായ വായ്ത്താരിയും സ്വേച്ഛാധിപത്യവും ഒരുവശത്ത്. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അഹന്ത നിറഞ്ഞ സാമ്പത്തിക മാനേജ്മെൻറ് മറുവശത്ത്. പാർട്ടി ൈകയടക്കി ഇഷ്ടക്കാരല്ലാത്തവരെ ഞെരിക്കുന്ന പ്രസിഡൻറ് അമിത്ഷായുടെ ചെയ്തികൾ പുറമെ. ഇൗ ത്രിമാന പ്രശ്നങ്ങൾ ആരു തുറന്നുപറയുമെന്ന സങ്കടമാണ് ബി.ജെ.പിക്കാർ കുറെക്കാലമായി കൊണ്ടുനടക്കുന്നത്. സംഘ്പരിവാറിെൻറ ആശീർവാദത്തോടെ മോദി, അമിത് ഷാ, ജെയ്റ്റ്ലി എന്നിവർ മൂന്നര വർഷമായി അടക്കിഭരിക്കുന്ന ബി.ജെ.പിയിൽ തിരുവായ്ക്ക് എതിർവാ ഇല്ല. രോഷത്തിെൻറ നേർത്ത ശബ്ദങ്ങൾ അപൂർവമായി പുറത്തുവരുകയും വായുവിൽ വിലയം പ്രാപിക്കുകയും ചെയ്തിട്ടുണ്ടാകാം. എന്നാൽ, അജയ്യ കോക്കസായി നിന്നു. സാമ്പത്തികമാന്ദ്യം മുറുകുന്ന ഇൗ ഘട്ടത്തിലാണ്, നേതൃത്വത്തെയും സർക്കാറിനെയും തുറന്നുകാണിക്കേണ്ടതുണ്ടെന്ന ചില ഞരങ്ങലുകൾ ബി.ജെ.പിയിൽനിന്ന് ഉയരുന്നത്. അതാണ് യശ്വന്ത്സിൻഹയെന്ന മുൻ ധനമന്ത്രിയുടെ രോഷമായി പുറത്തുചാടിയത്. ഉൗതിവീർപ്പിച്ചു നിർത്തിയിരിക്കുന്ന വമ്പൻ ബലൂണുകൾക്ക് ചെറു സുഷിരമെങ്കിലും ഉണ്ടാക്കാനുള്ള അദ്ദേഹത്തിെൻറ വലിയ ശ്രമം. പാർട്ടിയിൽ അത് എത്രത്തോളം വിജയിക്കാൻ പോകുന്നുവെന്ന ചോദ്യമുണ്ട്. എന്നാൽ യശ്വന്ത്സിൻഹയുടെ ശബ്ദം, കെടുതി നേരിടുന്ന ജനങ്ങളുടെ കാതിൽ വന്നലക്കുന്നുവെന്നത് യാഥാർഥ്യവുമാണ്.
ജെയ്റ്റ്ലിയും മോദിയും ചേർന്ന് സാമ്പത്തികസ്ഥിതി കുട്ടിച്ചോറാക്കുന്ന കാര്യമാണ് യശ്വന്ത് സിൻഹ പറഞ്ഞത്. അതിനൊപ്പം മറ്റൊന്നുകൂടി അദ്ദേഹം വിളിച്ചുപറഞ്ഞു. ബി.ജെ.പിയുടെ നേതാവും രാജ്യത്തെ പ്രധാനമന്ത്രിയുമായ മോദിയെ കാണാൻ താൻ സമയം ചോദിച്ചിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും കൂടിക്കാഴ്ച അനുവദിച്ചുകിട്ടിയിട്ടില്ല. ബി.െജ.പിക്കാരനായ തനിക്ക് അതിെൻറ പേരിൽ തെരുവിലിറങ്ങി സമരംചെയ്യാൻ കഴിയുമോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. 80കാരനായ തൊഴിലന്വേഷകനും വാജ്പേയി നിർബന്ധപൂർവം മന്ത്രിസഭയിൽനിന്ന് ഇറക്കിവിട്ട ധനമന്ത്രിയുമൊക്കെയായി വിശേഷിപ്പിച്ചുകൊണ്ട് യശ്വന്ത് സിൻഹയെ അരുൺ ജെയ്റ്റ്ലി പരിഹസിക്കുന്നുണ്ട്. പിതാവിെൻറ സാമ്പത്തിക വാദമുഖങ്ങൾ തള്ളിക്കളയാൻ അദ്ദേഹത്തിെൻറ മകനും സഹമന്ത്രിയുമായ ജയന്ത് സിൻഹയെ വരെ ബി.ജെ.പി രംഗത്തിറക്കുകയും ചെയ്തു. പക്ഷേ, സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച സർക്കാർ ന്യായങ്ങൾ ജനം വകവെച്ചു കൊടുക്കുന്നതല്ല. പാർട്ടിയിലെ സ്ഥിതി പാർട്ടിക്കാർക്കും അംഗീകരിച്ചു കൊടുക്കാൻ കഴിയുന്നതല്ല.
മങ്ങുന്ന മോദിപ്രഭ
ഒന്നും വകവെക്കാത്ത അടക്കിഭരണമാണ് ത്രിമൂർത്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്. പാർട്ടിയിൽ ഉള്ളുതുറന്ന് സംസാരിക്കാൻ എല്ലാവർക്കും ഭയമാണ്. അതിനിടയിലും യാഥാർഥ്യം വിളിച്ചുപറയാൻ ചിലർ ദുർബല ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. യശ്വന്ത് സിൻഹയെ കൂടാതെ എൽ.കെ. അദ്വാനി, മുരളി മനോഹർ േജാഷി, അരുൺ ഷൂരി, സുബ്രമണ്യൻ സ്വാമി, കീർത്തി ആസാദ്, ശത്രുഘ്നൻ സിൻഹ എന്നിവർ ഭരണത്തിലെ വൈകല്യങ്ങൾ നേരത്തെ സംസാരിച്ചിട്ടുണ്ട്. മോദിയെ തെരഞ്ഞെടുപ്പു കാലത്ത് പിന്തുണച്ചതിൽ ദുഃഖിക്കുന്നുവെന്ന് പറഞ്ഞത് മുതിർന്ന അഭിഭാഷകൻ കൂടിയായ രാം ജത്മലാനിയാണ്. ഇതിനു ശേഷവും ശൈലി മാറ്റാൻ നേതൃനിരയിലുള്ളവർ തയാറായില്ല. ആരോപണമുന്നയിക്കുന്നവർ കൂടുതൽ ദുർബലരായി മാറുന്നുവെന്ന് ഉറപ്പാക്കാനുള്ള പിന്നാമ്പുറ വേലകൾ അരങ്ങേറുകയും ചെയ്തു. എങ്കിലും മൂന്നരവർഷം മുമ്പ് സൃഷ്ടിച്ചെടുത്ത മോദിപ്രഭ കൂടുതൽ മങ്ങുന്നതിൽ, പാർട്ടിയിലെ ഒതുക്കപ്പെട്ടവർക്കുള്ള സന്തോഷമാണ് യശ്വന്ത് സിൻഹയുടെ ശബ്ദത്തിലൂടെ മറനീക്കി പുറത്തുവരുന്നത്.
പാർട്ടിക്കാർക്കും മാധ്യമങ്ങൾക്കും മുഖം കൊടുക്കാത്ത മോദി, ജനവികാരം അളക്കാൻ പാകത്തിൽ ഒരു തെരഞ്ഞെടുപ്പിലും ജയിച്ചിട്ടില്ലാത്ത ജെയ്റ്റ്ലി, പുറംവാതിലിലൂടെ പാർട്ടി അധ്യക്ഷനായ അമിത് ഷാ എന്നിവർ അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ കുഴപ്പത്തിലാക്കുമെന്ന മുന്നറിയിപ്പാണ് യശ്വന്ത് സിൻഹ നൽകുന്നത്. സാമ്പത്തിക കെടുതിക്കിടയിലും വചനപ്രഘോഷണം തുടരുന്ന മോദി പാർട്ടിക്ക് മൂന്നരവർഷംകൊണ്ട് ബാധ്യതയായി മാറിയിരിക്കുന്നുവെന്ന ബി.ജെ.പിക്കാരുടെ അടക്കംപറച്ചിലുകൾകൂടിയാണ് യശ്വന്ത് സിൻഹയുടെ പ്രതിഷേധത്തിലൂടെ പുറത്തുവരുന്നത്. മോദിയുടെ സാമ്പത്തികനയങ്ങളെ ഇന്ന് ആരും അന്ധമായി വിശ്വസിക്കുന്നില്ല. അഭിലാഷ പൂർത്തീകരണം മോദി നടത്തുമെന്ന് വിചാരിച്ച ചെറുപ്പക്കാരിൽ അവിശ്വാസത്തിെൻറ വിത്തുകൾ മുളപൊട്ടി വളരുന്നു. സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ ഒേട്ടറെ ചെയ്യേണ്ടതുണ്ടെന്നിരിക്കെ, മോദിയിൽ പ്രതീക്ഷയർപ്പിച്ച വ്യവസായികൾക്കിടയിലും അസ്വസ്ഥത നിറയുന്നു. സാമ്പത്തികമാന്ദ്യത്തിെൻറ കാലത്ത് ഉത്തേജക പാക്കേജ് ഉണ്ടാകാത്തതിൽ അവർ അതൃപ്തരാണ്. ചെറുപ്പക്കാർക്കൊപ്പം മധ്യവർഗക്കാരിൽ നല്ല പങ്കും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മോദി വരെട്ടയെന്ന നിലപാട് എടുത്തവരാണ്. വഞ്ചിക്കപ്പെട്ടുവെന്ന ബോധമാണ് അവരെ ഭരിക്കുന്നത്. 2014ൽ അധികാരത്തിലിരുന്ന കോൺഗ്രസിനോടു തോന്നിയ ഭരണവിരുദ്ധ വികാരം ബി.ജെ.പിക്കെതിരെ വർധിച്ചുവരുന്നു. തിരുത്തലിന് മോദി വിചാരിച്ചാൽകൂടി എത്രമാത്രം ഇനി കഴിയുമെന്നതാണ് കാതലായ ചോദ്യം.
രൂക്ഷമായ സാമ്പത്തികമാന്ദ്യവും അതടക്കമുള്ള വിഷയങ്ങളെച്ചൊല്ലി പാർട്ടിക്കുള്ളിൽനിന്നുതന്നെ ഉയരുന്ന ഉത്കണ്ഠകളുമൊക്കെ, 2019ലെ േലാക്സഭ തെരഞ്ഞെടുപ്പ് അനായാസം മറികടക്കാമെന്ന ത്രിമൂർത്തികളുടെ അമിത പ്രതീക്ഷയുടെ കടക്കലാണ് കത്തിവെക്കുന്നത്. നോട്ടു നിരോധനവും ജി.എസ്.ടിയുടെ ധിറുതിപിടിച്ച നടപ്പാക്കലുമൊക്കെ ഉണ്ടായപ്പോൾ, സർക്കാർ തെറ്റായ അവകാശവാദങ്ങൾ നടത്തുമോയെന്നു ശങ്കിച്ചവർക്കു മുന്നിൽ കണക്കുകൾ നിരക്കുകയാണ്. കൃഷി തകർന്ന് ഗ്രാമീണമേഖലയിൽ വാങ്ങൽ ശേഷി കുറയുകയും നഗരമേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ മുടന്തുകയും ചെയ്തതോടെ, കഴിഞ്ഞ ഡിസംബറിനും ഏപ്രിലിനുമിടയിൽ 15 ലക്ഷം തൊഴിലുകൾ നഷ്ടമായി. കേരളത്തിൽനിന്നടക്കം കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങി. വ്യവസായങ്ങൾക്കുള്ള വാണിജ്യബാങ്ക് വായ്പ 63 വർഷത്തിനിടയിൽ ഇതാദ്യമായി കുറഞ്ഞു. പുതിയ സംരംഭങ്ങളിലേക്ക് വ്യവസായികൾ തിരിയുന്നില്ല. നിലവിലെ പ്ലാൻറുകൾ നടത്തിക്കൊണ്ടു പോകുേമ്പാൾ തന്നെ, പിരിച്ചുവിടൽ തൊഴിലാളികൾക്കു മുന്നിൽ വാളായി തൂങ്ങിനിൽക്കുന്നു. ഇന്ത്യയിലെ 40 പ്രമുഖ വ്യവസായസംരംഭകർ പാപ്പരത്ത ഹരജിയുമായി കോടതി കയറിയിരിക്കുന്നു. ഇന്ത്യയിലേക്ക് കഴിഞ്ഞവർഷം വന്ന പ്രത്യക്ഷ വിദേശ നിക്ഷേപത്തിൽ പകുതിയും നഷ്ടത്തിലോടുന്ന ആസ്തികൾ വാങ്ങാനായിരുന്നു.
തീർച്ചയായും ദുർബല പ്രതിപക്ഷമാണ് ബി.െജ.പി സർക്കാറിെൻറ കരുത്ത്. പല കാരണങ്ങളാൽ കൂടിച്ചേരാത്ത പ്രതിപക്ഷത്തിന്, കെടുതി നേരിടുന്ന ജനത്തിന് പ്രതീക്ഷ കൊടുക്കാൻ കഴിയുന്നില്ല. സാമ്പത്തികമാന്ദ്യവും തൊഴിലവസര നഷ്ടവും ഏറ്റവുംകൂടുതൽ ബാധിച്ചിരിക്കുന്ന ചെറുപ്പക്കാർക്കുമുന്നിൽ വിശ്വസ്ത സഖ്യമായി മാറാൻ സാധിക്കുന്നില്ല. ആ വഴിക്കുള്ള മാർഗരേഖയും ഒരു പ്രതിപക്ഷ പാർട്ടിയുടെയും പക്കലില്ല. പ്രതിപക്ഷത്ത് വിശ്വസ്ത സഖ്യമുണ്ടാകാത്ത കാലത്തോളം മാന്ദ്യത്തെയും മറികടക്കാെമന്ന പ്രതീക്ഷ മോദിയെ ഭരിക്കും. വർഗീയ രാഷ്ട്രീയം ഉയർത്തിവിടുന്ന അസഹിഷ്ണുതയുടെയും വിഭാഗീയതയുടെയും രാഷ്ട്രീയമല്ലാതെ, മോദിയുടെയും ബി.ജെ.പിയുടെയും ആവനാഴിയിൽ ഒന്നുമില്ലെന്ന് ആവർത്തിച്ച് തെളിയുകയാണ്. മോദി പെരുപ്പിച്ച ബലൂൺ മാത്രമാണെന്ന് യശ്വന്ത് സിൻഹയെപ്പോലുള്ളവർ പറയുേമ്പാൾ, ബി.ജെ.പി നേതാക്കളിൽ നല്ലൊരുപങ്ക് പശ്ചാത്താപത്തിെൻറ കുമ്പസാര കൂട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.