Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഫെഡറേഷന്‍ കപ്പ്...

ഫെഡറേഷന്‍ കപ്പ് പാഠങ്ങള്‍ നല്‍കുന്നു

text_fields
bookmark_border

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനു പിന്നാലെ നമ്മുടെ മികച്ച പത്തു ടീമുകള്‍ പങ്കെടുത്ത ഫെഡറേഷന്‍ കപ്പിലും പന്ത് ഉരുണ്ടെങ്കിലും, രാജ്യാന്തര ഫുട്ബാളില്‍ ഒളിമ്പിക് വര്‍ഷത്തിലും ഇന്ത്യ 171ാം സ്ഥാനത്തേക്ക് ഇറങ്ങി നില്‍ക്കുകയാണ്.

ലക്ഷങ്ങളെ സ്റ്റേഡിയങ്ങളിലേക്കും കോടികളെ ടെലിവിഷന്‍ സൈറ്റുകള്‍ക്ക് മുമ്പിലേക്കും ആകര്‍ഷിച്ച ഐ.എസ്.എല്‍ എന്ന ഫുട്ബാള്‍ മഹാമാമാങ്കത്തിന്‍െറ കളിയാരവം നിലച്ചിട്ടില്ല. ഗോവയുടെ മണ്ണില്‍ ഫുട്ബാള്‍ വികാരത്തിന്‍െറ ഉണര്‍ത്തുപാട്ടുയര്‍ത്താന്‍ ലക്ഷ്യമിട്ട് ഫെഡറേഷന്‍ കപ്പ് മത്സരങ്ങള്‍ പിന്നാലെ വന്നത് ആ ആവേശത്തിമര്‍പ്പിലാണ്.

ഐ-ലീഗും, സന്തോഷ് ട്രോഫി നാഷണലും തിരശ്ശീല ഉയര്‍ത്തുന്നതിനുമുമ്പായി തന്നെ മര്‍ഗോവയിലെ ഫതോര്‍ദയിലും വാസ്കോയിലെ തിലക് മൈതാനിയിലുമായി 36ാമത് വാര്‍ഷിക മത്സരങ്ങളാണ് കിക്ക് ഓഫ് ചെയ്തത്. ഇന്ത്യയിലെ പത്തു പ്രമുഖ ടീമുകള്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് രണ്ടാഴ്ചക്കാലമായി നടത്തിയ ഈ ഫുട്ബാള്‍ മാമാങ്കത്തിനു പക്ഷെ സാക്ഷികളായത് ഏറെയും ഒഴിഞ്ഞ ഗ്യാലറികളായിപ്പോയി.

19,700 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള നെഹ്റു സ്റ്റേഡിയത്തില്‍ കൊല്‍ക്കട്ടാ ഈസ്റ്റ് ബംഗാളും ഗോവയുടെ സ്പോര്‍ട്ടിങ് ക്ളബും ഏഴുഗോളിന്‍െറ ആവേശം കുറിച്ച മത്സരം കാണാനത്തെിയത് കേവലം 150 പേരായിരുന്നുവത്രെ. മറ്റൊരു മത്സരത്തിനു വിറ്റുപോയത് വെറും പത്തു ടിക്കറ്റുകളും.
1977ല്‍ എറണാകുളത്ത് ബംഗളൂരുവിലെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്‍െറ വിജയത്തോടെയാണ് എ.ഐ.എഫ്.എഫ് ഈ പ്രസ്റ്റിജ് ടൂര്‍ണമെന്‍റിനു ആരംഭം കുറിച്ചത്. അന്നു സുശക്തമായ കൊല്‍ക്കട്ടാ മോഹന്‍ബഗാനെതിരെ കലാശക്കളിയില്‍ രാജശേഖറിന്‍െറ ഗോളോടെ ഐ.ടി.ഐ അട്ടിമറി ജയം നേടുകയായിരുന്നു.

ഇപ്പോള്‍ രംഗത്തില്ലാത്ത മുംബെയിലെ മഹീന്ദ്രാ യുനൈറ്റഡ്, ഫൈനല്‍ വിസിലിനു സെക്കന്‍ഡുകള്‍ക്ക് മുമ്പ് നേടിയ ഗോളിനു വിജയകിരീടം ചൂടിയ 2005ലെ മത്സരമായിരുന്നു. ഗോവയില്‍ അവസാനമായി നടന്നത്. ബ്രസീലിയന്‍ താരം ജോസ് ബാരറ്റോ നേടിയ ആ ഒരൊറ്റ ഗോള്‍ നാട്ടുകാരുടെ ഇഷ്ട ടീമായ ഡെംപോ ഗോവയെ ഒരിക്കല്‍ കൂടി രണ്ടാം സ്ഥാനത്തേക്കിറക്കി നിര്‍ത്തി.
ഇത്തവണ ഐ ലീഗില്‍ കളിച്ച പത്തു ടീമുകള്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടതായിരുന്നു ടൂര്‍ണമെന്‍റ്. സെമി ഫൈനല്‍ ലൈനപ്പഇല്‍ കലാശവിജയികളായ ബംഗളൂരു എഫ്.സിക്കൊപ്പം വന്നു നിന്നത് മൂന്നു ഗോവന്‍ ടീമുകളും. എന്നാല്‍, ഏതാനും വിദേശതാരങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഇറങ്ങിയ ഗോവ സ്പോര്‍ട്ടിങ് ക്ളബ് കൊല്‍ക്കട്ടാ ഈസ്റ്റ് ബംഗാളിനെ 4-3ന് കീഴ്പെടുത്തിയ ശേഷം സെമിയില്‍ ബംഗളൂരുവിനോട് മടക്കമില്ലാത്ത കാല്‍ ഡസന്‍ ഗോളുകള്‍ വാങ്ങി പുറത്തുപോയി. കോച്ച് ഓസ്കാര്‍ ബൂസണ്‍ സ്പെയിനിലേക്കു മടങ്ങിയത് അവര്‍ക്ക് വലിയ ക്ഷീണമായി.
ജിന്‍ഡാല്‍ ഗ്രൂപ്പിന്‍െറ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം മാത്രം രൂപവത്കരിക്കപ്പെട്ട ബംഗളൂരു എഫ്.സി.ഐ ലീഗ് ചാമ്പ്യന്മാരെന്ന ബഹുമതി ഫെഡറേഷന്‍ കപ്പിലും നിലനിര്‍ത്തി. രണ്ടു പെനാല്‍ട്ടികള്‍ കണ്ട ഫൈനലിലാണ് അവര്‍ ഡെംപോഗോവയെ 2-1ന് കീഴടക്കിയത്. ഐ.എസ്.എല്ലിനു കളിക്കാരെ വിട്ടുകൊടുക്കാതെ ചൈനീസ് പര്യടനം നടത്തി തിരിച്ചുവന്ന ഇന്ത്യന്‍ ക്യാപ്റ്റര്‍ സുനില്‍ ഛേത്രിയും കൂട്ടുകാരും അഞ്ചാമതൊരിക്കല്‍കൂടി ഡെംപോയെ രണ്ടാം സ്ഥാനത്ത് ഇറക്കി നിര്‍ത്തി. നാഷ്നല്‍ ലീഗിലെ 14 ഗോളുകളുടെ ഉടമയായ ഈ നേപ്പാള്‍കാരന്‍ താന്‍ ചര്‍ച്ചിലിനുവേണ്ടി ഏറെ കളിച്ച ഈ നെഹ്റു സ്റ്റേഡിയത്തിലും ഗോളുകളുടെ എണ്ണം അരഡസന്‍ തികച്ച് ടോപ്പ് സ്കോററുമായി. ഈ വിജയം ബംഗളൂരുവിനെ ഏഷ്യന്‍ കപ്പില്‍ മത്സരിക്കാനും അര്‍ഹരാക്കി.

നാലില്‍ മൂന്നു ടീമുകളും ഗോവയില്‍നിന്നു എന്ന പ്രത്യേകതയില്‍ ശ്രദ്ധേയമായ സെമി ഫൈനലുകളില്‍ സല്‍ഗോക്കറിനെ 2-0നു തോല്‍പ്പിച്ചാണ് ഡെംപോ ക്ളബ്, ഗോവന്‍ ഡാര്‍ബി മത്സരം കീശയിലാക്കിയത്. ഓസ്ട്രേലിയക്കാരന്‍ ടോള്‍ഗെ ഓസ്ബിയുടെ വകയായിരുന്നു ഗോള്‍ രണ്ടും. സ്പോര്‍ട്ടിങ്ങ് ക്ളബിനെതിരെ ഹാറ്റ്ട്രിക്ക് നേടിയ പരിവേഷത്തിലായിരുന്നു ഓസ്ബിയെ വീണുകിട്ടിയ ഒരു പെനാല്‍ട്ടിയാണ് രണ്ടുഗോളിനു  തുണച്ചതെങ്കിലും മഹീന്ദ്രക്കു ഫെഡറേഷന്‍ കപ്പ് നേടിക്കൊടുത്ത കോച്ച് ഡെറിക്ക് പെരേരക്കു ആ ഭാഗ്യം സല്‍ഗോക്കറിനു പകര്‍ന്നു നല്‍കാന്‍ ഒത്തില്ല. സല്‍ഗോക്കറാകട്ടെ 1994ലും 1997ലും സെമി ഫൈനലില്‍ ഡെപോയെ കീഴ്പെടുത്തിയശേഷം ഫൈനലില്‍ തോറ്റുപോകുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ സല്‍ഗോക്കര്‍ ഗോവയാകട്ടെ ലൈസന്‍സിങ്ങ് പ്രക്രിയ പൂര്‍ത്തിയാക്കാത്തതിനാലും പ്രവേശം കിട്ടാതെ മടങ്ങി. കേസിനുപോയ അവര്‍ കപ്പ് തന്നെയും തിരിച്ചേല്‍പ്പിച്ചില്ല. ഹീറോക്കാരുടെ സ്പോണ്‍സര്‍ഷിപ്പോടെ മറ്റൊരു കപ്പ് തയാറാക്കി നല്‍കുകയാണ് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തെ ഡ്യൂറാന്‍ഡ് കപ്പ് ജേതാക്കളെന്ന ബഹുമതി ഉണ്ടായിട്ടും നാട്ടിലെ ഏറ്റവും പഴക്കം ചെന്ന ടീമുകളിലൊന്നായ മുഹമ്മദന്‍ സ്പോര്‍ട്ടിങ്ങ് തരംതാഴ്ത്തപ്പെട്ടതിനാല്‍ ഫെഡറേഷന്‍കപ്പിന്‍െറ നാലയലത്ത് പോലും എത്തിയില്ല. ആദ്യമായി കൊല്‍ക്കട്ടാ ലീഗ് ജയിച്ച ഇന്ത്യന്‍ ടീമായ ഈ ക്ളബ് സാമ്പത്തിക കാരണങ്ങളാല്‍ പിരിച്ചുവിടുകയാണെന്നുപോലും വാര്‍ത്തകളുണ്ടായിരുന്നു.

കൊല്‍ക്കട്ടാ ഭീമന്മാരായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളുമാകട്ടെ കാലിടറി വീഴുന്നതാണ് ഗോവയില്‍ കണ്ടത്. എട്ടുതവണ ഫെഡറേഷന്‍ കപ്പ് ജയിച്ച ചരിത്രമുള്ള ഈസ്റ്റ് ബംഗാള്‍ ലീഗ് റൗണ്ടില്‍ തന്നെ പുറം തള്ളപ്പെട്ടു. ഗോവന്‍ ടീമുകള്‍ക്ക് നാഷ്നല്‍ ലീഗില്‍ പേരുണ്ടാക്കിയ കോച്ച് അര്‍മാന്‍ഡോ കൊലാസെയെ പരിശീലകനാക്കി ഇറക്കിയ അവരുടെ അണികളില്‍ പ്രമുഖരായ വിദേശി താരങ്ങളുണ്ടായിരുന്നു. കരുത്തരായ ഇന്ത്യന്‍ കളിക്കാരും അവര്‍ക്ക് ബൂട്ട് കെട്ടി വന്നിരുന്നു.
ആദ്യ മത്സരത്തില്‍ തന്നെ ഡെംപോയോട് ഒരു ഗോളിനു തോറ്റ അവര്‍ ഷില്ളോങ്ങില്‍ നിന്നുള്ള മേഘാലയ ടീമായ റോയല്‍ വാഹിങ്ങ്ദോയോ ഒരു ഗോളിനു തോല്‍പ്പിച്ചെങ്കിലും മുംബൈ എഫ്.സിയോട് സമനിലയില്‍പെടുകയും സ്പോര്‍ട്ടിങ്ങ് ഗോവയോട് 3-4നു പരാജയപ്പെടുകയും ചെയ്തു.
കണ്ണൂര്‍ക്കാരന്‍ ഡെന്‍സണ്‍ ദേവദാസ് ഉള്‍പ്പെട്ട മോഹന്‍ബഗാനാകട്ടെ ഡ്യൂറാന്‍ഡ് ചാമ്പ്യന്‍സായ സല്‍ഗോക്കറിനോട് മൂന്നുഗോളിനാണ് (1-4) അടിയറ പറഞ്ഞത്. ബംഗളൂരുവിനോടും പൂനെയോടും സമനിലയില്‍ കുടുങ്ങിയ അവര്‍ക്കു പിന്നെ രക്ഷപ്പെടാന്‍ മാര്‍ഗമൊന്നുമുണ്ടായില്ല. ക്ളബ് പ്രസിഡന്‍റ് സ്വപന്‍ബോസും സെക്രട്ടറി അന്‍ജന്‍ മിത്രയും ഫിനാന്‍സ് സെക്രട്ടറി ദേബാശിഷ് ദത്തയും ഇതേ തുടര്‍ന്ന് ക്ളബില്‍നിന്നു രാജിവെക്കുകയും ചെയ്തു.

കളിക്കപ്പുറത്തും ചില കളികള്‍ നടക്കുന്ന വേദിയാണ് ഫെഡറേഷന്‍ കപ്പ്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നേടിയ കപ്പ് തങ്ങളുടെ സല്‍ഗോക്കര്‍ വാര്‍സയിലെ ഷോകേസില്‍നിന്നു വിട്ടുകൊടുക്കാത്തതാണ് ഇത്തവണത്തെ നാടകത്തിനു തുടക്കം കുറിച്ചതെങ്കില്‍ പഴയകാലത്ത് വേറെയും വികല അധ്യായങ്ങള്‍ രചിക്കപ്പെട്ടിരുന്നു.
2004ല്‍ ബംഗളൂരുവില്‍ നടന്ന ഫൈനലില്‍ മോഹന്‍ബഗാന്‍ ഗോളി സുബ്രതോ പോളിനോട് ഏറ്റുമുട്ടി ഡെംപോ ഗോവയുടെ ക്രിസ്റ്റ്യാനോ ജൂനിയര്‍ മൈതാനത്ത് പിടഞ്ഞുവീണു മരിച്ചത് ചരിത്രത്തിലെ വേദനാജനകമായ സംഭവമായിരുന്നു.
ഫെഡറേഷന്‍െറ കണ്‍മുമ്പില്‍ അരങ്ങേറിയപ്പോഴും മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളും തമ്മില്‍ നടന്ന 1980ലെ ഫൈനല്‍ കളിക്കാര്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ അവസാനിച്ചതും മോഹന്‍ബഗാനും മുഹമ്മദന്‍ സ്പോര്‍ട്ടിങ്ങും തമ്മിലുള്ള സെമിഫൈനല്‍ കാണാനത്തെിയവരെ നിയന്ത്രിക്കാന്‍ പൊലീസിനു കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടിവന്നതും ഫെഡറേഷന്‍ കപ്പിലെ കറുത്ത അധ്യായങ്ങളത്രെ.
1980ലെ ഫൈനല്‍ നിയന്ത്രിച്ച മഹാരാഷ്ട്രക്കാരന്‍ റഫറി ജെ.പി. കുട്ടിഞ്ഞോ കല്ളേറില്‍ പരിക്കേറ്റ് ആശുപത്രിയിലായതും.
ഐ.ലീഗ് ഫെഡറേഷന്‍കപ്പ് ഐ.എസ്.എല്‍ സന്തോഷ് ട്രോഫി എന്നിങ്ങനെ പല വഴിക്കും ചരട് വലിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ ഫുട്ബാള്‍ നീങ്ങിയത്. 171ാം സ്ഥാനത്തേക്ക് ഇറങ്ങി നില്‍ക്കുന്ന നമ്മുടെ രാജ്യം ഒളിമ്പിക് വര്‍ഷത്തില്‍ എങ്ങനെ ഒരു തിരിച്ചുവരവ് നടത്തുമെന്നു കണ്ടു തന്നെ അറിയണം.

യു.എ.ഇയോട് പോലും അഞ്ചുഗോള്‍ വാങ്ങിത്തോറ്റ ഏഷ്യന്‍ ഗെയിംസിലെ നാണക്കേടിനുശേഷം സൈപ്രസില്‍ നിന്നുള്ള ഇംഗ്ളീഷുകാരന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റ്റൈനെ തിരിച്ചുവിളിച്ചു ദേശീയ ടീം ഒരുക്കുന്ന ശ്രമത്തിലാണ് ഇന്നു ഇന്ത്യ. രണ്ടുവര്‍ഷം കഴിഞ്ഞു ജൂനിയര്‍ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കുമ്പോള്‍ ആഥിയേരെന്ന നിലക്കു നേരിട്ട് പ്രവേശനം ലഭിച്ച നമുക്ക് കൗമാര ഫുട്ബാളിലും മേല്‍വിലാസമുണ്ടാക്കേണ്ടതുണ്ട്.
എ.ഐ.എഫ്.എഫിനു നിയന്ത്രണമുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബാളറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെപ്പോലുള്ള ഒരു സ്റ്റാര്‍ സ്ട്രൈക്കര്‍, ഐ.എസ്.എല്ലില്‍നിന്നു മാറി നിന്നുവെന്നു ഓര്‍ക്കണം. മേലധികാരികളുടെ കൈകളില്‍ തന്നെയാണ് ഇന്ത്യന്‍ ഫുട്ബാളിന്‍െറ കടിഞ്ഞാണ്‍ എന്നു പറയാന്‍ രണ്ടുതവണ ആലോചിക്കേണ്ടിവരുന്നു.
ഇതിനകം ഇന്ത്യയിലെ ഏറ്റവും മികച്ച ക്ളബ് സൈഡായി ഉയര്‍ന്നിരിക്കുന്ന പൂനെയിലെ ഭാരത് ഫുട്ബാള്‍ ക്ളബ് ഐ ലീഗില്‍ കളിക്കാന്‍ തയാറാവാതിരുന്നതിനും കാരണങ്ങള്‍ അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്.

ഐ ലീഗില്‍ ടീമുകള്‍ ഒന്നുമില്ലാത്തതിനാല്‍ ഇത്തവണയും കേരളത്തിനു ഫെഡറേഷന്‍ കപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. മേജര്‍ ടൂര്‍ണമെന്‍റുകള്‍ മിക്കതും അന്യംനിന്നുപോയപ്പോഴും പല തവണ കേരളത്തിന്‍െറ ആതിഥ്യം സ്വീകരിക്കാന്‍ ഫെഡറേഷന്‍ കപ്പിനു സാധിച്ചിട്ടുണ്ട്. രണ്ടുതവണ കേരള പൊലിസ് തന്നെ കപ്പ് കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്. 1990ല്‍ തൃശൂരില്‍ സാല്‍ഗോാക്കര്‍ ഗോവക്കെതിരെ ആയിരുന്നു ആദ്യ കേരള ടീമിന്‍െറ ട്രോഫി ജയം.

ഈ ഫെഡറേഷന്‍ കപ്പ് പരമ്പര തന്നെയാണ് നമ്മുടെ തൃശൂര്‍ക്കാരനായ സ്ട്രൈക്കര്‍ ഐ.എം. വിജയനെ മൂന്നുവര്‍ഷം ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബാളായി തെരഞ്ഞെടുക്കുന്നതിനു നിമിത്തമായതും. നാല്‍പത്തി ആറാം വയസ്സില്‍ വി.ഐ.പി ഗ്യാലറിയിലിരുന്നു കളികള്‍ നിരീക്ഷിക്കുന്ന ഈ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍,  രണ്ടു പതിറ്റാണ്ടോളം ബൂട്ട്കെട്ടി ഇറങ്ങുന്നതിനിടയില്‍ ഏഴു തവണ ചാമ്പ്യമാരോടൊപ്പമായിരുന്നു. കേരള പൊലിസും മോഹന്‍ ബഗാനും ജെ.സി.ടിയും എല്ലാം കപ്പില്‍ മുത്തമിട്ടപ്പോള്‍ തൃശൂരിലെ കോലോത്തും പാടത്തെ ഓലക്കുടിലില്‍നിന്നു ഇന്ത്യന്‍ ടീമിന്‍െറ സ്റ്റാര്‍ സ്ട്രൈക്കറായി ഉയര്‍ന്ന ഈ പൊലിസ് ഓഫിസറുടെ ഷൂട്ടിങ് ബൂട്ടുകള്‍ കാണാത്ത മത്സരങ്ങള്‍ അക്കാലത്ത് വിരളമായിരുന്നു.

ശേഷവിശേഷം: ഇന്ത്യന്‍ ഫുട്ബാളിനു വീണ്ടും കോച്ച് മാറിവരുന്നു. എന്നാല്‍, ചോദ്യം ഉത്തരം കിട്ടാതത്തെന്നെ നില്‍ക്കുന്നു. ഗോളടിപ്പിക്കാനല്ലാതെ ഗോളടിക്കാന്‍ ഒരു കോച്ചിനും എന്തു ചെയ്യാന്‍ കഴിയും?
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story