അറുകൊലകൾക്ക് മുഖ്യമന്ത്രി മറുപടി പറയണം
text_fieldsഅസം പൊലീസ് കൊലപ്പെടുത്തിയ മുഈനുൽ ഹഖിെൻറ കുടുംബാംഗങ്ങളെയും കുഞ്ഞു മക്കളെയും ഞങ്ങൾ സന്ദർശിച്ചു. ആശ്വസിപ്പിക്കാനാവാത്ത രീതിയിൽ കരയുകയായിരുന്നു ഹഖിെൻറ മകൾ. ആ സംഭവശേഷം അവൾ ഒന്നുംതന്നെ കഴിച്ചിട്ടും കുടിച്ചിട്ടുമില്ല. കുടുംബവും സമുദായവും ആകെ ചകിതരാണ്, പ്രത്യേകിച്ച് കുട്ടികൾ. താൽക്കാലികമായി തട്ടിക്കൂട്ടിയ ഒരു തകരക്കൂരക്കടിയിലാണ് ആ കുടുംബം കഴിയുന്നത്. ഹഖിെൻറ വീടിനടുത്തുള്ള രണ്ടു വീടുകൾ തകർക്കുക മാത്രമല്ല, തീവെച്ച് നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.
പൊലീസും ജില്ല മജിസ്ട്രേറ്റിെൻറ ഓഫിസിൽനിന്ന് നിയോഗിച്ച 'ഫോട്ടോഗ്രാഫറും' ചേർന്ന് നടത്തിയ കൊള്ളിവെപ്പിനെ ചെറുക്കാൻ ശ്രമിക്കുകയായിരുന്നു മുഈനുൽ ഹഖ്. ഒരു കമ്പുമായി ഒറ്റക്ക് നിന്നൊരു മനുഷ്യനുനേരെ 17 പേരടങ്ങുന്ന പൊലീസ് സംഘം നിറയുതിർത്തതിനെ എന്തു പറഞ്ഞ് ന്യായീകരിക്കാൻ കഴിയും? അത് ആൾക്കൂട്ടത്തെ നിയന്ത്രിക്കലോ 'ഏറ്റുമുട്ടൽ' കൊലപാതകമോ ആയിരുന്നില്ല, മറിച്ച് തനിച്ച കൊലപാതകംതന്നെയായിരുന്നു.
അനധികൃത കുടിയിറക്കുകൾ
തലേ രാത്രിയിൽ ചിലർക്ക് വാട്സ്ആപ് കാൾ വഴി കുടിയിറക്ക് നോട്ടീസ് നൽകിയിരുന്നു. മറ്റു ചിലർക്ക് കുടിയിറക്കപ്പെട്ടശേഷവും. എന്നാൽ, ഇപ്പോൾപോലും നോട്ടീസ് കിട്ടാത്തവരുമുണ്ട്. ശരിയായ രീതിയിൽ നോട്ടീസ് പോലും നൽകാതെ ബലപ്രയോഗം നടത്തി കുടിയിറക്കേണ്ടതിെൻറ ആവശ്യകത എന്തായിരുന്നു?
അതിക്രമിച്ചുകടന്നവരല്ല,ദുരിതബാധിത കർഷകർ
കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് 1979 ഫെബ്രുവരി ഏഴിന് ലഭിച്ച ഭൂമി സർട്ടിഫിക്കറ്റുകളുണ്ട്. കുടിപാര്പ്പിനുള്ള ഫീസുകൾ അടച്ചതിെൻറ രേഖകളുമുണ്ട്. സർക്കാർ അവിടെ അംഗൻവാടികളും സ്കൂളുകളും ഒരുക്കിക്കൊടുത്തിട്ടുണ്ട്. പ്രളയത്തിൽ നദി കരകവിഞ്ഞൊഴുകിയ വേളയിൽ അവർ സർക്കാർ ഭൂമിയിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ടു. അത്തരം കുടുംബങ്ങളെയെങ്ങനെ 'അനധികൃത കുടിയേറ്റക്കാർ' എന്നു പറയാനാവും.
ഭൂനയം അനീതിയാണ്, നേട്ടം ആദിമവാസികൾക്കല്ല കോർപറേറ്റുകൾക്ക്
2019ലെ ഭൂനയവും ബ്രഹ്മ കമ്മിറ്റി റിപ്പോർട്ടും ആദിമവാസികളല്ലാത്ത 'അനധികൃത കുടിയേറ്റക്കാരെ' സർക്കാർ ഭൂമിയിൽനിന്ന് ഒഴിപ്പിച്ച് 'ആദിമവാസികൾ'ക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ച് പറയുന്നു. എന്നാൽ, 'ആദിമവാസികൾ' ആരാണെന്ന നിർവചനം ഈ നയത്തിൽ വ്യക്തമാക്കിയിട്ടില്ല. എന്തുകൊണ്ടാണ് ബംഗാളി പാരമ്പര്യമുള്ള മുസ്ലിംകൾ മാത്രം ആദിമവാസികളല്ലാത്തവർ എന്ന ഗണത്തിൽപെടുന്നു, അതും ഈ ഭൂമയിൽ നാലും അഞ്ചും പതിറ്റാണ്ടുകൾ താമസിച്ചുപോരുന്നവർ.
മാത്രവുമല്ല, ലൈക, ദഡിയ എന്നിവിടങ്ങളിലെ മണ്ണൊലിച്ചു പോയി ഭൂമി നഷ്ടപ്പെട്ട, ആദിമനിവാസികളെന്ന ബി.ജെ.പി നിർവചനത്തിനു കീഴിൽ വരുന്ന ആളുകൾക്ക് ഇതുവരെയായും അവർ ആവശ്യപ്പെടുന്ന ഭൂമി നൽകിയിട്ടില്ല. ദുരിതബാധിതരായ ആളുകളെ വംശപാരമ്പര്യത്തിെൻറയും മതത്തിെൻറയും പേരിൽ വിഭജിക്കുന്നത് എന്തിനാണ്?
'ആദിമവാസികൾ' ആയ അസംകാർക്കുപോലും ഭൂമി ലഭ്യമാകാൻ പോകുന്നില്ലെന്ന് ഭൂനയത്തിൽ വ്യക്തമാണ്. വിമാനത്താവളത്തിനടുത്തും മികിർ ബാമുനിയിലുമുൾപ്പെടെ ചെയ്യുന്നതുപോലെ കോർപറേറ്റുകൾക്ക് കൈമാറുന്നതിനായി ഭൂമി പിടിച്ചടക്കലാണ് ഇപ്പോൾ നടക്കുന്നത്.
സംഘം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ:
വർഗീയമായ കുടിയിറക്ക് നയത്തിന് ഉത്തരവാദിയായ മുഖ്യമന്ത്രിയും അദ്ദേഹത്തിെൻറ സഹോദരൻകൂടിയായ മാരക അതിക്രമങ്ങൾ നടത്തിയ ദറാങ്ങിലെ എസ്.പിയും രാജിവെക്കണം.പൊലീസ് ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസും കേന്ദ്ര സർക്കാറും തമ്മിലെ കേസിൽ പുറപ്പെടുവിച്ച സുപ്രീംകോടതി വിധിയിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം. മുഈനുൽ ഹഖിെൻറയും ശൈഖ് ഫരീദിെൻറയും കൊലപാതകം സംബന്ധിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥെൻറ മേൽനോട്ടത്തിൽ കുറ്റാന്വേഷണ വിഭാഗമോ മറ്റൊരു സ്റ്റേഷനിലെ അന്വേഷണസംഘമോ സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണം.
ഫോറൻസിക്, ബാലിസ്റ്റിക് പരിശോധനകൾക്കും മറ്റ് അന്വേഷണ പരിശോധനകൾക്കുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ അടിയന്തരമായി അവരുടെ തോക്കുകൾ ഹാജരാക്കണം.ദറാങ് എസ്.പിയെയും വെടിവെപ്പിലും കൊള്ളിവെപ്പിലും പങ്കാളികളായ പൊലീസുകാരെയും അറസ്റ്റ് ചെയ്ത് ക്രിമിനൽ നിയമങ്ങൾപ്രകാരം കൊലപാതകം, കൊള്ളിവെപ്പ്, വധശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തണം.
വ്യാജന്യായങ്ങൾ പറഞ്ഞ് പാവപ്പെട്ടവരെ കുടിയിറക്കുന്നത് തടയണം. പകരം സംരക്ഷിത വനമേഖലകളിൽ റിസോർട്ടുകൾ ഉയർത്തിയിരിക്കുന്ന അതിസമ്പന്നരെയും 6354 ഏക്കർ ഭൂമി കൈയേറി അനധികൃതമായ തോട്ടം നിർമിച്ച തേയില കമ്പനികളെയും ആദിവാസി മേഖലകളിലെ വ്യവസായിക കൈയേറ്റങ്ങളെയും ഗുവാഹതിയിൽ സർക്കാർ ഭൂമിയിൽ പണികഴിപ്പിച്ച ബി.ജെ.പി ഓഫിസുമാണ് ഒഴിപ്പിക്കേണ്ടത്.
ക്ഷേത്രങ്ങൾ അനധികൃത കുടിയേറ്റക്കാർ കൈയേറുന്നു എന്ന മട്ടിലെ വർഗീയ ദുഷ്പ്രചാരണങ്ങൾ നിർത്തുക. ഏകദേശം 99 ശതമാനം താമസക്കാരും മുസ്ലിംകളായ ദരാങ്ങിൽ ക്ഷേത്രം സുരക്ഷിതമായി സംരക്ഷിച്ചുപോരുന്നുവെന്നതാണ് യാഥാർഥ്യം. ഹിന്ദുവായ ക്ഷേത്രം പരിപാലകൻ പാർവതി ദാസിനെയും ഭൂനയത്തിെൻറ മറവിൽ കുടിയിറക്കിയിട്ടുണ്ട്. പരിപാവന സ്ഥലങ്ങൾ സംരക്ഷിക്കുമെന്ന് വാചാലമാകുന്ന സർക്കാർ എന്തിനാണ് വിമാനത്താവളത്തിനടുത്ത കോയിത സിദ്ധി സത്രം നശിപ്പിച്ച് ഭൂമി പിടിച്ചെടുത്തത്?
കുടിയിറക്കപ്പെട്ട ആളുകൾക്ക് പ്രദേശവാസികളാണ് ഇപ്പോൾ ദുരിതാശ്വാസം നൽകിവരുന്നത്. സർക്കാർ അടിയന്തരമായി ഉത്തരവാദിത്തം ഏറ്റെടുത്ത് മെഡിക്കൽ ക്യാമ്പ്, കുടിവെള്ളം, ഭക്ഷണം, താമസം, ശുചിത്വ സൗകര്യങ്ങൾ എന്നിവയടങ്ങുന്ന ആശ്വാസം എത്തിക്കണം.ദറാങ്ങിൽ കുടിയിറക്കപ്പെട്ട എല്ലാ ആളുകൾക്കും അവരുടെ ഭൂമി മടക്കിനൽകുകയും വീടുകൾ പുനർനിർമിച്ചു നൽകുകയും വേണം.
വസ്തുതാന്വേഷണ സംഘാംഗങ്ങൾ:
കവിത കൃഷ്ണൻ (പോളിറ്റ് ബ്യൂറോ അംഗം)
രാംബലി സിങ് യാദവ് (ബിഹാർ നിയമസഭ അംഗം)
ക്ലിഫ്ടൺ ഡി. റൊസാറിയോ
ബലീന്ദ്ര സൈക്കിയ
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.