രണോത്സുകതയുടെയും അനുനയത്തിെൻറയും 100 ദിനങ്ങൾ
text_fieldsഅമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരത്തിൽ 100 ദിനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു. ഇൗ ദിവസങ്ങളെ വിജയദിനങ്ങളായി കൊണ്ടാടുന്നതിന് ലക്ഷങ്ങൾ ചെലവുവരുന്ന പരസ്യ പ്രചാരണങ്ങൾ യു.എസിൽ തകൃതിയാണിപ്പോൾ. തെൻറ മുൻഗാമി ബറാക് ഒബാമയെക്കാൾ സൈനിക ബലപ്രയോഗത്തിൽ ഉത്സുകനാണെന്ന് ഇൗ 100 ദിവസങ്ങൾക്കിടെ ട്രംപ് തെളിയിച്ചു എന്ന് നിസ്സംശയം പറയാനാകും. ഇറാഖ്, സിറിയ, യമൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെ യു.എസ് വ്യോമാക്രമണങ്ങൾ ഇൗ കാലയളവിൽ കുത്തനെ വർധിച്ചു. സിവിലിയൻ മരണനിരക്കും ഉയർന്നുകൊണ്ടിരിക്കുന്നു. എന്നാൽ, വാസ്തവത്തിൽ ട്രംപ് അത്രവലിയ യുദ്ധോത്സുകനാണോ എന്ന ചോദ്യവും ഉയരുന്നു. അല്ലെങ്കിൽ വാക്കുകളിൽ പരിമിതമാണോ ആ മേനിപറച്ചിൽ?
യുദ്ധഭൂമികളിലെ സ്ഥിതിവിശേഷങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ 100 ദിവസത്തെ ഭരണം സഹായകമായിരുന്നോ? വീണ്ടും 100 ദിവസങ്ങൾകൂടി പിന്നിട്ടു കഴിയുേമ്പാഴും അമേരിക്കൻ താൽപര്യങ്ങൾക്ക് ഇണങ്ങുന്ന പരിവർത്തനങ്ങൾ സാക്ഷാത്കരിക്കാൻ ട്രംപിന് സാധ്യമാകില്ല എന്നതാണ് യാഥാർഥ്യം. ഇറാഖിലെ മൂസിൽ നഗരത്തെ െഎ.എസ് നിയന്ത്രണത്തിൽനിന്ന് മുക്തമാക്കാനുള്ള തന്ത്രങ്ങളൊന്നും ലക്ഷ്യം കൈവരിച്ചിട്ടില്ല. ആർക്കും വഴങ്ങാത്ത സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽ അസദ് ഡമസ്കസിലെ സിംഹാസനത്തിൽ ഇപ്പോഴും അധികാരം വാഴുന്നു. യമൻ, അഫ്ഗാൻ എന്നിവിടങ്ങളിലെ അനിശ്ചിതത്വത്തിലും മാറ്റത്തിെൻറ ലക്ഷണങ്ങൾ പ്രകടമല്ല. ഏതാനും വിഷയങ്ങളിൽ ചില കൗശല പ്രസ്താവനകൾ പുറത്തുവിട്ടതൊഴിച്ചുനിർത്തിയാൽ മർമപ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രായോഗിക പോംവഴികൾ ആസൂത്രണം ചെയ്യുന്നതിൽ 100 ദിവസത്തെ ഭരണനിർവഹണം പരാജയമാണെന്നു പറയാതെ വയ്യ. ഒരുപക്ഷേ, വാഷിങ്ടണിലെ ഏകോപനരാഹിത്യമാകാം കാരണം. തെൻറ അജണ്ടകൾ പ്രയോഗവത്കരിക്കാൻ സമർഥരായ ഉദ്യോഗസ്ഥവൃന്ദത്തിന് രൂപംനൽകുന്നതിൽ ട്രംപ് പരാജയപ്പെട്ടിട്ടുണ്ടാകാം. അസാധാരണമായ വാശിയാലും വിചിത്രമായ വിമർശന രീതികളാലും പ്രകമ്പനം സൃഷ്ടിച്ച പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ ധൂമപടലങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിൽ നിലനിൽക്കുന്നതിനാൽ പൊടുന്നനവേയുള്ള വിജയപ്രതീക്ഷകൾ മൗഢ്യമായിരിക്കും.
യൂറോപ്യൻ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് ജ്വരമാണ് ട്രംപിെൻറ പ്രയാണ പാതയിലെ മറ്റൊരു വിഘ്നം. പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ ആവേശ പാരമ്യതയിലാണ് ഫ്രാൻസ്. ജർമനിയിലാകെട്ട ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ബ്രെക്സിറ്റ് പ്രശ്നത്തിെൻറ നൂലാമാലകളിൽനിന്ന് മുക്തമല്ല ബ്രിട്ടൻ. പാശ്ചാത്യ ലിബറലിസത്തിെൻറ മരണമണി മുഴങ്ങുന്നതിെൻറ ലക്ഷണങ്ങൾ കൂടുതൽ മിഴിവോടെ വെളിപ്പെടാനും തുടങ്ങിയിരിക്കുന്നു. ചുരുക്കത്തിൽ ട്രംപിെൻറ യൂറോപ്യൻ സഖ്യരാജ്യങ്ങൾ ആഭ്യന്തര കൃത്യാന്തര ബാഹുല്യങ്ങളാൽ ആഗോള വിഷയങ്ങളിൽ ഇടപെടാൻ തൽക്കാലം തയാറാകില്ലെന്നു സാരം. വിരോധാഭാസമെന്നു പറയാം കഴിഞ്ഞ നൂറു ദിവസങ്ങളിലെ നടപടികൾ ട്രംപിെൻറ ചില മുൻ സിദ്ധാന്തങ്ങളെ സാധൂകരിക്കുന്നതായും കാണാം. ഉദാഹരണമായി ലോക പൊലീസ് ചമയുന്നത് അനാവശ്യവും നിരർഥകവുമായ അഭ്യാസമാണെന്ന വാദം ട്രംപ് നേരത്തെതന്നെ ഉന്നയിച്ചിരുന്നു; അമേരിക്കൻ താൽപര്യങ്ങൾക്കുനേരെ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ മാത്രമേ സൈനിക ഇടപെടൽ ആവശ്യമുള്ളു എന്ന യുക്ത്യാധിഷ്ഠിത സമീപനം. എന്നാൽ, കഴിഞ്ഞ നൂറുദിവസങ്ങളിൽ പ്രത്യാഘാതം വിലയിരുത്താതെതന്നെ ട്രംപ് പെൻറഗൺ കമാൻഡർമാർക്ക് സംഘർഷഭൂമികളിൽ പൂർണ പ്രവർത്തനാധികാരം അനുവദിക്കുകയായിരുന്നു.
ഉത്തര കൊറിയയോടുള്ള ട്രംപിെൻറ സമീപനങ്ങളിലും വൈചിത്ര്യം പ്രകടമാണ്. ആണവ മിസൈലുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉത്തര കൊറിയക്കെതിരെ ആദ്യം ആക്രമണ ഭീഷണി മുഴക്കിയ ട്രംപ് ഒടുവിൽ അനുനയ പാതയിൽ പ്രവേശിക്കുന്നത് കണ്ട് ലോകം അമ്പരന്നു. ഉത്തര കൊറിയൻ പ്രസിഡൻറിനെ കൂടിക്കാഴ്ചക്കു ക്ഷണിക്കാൻവരെ ട്രംപ് സന്നദ്ധനായിരിക്കുന്നു. ഉത്തര കൊറിയയുടെ ആയുധ പരീക്ഷണങ്ങൾ യഥാർഥത്തിൽ അമേരിക്കൻ താൽപര്യങ്ങൾക്കു അതിശക്തമായ ഭീഷണിയാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിൽ എത്താൻ പ്രാപ്തമായ ഭൂഖണ്ഡാന്തര മിസൈലുകളുടെ പരീക്ഷണത്തിലാണത്രേ ഉത്തര കൊറിയ. അപായകരമായ ഇത്തരം നീക്കങ്ങൾക്ക് തടയിടാൻ സാധിക്കാത്തപക്ഷം ട്രംപിെൻറ ഭരണകാലത്തുതന്നെ അമേരിക്കൻ നഗരങ്ങൾ ആക്രമിക്കാൻ ഉത്തര കൊറിയ സൈനികശേഷി നേടാതിരിക്കില്ല.
തന്ത്രപരമായ സംയമനം സൂചിപ്പിക്കുന്ന മൗനം ട്രംപ് വെടിയാറുണ്ടെങ്കിലും അമേരിക്ക യുദ്ധോദ്യമത്തിന് തയാറാകുന്നു എന്ന വിവക്ഷഅതിന് നൽകാനാകില്ല. ഉത്തര കൊറിയയെ ആക്രമിക്കാനുള്ള സൈനികബലം സ്വന്തമാണെങ്കിലും അത്തരമൊരു ഇച്ഛാശക്തി വാഷിങ്ടണ് ഇല്ല. യുദ്ധം വരുത്തിവെക്കുന്ന ചെലവ് അതിഭീമമായിരിക്കും. അത് അമേരിക്കയുടെ സാമ്പത്തികലക്ഷ്യങ്ങൾക്ക് മുമ്പിൽ വൻ വിഘാതങ്ങൾ സൃഷ്ടിക്കും. ഉത്തര കൊറിയയുടെ ഭൂമിശാസ്ത്രപരമായ കിടപ്പാണ് യു.എസിന് വെല്ലുവിളി ഉയർത്തുന്ന മറ്റൊരു ഘടകം. അതേസമയം ചൈനയുമായുള്ള ബന്ധത്തിലൂടെ ഉത്തര കൊറിയയിൽ സ്വാധീനമുളവാക്കാനാകുമെന്ന് വൈറ്റ്ഹൗസ് കണക്കുകൂട്ടുന്നു.പക്ഷേ ഏഷ്യാ വൻകരയിൽ പുതിയ മേൽകോയ്മ സ്ഥാപിച്ച് ചൈനയെ പാർശ്വവത്കരിക്കാൻ ബറാക് ഒബാമ തുടക്കം കുറിച്ച സമരതന്ത്രം അതോടെ തകിടം മറിയും. യു.എസ്-ചൈന ബാന്ധവം ഏഷ്യൻ രാഷ്ട്രീയത്തിൽ മാത്രമല്ല സാർവദേശീയ സമവാക്യങ്ങളിലും ചരിത്രപരമായ പരിണതികൾക്ക് നാന്ദി കുറിക്കും.
ചൈനയുമായി സമഗ്ര സാമ്പത്തിക സംഭാഷണങ്ങൾക്ക് തയാറാണെന്ന്നേരത്തേ തന്നെ ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. കറൻസികളിൽ തിരിമറി നടത്തുന്ന രാജ്യം എന്ന മുൻ ഭരണാധികാരികളുടെ ആരോപണം ചൈനക്കെതിരെ ഉന്നയിക്കാൻ ട്രംപ് ഭരണകൂടം തയാറല്ല. ഏക ചൈന നയത്തിന് (തായ്വാൻ ചൈനയുടെ ഭാഗമാണെന്ന) ട്രംപ് അംഗീകാരം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ചൈനയെ ഒറ്റപ്പെടുത്താൻ ഒബാമ രൂപം നൽകി ട്രാൻസ്പസഫിക് പാർട്ണർഷിപ്പ് എഗ്രിമെൻറ് എന്ന സാമ്പത്തിക ഉടമ്പടിയിൽനിന്ന് പിന്മാറാനുള്ള ട്രംപിെൻറ തീരുമാനമാണ് ചൈനക്ക് കരുത്ത് പകരുന്ന മറ്റൊരു ചുവടുവെപ്പ്.
ഏകപക്ഷീയതയെ ഫലപ്രദമായ നയമായി പരിഗണിക്കുന്നില്ല എന്നതാണ് ട്രംപിെൻറ ശ്രദ്ധേയമായ സവിശേഷത. സിറിയൻ വ്യോമസേനാ താവളത്തിന് നേർക്ക് കഴിഞ്ഞമാസം നടത്തിയ ബോംബാക്രമണം തന്നെ ഉദാഹരണം. ആക്രമണകാര്യം സിറിയൻ സഖ്യരാജ്യമായ റഷ്യയെ ട്രംപ് നേരത്തേ ധരിപ്പിച്ചിരുന്നു. റഷ്യയാകെട്ട ഇൗ വിവരം സിറിയൻ അധികൃതർക്കും കൈമാറി. ഫലത്തിൽ ഏറെ മുൻകരുതലുകൾ കൈക്കൊണ്ടശേഷം നടത്തിയ ആ ആക്രമണം കൂടുതൽ വിനാശങ്ങൾക്ക് ഹേതുവായില്ല. അതേസമയം ബശ്ശാർ അൽ അസദിനെ നിഷ്കാസനം ചെയ്യുന്ന ആക്രമണപദ്ധതിയുമായി അമേരിക്കൻ ഉപദേഷ്ടാക്കൾ ട്രംപിന് മുമ്പാകെ രംഗപ്രവേശം ചെയ്തിരുന്നു. സിറിയൻ വിമത പ്രക്ഷോഭകർക്ക് ഒബാമ നൽകിയിരുന്ന സഹായം വെട്ടിക്കുറക്കുന്ന ട്രംപിെൻറ നീക്കവും തന്ത്രപരമാണെന്ന് നിരീക്ഷകർ കരുതുന്നു. എന്നാൽ െഎ.എസ് ഭീകരതയെ തളക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം അനുവർത്തിക്കാൻ യു.എസ് പ്രസിഡൻറ് ജാഗ്രത പുലർത്തുന്നു.
അഫ്ഗാനിസ്താനിലെ പ്രതിസന്ധിയും സംയമനപൂർവം കൈകാര്യം ചെയ്യാൻ ട്രംപ് ആഗ്രഹിക്കുന്നതായാണ് സൂചന. കൂടുതൽ പോഷകസേനയെ നിയോഗിക്കണമെന്ന കമാൻഡർമാരുടെ അഭ്യർഥനക്ക് ട്രംപ് യഥാസമയം മറുപടി നൽകുന്നില്ല. രാഷ്ട്രീയ നയതന്ത്ര മാർഗങ്ങൾ അവലംബിക്കുന്നതോടൊപ്പം മേഖലാതല കാഴ്ചപ്പാട് പുലർത്താൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അഫ്ഗാൻ-പാക് തർക്കങ്ങൾ, ഇന്ത്യാ-പാക് ബന്ധങ്ങളിലെ ശൈഥില്യം എന്നിവയുമായി ബന്ധിപ്പിച്ചാകണം അഫ്ഗാൻ പ്രതിസന്ധിയുടെ പരിഹാരം തേടേണ്ടതെന്ന ട്രംപിെൻറ കാഴ്ചപ്പാട് നയതന്ത്ര കേന്ദ്രങ്ങളിൽ കൗതുകമുണർത്തിയിരിക്കുന്നു.
സാർവദേശീയ തലത്തിൽ പ്രകമ്പനം ഉളവാക്കാൻ ഇതിനകം ട്രംപിന് സാധിച്ചു എന്നതിൽ തർക്കമില്ല. അതേസമയം കഴിഞ്ഞ 100 ദിവസങ്ങളിലെ അദ്ദേഹത്തിെൻറ പ്രവർത്തനശൈലി വിദേശനയവുമായി ബന്ധപ്പെട്ട ചൂണ്ടുപലകയായി വിലയിരുത്താൻ സാധ്യമല്ല. ഉൗഴം തികക്കാൻ ബാക്കിനിൽക്കുന്ന 1400ൽപരം ദിനങ്ങളിൽ അദ്ദേഹത്തിെൻറ കർമപദ്ധതികൾ എന്തായിരിക്കുമെന്ന കാര്യം അസ്പഷ്ടമായി ശേഷിക്കുന്നു. സമർഥമായ രീതിയിൽ ഇണക്കമില്ലായ്മ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ട്രംപിെൻറ അടുത്ത കാൽവെപ്പ് പ്രവചിക്കാൻ കഴിയാതെ ബെയ്ജിങ്ങിനുപോലും അഭ്യൂഹങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.