യോഗിയുടെ ദേശത്ത് സ്ത്രീസുരക്ഷ ഏറെ അകലെ
text_fieldsബദായൂനിലെ രണ്ട് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അതിദാരുണ സംഭവത്തിെൻറ പേരിൽ അഖിലേഷ് യാദവിെൻറ സമാജ്വാദി സർക്കാറിനെതിരെ ഉയർന്ന കടുത്ത ജനകീയ രോഷത്തിനു പിന്നാലെയാണ് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് 2017ൽ അധികാരത്തിലേറിയത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം ആദ്യം നടത്തിയ പ്രഖ്യാപനം സാമൂഹികവിരുദ്ധശക്തികളെ തുരത്താനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമായി റോമിയോ സ്ക്വാഡ് രൂപവത്കരിക്കുമെന്നാണ്.
എന്നിെട്ടന്ത്, നടുക്കുന്ന ബലാത്സംഗ, കൊലപാതക കേസുകൾക്ക് യു.പിയിൽ കുറവില്ലെന്നു മാത്രമല്ല, യോഗിയുടെ ഭരണത്തിൽ അത് കൂടുതൽ രൂക്ഷമാവുകയാണ്. ഇപ്പോഴിതാ ഹാഥറസിൽ ദലിത് പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി പീഡിപ്പിച്ചു കൊലപ്പെടുത്തുകയും അന്തിമ സംസ്കാരച്ചടങ്ങുകൾക്കു വിട്ടുനൽകണമെന്ന മാതാപിതാക്കളുടെ കേണപേക്ഷക്കുപോലും ചെവികൊടുക്കാതെ ബലാൽക്കാരം നട്ടപ്പാതിര നേരത്ത് മൃതശരീരം പൊലീസ് ചുട്ടെരിക്കുകയും ചെയ്തിരിക്കുന്നു.
ഓരോ സംഭവം കഴിയുേമ്പാഴും മാന്യതയോ ഉത്തരവാദിത്തമോ തൊട്ടുതീണ്ടാത്ത ആക്രമിക്കൂട്ടങ്ങളെപ്പോലെ പൊലീസും ഭരണകൂടവും മാറുന്നു. ഹാഥറസിലെ പെൺകുട്ടിയുടെ മൃതദേഹം തീയിലിട്ടെരിയിക്കുേമ്പാൾ ആ ദുഷിച്ച പൊലീസുദ്യോഗസ്ഥെൻറ മുഖത്ത് തെളിഞ്ഞ ദുഷ്ടച്ചിരി ആർക്കെങ്കിലും മറക്കാനാകുമോ?
നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തുവിട്ട പുതിയ റിപ്പോർട്ടുകളിൽ 2016നും 19നും ഇടയിൽ ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 20 ശതമാനം വർധിച്ചിരിക്കുന്നു. രാജ്യത്ത് സ്ത്രീകൾ ഏറ്റവും അരക്ഷിതരായ സംസ്ഥാനമാണ് യു.പി. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ട 3,946 ബലാത്സംഗ കേസുകളിൽ ഇരകളായ 4322 പേരിൽ 1411 ഉം പ്രായപൂർത്തിയാവാത്ത ബാലികമാരായിരുന്നു. പോസ്കോ നിയമപ്രകാരം 5401 കേസുകളാണ് 2018ൽ രജിസ്റ്റർ ചെയ്തത്. 2444 കേസുകൾ സ്ത്രീധനപീഡന മരണങ്ങളായിരുന്നു. പട്ടികജാതി വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 27.9 ശതമാനം വർധവാണ് എൻ.സി.ആർ.ബി റിപ്പോർട്ടിൽ 2017ലെ മറ്റൊരു നടുക്കുന്ന കണക്ക്.
രാജ്യത്തെയൊട്ടാകെ പിടിച്ചുകുലുക്കിയ ഹാഥറസ് ബലാത്സംഗക്കൊലയും അനുദിനം വർധിച്ചുവരുന്ന അതിക്രമ കണക്കുകളിലൊന്നായി ഒതുങ്ങാനാണിട. ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെയൊന്നാകെ ബി.ജെ.പി എം.എൽ.എ കുൽദീപ് സെങ്കാർ ഇല്ലാതാക്കിയ സംഭവം തലക്കെട്ടായി വന്നിട്ട് കാലമേറെയായിട്ടില്ല. അന്ധാളിപ്പുളവാക്കുന്ന രീതിയിലായിരുന്നു ആ കേസിെൻറ സംഭവഗതികൾ. മറ്റൊരു ക്രൂരസംഭവം ഉന്നാവിൽ തന്നെ. ബലാത്സംഗത്തിനിരയായ സ്ത്രീയെ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തീകൊളുത്തി കൊന്നത് 2019 ഡിസംബറിലാണ്. കേസിൽ മൊഴി നൽകാൻ കോടതിയിലേക്ക് പോകുംവഴിയായിരുന്നു ആ അറുകൊല.
ഹാഥറസിലെ ഇരയുടെ മൃതദേഹം കത്തിയെരിയുന്നതിനിടെ ബൽറാംപുരിൽ 22കാരി ദലിത് യുവതിയും ബലാത്സംഗക്കൊലക്കിരയായി. രണ്ടു പേരുടെ ലൈംഗികാതിക്രമത്തിനിരയായി എന്ന് ആരോപണമുയർന്ന ദിവസം തന്നെയായിരുന്നു കൊലപാതകവും. ബുലന്ദ്ഷഹറിൽ അയൽവാസി യുവാവിനാൽ ബലാത്സംഗത്തിനിരയായ 14 വയസ്സുള്ള ബാലിക ചികിത്സയിലാണിപ്പോൾ.
ബലാത്സംഗത്തിനു ശേഷം കൊല്ലപ്പെട്ട 13 വയസ്സുള്ള ബാലികയുടെ കൊത്തിയരിയപ്പെട്ട മൃതദേഹം ലഖിംപുർ ഖേരിയിലെ കരിമ്പുപാടത്തുനിന്ന് കണ്ടുകിട്ടിയത് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ്. ബലാത്സംഗം ചെയ്ത അതിക്രമി കണ്ണുകൾ ചൂഴ്ന്നെടുക്കുകയും നാവരിയുകയും ചെയ്തശേഷം കഴുത്തിൽ കയറിട്ട് വലിച്ചിഴച്ചാണ് മകളെ കൊന്നതെന്ന് അവളുടെ അച്ഛൻ ആരോപിക്കുന്നു. കുറ്റസമ്മതം നടത്തിയവർ എന്ന് പൊലീസ് പറയുന്ന രണ്ടുപേരെ ഈ കേസിൽ അറസ്റ്റു ചെയ്തിട്ടുണ്ട്.
അതേദിവസം തന്നെ മുഖ്യമന്ത്രിയുടെ നാടായ ഗോരഖ്പുരിൽ ഒരു ബാലിക ബലാത്സംഗത്തിനിരയായി. ഗോല മേഖലയിൽ താമസിക്കുന്ന കുട്ടിെയ, പൈപ്പിൽനിന്ന് വെള്ളമെടുക്കാനായി വീട്ടിൽ നിന്നിറങ്ങിയ സമയത്താണ് കൂരയിലേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയത്. ബോധരഹിതയായി കണ്ടെത്തിയ അവളുടെ ദേഹത്താകമാനം സിഗരറ്റ് കുറ്റികൾകൊണ്ട് തീപൊള്ളലേൽപിച്ചിരുന്നു ആക്രമികൾ.
രണ്ടുനാൾ മുമ്പ് കാണാതായ 17കാരിയുടെ കത്തിയെരിഞ്ഞ മൃതദേഹം ഭദോഹിയിൽനിന്ന് കണ്ടെത്തിയത് ആഗസ്റ്റ് 19ന്. ആളെ തിരിച്ചറിയാൻ പോലുമാകാത്ത വിധം മുഖവും ഉടലിെൻറ മുകൾഭാഗവും ആസിഡൊഴിച്ച് പൊള്ളിച്ച നിലയിലാണ് ജഡം ലഭിച്ചത്. മസാച്ചുസെറ്റ്സ് സർവകലാശാലയിലെ ബാബ്സൻ കോളജിലെ വിദ്യാർഥിനി സുധീഷ ഭട്ടിക്ക് ബുലന്ദ്ഷഹറിൽ 'അപകടത്തിൽ' ജീവൻ നഷ്ടപ്പെട്ടത് ആഗസ്റ്റ് 10നാണ്. ഹാപ്പുരിൽ അതിക്രമത്തിനിരയായത് ആറു വയസ്സുള്ള ബാലികയാണ്. ഗർമുക്തേശ്വർ കോട്വാലിയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അവളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കി. 12 മണിക്കൂറിനു ശേഷം കണ്ടെത്തിയ കുഞ്ഞിെൻറ ആരോഗ്യസ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുന്നു.
മറ്റൊരു ശ്രദ്ധേയ വസ്തുത യു.പിയിൽ മാത്രമല്ല, ദേശീയ വനിത കമീഷൻ സമാഹരിച്ച കണക്കുകൾ പ്രകാരം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വലിയ വർധനവാണുള്ളത്. കഴിഞ്ഞ സാമ്പത്തികവർഷം ദേശീയ കമീഷൻ രജിസ്റ്റർ ചെയ്ത 19279 കേസുകളിൽ 11287 എണ്ണവും യു.പിയിൽനിന്നായിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്തുനിന്നുള്ള കേസുകൾ 8454 എണ്ണമായിരുന്നു, അതായത് മൊത്തം കേസുകളുടെ 55 ശതമാനം.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പ്രത്യേകിച്ച് ബലാത്സംഗങ്ങൾ വെറുമൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല, മറിച്ച് സ്ത്രീകളെ വെറും ചരക്കുകളായി കാണുന്ന ദുഷിച്ച ആൺകോയ്മ വ്യവസ്ഥിതിയുടെ പ്രതിഫലനമാണെന്ന് സാമൂഹിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ആ ദുഷിച്ച മനഃസ്ഥിതിയാവട്ടെ എല്ലാ പരിധികളും ലംഘിച്ച് രാക്ഷസീയമാം വിധം വളരുന്നു. സ്വാധീനവും ശക്തിയുമുള്ള ആളുകളുടെ അതിക്രമങ്ങൾക്കിരയാവുന്ന പാവപ്പെട്ട മനുഷ്യരുടെ സഹനങ്ങളും സങ്കടങ്ങളും തുടരുേമ്പാഴും ഭരണകൂടം തിരിഞ്ഞുനോക്കാൻപോലും മടിക്കുന്നതോടെ അധീശത്വം സ്ഥാപിച്ചെടുക്കലിെൻറ അടയാളമായി യു.പിയിൽ ബലാത്സംഗം മാറിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.