അണയാത്ത കനലുകള്‍
text_fieldsലെസ്ലി ഉദ്വിന്‍ സംവിധാനം ചെയ്ത ‘ഇന്ത്യയുടെ മകള്‍’ എന്ന ഡോക്യുമെന്‍ററിയും അതിലെ അഭിമുഖവും ഉയര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ അതീവശ്രദ്ധയോടെ വായിക്കേണ്ടിയിരിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് ഡല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കഥയെ ആധാരമാക്കിയാണ് ഈ ചിത്രം. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ആ കുട്ടി എല്ലാവരുടേയും സ്മൃതിമണ്ഡലങ്ങളില്‍ അണയാത്ത ദീപമായി നിലനില്‍ക്കുന്നുണ്ട്. ഓരോരുത്തരും സ്വന്തം കുടുംബത്തിലെ അംഗമായി കരുതി. ഭാരതം ഒരു അമ്മയുടെ സ്ഥാനത്തുനിന്ന് നെടുവീര്‍പ്പുകളടക്കി. ആ പെണ്‍കുട്ടിയെയാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്‍െറ പേരില്‍ ഒരു പ്രമുഖ വിദേശചാനല്‍ പൊതുജനമധ്യത്തിലേക്ക് തള്ളിയിട്ടത്. ആവിഷ്കാര സ്വാതന്ത്ര്യം എന്ന ഓമനപ്പേരില്‍ ഈ ഗതികേടിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും? ഉത്തരവാദിത്തമുള്ള ജനപ്രതിനിധികള്‍പോലും വെള്ളക്കാരന്‍െറ മാധ്യമഹീനതയെ ന്യായീകരിക്കുമ്പോള്‍ ‘സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നു’ എന്ന പഴഞ്ചൊല്ല് ഓര്‍മവരുന്നു.
എന്തിനെയും ഏതിനെയും വാര്‍ത്തയാക്കാന്‍ കൊതിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍പോലും ആ പെണ്‍കുട്ടിയുടെ ചിത്രവും യഥാര്‍ഥ പേരും മറച്ചുവെച്ച്, വീട്ടിലെ കുട്ടിയോട് എന്നപോലെ കരുണയും സ്നേഹവും കാട്ടി. അവള്‍ക്കായി ലക്ഷക്കണക്കിന് ജനങ്ങള്‍ പ്രാര്‍ഥിച്ചു. ഇന്ദ്രപ്രസ്ഥത്തില്‍ ജാതിയും മതവും നോക്കാതെ കൊളുത്തിവെച്ച കണ്ണുനീരില്‍ കുതിര്‍ന്ന് മെഴുകുതിരികള്‍ ഭാരതസ്ത്രീത്വത്തിനേറ്റ അപമാനത്തിനെതിരെയുള്ള പ്രതിഷേധാഗ്നിയുടെ സാക്ഷ്യപത്രങ്ങളായിമാറി. ജാതിയോ മതമോ, രാഷ്ട്രീയമോ ഇല്ലാത്ത അലമുറകള്‍ രാജ്യത്തെ പിടിച്ചുലച്ചു. സ്ത്രീയുടെ സുരക്ഷക്കായുള്ള നിയമങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് ഭരണാധിപന്മാര്‍ക്ക് ബോധ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ സ്ത്രീസുരക്ഷക്ക് മുന്‍ഗണനകള്‍ നല്‍കി. എങ്കിലും, ദുരന്തങ്ങള്‍ പല ആവൃത്തി സംഭവിച്ചു. നരാധമന്മാര്‍ക്ക് അറുതി സംഭവിക്കുന്നില്ല എന്ന ദുരന്തസത്യത്തിന് സാക്ഷിയായി നമ്മള്‍ കാലപ്രവാഹത്തില്‍ അലിഞ്ഞുപോകുന്നു. ധര്‍മമില്ലാത്ത ഭരണാശയങ്ങളുടെ ചരിത്രപരമായ ദുരന്തവും ഒരു രാജ്യത്തിന്‍െറ ഗതികേടുമാണ് സൂചിപ്പിച്ചത്. ഇതില്‍നിന്ന് ഒരു മോചനം നമുക്കാവശ്യമാണ്. ഇന്ത്യയുടെ രോഗഗ്രസ്തമായ ഈ അവസ്ഥയില്‍നിന്ന് വിമോചനം പ്രാപിക്കാന്‍ ഒരു സാംസ്കാരിക മുന്നേറ്റം അത്യന്താപേക്ഷിതമാണ്.
ഇങ്ങനെ വാര്‍ത്തകള്‍ അസ്വസ്ഥമാക്കുന്ന ദിനരാത്രങ്ങളെ കുറച്ചുകൂടി വികലമാക്കിക്കൊണ്ട് വിദേശചാനല്‍ പുറത്തുവിട്ട ഡോക്യുമെന്‍ററിയുടെ ഉദ്ദേശ്യശുദ്ധി എന്തായാലും അത് കുറെയേറെ ചോദ്യങ്ങളുയര്‍ത്തുന്നു. പരിഷ്കൃത രാജ്യങ്ങളെന്ന് ഊറ്റംകൊള്ളുന്ന അമേരിക്കയുടേയോ ബ്രിട്ടന്‍െറയോ കാരാഗൃഹങ്ങളിലേക്ക് കാമറക്കണ്ണുമായി കടന്നുചെന്ന് ആ രാജ്യം ഒന്നടങ്കം വെറുക്കുന്ന ഏതെങ്കിലും ഒരു ജയില്‍പ്പുള്ളിയുടെ അഭിമുഖം എടുക്കാനോ, അത് ലോകത്തിലെ സമസ്ത സ്വീകരണമുറികളിലേക്കും കടത്തിവിടാനോ കഴിയുമോ? രാജ്യം മുഴുവന്‍ പ്രാര്‍ഥിച്ച ഒരു പെണ്‍കുട്ടിയെ അവളുടെ യഥാര്‍ഥ പേര് ലോകത്തിന് വെളിവാക്കിക്കൊടുത്ത് ആ കുടുംബത്തെ അപമാനത്തിലാഴ്ത്തിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഏത് ധര്‍മത്തിന്‍െറ പേരില്‍ ആയിരുന്നു? ഇന്ത്യയുടെ സാംസ്കാരിക ധവളിമ കാണാതെ അഴുക്കുപുരണ്ട പിന്നാമ്പുറങ്ങള്‍മാത്രം ഒപ്പിയെടുക്കുന്ന ബി.ബി.സിയുടെ കാമറക്കണ്ണുകള്‍ക്ക് ഇന്ത്യയുടെ മകളെ പീഡിപ്പിച്ച പ്രതി പ്രിയപ്പെട്ടതായി മാറി. ഈ വൈകൃതങ്ങളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പേരില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം വീട്ടിലേക്കും കഴുകന്‍െറ കണ്ണുകളുമായി കടന്നുവരുന്ന കാമറക്കണ്ണുകളെ കുറിച്ച് ഓര്‍ക്കണമായിരുന്നു. ഒരു പണത്തൂക്കം വാര്‍ത്തക്കുവേണ്ടി ഏത് കൊള്ളരുതായ്മയും വര്‍ണചട്ടക്കൂട്ടില്‍ ഒതുക്കിയെടുക്കുന്ന മാധ്യമസമ്പ്രദായങ്ങള്‍ ആത്മപരിശോധനക്ക് തയാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ബി.ബി.സിയുടെ അജണ്ട വളരെ വ്യക്തമാണ്. സമീപ ദിനങ്ങളിലെ വാര്‍ത്തകളില്‍ അതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങി. ഇന്ത്യ മാനഭംഗത്തിന്‍െറ നാടാണ് എന്നു പറഞ്ഞുകൊണ്ട് ഇന്ത്യന്‍ യുവാക്കള്‍ക്ക് യൂറോപ്യന്‍ യൂനിവേഴ്സിറ്റികളില്‍ പ്രവേശം നിഷേധിക്കുന്ന വാര്‍ത്തകള്‍ നടുക്കത്തോടെ മാത്രമേ വായിക്കാന്‍ സാധിക്കുകയുള്ളൂ. നളന്ദ, തക്ഷശില, വിക്രമശില തുടങ്ങിയ പുകഴ്പെറ്റ സര്‍വകലാശാലകളുടെ പിന്‍തലമുറക്കാരെ യൂറോപ്യന്‍ യൂനിവേഴ്സിറ്റികളില്‍നിന്ന് തീണ്ടാപ്പാടകലത്തിലേക്ക് മാറ്റുന്ന പാശ്ചാത്യ വരേണ്യവര്‍ഗത്തിന്‍െറ കുഴലൂത്തുകാരാണ് ബി.ബി.സി എന്ന് തിരിച്ചറിയാന്‍ ഇതിലും വലിയ തെളിവുകളുടെ ആവശ്യമില്ല.
ചാനലുകളും പത്രങ്ങളും അവരുടെ ആഘോഷങ്ങള്‍ നിര്‍ബാധം തുടരുമ്പോഴും നമ്മള്‍ നമ്മളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകണം. ഭാരതത്തിലെ സ്ത്രീകള്‍ സംരക്ഷിക്കപ്പെടുകതന്നെ വേണം. അതിനായി ഭരണകൂടങ്ങളും വ്യവസ്ഥിതികളും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാറും സന്നദ്ധസംഘടനകളും സാംസ്കാരിക പ്രവര്‍ത്തകരും സ്ത്രീനീതി നടപ്പാക്കാന്‍ മുന്നോട്ടുവരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.