വെള്ളരിക്കാപ്പട്ടണത്തെ യെച്ചൂരി
text_fieldsഇ.എം.എസ് മുതൽ അച്യുതാനന്ദൻവരെയുള്ള നേതാക്കളുടെ ധാർഷ്ട്യം ജനം വകവെച്ചുകൊടുത്തത് അവരുടെ നിലപാടുമെച്ചം കൊണ്ടായിരുന്നു. പിണറായി വിജയനിലും എം.വി. ഗോവിന്ദനിലും എത്തിനിൽക്കുമ്പോൾ ആസ്തി സന്നാഹങ്ങൾക്കൊപ്പം ധാർഷ്ട്യവും പനപോലെ വളർന്നിരിക്കാം. കാവിയഴിച്ച് അനായാസം ചെമ്പട്ട് പുതക്കാൻ മടിയില്ലാത്ത രാജസേനനും ഭീമൻ രഘുവുമൊക്കെ ഓരോ പാർട്ടികളെ നയിച്ചും നിയന്ത്രിച്ചും ഭിക്ഷാംദേഹികളായി നിൽപുണ്ടെന്ന ഉത്തമബോധ്യം ആ ധാർഷ്ട്യത്തെ കൂടുതൽ പരുക്കനാക്കുന്നു. അവരെ സ്വീകരിക്കാൻ തടസ്സമായി പ്രത്യയശാസ്ത്രാദർശ കടമ്പകളൊന്നുമില്ലതന്നെ
ആരാണ് പാർട്ടിയുടെ പ്രതീകം? കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച ചോദ്യത്തിൽനിന്ന് തലയൂരി ഓടേണ്ടിവന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണോ? ന്യൂയോർക്കിലെ ജനത്തിരക്കേറിയ ടൈം സ്ക്വയറിൽ ഊരിപ്പിടിച്ച സാമ്രാജ്യത്വ വാളുകൾക്കു നടുവിൽ പ്രസംഗിക്കാൻ കേൾവിക്കാരെ കാത്തിരിക്കുന്നതായി വൈറൽ ചിത്രങ്ങളിൽ കണ്ട മുഖ്യമന്ത്രി പിണറായി വിജയനാണോ? ബി.ജെ.പിയുടെ കാവിക്കുപ്പായം അഴിച്ചപാടെ വിപ്ലവഗാനവുമായി സി.പി.എമ്മിലേക്ക് പാഞ്ഞുകയറിയ ഭീമൻ രഘുവാണോ? മൂന്നും സി.പി.എമ്മിന്റെ മൂന്ന് അവസ്ഥാന്തരങ്ങൾ എന്നേ പറയേണ്ടൂ.
തൊഴിലാളിവർഗത്തെ അരക്കോടി വിലയുള്ള മിനി കൂപ്പറിൽ ചെന്ന് അഭിസംബോധന ചെയ്തുതുടങ്ങിയ സി.ഐ.ടി.യു നേതാവ് പി.കെ. അനിൽ കുമാറിനെ പേരിനെങ്കിലും പുറന്തള്ളിയത് പാലോറ മാതയെന്ന പഴങ്കഥയോടുള്ള പ്രായശ്ചിത്തമായല്ല, നിവൃത്തികെട്ടാണ്. വിപ്ലവപ്രസ്ഥാനം ഇന്ന് ചുമക്കുന്നത് തോപ്പിൽ ഭാസിയുടെയല്ല, അധ്യാപനത്തിന് വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കെ. വിദ്യയുടെ ‘ഒളിവിലെ ഓർമ’കളാണ്. കേരള സർവകലാശാലയിൽ ജെ.വി. വിളനിലത്തിനും എം.ജിയിൽ ഫാ. ചിറപ്പണത്തിനുമെതിരെ മുമ്പ് വ്യാജ ഡിഗ്രി സമരം നയിച്ച എസ്.എഫ്.ഐ ഇന്ന് പരീക്ഷയെഴുതാതെ പാസായ വിദ്യാർഥിയെ അപമാനഭാരം തോന്നാതെ ചുമന്ന് എറണാകുളം മഹാരാജാസ് കോളജിനു മുന്നിൽ ഞെളിഞ്ഞുനിൽക്കുന്നു. അതും അവസ്ഥാന്തരങ്ങളാണ്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ്-മാർക്സിസ്റ്റ് പാർട്ടിയുടെ ഇന്നത്തെ വത്തിക്കാനായ കേരളത്തിൽ സി.പി.എമ്മിനെ ആമൂലാഗ്രം ബാധിച്ച ദുർമേദസ്സിന്റെ അവസ്ഥാന്തരങ്ങളെ ദേശീയതലത്തിൽ പരിക്കില്ലാതെ വ്യാഖ്യാനിച്ചു പിടിച്ചുനിൽക്കാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റും ദുർബല ശ്രമങ്ങൾ നടത്താതിരിക്കുന്നില്ല. എന്നാൽ വ്യാഖ്യാന പടുക്കളുടെ അടവുനയത്തിലും മെയ്യഭ്യാസ വഴക്കത്തിലും ഒതുങ്ങാതെ അപചയത്തിന്റെ വികൃത മുഖം കൂടുതൽ കൂടുതൽ തെളിഞ്ഞുവരുന്നുവെന്നതാണ് നേര്. നയനിലപാടുകളുടെ നട്ടെല്ലില്ലാതെ, ഉദരനിമിത്തം ബഹുകൃത വേഷമായി രൂപാന്തരം പ്രാപിക്കുന്ന അമീബയായി സി.പി.എം മാറിപ്പോയിരിക്കുന്നു.
ഒരിടത്തെ ഭരണത്തിലേക്ക് സി.പി.എം ചുരുങ്ങിപ്പോയത്, ഭരണം യഥാർഥ ലക്ഷ്യമല്ലാതിരുന്നവർക്കു മുന്നിൽ യഥാർഥത്തിൽ ഒരു ന്യൂനതയല്ല. നിലവിലെ രാഷ്ട്രീയ, ജീവിതരീതികൾക്കിടയിൽ നല്ല മാതൃകകൾ മുന്നോട്ടുവെക്കാനില്ലാത്ത പാപ്പരത്തമാണ് ഈ മുതലാളിത്ത കാലത്ത് സി.പി.എം നേരിടുന്ന പ്രതിസന്ധി. ഭരണം മാത്രം, അത് എങ്ങനെയും നിലനിർത്തുകയോ വെട്ടിപ്പിടിക്കുകയോ ചെയ്യുന്നതുമാത്രം ലക്ഷ്യമായി പോയതുകൊണ്ടാണ് അത് സംഭവിക്കുന്നത്. കോൺഗ്രസും ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസുമെല്ലാം അണിനിരന്നിട്ടുള്ള ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് സി.പി.എമ്മിനെ വ്യത്യസ്തമാക്കുന്നത് എന്താണ്?
എം.പി-എം.എൽ.എമാരുടെയോ അണികളുടെയോ എണ്ണം നോക്കാതെ സി.പി.എമ്മിന്റെ വാക്കുകളിലേക്ക് ഇന്ത്യൻ രാഷ്ട്രീയം കാതോർത്ത കാലമുണ്ടായിരുന്നു. ഇന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പുറന്തള്ളപ്പെട്ടുപോകാതെ ഇടിച്ചും തള്ളിയും ദേശീയതലത്തിൽ സ്വന്തം ഇടം കണ്ടെത്തേണ്ട ഗതികേടിലേക്ക് പാർട്ടി എടുത്തെറിയപ്പെട്ടിരിക്കുന്നു. പശ്ചിമ ബംഗാളിലെ തിരസ്കരണം കേരളത്തിൽ ഏറ്റുവാങ്ങേണ്ടി വരുമോ എന്ന ആശങ്ക ശക്തിപ്പെട്ടു. അതു തടയാനെന്നോണം എന്തുമേതുമായി സന്ധിചെയ്ത് മുന്നോട്ടു പോകണമെന്ന് കരുതുന്നവർ ഒരുക്കി ഭരിക്കുന്ന തടങ്കൽ പാളയത്തിലാണ് ഇന്ന് സി.പി.എം. ചിലർ അതിനെ മാഫിയ സംഘമെന്ന് വിളിക്കുന്നു. മറ്റുചിലർ ചങ്ങാത്ത മുതലാളിത്തമെന്നും ഫാഷിസമെന്നും പറയുന്നു. ഓരോ വീക്ഷണത്തിലും ശരികളുണ്ട് എന്നതാണ് നേര്.
ധാർഷ്ട്യം അടിച്ചേൽപിക്കാൻ നേതാക്കൾ മത്സരിക്കുന്നുണ്ടെങ്കിലും അത് ഏറ്റുവാങ്ങാൻ വെറും സാധാരണക്കാരെ കിട്ടാത്ത കാലത്തിലാണ് സി.പി.എം എത്തി നിൽക്കുന്നത്. ഇ.എം.എസ് മുതൽ അച്യുതാനന്ദൻ വരെയുള്ള നേതാക്കളുടെ ധാർഷ്ട്യം ജനം വകവെച്ചുകൊടുത്തത് അവരുടെ നിലപാടുമെച്ചം കൊണ്ടായിരുന്നു.
പിണറായി വിജയനിലും എം.വി. ഗോവിന്ദനിലും എത്തിനിൽക്കുമ്പോൾ ആസ്തി സന്നാഹങ്ങൾക്കൊപ്പം ധാർഷ്ട്യവും പനപോലെ വളർന്നിരിക്കാം. കാവിയഴിച്ച് അനായാസം ചെമ്പട്ട് പുതക്കാൻ മടിയില്ലാത്ത രാജസേനനും ഭീമൻ രഘുവുമൊക്കെ ഓരോ പാർട്ടികളെ നയിച്ചും നിയന്ത്രിച്ചും ഭിക്ഷാംദേഹികളായി നിൽപ്പുണ്ടെന്ന ഉത്തമബോധ്യം ആ ധാർഷ്ട്യത്തെ കൂടുതൽ പരുക്കനാക്കുന്നു. അവരെ സ്വീകരിക്കാൻ തടസ്സമായി പ്രത്യയശാസ്ത്രാദർശ കടമ്പകളൊന്നുമില്ല തന്നെ. സി.പി.എമ്മിന് അതിൽനിന്ന് ഭിന്നമായൊരു നിലവാരവും വളർച്ചയും പ്രതീക്ഷിക്കുന്നവർ അതിനു മുമ്പിൽ കൂടുതൽ അസ്വസ്ഥരാവുകയും അകന്നുമാറുകയും ചെയ്യുന്നു.
അധികാരപ്പങ്ക് പെറുക്കിത്തിന്നാൽ ഒട്ടിക്കൂടുന്നവരുടെയും പ്രലോഭിപ്പിച്ചു നിർത്താൻ കഴിയുന്നവരുടെയും കോക്കസുകൾക്ക് പാലൂട്ടിയാൽ ഉയരുന്ന വഞ്ചീശ മംഗളം ഇന്ന് അതിന്റെ ഉച്ചസ്ഥായിയിലാണ്. എന്നാൽ അവരുടെ താളമല്ല ജനപക്ഷം. അമേരിക്കയോളം പോകണം, കൂട്ടത്തിൽ ക്യൂബയിലും എന്ന പ്രത്യയശാസ്ത്രവുമായി മുഖ്യമന്ത്രിയും മന്ത്രിമുഖ്യരും പരിവാരസമേതം വിമാനം പിടിക്കുന്നതിന്റെ അർഥാന്തരങ്ങൾ ജനം ചികയുന്നുണ്ട്.
മോദിയും മുണ്ടു മോദിയുമെന്ന വിമർശനത്തിൽ ചില ശരികൾ അവർ കണ്ടെത്തുന്നുണ്ട്. ചങ്ങാത്ത മുതലാളിത്തത്തെ വിമർശിക്കുന്ന സി.പി.എമ്മിന്റെ ഭരണനായകർ അദാനിയെയും മാർട്ടിനെയും ഫാരിസിനെയും പിള്ളയെയും കാണുമ്പോൾ കവാത്ത് മറക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുന്നുണ്ട്. ജനപക്ഷ വികസനം വിട്ട സിൽവർ ലൈൻ പ്രണയത്തെ സംശയിക്കുന്നുണ്ട്. അങ്ങനെ നീളുന്ന ഒരു കൂട്ടം കാര്യങ്ങൾ വിശദീകരിക്കാനാകാത്ത സംഭവങ്ങളായി തുടരുന്ന കാലം, പാർട്ടി എത്ര ശ്രമിച്ചാലും ജനത്തിന്റെ അകൽച്ച കൂടുക മാത്രമാവും പരിണതി.
വിശദീകരിക്കാനാവാത്ത സംഭവങ്ങളുടെ എണ്ണം കൂടുന്തോറും, വേണ്ടാത്തത് ചികഞ്ഞു പുറത്തിടുന്ന മാധ്യമപ്രവർത്തകരോടുള്ള കലി പുതിയ രൂപങ്ങളിൽ പുറത്തു വരുമെന്നും കൂട്ടിച്ചേർക്കാം. വാർത്തയും വിവര വിനിമയവും സത്യമായിരിക്കണമെന്ന നിർബന്ധം തീർച്ചയായും ന്യായമാണ്. ഒപ്പം, പാർട്ടിയുടെ വാർത്താ വിതരണ നിലയങ്ങൾ വിവര ഉറവിടം കൂടി വെളിപ്പെടുത്തിക്കൊണ്ട് നേര് നേരത്തേ അറിയിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയുമാകാം.
എ.കെ.ജി സെന്ററിന്റെ സ്കാനറിൽ തെളിയുന്നതു മാത്രമാണ് സത്യമെന്നും സത്യം പറയുന്നതിന്റെ കുത്തകാവകാശം പാർട്ടിക്കാണെന്നും നിർബന്ധം പിടിക്കാവുന്ന കാലം പോയി. വിരട്ടിയോ സ്വാധീനിച്ചോ ഒതുക്കിയോ നിർത്താവുന്ന മാധ്യമങ്ങളേക്കാൾ, ‘ഇരുമ്പുമറ’ പൊളിച്ച് ജനത്തെ വിവരം അറിയിക്കുന്ന വിവര വിതരണ സംവിധാനങ്ങളുള്ള ഇക്കാലത്ത് കലിയുടെയും ധാർഷ്ട്യത്തിന്റെയും ഊരിപ്പിടിച്ച വാൾ ഉറയിലിടുമെങ്കിൽ വൈകിയെത്തിയ പാകതയുടെ ലക്ഷണമായി പൊതുസമൂഹം അത് കണക്കാക്കും. പാർട്ടി ആരുടെയൊക്കെ കൈകളിൽ അമർന്നിരിക്കുന്നുവെന്ന യാഥാർഥ്യം ഈ പാകതയിലേക്കല്ല, ധാർഷ്ട്യത്തിന്റെ പുതിയ രൂപങ്ങളിലേക്കാണ് നയിക്കുകയെന്നു മാത്രം. അതിനൊത്ത് യെച്ചൂരിക്ക് കൂടുതൽ മെയ്യഭ്യാസിയാകാതെ തരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.