സയണിസ്റ്റ് ഗൂഢാലോചനയും ഖുദ്സിെൻറ ഭാവിയും
text_fieldsവീണ്ടും മസ്ജിദുൽ അഖ്സ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അഖ്സ അപകടത്തിലാകുന്നത് അസഹനീയമാണ്. കഴിഞ്ഞദിവസം സൗദിയിൽനിന്ന് വന്ന ഒരു പ്രസ്താവന മാറ്റിനിർത്തിയാൽ ഫലസ്തീൻ വിഷയത്തിൽ പതിവുപോലെ പ്രധാന മുസ്ലിം രാഷ്ട്രങ്ങൾ മൗനവല്മീകത്തിലാണ്. ഇസ്ലാമിെൻറ മൂന്നാമത്തെ വിശുദ്ധ ഗേഹം അപകടത്തിലാവുമ്പോൾ, തികഞ്ഞ അലംഭാവം കാട്ടുന്നത് ഇത്രയുംകാലം അവരുടെ നേതൃത്വം അംഗീകരിച്ചുപോന്നത് എത്ര നിരർഥകമാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ (ഒ.െഎ.സി), അറബ് ലീഗ്, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) തുടങ്ങിയ മുസ്ലിം കൂട്ടായ്മകൾ അപകടകരമായ അഖ്സ വിഷയത്തിലും മൗനം തുടരുകയാണ്.
അല്ലെങ്കിലും അവരുടെ കയർപിടിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കൊത്ത് നീങ്ങുന്നതാണ് മിക്ക കൂട്ടായ്മകളുടെയും മതസ്ഥാപനങ്ങളുടെയും ചരിത്രം. അമേരിക്ക തലയാട്ടാതെ ഒരു വാക്കുപോലും പറയാനുണ്ടാവില്ല. വാഷിങ്ടണിൽനിന്നുള്ള പിന്തുണ അവരുടെ സുരക്ഷക്കു മാത്രമല്ല നിലനിൽപിനുതന്നെ അനിവാര്യമാണെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിെൻറ ഭാഗമായിരിക്കണം ഇസ്രായേൽ അതിക്രമങ്ങളെ ‘സാധാരണവത്കരിക്കുന്നതും ഇസ്രായേലുമായി ചങ്ങാത്തം സ്ഥാപിക്കുന്നതും. കാരണം, ഇസ്രായേൽ ബന്ധം അമേരിക്കയുടെ പൂർണ പിന്തുണ നേടിത്തരും എന്നതുറപ്പാണ്.
കഴിഞ്ഞ മേയിലെ മുസ്ലിം രാഷ്ട്രങ്ങളുടെ റിയാദ് ഉച്ചകോടിക്കുശേഷം അമേരിക്ക തങ്ങളുടെ യാത്രാരേഖ ഗൾഫിലേക്ക് നീട്ടിവരച്ചു. പ്രസിഡൻറായശേഷം ഡോണൾഡ് ട്രംപ് ആദ്യം വിമാനം കയറിയത് ഒരു മുസ്ലിം തലസ്ഥാന നഗരിയിലേക്ക്. അറബ് രാഷ്ട്രങ്ങളിൽ പതിവു സന്ദർശകനായി താനുണ്ടാകുമെന്ന സൂചന നൽകിയാണ് ട്രംപ് മടങ്ങിയത്. തീവ്രവാദത്തെ നേരിടാൻ ഒരു പ്രത്യേക കമീഷനെ രൂപവത്കരിക്കുന്നതായി ഇരു രാഷ്ട്രനേതാക്കളും സംയുക്തമായി പ്രഖ്യാപിച്ചു. ആഗോളതലത്തിൽ തീവ്രവാദത്തെ മനസ്സിലാക്കാൻ ഒരു പഠനകേന്ദ്രം തന്നെ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഭീകരവാദ സംഘടനകളായ അൽഖാഇദ, ഐ.എസ് എന്നിവയുമായി പ്രതിരോധ സംഘടന ഹമാസിനെ ചേർത്തുപറഞ്ഞ ട്രംപിെൻറ നിലപാട് ഇസ്രായേലിനെ ആഹ്ലാദഭരിതരാക്കുന്നുണ്ടായിരുന്നു. ക്രൂരമായ ജൂത അധിനിവേശത്തെ കേവലം ഒറ്റപ്പെട്ട അക്രമസംഭവമാക്കി ഒതുക്കാനും ആശയറ്റ ഫലസ്തീനികളെ ഒന്നുകൂടി നൊമ്പരപ്പെടുത്താനുമാണ് ട്രംപിെൻറ നീക്കങ്ങളും നിമിത്തമായതെന്ന് ഒരുപക്ഷേ അറബ് നേതൃത്വം നിനച്ചിട്ടുണ്ടാവില്ല. എന്നാൽ, കാലാകാലമായി മുസ്ലിം രാഷ്ട്രങ്ങളുടെ ശൈഥില്യവും ആഭ്യന്തര യുദ്ധങ്ങളും ഇസ്രായേലിനാണ് ഗുണകരമാകുന്നതെന്ന് മനസ്സിലാക്കണം.
അമേരിക്കക്കും ഇസ്രായേലിനുമൊത്ത് മുസ്ലിം രാഷ്ട്രങ്ങൾ നിലകൊണ്ടാൽ ഭാവിയിൽ സമ്പുഷ്ടമായ അറബ് ഭൂമികൾ എന്താകുമെന്ന് പറയാനാകില്ല. ഇത്രയും നാൾ അവർ പറയുന്നത് അപ്പടിയനുസരിച്ച് പോന്ന രാഷ്്ട്രങ്ങൾ, ലോക മുസ്ലിംകളുടെ ഹൃദയ ഗേഹമായ മക്കയിലെ മസ്ജിദുൽ ഹറാമും അഖ്സയും മുസ്ലിംകളിൽനിന്ന് വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടാൽ എന്തുനിലപാടായിരിക്കും സ്വീകരിക്കുക. കരളിെൻറ കഷണങ്ങളായി അവകൾ മുറുക്കിപ്പിടിക്കുമോ. അതോ വിട്ടുകൊടുക്കുമോ?
ലോക മുസ്ലിംകൾക്ക് ശക്തമായ നേതൃത്വം വേണം. ആരുടേയും കളിപ്പാവകളാകാത്ത, ഫലസ്തീൻ വിഷയത്തിൽ കണിശമായ നിലപാട് കൈക്കൊള്ളുന്ന ഒരു നേതൃത്വം. മിക്ക അറബ് രാഷ്ട്രങ്ങളും പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നത് യോജിച്ച നേതൃത്വത്തിെൻറ അഭാവംകൊണ്ട് തന്നെയാണ്. ലോകത്ത് ഇസ്ലാമിെൻറ ക്ഷയവും ബലഹീനമായ നേതൃത്വം കൊണ്ടാവും. ഫലസ്തീൻ പ്രശ്നം ഉയരുമ്പോഴെല്ലാം ലോകം ഉറ്റുനോക്കുന്നത് മുസ്ലിം നേതൃത്വത്തെയായിരിക്കും. മൃദുസമീപനമാണെങ്കിൽ പരമാവധി ഉപരോധം കടുപ്പിക്കലായിരിക്കും ഇസ്രായേൽ ചെയ്യുക. ആയതിനാൽ ഇസ്രായേലിനോടുള്ള അനുഭാവവും അവർ ചെയ്യുന്ന കടുത്ത അനീതിയോടുള്ള നിഷ്ക്രിയത്വവും ലക്ഷങ്ങളുടെ നിലവിളികളോടുള്ള അവഗണനയുമായിരിക്കും.
മുസ്ലിം രാഷ്ട്രങ്ങൾ ഒറ്റക്കെട്ടാകാതിരുന്നാൽ അടുത്ത അമ്പതു വർഷം അഖ്സയും ജറൂസലമും വീണ്ടും ജൂത ഉപരോധത്തിലകപ്പെടും. തടസ്സങ്ങൾ കുറയുന്നതിനനുസരിച്ച്, എതിർപ്പുകൾ ദുർബലപ്പെടുന്നതിനനുസരിച്ച് ഇസ്ലാമിക പൈതൃക ഭൂമിയിൽ ഒരു ജൂതരാഷ്്ട്രം സ്ഥാപിച്ചതിനു പുറമെ അഖ്സപ്പൊളിച്ച് ജൂത കേന്ദ്രം നിർമിക്കലായിരിക്കും അടുത്ത അജണ്ട.
ആഴ്ചകൾക്കു മുമ്പ് മസ്ജിദുല്‍ അഖ്സയുടെ കോമ്പൗണ്ടിലുണ്ടായ ഏറ്റുമുട്ടല്‍ മസ്ജിദുല്‍ അഖ്സ അടച്ചിടാനും അവിടത്തെ ജുമുഅ നമസ്കാരം വരെ തടയാനുള്ള കാരണമായി ഉപയോഗിച്ചിരിക്കുകയാണ് അധിനിവേശ ഭരണകൂടം. മുസ്ലിംകളുടെ ഒന്നാമത്തെ ഖിബ്ലയായ മസ്ജിദുല്‍ അഖ്സ ബാങ്ക് വിളിയും നമസ്കാരവുമില്ലാതെ നിശ്ചലമായത് വളരെ വേദനജനകമാണ്. ഖുദ്സ് നഗരത്തിെൻറ ഇസ്ലാമിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങള്‍ തുടച്ചുനീക്കാന്‍ പതിറ്റാണ്ടുകളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിെൻറ ഭാഗത്തുനിന്നും ഇത്തരം നടപടിയുണ്ടായതില്‍ അദ്ഭുതമൊന്നുമില്ല. റോഡുകളുടെയും സ്ഥലങ്ങളുടേയും പേരുകള്‍ മാറ്റിയും വിശുദ്ധ അഖ്സയുടെ സമീപത്ത് ഖനനത്തിെൻറ പേരില്‍ കിടങ്ങുകള്‍ തീര്‍ത്തും അവരത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നിരന്തരം ആസൂത്രിതമായി മസ്ജിദുല്‍ അഖ്സ അങ്കണത്തിലേക്ക് ഇരച്ചുകയറ്റങ്ങള് നടത്തുന്നതും അതിെൻറ ഭാഗമായിട്ടുതന്നെയാണ്.
മസ്ജിദുല്‍ അഖ്സക്കും ഖുദ്സിനും വേണ്ടി ശബ്ദമുയർത്തേണ്ട അറബ് മുസ്ലിം ലോകത്തെ ഭരണകൂടങ്ങള്‍ ആഭ്യന്തര പ്രശ്നങ്ങളിലും പരസ്പര സംഘര്‍ഷങ്ങളിലും വ്യാപൃതമായിരിക്കുന്ന നിലവിലെ സാഹചര്യം ഖുദ്സ് നഗരത്തെ പൂര്‍ണ നിയന്ത്രണത്തിലാക്കാനുള്ള സുവര്‍ണാവസരമായാണ് അധിനിവേശ ഭരണകൂടം കാണുന്നത്. രണ്ട് ഇസ്രായേല്‍ പൊലീസുകാരുടെയും മൂന്നു ഫലസ്തീനികളുടെയും മരണത്തിന് കാരണമായ ആ ആക്രമണത്തിനുശേഷം മസ്ജിദില്‍ ജുമുഅക്ക് വിലക്കേര്‍പ്പെടുത്തിയ ഇസ്രായേല്‍ നടപടി ലോകമുസ്ലിംകളില് ഞെട്ടലുണ്ടാക്കേണ്ടതാണ്. മസ്ജിദുല്‍ അഖ്സയില്‍ നമസ്കാരംപോലും വിലക്കപ്പെടുന്ന കാലം അതിവിദൂരമല്ലെന്ന് മസ്ജിദുല്‍ അഖ്സ ഡയറക്ടര്‍ ഉമര്‍ അല്കസ്വാനിയെ പോലുള്ളവര്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇസ്രായേല്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ മസ്ജിദുല്‍ അഖ്സയെ അവരുടെ പൂര്‍ണ നിയന്ത്രണത്തിലാക്കാനുള്ളതാണെന്നും അദ്ദേഹം ഉണർത്തി.
അറബ് മുസ്ലിം രാഷ്ട്രങ്ങളുടെ അജണ്ടയില്‍ പ്രഥമ പരിഗണനയിലുണ്ടായിരുന്ന ഫലസ്തീന് പ്രശ്നത്തെ ആ സ്ഥാനത്തുനിന്നും നീക്കാനുള്ള ശ്രമങ്ങളാണ് സയണിസ്റ്റുകള്‍ ചെയ്തിട്ടുള്ളത്. അതില്‍ ഒരു പരിധിവരെ അവര്‍ വിജയിച്ചു എന്നുപറഞ്ഞാല്‍ തെറ്റാവില്ല. അറബ് ലോകത്തെ അനൈക്യവും ഛിദ്രതയും ശക്തിപ്പെടുത്തുന്നതില്‍ അവര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നിലവിലെ ഗള്‍ഫ് പ്രതിസന്ധിയുടെ പോലും യഥാര്‍ഥ ഗുണഭോക്താക്കള്‍ ഇസ്രായേലാണെന്ന് മിഡിലീസ്റ്റിലെ പല പ്രമുഖ നിരീക്ഷകരും വിലയിരുത്തുന്നു.
1917ൽ ഉസ്മാനിയ്യ ഖിലാഫത്തിെൻറ പതനത്തോടെ 90 വർഷമായി അഖ്സയും പ്രദേശവും അപകടത്തിലാണ്. ചതിയും വഞ്ചനയും പ്രയോഗിച്ച് മുസ്ലിം ഭൂമിയും ഗേഹവും പിടിച്ചെടുക്കുകയാണ് ജൂതരാഷ്ട്രം. ഇത്തരം അധിനിവേശ തന്ത്രങ്ങളെ ചെറുത്തുതോൽപിക്കാൻ മുസ്ലിം രാഷ്ട്രങ്ങൾ ഒറ്റക്കെട്ടാകേണ്ട സന്ദർഭമാണിത്.
(മിഡിൽ ഈസ്റ്റ്് മോണിറ്റർ ഡയറക്ടറാണ് ലേഖകൻ) വിവ: എ.പി. സൽമാൻ ദാരിമി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.