കോണ്‍ഗ്രസും കൊഴിയുന്ന യുക്തിബോധവും
text_fields‘ഇന്ദിര ഗാന്ധിയുടെ മരുമകളാണ് ഞാന്‍’ -രണ്ടാഴ്ച മുമ്പ് സോണിയ ഗാന്ധി നടത്തിയ ഈ പ്രസ്താവനയുടെ പൊരുള്‍ എനിക്ക് ഇപ്പോഴും ദുരൂഹമായിത്തന്നെ ശേഷിക്കുന്നു. ‘നാഷനല്‍ ഹെറാള്‍ഡി’നുവേണ്ടി സര്‍ക്കാറില്‍നിന്ന് കൈപ്പറ്റിയ 90 കോടി രൂപ തിരിച്ചടക്കാത്ത കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മധ്യേയായിരുന്നു സോണിയയുടെ പ്രസ്താവന. പണമിടപാടിലെ ഈ വീഴ്ചയെ കോടതി ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുകയുണ്ടായി.
കൂടുതല്‍ രൂക്ഷമായിരുന്നു പുത്രന്‍ രാഹുലിന്‍െറ പ്രതികരണം. മോദി സര്‍ക്കാറിന്‍െറ രാഷ്ട്രീയ പകപോക്കല്‍ നടപടിയുടെയും ഗൂഢാലോചനയുടെയും ഭാഗമാണ് കോടതിവിധി എന്നായിരുന്നു രാഹുലിന്‍െറ വാദം. അന്വേഷണങ്ങളില്‍ കണ്ടത്തെിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കോടതി നല്‍കിയ വിധി എങ്ങനെ സര്‍ക്കാര്‍ നടപടിയാകും?
പൊതുജനരോഷം ഭയന്നാകണം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ രാഹുലിന്‍െറ കോടതിക്കെതിരായ പരാമര്‍ശങ്ങള്‍ മയപ്പെടുത്തുകയുണ്ടായി. കോടതിവിധി സ്പര്‍ശിക്കാതെ, പ്രശ്നം ബി.ജെ.പി പ്രതികാരബുദ്ധിയോടെ കുത്തിപ്പൊക്കിയ കേസാണെന്നായിരുന്നു മുന്‍ നിയമമന്ത്രി കപില്‍ സിബലിന്‍െറ വ്യാഖ്യാനം. പരോക്ഷമായി രാഹുലിന്‍െറ നിരുത്തരവാദപരമായ വാദത്തെ സിബലും അനുകൂലിക്കുകയായിരുന്നു.
വാസ്തവത്തില്‍, നാഷനല്‍ ഹെറാള്‍ഡിനുവേണ്ടി സ്വീകരിച്ച വായ്പ തിരിച്ചടക്കാന്‍ സോണിയക്കോ രാഹുലിനോ താല്‍പര്യമില്ല. അമ്മയും മകനും അനാവശ്യമായി മോദിയെയും ബി.ജെ.പിയെയും പ്രശ്നത്തിലേക്ക് വലിച്ചിഴച്ച് സ്വന്തം കുറ്റങ്ങളെ ഒളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈ ചിത്രത്തില്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും ഒരു ഭാഗവും അഭിനയിക്കാനില്ല.
ഭര്‍തൃമാതാവിന്‍െറ പെരുമാറ്റം അതേപടി അനുകരിക്കാന്‍ ശ്രമിക്കുകയാണോ സോണിയ? അധികാരം ലഭിച്ചിരുന്നെങ്കില്‍ സോണിയയും ഇന്ദിരയെപ്പോലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാര്‍ലമെന്‍റ് അംഗങ്ങളെ ജയിലിലടക്കുമായിരുന്നോ? തന്നെ ആറുവര്‍ഷത്തേക്ക് അയോഗ്യയായി പ്രഖ്യാപിച്ച അലഹബാദ് കോടതിവിധിയെ മറികടക്കാനായിരുന്നല്ളോ അത്തരം സാഹസങ്ങള്‍ക്ക് ഇന്ദിര മുതിര്‍ന്നത്. മാധ്യമങ്ങളുടെ വായടച്ച് പ്രതിപക്ഷത്തെ നിര്‍വീര്യമാക്കി തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ഭേദഗതി ചെയ്ത ഇന്ദിരയുടെ അടിച്ചമര്‍ത്തല്‍നയത്തിന്‍െറ പ്രത്യാഘാതം അതീവ ഗുരുതരമായിരുന്നു.
ഭരണകക്ഷിയെപ്പോലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ജനാധിപത്യസംവിധാനത്തില്‍ നിര്‍ണായക ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ട് എന്ന സത്യം വിസ്മരിക്കുന്നത് കോണ്‍ഗ്രസിന് ഭൂഷണമല്ല. ഇത്തരം ഓരോ സംവിധാനവും ജനാധിപത്യ ഘടനക്ക് കരുത്തായിമാറുകയാണ് വേണ്ടത്. അവക്കെതിരായ കൈയേറ്റം ജനാധിപത്യത്തിനും പൗരാവകാശ സംരക്ഷണ സംവിധാനങ്ങള്‍ക്കുംനേരെയുള്ള കൈയേറ്റങ്ങള്‍തന്നെയാകുന്നു.
എത്രതന്നെ ന്യൂനതകളുണ്ടെങ്കിലും മുന്‍കാല നിയമങ്ങളുടെ പേരില്‍ മോദിസര്‍ക്കാറിനെ പഴിക്കുന്നത് യുക്തിസഹമല്ല. എന്നാല്‍, ബഹുസ്വരതയെയും മതേതരത്വത്തെയും നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ ന്യായമായും വിമര്‍ശിക്കണം. ഭരണഘടനയില്‍ ഇടംപിടിച്ച മതേതരത്വ സങ്കല്‍പത്തെ തകര്‍ക്കുന്ന ഹൈന്ദവ രാഷ്ട്രമാണ് ബി.ജെ.പി ലക്ഷ്യംവെക്കുന്നത്.
തീവ്ര നിലപാടുകാരായ ആര്‍.എസ്.എസ് സര്‍ക്കാറില്‍ ശക്തമായ സ്വാധീനം ചെലുത്തുമ്പോള്‍ ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പം തകര്‍ക്കാന്‍ ഇടയാക്കുന്ന ചുവടുവെപ്പുകള്‍ ഉണ്ടാകുമോ എന്ന ഭയാശങ്ക ബി.ജെ.പിയെ പിടികൂടിയിരിക്കുന്നു. അതേസമയം, മോദി സര്‍ക്കാറിനു കീഴില്‍ സംജാതമായ അസഹിഷ്ണുതയുടെ വ്യാപനത്തെ അത്യധികം ദൗര്‍ഭാഗ്യകരമായേ വിലയിരുത്താനാകൂ. മുസ്ലിം ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, ബുദ്ധിജീവികളും ഈ അസഹിഷ്ണുതയുടെ ഇരകളായി കലാശിച്ചിരിക്കുന്നു. വലതുപക്ഷത്തേക്ക് രാജ്യത്തെ തള്ളിനീക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യക്ക് ഒരുനിലക്കും ഗുണകരമാകില്ല. സമഗ്രമായ വികസനലക്ഷ്യങ്ങളെ മുരടിപ്പിക്കാനേ അതുവഴി സാധിക്കൂ.
ഈ പശ്ചാത്തലത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ പാക് സന്ദര്‍ശനം അഭിനന്ദനമര്‍ഹിക്കുന്നു. ഉഭയകക്ഷി ചര്‍ച്ചയിലെ സ്തംഭനം അവസാനിപ്പിക്കാന്‍ സുഷമയുടെ സന്ദര്‍ശനം സഹായകമായി. ഭീകരത അവസാനിപ്പിക്കാതെ പാകിസ്താനുമായി സംഭാഷണമില്ളെന്ന ഇന്ത്യയുടെ മുന്‍ നിലപാടില്‍ മാറ്റംവരുത്താനും സുഷമക്ക് സാധിച്ചിരിക്കുന്നു. ഇത്തരമൊരു രചനാത്മക സമീപനം നേരത്തേതന്നെ കൈക്കൊണ്ടിരുന്നെങ്കില്‍ ഇരുപക്ഷത്തിനും അത് ഏറെ നേട്ടങ്ങള്‍ പ്രദാനംചെയ്യുമായിരുന്നു. സംവത്സരങ്ങളാണ് നാം അനാവശ്യമായി തുലച്ചുകളഞ്ഞത്.
അര്‍ഥശൂന്യമായ അകല്‍ച്ചകളിലൂടെ നാം ഏഴു ദശകം പാഴാക്കിയിരിക്കുന്നു. കാര്‍ഗില്‍ ഉള്‍പ്പെടെ മൂന്ന് യുദ്ധങ്ങളും അരങ്ങേറി. ഇരുപക്ഷത്തുമായി ആയിരക്കണക്കിന് സൈനികര്‍ കൊല്ലപ്പെട്ടു. രോഗമല്ല, കശ്മീര്‍ തര്‍ക്കംരോഗലക്ഷണം മാത്രമാണ്. പരസ്പര വിശ്വാസങ്ങള്‍ക്കേറ്റ പരിക്കാണ് യഥാര്‍ഥ രോഗം. നല്ല അയല്‍ജീവിതം പുലര്‍ത്താന്‍വേണ്ട അന്തരീക്ഷം സൃഷ്ടിക്കുന്നതിനാകണം ഊന്നലുകള്‍. ഇന്ത്യാവിരുദ്ധ പാഠപുസ്തകങ്ങള്‍ ഒഴിവാക്കാന്‍ പാകിസ്താന്‍ തയാറാകേണ്ടതുണ്ട്. ഹൈന്ദവ തീവ്രവാദവും മുസ്ലിം തീവ്രവാദവും ഒരേപോലെ മോശപ്പെട്ട സംഗതികളാണെന്ന് ഞാന്‍ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.