ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയുടെ പ്രശ്നങ്ങള്‍
text_fieldsഹിന്ദുത്വ ഫാഷിസം എന്നത് പരിഹസിച്ചില്ലാതാക്കാന്‍ കഴിയുന്നതായിരുന്നെങ്കില്‍ സമൂഹമാധ്യമങ്ങളിലെ നാലു സറ്റയറിസ്റ്റുകള്‍ക്കും സിനിസിസ്റ്റുകള്‍ക്കും അവരുടെ കുറച്ചു വായനക്കാര്‍ക്കും കൂടി ഇതവസാനിപ്പിച്ചു തരാന്‍ കഴിയുമായിരുന്നു. പക്ഷേ, ഇറ്റാലിയന്‍ ഫാഷിസത്തേക്കാളും ജര്‍മന്‍ ഫാഷിസത്തേക്കാളും, എന്തിന് കമ്യൂണിസ്റ്റ് സോഷ്യല്‍ ഫാഷിസത്തേക്കാളും (ഇതൊക്കെ തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ട്, ചില അടിസ്ഥാന ഐകരൂപ്യങ്ങളും) അടിയുറപ്പും ചരിത്രപാരമ്പര്യവുമുള്ള ഒരു പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വത്തിന്‍െറത്. അതിന്‍െറ വേരുകള്‍ വര്‍ണബോധത്തിന്‍െറ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആണ്ടിറങ്ങിയിട്ടുള്ളതാണ്. ലോകത്ത് ഫാഷിസം ഒരു രാഷ്ട്രീയ ശക്തിയായി അവതരിച്ച 1920കളില്‍ തന്നെയാണ് സവര്‍ക്കറും ഹെഡ്ഗേവാറും ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് രൂപംകൊടുത്തതെങ്കിലും ഇറ്റാലിയന്‍-ജര്‍മന്‍ ഫാഷിസങ്ങളെപ്പോലെ കേവല ദേശീയവാദം മാത്രമായിരുന്നില്ല അതിന്‍െറ കൈമുതല്‍.
മുസോളിനിയുടെ പരാതി സോഷ്യലിസ്റ്റുകള്‍ക്ക് ദേശീയത പോരെന്നായിരുന്നു. ഇറ്റാലിയന്‍ ഫാഷിസം വളര്‍ന്നത് ഗ്രാമങ്ങളില്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയം ശക്തിപ്പെട്ടതിനോടുള്ള കാര്‍ഷികമുതലാളിത്തത്തിന്‍െറയും ഭൂവുടമകളുടെയും പ്രതികരണം ആയിട്ടായിരുന്നു എന്ന് ഗ്രാംഷി പറയുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ലളിതമായ വര്‍ഗവിശകലനത്തിന് വഴങ്ങുന്നതല്ല ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്‍െറ ആവിര്‍ഭാവ ചരിത്രം എന്ന് മനസ്സിലാക്കാന്‍ വിഷമമില്ല.
ഇതിനെക്കാള്‍ സങ്കീര്‍ണമായ ഒരു രാഷ്ട്രീയമാണ് ഹിന്ദുത്വത്തിന്‍െറ അടിസ്ഥാനം. അതിനു 1857നു ശേഷമുള്ള ദേശീയബോധനിര്‍മിതിയുടെ പ്രത്യയശാസ്ത്ര അടിസ്ഥാനമാണുള്ളത്. 57ലെ ബ്രിട്ടീഷ് വിരുദ്ധ കലാപം പരാജയപ്പെടുകയും ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍നിന്ന് ഇന്ത്യയെ ബ്രിട്ടന്‍ ഏറ്റെടുക്കുകയും ചെയ്തതോടെ ഉണ്ടായ രാഷ്ട്രീയ കാലാവസ്ഥയിലാണ് ആദ്യത്തെ ഹിന്ദുത്വ പ്രത്യയശാസ്ത്രം രൂപംകൊള്ളുന്നത്. ബാലഗംഗാധര തിലകനും ആര്യസമാജവും ബ്രഹ്മസമാജവും ഒക്കെ ഇതിന്‍െറ ധാരണകള്‍ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഹിന്ദുത്വം എന്താണ് എന്ന് നിര്‍വചിക്കുന്ന പുസ്തകം സവര്‍ക്കര്‍ തയാറാക്കുന്നത് ആന്തമാന്‍ ജയിലില്‍നിന്ന് ആയിരുന്നെങ്കിലും അതിനൊക്കെ വളരെമുമ്പ് 1908ലാണ് ‘1857 ലെ സ്വാതന്ത്ര്യസമരം” എന്ന പുസ്തകം സവര്‍ക്കര്‍ എഴുതുന്നത്. ഇന്ന് എല്ലാവരും ആവര്‍ത്തിക്കുന്ന ‘ഒന്നാം സ്വാതന്ത്ര്യ സമരം’ എന്ന പ്രയോഗം തന്നെ ജനകീയവത്കരിച്ചത് സവര്‍ക്കറാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്ര നിര്‍മിതിയില്‍ എത്രമാത്രം പ്രധാനമായിരുന്നു 1857-1890 കാലഘട്ടം എന്നത് അവഗണിക്കാന്‍ കഴിയുന്നതല്ല. ഹിന്ദുത്വത്തിന്‍െറ ആ കുതിപ്പിന് തടയിട്ടത് കുറച്ചൊക്കെ അപ്രതീക്ഷിതമായുണ്ടായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ ആവിര്‍ഭാവമാണ്. ഇതുണ്ടായിരുന്നില്ളെങ്കില്‍ ഹിന്ദുത്വശക്തികള്‍ ക്രമേണ രാഷ്ട്രീയമായ മേല്‍ക്കൈ നേടുകയും ഇന്ത്യന്‍ രാഷ്ട്രീയം തന്നെ മാറിപ്പോവുകയും ചെയ്യുമായിരുന്നു.
ആ കാലത്ത് ഉയര്‍ന്നുവന്ന ഹിന്ദുത്വത്തിന്‍െറ രാഷ്ട്രീയധാരണകളെ അടിസ്ഥാനപ്പെടുത്തിയാണ് സവര്‍ക്കറിന്‍െറയും ഹെഡ്ഗേവാറിന്‍െറയും ആശയങ്ങള്‍ രൂപംകൊള്ളുന്നത്. ഇതിന്‍െറ അടിസ്ഥാനം വൈദികകാലം മുതല്‍ തുടരുന്നതായി സങ്കല്‍പിക്കപ്പെടുന്ന ഒരു ഹൈന്ദവ സാംസ്കാരിക ദേശീയതയാണ്. ഈ സാംസ്കാരിക ദേശീയതയാണ് അതിന്‍െറ അപരത്വങ്ങളെ നിര്‍വചിക്കുന്നത്. നവഹിന്ദുത്വത്തിന്‍െറ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ ഈ ചരിത്രത്തില്‍നിന്ന് അടര്‍ത്തിമാറ്റി മനസ്സിലാക്കാനാവില്ല. ഈ സാംസ്കാരിക ദേശീയത പുറംതള്ളുന്ന വിഭാഗങ്ങളുടെ രാഷ്ട്രീയാസ്തിത്വത്തെയും സ്വത്വപ്രതിനിധാനത്തെയും സംരക്ഷിക്കുന്ന ഒരു ഭരണഘടനക്ക് അംബേദ്കറും കോണ്‍ഗ്രസും രൂപംകൊടുത്തു എന്ന അസഹിഷ്ണുതയില്‍നിന്നാണ് നവഹിന്ദുത്വ ഫാഷിസം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അതിന്‍െറ പ്രസക്തി നിര്‍വചിച്ചു പോന്നിട്ടുള്ളത്. ഹിന്ദുത്വ ഫാഷിസത്തിനെതിരെയുള്ള ഐക്യമുന്നണി എന്നത് ഈ യാഥാര്‍ഥ്യത്തെ വിസ്മരിച്ചുകൊണ്ട് മുന്നോട്ടുവെക്കാനാവില്ല.
ഗ്രാംഷി ഫാഷിസത്തിനെതിരെ പോരാടുന്ന ഇരുപതുകളില്‍ ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ ഒരു ഐക്യമുന്നണിയുടെ സാധ്യത ഉണ്ടായിരുന്നില്ല. ഇതിന്‍െറ ഒരു കാരണം ഗ്രാംഷി തന്നെ പുലര്‍ത്തി യിരുന്ന സങ്കുചിതമായ മാര്‍ക്സിസ്റ്റ് വിപ്ളവസങ്കല്‍പമായിരുന്നു. സോഷ്യലിസ്റ്റുകളെ അവര്‍ വര്‍ഗസമരത്തിന്‍െറയും തൊഴിലാളിവര്‍ഗാധിപത്യത്തിന്‍െറയും രാഷ്ട്രീയം മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നു എന്നു പറഞ്ഞു ഗ്രാംഷി കടന്നാക്രമിച്ചുകൊണ്ടിരുന്നു. ഫാഷിസത്തെ പരാജയപ്പെടുത്തുക എന്നാല്‍ തൊഴിലാളിവര്‍ഗ ഭരണം സ്ഥാപിക്കുക എന്നതായിരുന്നു അന്നത്തെ കാഴ്ചപ്പാട്. ഫാഷിസത്തിനെതിരെയുള്ള ജനാധിപത്യമുന്നണിയെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് സങ്കല്‍പങ്ങള്‍ സങ്കുചിതമായിരുന്നു. ഇരുപതുകളില്‍ ഇറ്റാലിയന്‍ ഫാഷിസത്തിനെതിരെയുള്ള ശക്തമായ മുന്നണി ഉണ്ടാകാതെ പോയത് അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെതന്നെ തകര്‍ച്ചയിലേക്കാണ് നയിച്ചത് എന്ന് കാണാന്‍ കഴിയും. മുന്നണി എന്നത് ചില രാഷ്ട്രീയമായ കൃത്യതകള്‍ മാറ്റിവെച്ചുകൊണ്ട് മാത്രമേ രൂപവത്കരിക്കാന്‍ കഴിയൂ. വിഭാഗീയമായ സമീപനം ഇക്കാര്യത്തില്‍ ഗുണം ചെയ്യില്ല.
1930കളില്‍ ഈ വഴിയില്‍നിന്ന് മാറി ചിന്തിക്കുകയും ഫാഷിസത്തെക്കുറിച്ച് കൂടുതല്‍ യഥാതഥമായ ഒരു കാഴ്ചപ്പാട് രൂപവത്കരിക്കുകയും ചെയ്തത് ബള്‍ഗേറിയന്‍ കമ്യൂണിസ്റ്റായിരുന്ന ദിമിത്രോവ് ആയിരുന്നു. ഓരോ രാജ്യത്തിന്‍െറയും സവിശേഷ സാഹചര്യങ്ങളില്‍ എങ്ങനെയാണ് ഫാഷിസം രൂപപ്പെടുന്നത് എന്ന് പരിശോധിച്ചുകൊണ്ടുവേണം നിലപാടുകള്‍ എടുക്കേണ്ടതെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എല്ലാ യാഥാസ്ഥിതികത്വത്തെയും പ്രതിലോമതകളെയും ഫാഷിസമായി കാണുന്നത് വിഡ്ഢിത്തമാണ് എന്ന് അദ്ദേഹം മനസ്സിലാക്കി. ഇങ്ങനെ പോയാല്‍ കമ്യൂണിസ്റ്റ് ഇതരരെ മുഴുവന്‍ ഫാഷിസ്റ്റ് എന്ന് വിളിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പല രാജ്യങ്ങളിലും ഈ സമീപനം സ്വീകരിച്ചത് ഫാഷിസത്തിനെതിരെയുള്ള സമരത്തെ ദുര്‍ബലപ്പെടുത്തി എന്നദ്ദേഹം പറയുന്നുണ്ട്.
ഏറ്റവും സുപ്രധാനമായി എനിക്ക് തോന്നിയത് റൂസ് വെല്‍റ്റിന്‍െറ അമേരിക്കന്‍ ഭരണകൂട നയങ്ങളെ ഫാഷിസ്റ്റ് എന്ന് വിളിക്കുകയും എന്നാല്‍, റൂസ് വെല്‍റ്റിനെതിരെ വിമര്‍ശങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന അമേരിക്കന്‍ മുതലാളിത്വത്തിലെ വലതു പിന്തിരിപ്പന്‍ ശക്തികളാണ് അമേരിക്കയിലെ യഥാര്‍ഥ ഫാഷിസ്റ്റുകള്‍ എന്ന് കാണാതിരിക്കുകയും ചെയ്യുന്ന സമീപനം യാന്ത്രികമാണെന്നു ദിമിത്രോവ് വിശദീകരിക്കുന്നു.
ഏതാണ്ട് സമാനമായ സ്ഥിതിയായിരുന്നു ഇന്ത്യയില്‍ എഴുപതുകളില്‍ എന്ന് ഇപ്പോള്‍ തിരിഞ്ഞുനോക്കുന്ന ഒരു ചരിത്രവിദ്യാര്‍ഥിക്ക് കാണാന്‍ കഴിയും. പ്രിവിപ്പേഴ്സ് നിര്‍ത്തലാക്കുകയും ബാങ്കുകള്‍ ദേശസാത്കരിക്കുകയും ഫലസ്തീന്‍ പ്രശ്നമടക്കം ആഗോളപ്രശ്നങ്ങളില്‍ പുരോഗമന നിലപാടുകളോടെ ചേരിചേരാ നയത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ വലതു പിന്തിരിപ്പന്‍ കക്ഷികള്‍ ചേര്‍ന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന ബഹുജനസമരത്തിന്‍െറ രാഷ്ട്രീയമായ ഉള്ളടക്കം മനസ്സിലാക്കുന്നതില്‍ സോഷ്യലിസ്റ്റുകള്‍ പരാജയപ്പെടുക ആയിരുന്നു. കോണ്‍ഗ്രസ് ഒറ്റപ്പെടുകയും ജനാധിപത്യവിരുദ്ധമായ രീതികളില്‍ ആ സമരത്തെ നേരിടുന്നതിലേക്ക് അവര്‍ നീങ്ങുകയും ചെയ്തു. ആ രാഷ്ട്രീയ മുന്നണി ഗുജറാത്തില്‍ അധികാരത്തില്‍ എത്തിയതിനും ശേഷമായിരുന്നു അടിയന്തരാവസ്ഥ. നാം ഫാഷിസത്തെ അറിയുന്ന രീതിയിലുള്ള ഫാഷിസമായിരുന്നില്ല അടിയന്തരാവസ്ഥയുടേത്. സ്വയം രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കഴിയാതെ, തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ഉള്ളടക്കമുള്ള ഒരു പ്രത്യാക്രമണത്തിലേക്ക് നീങ്ങിയ സര്‍ക്കാറായിരുന്നു അത്. വലിയവിലയാണ് ആ 19 മാസങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യം നല്‍കേണ്ടിവന്നത്. നരേന്ദ്ര മോദി പോലും ഇപ്പോഴും ന്യായീകരിക്കപ്പെടുന്നത് ആ 19 മാസക്കാലത്തിന്‍െറ പേരിലാണ് എന്നത് വലതുപക്ഷാക്രമണങ്ങളെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് നമുക്ക് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നില്ളെങ്കില്‍ നമ്മുടെ വിശകലനങ്ങള്‍ അമ്പേ പാളിപ്പോവുകയാണ് എന്ന് ഉറപ്പിക്കാന്‍ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്.
ഇപ്പോള്‍ രണ്ട് ഫാഷിസ്റ്റ് വിരുദ്ധ സംഗമങ്ങള്‍ കേരളത്തില്‍ നടന്നുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ വിഭാഗീയ സമീപനങ്ങളിലുള്ള പാളിച്ചകള്‍ തിരുത്തിക്കൊണ്ട് മാത്രമേ വിശാലമായ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധമുന്നണി രൂപവത്കരിക്കാന്‍ കഴിയൂ. എന്താണ് ഇന്ത്യ നേരിടുന്ന ഫാഷിസം, അതിനെ എങ്ങനെ ചെറുക്കാം എന്നതാണ് പ്രധാനം. ഇരുസംഗമങ്ങളിലും യോജിക്കാനും വിയോജിക്കാനും കഴിയുന്ന രാഷ്ട്രീയം അടങ്ങിയിട്ടുണ്ടായിരുന്നു. അവശേഷിക്കുന്ന സോഷ്യലിസ്റ്റുകളെയും സി. പി.എമ്മിനെയും കോണ്‍ഗ്രസിനെയും മുസ്ലിം സംഘടനകളെയും സിവില്‍സമൂഹസംഘങ്ങളെയും മറ്റും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഹിന്ദുത്വ വിരുദ്ധമുന്നണി ഉണ്ടാവുക പ്രയാസമാണ്.
ദിമിത്രോവിന്‍െറ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുക എന്നത് ഫാഷിസ്റ്റ് വിരുദ്ധസമരത്തില്‍ പ്രധാനമാണ് ഇത് കേവലം മുതലാളിത്തവിരുദ്ധ അന്ധവിശ്വാസവിരുദ്ധ സമ്മര്‍ദ സമരമല്ല. ഹിന്ദുത്വം എന്ന കൊടിയ ഫാഷിസ്റ്റ് ഭീഷണിക്കെതിരെയുള്ള അതിജീവനസമരമാണ്. മാത്രമല്ല, കേരളത്തിലെ വിഭവസമാഹരണ സാധ്യതകള്‍ മാത്രം മുന്നില്‍കണ്ടല്ല, ഇന്ത്യയിലെ മറ്റിടങ്ങളിലെ സാധ്യതകള്‍കൂടി വിലയിരുത്തിയാവണം ഈ രാഷ്ട്രീയം രൂപപ്പെടേണ്ടത്. ഇരുസംഗമങ്ങളിലും പങ്കെടുത്ത പ്രസ്ഥാനങ്ങളുടെ പൂര്‍വകാലചരിത്രം മാത്രംവെച്ച് അവരെ ആക്രമിക്കുന്ന സമീപനം രണ്ടിടത്തും കാണുകയുണ്ടായി. ഇതും പുനര്‍വിചിന്തനത്തിന് വിധേയമാക്കാന്‍ എല്ലാവരും തയാറാവേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.