യെദിയൂരപ്പയും പുലാവും ചില ദലിത് ചിന്തകളും
text_fieldsതെരഞ്ഞെടുപ്പു കാലത്തുമാത്രം മുളച്ചുപൊന്തുന്ന ദലിത് സ്നേഹം രാഷ്്ട്രീയ പാർട്ടികളെ സംബന്ധിച്ച് പുതുമയുള്ള കാര്യമൊന്നുമല്ല. ഇന്ത്യയിൽ ദലിതുകൾ ഏറ്റവും കൂടുതൽ വിവേചനമനുഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കർണാടകയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. എന്നാൽ, സവർണ മേലങ്കിയുള്ള ദേശീയ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷെൻറ ദലിത് ‘സ്നേഹം’ മറനീക്കി പുറത്തുവന്നതിലെ ജാള്യം മറക്കാൻ പാടുപെടുകയാണ് ഇപ്പോൾ കർണാടകയിലെ ബി.ജെ.പി.
സംഗതി ഇതാണ്: വരൾച്ചബാധിത പ്രദേശങ്ങളിലൂടെയുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള പര്യടനം തുമകുരുവിൽ എത്തുന്നു. മേയ് 19ന് ഗുബ്ബി താലൂക്കിലെ ദലിത് കുടുംബത്തിലാണ് രാവിലെ നേതാവിനും പാർട്ടി പ്രവർത്തകർക്കുമുള്ള ഭക്ഷണം ഏർപ്പാട് ചെയ്തിരുന്നത്. എന്നാൽ, വീട്ടുകാർ വിളമ്പിയ പുലാവ് കഴിക്കാതെ യെദിയൂരപ്പ ഹോട്ടലിൽനിന്ന് ഇഡ്ഡലിയും വടയും വരുത്തിച്ച് കഴിച്ചു. ഇത് ജാതിവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി മാണ്ഡ്യ സ്വദേശിയായ ഡി. വെങ്കടേശ് പൊലീസിൽ പരാതി നൽകിയതോടെ വിവാദം കത്തി. നാനാഭാഗത്തുനിന്നും വിമർശനമുയർന്നതോടെ ബി.ജെ.പി പരുങ്ങലിലുമായി. പ്രഭാതഭക്ഷണം ഞാൻ പുറത്തുനിന്ന് വാങ്ങിച്ചുകഴിച്ചതിൽ ജനങ്ങൾ വിമർശിക്കാൻ തുനിഞ്ഞാൽ എന്തുചെയ്യാനാവുമെന്നായിരുന്നു യെദിയൂരപ്പയുടെ ആദ്യ പ്രതികരണം. വീട്ടിലുണ്ടാക്കിയത് കഴിച്ചോ കൊണ്ടുവന്നത് കഴിച്ചോ എന്നതല്ല പ്രധാനം, അവരുടെ പ്രശ്നമറിയുക എന്നതാണെന്നു പറഞ്ഞ അദ്ദേഹം, കൂടുതൽ ആളുണ്ടായിരുന്നതിനാൽ വീട്ടിൽവെച്ച ഭക്ഷണം തികഞ്ഞില്ലെന്നും വീട്ടുകാർ തന്നെ ഹോട്ടലിൽനിന്ന് ഭക്ഷണം വരുത്തിച്ചതാണെന്നും പിന്നീട് കളംമാറി ചവിട്ടി.
യെദിയൂരപ്പയുടെ പ്രവൃത്തി 12ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹിന്ദു തത്ത്വചിന്തകനായ ബസവണ്ണയെക്കൂടി അപമാനിച്ചതായാണ് ലോക്സഭ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെ വിമർശിച്ചത്. 800 വർഷം മുമ്പ് ബ്രാഹ്മണ യുവാവും ദലിത് യുവതിയും തമ്മിലുള്ള വിവാഹം ബസവണ്ണ നടത്തിക്കൊടുത്തതും അദ്ദേഹം ഒാർമിപ്പിച്ചു. ദലിത് വിരുദ്ധ പാർട്ടിയേത്, അനുകൂല പാർട്ടിയേത് എന്ന് തിരിച്ചറിയാനുള്ള സാമാന്യ വിവേകം ജനങ്ങൾക്കുണ്ടെന്നായിരുന്നു ‘പന്തി ഭോജന നാടകം’ സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.
ആർ.എസ്.എസ് ആണ് ദലിതുകളെ കൂടെ നിർത്താൻ ഡോ. ബി.ആർ. അംബേദ്കറുടെ 125ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ‘പന്തിഭോജന’ത്തിെൻറ അടവിറക്കുന്നത്. ഇത് ബി.ജെ.പിയും കർണാടകത്തിൽ പ്രയോഗിച്ചെന്നേയുള്ളൂ. പക്ഷേ, തുടക്കം പാളിപ്പോയി. ജൂൺ ആറിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബൊമ്മനഹള്ളി മണ്ഡലത്തിലെ ഹൊഗസാന്ദ്രയിലെ ദലിത് പ്രവർത്തകെൻറ വീട്ടിൽ പ്രഭാതഭക്ഷണം കഴിക്കാനെത്തിയത് ആർ.എസ്.എസ് നേതാക്കളോടൊപ്പമായിരുന്നു. നാരങ്ങച്ചോറ് നല്ലോണം തട്ടി വീട്ടുകാർക്ക് ൈലക്കുമടിച്ചാണ് മന്ത്രി മടങ്ങിയത്. ഇതിന് മുൻകൈയെടുത്തതും യെദിയൂരപ്പയായിരുന്നു. ഇതേ ദിവസം ബെളഗാവിയിലെ ഗംഗാവാഡി കോളനിയിലെ പാർട്ടി അനുഭാവിയുടെ വീട്ടിൽ യെദിയൂരപ്പയും രാവിലെ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ദേഹത്തുപുരണ്ട ജാതിവിവേചനത്തിെൻറ കറ മായ്ക്കാൻ അദ്ദേഹം ചില്ലറയൊന്നുമല്ല പാടുപെടുന്നതെന്ന് ചുരുക്കം. എന്തായാലും റാലി തീരും വരെ ദലിതരുടെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കാനാണ് ബി.ജെ.പി തീരുമാനം. റാലി തീർന്നാൽ എന്തുചെയ്യുമോ ആവോ?
സംസ്ഥാന തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ ബി.ജെ.പി പ്രകടിപ്പിക്കുന്ന ഇൗ ദലിത് സ്നേഹത്തിന് വിത്തുപാകിയത് കഴിഞ്ഞമാസം മൈസൂരുവിൽ നടന്ന സംസ്ഥാന നിർവാഹക സമിതി യോഗമായിരുന്നു. മൈസൂരു, തുമകുരു, രാമനഗര, മാണ്ഡ്യ, ചാമരാജ് നഗർ തുടങ്ങിയ ജില്ലകളടങ്ങുന്ന മൈസൂരു മേഖലയിൽ ബി.ജെ.പിക്ക് സ്വാധീനം കുറവാണ്. ദലിതുകൾ ഭൂരിപക്ഷമുള്ള ഇൗ പ്രദേശങ്ങളിൽ കോൺഗ്രസും ജനതാദൾ -എസുമാണ് പ്രബലശക്തികൾ. മഹാരാഷ്ട്രയോട് ചേർന്നുകിടക്കുന്ന ഉത്തര കർണാടകയാണ് ബി.ജെ.പിയുടെ ശക്തികേന്ദ്രം. ദലിതനായ ഡോ. ജി. പരമേശ്വര നയിക്കുന്ന കോൺഗ്രസാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യ എതിരാളികളെന്നതും പിന്നാക്ക സമുദായക്കാരനായ സിദ്ധരാമയ്യയാണ് കോൺഗ്രസിെൻറ മുഖ്യമന്ത്രി സ്ഥാനാർഥിയെന്നതുമാണ് ദലിത് ശാക്തീകരണത്തിന് ഉൗന്നൽ നൽകണമെന്ന ബി.ജെ.പി നിർവാഹക സമിതിയോഗത്തിെൻറ തീരുമാനത്തിെൻറ പ്രേരണ. സംസ്ഥാനത്ത് കൂടുതൽ വരൾച്ച ദുരിതം അനുഭവിക്കുന്ന പ്രദേശം കൂടിയാണ് ൈമസൂരു മേഖല.
ദലിതരെ കൂടെ കൂട്ടാൻ മേഖലയിൽ യെദിയൂരപ്പയുടെ നേതൃത്വത്തിൽ വരൾച്ച യാത്ര തുടങ്ങിയപ്പോഴാണ് പുലാവും നാരങ്ങച്ചോറുമൊക്കെയായി വിവാദം കൊഴുത്തത്. മൈസൂരു നിർവാഹക സമിതി യോഗത്തിനു മുന്നേ സംഗോളി രായണ്ണ ബ്രിഗേഡ് എന്ന പേരിൽ ദലിത്-പിന്നാക്ക വിഭാഗക്കാരുടെ കൂട്ടായ്മയുമായി ബി.ജെ.പിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഉപ മുഖ്യമന്ത്രിയായിരുന്ന കെ.എസ്. ഇൗശ്വരപ്പയാണ് രായണ്ണ ബ്രിഗേഡിെൻറ തലപ്പത്ത്. ബ്രിട്ടീഷ് ഇൗസ്റ്റിന്ത്യാ കമ്പനിക്കെതിരെ കിറ്റൂരിലെ റാണി ചിന്നമ്മയുടെ പടനായകനായി പോരാടി ബ്രിട്ടീഷുകാർ തൂക്കിക്കൊന്ന സംഗോളി രായണ്ണ ജനമനസ്സിൽ വീരപുരുഷനാണ്. പിന്നാക്ക വിഭാഗമായ കുറുബ സമുദായാംഗമായിരുന്നു അദ്ദേഹം. ദലിത്-പിന്നാക്കക്കാരെ കൂടെ നിർത്താൻ ഇതിലും നല്ലൊരു ൈവകാരിക മരുന്ന് വേറെയില്ലെന്ന് കണക്കുകൂട്ടിയിട്ടാവണം ഇൗശ്വരപ്പ രായണ്ണ ബ്രിഗേഡിന് തുടക്കമിട്ടത്.
പക്ഷേ, യെദിയൂരപ്പ ഇതിന് വിലങ്ങുതടിയിട്ടു. രായണ്ണ ബ്രിഗേഡിന് രാഷ്ട്രീയമില്ലെന്നും അത് സാംസ്കാരിക കൂട്ടായ്മയാണെന്നും പറയുന്നുണ്ടെങ്കിലും പൊതുവെ, യെദിയൂരപ്പയുടെ വിമർശകനായ ഇൗശ്വരപ്പയുടെ കീഴിൽ ഇങ്ങനെയൊരു പട ഉയർന്നുവരുന്നത് പാർട്ടിക്ക് ഭീഷണിയായാണ് നേതൃത്വം കണ്ടത്. ഇതിെൻറ പേരിൽ വാക്പോര് നടത്തിയ ഇരുവരും മൈസൂരുവിൽ നടന്ന നിർവാഹക സമിതിയോഗത്തിൽ തമ്മിലുള്ള അനിഷ്ടം പ്രകടിപ്പിച്ചതും ചർച്ചയായി. ഒടുവിൽ യെദിയൂരപ്പയുടെ സമ്മർദത്താൽ കേന്ദ്ര നേതൃത്വം ഇടപെട്ട് ഇൗശ്വരപ്പയെ രായണ്ണ ബ്രിഗേഡിെൻറ പ്രവർത്തനങ്ങളിൽനിന്ന് തടയുകയായിരുന്നു. ബി.െജ.പിയുടെ സമാന്തര പാർട്ടിയായി രായണ്ണ ബ്രിഗേഡ് വളരുമോ എന്നതിലപ്പുറം ആ ബാനറിന് കീഴിലെ ദലിത് -പിന്നാക്ക കൂട്ടായ്മയെയാണ് യെദിയൂരപ്പ ഭയക്കുന്നതെന്നാണ് യാഥാർഥ്യം.
കർണാടകയെയും കോൺഗ്രസിനെയും ദലിത് േനതാക്കൾ നയിക്കുേമ്പാഴും പ്രധാന പ്രതിപക്ഷമായ ബി.ജെ.പി ദലിതരെ ഒരുക്കൂട്ടുേമ്പാഴും ദലിതർക്കെതിരായ ജാതിവിവേചനവും അതിക്രമങ്ങളും നിർബാധം തുടരുകയാണ്. തുമകുരുവിൽ ദലിതുകൾ അമ്പലത്തിൽ പ്രവേശിച്ചെന്ന കാരണത്താൽ മേൽജാതിക്കാർ ഉത്സവം നിർത്തിവെച്ചതാണ് റിപ്പോർട്ട് ചെയ്ത അവസാന സംഭവം. വരുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദലിത് രാഷ്ട്രീയം ചർച്ച ചെയ്തില്ലെങ്കിലും ദലിതർക്കുവേണ്ടിയുള്ള പാർട്ടികളുടെ രാഷ്ട്രീയക്കളികൾ ചർച്ചയാവുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.