Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഇന്ത്യന്‍ ഫുട്ബാള്‍...

ഇന്ത്യന്‍ ഫുട്ബാള്‍ രക്ഷപ്പെടുമോ?

text_fields
bookmark_border

ഏഷ്യന്‍ ഗെയിംസിലെ കടുത്ത പരാജയങ്ങള്‍ക്കു ശേഷവും, ഫുട്ബാള്‍ ആവേശം ഇന്ത്യയില്‍ മരിച്ചിട്ടില്ളെന്നു ഇന്ത്യന്‍ സൂപ്പര്‍ലീഗ് തെളിയിച്ചു, ഇനിയോ! പുതുവത്സരത്തിനു എന്തു പറയാനുണ്ട്?



ഇന്ത്യന്‍ ഫുട്ബാളിനെ ഉയരങ്ങളിലത്തെിക്കാനുള്ള ശ്രമവുമായി നടന്ന ഐ.എസ്.എല്‍ മെച്ചപ്പെട്ട കളി നിലവാരവും, വമ്പിച്ച ജനപിന്തുണയുമായി കൊടി താഴ്ത്തിയപ്പോള്‍, ലോകമെമ്പാടുമുള്ള പന്ത് കളിയുടെ ആരാധകര്‍ ഉയര്‍ത്തിയ ആരവങ്ങള്‍ കെട്ടടങ്ങുന്നേയുള്ളൂ.
പതിനാറു ലക്ഷത്തോളംപേര്‍ നേരിട്ടും 42 കോടി ജനങ്ങള്‍ ടെലിവിഷനിലും കണ്ടാസ്വദിച്ച 61 മത്സരങ്ങള്‍ ഒന്നര മാസക്കാലത്തോളം ഒരു മഹാമേളയായി തന്നെ ചരിത്രമായി. നാലു മത്സരങ്ങള്‍ മാത്രം നടന്ന കൊച്ചിയില്‍ പോലും കളി കാണാന്‍ രണ്ടു ലക്ഷത്തോളം പേര്‍ എത്തി.
ഒഴിഞ്ഞ ഗാലറികള്‍ക്കു മുമ്പില്‍ സന്തോഷ് ട്രോഫിയടക്കമുള്ള ദേശീയ മേളകള്‍ കളിച്ചു തീര്‍ക്കേണ്ടിവരികയും ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഡ്യൂറാന്‍ഡ് കപ്പ് ടൂര്‍ണമെന്‍റ് ഡല്‍ഹിയില്‍ നിന്നു നാട് കടത്തപ്പെടുകയും ചെയ്തതിനിടയിലായിരുന്നു, ഇന്ത്യന്‍ സൂപ്പര്‍ലീഗിന്‍െറ അരങ്ങേറ്റം. ഫൈനല്‍ ടി.വിയിലൂടെ കണ്ടത് തന്നെ അഞ്ചു കോടി ആളുകള്‍.

ഉള്‍നാടന്‍ വിനോദമായ കബഡിക്കുപോലും വലിയ പിന്തുണ ലഭിച്ച നാട്ടില്‍, മരിച്ചു തുടങ്ങിയ ഇന്ത്യന്‍ ഫുട്ബാളിനു ഓക്സിജന്‍ നല്‍കാന്‍ നൂറിലേറെ വിദേശ താരങ്ങള്‍ പങ്കെടുത്ത ഐ.എസ്.എല്ലിനു സാധിച്ചു. മൂന്നു മലയാളികള്‍ക്കു മാത്രം അംഗത്വം ലഭിച്ച ബ്ളാസ്റ്റേഴ്സ് എന്ന കേരള വിലാസം ക്ളബിന്‍െറ കളികള്‍ക്കു പോലും ഓരോ ദിവസവും അരലക്ഷത്തോളം പേര്‍ പ്രേക്ഷകരായി ഇരമ്പിക്കയറി.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസം മുന്നിട്ടിറങ്ങി രൂപവത്കരിച്ച ടീം, കലാശക്കളിയില്‍ അവസാന മിനിട്ടില്‍ വീണ ഒരൊറ്റ ഗോളിനു പരാജയപ്പെട്ടുവെന്നത് നേര്. അപ്പോഴും വിവിധ ടീമുകളില്‍ കളിച്ച അരഡസന്‍ മലയാളികള്‍ പോലും രാജ്യാന്തര രംഗങ്ങളില്‍ ശ്രദ്ധേയരായി.

വിവിധ നഗരങ്ങളുടെ മേല്‍വിലാസവുമായി കളിച്ചു കയറിയ എട്ടു ടീമുകളും ഇനി ഐ.എം.ജി റിലയന്‍സ് എന്ന സ്പോണ്‍സറുടെ നേതൃത്വത്തില്‍ കുരുന്നുകളെ പരിശീലിപ്പിക്കാനുള്ള വന്‍ ദൗത്യവുമായി ഇറങ്ങിത്തിരിക്കുകയാണ്. ഗ്രാസ് റൂട്ട് ലെവലില്‍ ഇന്ത്യന്‍ ഫുട്ബാളിനെ വളര്‍ത്തിയെടുക്കാന്‍ കോടികളിറക്കിയുള്ള തീവ്രശ്രമം. പതിനൊന്നു സംസ്ഥാനങ്ങളിലെങ്കിലും അക്കാദമികള്‍ വരുന്നു.
കളിക്കാന്‍ വന്ന വിദേശികളൊക്കെയും നാട്വിട്ടു കഴിഞ്ഞു. ആദ്യവര്‍ഷം തന്നെ ഹീറോ കപ്പ് സ്വന്തമാക്കിയ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്ന ടീം  ഇന്ത്യന്‍ ഫുട്ബാളിന്‍െറ മക്ക ഒരുക്കിയ സ്വീകരണത്തിനത്തെിയപ്പോഴും, കോച്ചും മാനേജരുമടക്കം വിദേശീയരൊക്കെ സ്ഥലം വിട്ടു കഴിഞ്ഞിരുന്നു. ചില സ്കൂളുകളില്‍ അവരില്‍ ചിലര്‍ പന്തുരുട്ടിത്തുടങ്ങിയ വാര്‍ത്ത വന്നതിനു പിന്നാലെയാണ് ലക്ഷങ്ങള്‍ കൈപ്പറ്റി കളിക്കാന്‍ വന്നവരൊക്കെ തിരിച്ചു പോയതായ വര്‍ത്തമാനവും വന്നിരിക്കുന്നത്.

തീര്‍ച്ചയായും വിവിധ ക്ളബുകള്‍ക്കു വേണ്ടി ഇറങ്ങിയ ഇന്ത്യന്‍ കളിക്കാര്‍ക്കു വിദേശത്തുനിന്നുള്ള പ്രഗത്ഭരോടൊപ്പം നിന്നു പയറ്റാന്‍ കഴിഞ്ഞു എന്നത് വലിയ കാര്യമാണ്. ഇന്ത്യയില്‍ പന്തുകളിക്കാര്‍ക്ക് കേട്ടറിവ് മാത്രമുള്ള നക്ഷത്ര ഹോട്ടല്‍ താമസ സൗകര്യവും എ.സി കോച്ച് യാത്രകളും അവര്‍ക്കു ലഭ്യമായി. ഗോളി രഹനേശിനെയും സ്ട്രൈക്കര്‍ മുഹമ്മദ് റഫിയെയും മീഡിയോകളായ സുശാന്ത് മാത്യു, സബിത്ത് തുടങ്ങിയവരെയും അഞ്ചു വന്‍കരകളില്‍ പ്രസാരണം ചെയ്യപ്പെട്ട ഈ മഹാമേളയിലൂടെ ലോകം അറിഞ്ഞു.

ഡല്‍ഹി ഡയനാമോസിന്‍െറ അലക്സാണ്ടറോ ഡെല്‍പിയാറോയെ പോലുള്ള ഇറ്റാലിയന്‍ സ്ട്രൈക്കര്‍ വാങ്ങിയ പത്തുകോടി രൂപയുടെ അടുത്തൊന്നും നമ്മുടെ താരങ്ങള്‍ എത്തിയില്ലായിരിക്കാം. പൂണെ സിറ്റിക്കു കളിക്കാന്‍ വന്ന ബ്രസീല്‍ താരം ഡേവിഡ് ട്രെസ്ഗറ്റ് ആവശ്യപ്പെട്ടപോലെ നാലരകോടി രൂപക്കു പുറമെ വേദികള്‍ ചുറ്റിക്കറങ്ങാന്‍ തനിക്കെന്നപോലെ ഒമ്പത് കുടുംബക്കാര്‍ക്കും ബിസിനസ് ക്ളാസില്‍ വിമാന ടിക്കറ്റും പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസസൗകര്യവും വേണമെന്ന പിടിവാശി അവര്‍ നടത്തിയില്ലായിരിക്കാം. എങ്കിലും അവരില്‍ ഓരോരുത്തരും 50 കോടി രൂപക്ക് ഇന്‍ഷൂര്‍ ചെയ്യപ്പെട്ടു എന്നു വായിക്കുമ്പോള്‍ നാം അവരുടെ വില അറിയുന്നു.

അവരടക്കം എട്ടു ക്ളബുകളുടെ ജഴ്സി അണിഞ്ഞിറങ്ങി മികവ് തെളിയിച്ച സന്ദേശ് ജിന്‍ഗന്‍, ഗുരുവിന്ദര്‍ സിങ്, നദോങ് ബൂട്ടിയ, അര്‍ണാബ് മണ്ഡല്‍, റോമിയോ ഫര്‍ണാണ്ടസ്, റോബിന്‍ ഗുരുങ്ങ്, ബല്‍ജിത്ത് സാഹ്നി, ദേവവ്രത റോയ്, ഇഷ്ഹാഖ് അഹ്മദ് തുടങ്ങിയവര്‍ ഇതേവരെ ഇന്ത്യക്കു കളിക്കാന്‍ കഴിയാത്തവര്‍ കൂടിയാണെന്നു ഓര്‍ക്കണം. അവരില്‍ ചിലര്‍ക്കു വിദേശ ക്ളബുകളില്‍നിന്നു പോലും ഓഫര്‍ ലഭിച്ചിരിക്കുന്നു.
ആ പരിവേഷം ആകെ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ ഫുട്ബാള്‍ ലോക റാങ്കിങ്ങില്‍ 158ാം റാങ്കില്‍ നിന്നു പിന്നെയും പടികള്‍ ഏറെ താഴേക്കു പോയിരിക്കുന്നുവെന്ന വാര്‍ത്ത വരുന്നത്. ബ്രസീലില്‍ നടന്ന ലോകകപ്പ്, ഇന്ത്യയില്‍ അഞ്ചരക്കോടി ആളുകള്‍ ടി.വിയില്‍ കണ്ട് ആസ്വദിക്കുന്ന കാലത്തും, ഏഷ്യാഡില്‍ യുഎഇയോട് അഞ്ചു ഗോള്‍ വാങ്ങിത്തോല്‍ക്കുന്ന രാജ്യമായി നാം വീണു പോകുന്നു. രണ്ടു തവണ ഏഷ്യാഡ് ചാമ്പ്യന്മാരായിരുന്നിട്ടും കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിനെ അയക്കേണ്ടതില്ല എന്ന് വിധിയെഴുതിയ സ്പോര്‍ട്സ് അതോരിറ്റി ഓഫ് ഇന്ത്യയെ എങ്ങനെ കുറ്റം പറയാനൊക്കും? 20 കോടി രൂപ ഗേറ്റ് കലക്ഷന്‍ ഉണ്ടായ ഐ.എസ്.എല്ലിനു പിന്നാലെ വന്ന വാര്‍ത്ത ഇന്ത്യയുടെ ലോക റാങ്കിങ്ങ് 171 ആയിരുന്നു എന്നതത്രെ.

ഇനിയിപ്പോള്‍ ഐ.എസ്.എല്‍ ആവേശത്തില്‍ പുതിയൊരു ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കാനൊക്കുമോ എന്നാണറിയേണ്ടത്. ഇന്ത്യയില്‍ ഇന്നത്തെ ഏറ്റവും മികച്ച കളിക്കാരനായി അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ വീണ്ടും തിരഞ്ഞെടുക്കുമ്പോഴും സുനില്‍ ഛേത്രി എന്ന ക്യാപ്റ്റന്‍ ഐ.എസ്.എല്ലില്‍ ഉണ്ടായിരുന്നില്ല എന്ന് ഓര്‍ക്കുക.

ഏതാനും നേട്ടങ്ങള്‍ക്കു ശേഷം നാം പറഞ്ഞുവിട്ട ബ്രിട്ടീഷുകാരന്‍ കോച്ചിനെ തന്നെയാണ് മടക്കി വിളിച്ച് വീണ്ടെടുപ്പ് ദൗത്യം ഏല്‍പിച്ചിരിക്കുന്നത്. 2005ല്‍ ചുമതല അവസാനിപ്പിച്ചു നാട്ടിലേക്കു പോയ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ഡൈന്‍, 52ാം വയസ്സില്‍ പരിശീലകനായി പുന$പ്രവേശം നടത്തുമ്പോള്‍, മൂന്നു വര്‍ഷം കഴിഞ്ഞ് ഇന്ത്യ ആതിഥ്യം വഹിക്കാന്‍ പോകുന്ന ലോക ജൂനിയര്‍ ഫുട്ബാളിനു തയാറെടുക്കുന്ന നമ്മുടെ കുരുന്നുകള്‍ക്ക് അത് ആവേശം നല്‍കുമോ? കണ്ടറിയണം.

ശേഷ വിശേഷം:
പത്തുകോടി ജനങ്ങളില്‍നിന്നു ഒരു കളിക്കാരനെ വീതം കണ്ടത്തെിയാല്‍ മതി. ഇന്ത്യക്കു കപ്പ് ജയിക്കുന്ന ഇലവനെ ഫീല്‍ഡിലിറക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story