'ഇനി കാണുക പുതിയ കോൺഗ്രസ്'
text_fieldsവലിയ പ്രതിസന്ധിഘട്ടത്തിലാണ് പാർട്ടിയെ നയിക്കാനുള്ള നിയോഗം കൈവന്നിരിക്കുന്നത് -കെ.പി.സി.സിയുടെ പുതിയ അധ്യക്ഷൻ കെ. സുധാകരൻ 'മാധ്യമ'ത്തോട് സംസാരിക്കുന്നു
കേരളത്തിൽ പാർട്ടിയെ തിരികെ കൊണ്ടുവരാനുള്ള വലിയ ദൗത്യമാണ് മുന്നിൽ. അതു സത്യസന്ധമായി നിർവഹിക്കും. വിജയിക്കുമെന്ന ഉറപ്പുമുണ്ട്. കാരണം, കോൺഗ്രസ് ജയിക്കണം, നിലനിൽക്കണം എന്ന് കോൺഗ്രസുകാരല്ലാത്ത ആളുകൾപോലും ആഗ്രഹിക്കുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ കോൺഗ്രസിനെ പൂർവാധികം ശക്തിപ്പെടുത്താൻ കഴിയുമെന്ന പൂർണ വിശ്വാസമുണ്ട്.
പാർട്ടിയെ ശക്തമായി തിരികെ കൊണ്ടുവരാൻ വേണ്ടതൊക്കെ ചെയ്യണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുള്ളത്. വളരെ സന്തോഷത്തോടെയും അതിലേറെ ഉത്തരവാദിത്തബോധത്തോടും കൂടിയാണ് ഹൈകമാൻഡ് തീരുമാനത്തെ ഉൾക്കൊള്ളുന്നത്. ഇനിയുള്ള കാലം പാർട്ടിക്കും നാടിനും വേണ്ടി വിശ്രമമില്ലാത്ത നാളുകളാണ്.
പാർട്ടിയെ തിരിച്ചുകൊണ്ടുവരുന്നതിൽ എന്തൊക്കെയാണ് മുൻഗണന...
ആദ്യ പരിഗണന അഭിപ്രായവ്യത്യാസം പരിഹരിച്ച് ഒറ്റക്കെട്ടായി നിർത്തുക എന്നതാണ്. എല്ലാ നേതാക്കന്മാരുടെയും സഹകരണം അഭ്യർഥിക്കും. നേരിട്ടുകണ്ട് സംസാരിക്കും. എല്ലാ നേതാക്കന്മാരെയും സഹകരിപ്പിച്ച്, മുന്നോട്ടുപോകാനാണ് ശ്രമിക്കുക. അതിന് സാധിക്കുമെന്ന ഉറച്ചവിശ്വാസമുണ്ട്. സംഘടന ബലപ്പെടുത്താനുള്ള പ്രവർത്തനത്തിനാണ് മുൻതൂക്കം. യുവാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരും. ആവേശമുള്ള പുതിയൊരു കോൺഗ്രസിനെയാകും ഇനി കാണുക.
കോൺഗ്രസിലെ പ്രശ്നം ഗ്രൂപ്പുകളാണ്. അത് എങ്ങനെ കൈകാര്യം ചെയ്യും...?
എന്നെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പിനേക്കാൾ പ്രാധാന്യവും പരിഗണനയും കർമശേഷിക്കും ജനവിശ്വാസത്തിനുമാണ്. പാർട്ടി പ്രവർത്തനത്തോട് കൂറുപുലർത്തുന്ന നേതാക്കളെ പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരും. അത് ശ്രമകരമാണ്. എങ്കിലും അതിനാണ് മുൻഗണന. അതിന് കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും പിന്തുണ കിട്ടും. ഇവിടെ പാർട്ടിയാണ് ആവശ്യം, സംഘടനയാണ് ആവശ്യം. സംഘടനക്ക് കരുത്തുപകരാൻ കഴിയുന്ന ഏത് തീരുമാനവും കേരളത്തിലെ കോൺഗ്രസുകാർ എല്ലാറ്റിനുമപ്പുറത്ത് ഏറ്റെടുക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നത്.
ഇക്കാര്യത്തിൽ 'ഗ്രൂപ് മാനേജർ'മാരുെട സഹകരണം ഉറപ്പുണ്ടോ...?
ഗ്രൂപ് പ്രശ്നങ്ങളോട് തൽക്കാലം പ്രതികരിക്കുന്നില്ല. അതിനുള്ള സമയമല്ല ഇത്. നെഗറ്റീവായ ഒന്നും പറയുന്നില്ല. നല്ല രാഷ്ട്രീയ പരിചയം എനിക്കുണ്ട്. 50 വർഷമായി തുടങ്ങിയിട്ട്. ആളുകളെ എങ്ങനെയാണ് സഹകരിപ്പിക്കേണ്ടത് എന്നൊക്കെ നല്ലപോലെ എനിക്കറിയാം. ഒരാളെയും മാറിനിൽക്കാൻ അനുവദിക്കാതെ എല്ലാവർക്കും പ്രവർത്തിക്കാനുള്ള അവസരങ്ങളുണ്ടാകും. എല്ലാ കോൺഗ്രസുകാരെയും ഒന്നിച്ചുനിർത്തുമെന്ന് രാഹുൽ ഗാന്ധിക്ക് വാക്ക് നൽകിയിട്ടുണ്ട്. ആ വാക്ക് ഞാൻ പാലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.