സെക്കുലര്‍ ഡെമോക്രസി നീണാള്‍ വാഴ്ക!
text_fieldsഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മറ്റെല്ലാവരേക്കാളും അമ്പരപ്പിച്ചിരിക്കുക ചരിത്രവിജയം കൊയ്ത ആപ്പിനത്തെന്നെയാവും. ആം ആദ്മി പാര്‍ട്ടിയുടെ മാസ്റ്റര്‍ ബ്രെയ്ന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യോഗേന്ദ്ര യാദവ് പോലും പ്രതീക്ഷിച്ചത് കവിഞ്ഞാല്‍ 48 സീറ്റായിരുന്നു. 67 സീറ്റും 54 ശതമാനം വോട്ടുമായി അവിശ്വസനീയ ജനപിന്തുണ പാര്‍ട്ടി ഉറപ്പാക്കിയപ്പോള്‍ അത് നല്‍കുന്ന സന്ദേശം അസന്ദിഗ്ധമാണ്. ഇന്ത്യയുടെ തലസ്ഥാന നഗരി ഉള്‍പ്പെടുന്ന ഡല്‍ഹി, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക് എന്ന രാജ്യത്തിന്‍െറ പദവിക്കനുകൂലമായാണ് വധിയെഴുതിയിരിക്കുന്നത്. ജാതി, മത വിഭാഗീയതക്കതീതമായി ആം ആദ്മി -സാധാരണക്കാര്‍-ഇന്ത്യയെ ഒന്നായി കാണാനാണ് ആഗ്രഹിക്കുന്നത്. വെറും എട്ടു മാസങ്ങള്‍ക്കുമുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് അഥവാ ബി.ജെ.പി രാജ്യത്താകെ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാന്‍ പരാമവധി ശ്രമിച്ചതിന്‍െറ ഫലമായാണ് വന്‍വിജയം നേടിയതെന്ന് വിലയിരുത്തപ്പെട്ടതാണ്. ഡല്‍ഹി തെരഞ്ഞെടുപ്പിലും വര്‍ഗീയധ്രുവീകരണതന്ത്രം പ്രയോഗിക്കാന്‍ ശ്രമംനടന്നു. പക്ഷേ, കലാപബാധിത മണ്ഡലങ്ങളില്‍പോലും ഭൂരിപക്ഷ സമുദായത്തിലെ സാധാരണക്കാര്‍ ആപ്പിനെ വിജയിപ്പിച്ചതില്‍നിന്ന്, തങ്ങള്‍ പഠിച്ച പാഠം തെറ്റായിരുന്നെന്നു സമ്മതിക്കാന്‍ സംഘ്പരിവാര്‍ നിര്‍ബന്ധിതരാണ്. അപ്രകാരംതന്നെ, അവസരവാദത്തിന്‍െറ ആള്‍രൂപമായ ഡല്‍ഹി ഇമാം വെച്ചുനീട്ടിയ പിന്തുണ അപ്പാടെ നിരാകരിക്കാന്‍ ധൈര്യപ്പെട്ട അരവിന്ദ് കെജ്രിവാളിന്‍െറ സ്ഥാനാര്‍ഥികളാണ് 12 ന്യൂനപക്ഷ മണ്ഡലങ്ങളിലും ജയിച്ചുകയറിയിരിക്കുന്നത്.
ചായക്കടക്കാരന്‍െറ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടി സാധാരണക്കാരുടെ വോട്ട് നേടി അധികാരത്തിലേറിയ നരേന്ദ്ര മോദി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയെ റിപ്പബ്ളിക്ദിന പരിപാടിയില്‍ പങ്കെടുപ്പിച്ച് 10 ലക്ഷത്തിന്‍െറ കോട്ട് ധരിച്ച് രാജ്യത്തിന്‍െറ കണ്ണഞ്ചിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉടനെ നടന്ന തെരഞ്ഞെടുപ്പില്‍ ജനം കനത്ത തിരിച്ചടി നല്‍കിയതും മറക്കാനാവാത്ത സംഭവമാണ്. കോര്‍പറേറ്റുകളുടേതും പണച്ചാക്കുകളുടേതുമല്ല ജനാധിപത്യ ഇന്ത്യ എന്ന് ആപ്പിന് സമ്മാനിച്ച ഐതിഹാസിക വിജയത്തിലൂടെ ജനങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. പരാജിതര്‍ക്കെന്നപോലെ വിജയികള്‍ക്കും ഇത് അവഗണിക്കാനാവാത്ത മുന്നറിയിപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.