തെരഞ്ഞെടുപ്പുകളും ഹിന്ദുത്വ രാഷ്ട്രീയവും
text_fieldsഐസൻസ്റ്റാത്ത് (Shmuel Eisenstadt) എന്ന പ്രമുഖ ഇസ്രായേലി സാമൂഹിക ശാസ്ത്രജ്ഞനെ 2003ലാണ് ഞാൻ പരിചയപ്പെടുന്നത് (2009ൽ അദ്ദേഹം നിര്യാതനായി). ഞങ്ങൾ പരിചയപ്പെടുന്ന സമയത്ത് ബി.ജെ.പിയാണ് ഇന്ത്യ ഭരിക്കുന്നത്. ഇസ്രായേലുമായി ബന്ധം പുതുക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി സർക്കാർ തുടങ്ങിയിരുന്നു. അതേകുറിച്ച് ഞങ്ങൾക്കിടയിൽ ഒരു ചെറിയ സംഭാഷണമുണ്ടായി. ഒടുവിലത് ഇന്ത്യയിലെ ബി.ജെ.പി ഭരണത്തിെൻറ പ്രത്യാഘാതങ്ങളെക്കുറിച്ചുകൂടിയായി വികസിച്ചു. ഇന്ന് അമിത് ഷാ ചെയ്യുന്നതുപോലുള്ള വലിയ പ്രഖ്യാപനങ്ങൾ ഒന്നുമില്ലെങ്കിലും സ്ഥാപനങ്ങളും നയരൂപവത്കരണസമിതികളുമൊക്കെ ഹിന്ദുത്വവത്കരിക്കാനുള്ള നീക്കങ്ങൾ നാനാഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരുന്നു.
എന്നാൽ, അതിനെല്ലാമുപരി, സംഘ്പരിവാറിെൻറ അജണ്ടകൾ നടപ്പാക്കാനും എന്നാലവരെ അതിെൻറ പഴിയിൽനിന്ന് ഒഴിവാക്കിനിർത്താനുമായി ആർ.എസ്.എസിൽനിന്ന് ഒഴിവായി ഗോദ്സെ, ഗാന്ധിയെ വധിച്ചതുപോലെ ആർ.എസ്.എസുമായി നേരിട്ട് ബന്ധമില്ലെന്നു നടിക്കുന്ന നിഗൂഢ ഹിന്ദുത്വസംഘങ്ങൾ എമ്പാടും തലപൊക്കിത്തുടങ്ങിയിരുന്നു. അതിലൊരു വിഭാഗമാണ് ആസ്ട്രേലിയൻ പ്രേഷിത പ്രവർത്തകനായിരുന്ന ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടുമക്കളെയും തീവെച്ചുകൊന്നതിന് ഇപ്പോൾ ജയിൽവാസം അനുഭവിക്കുന്ന ദാരാ സിങ്ങും അയാളുടെ അനുയായികളും. ദാരാ സിങ് ഈ കൊലകൾ നടത്തുന്ന സമയത്തും ബി.ജെ.പിയായിരുന്നു ഭരിച്ചിരുന്നത്.
ദാരാ സിങ് അറസ്റ്റ് ചെയ്യപ്പെടുകയും അയാൾക്കെതിരെ കോടതി ശിക്ഷവിധിക്കുകയും ചെയ്തിരുന്നു. ഈ സംഭവം ചൂണ്ടിക്കാണിച്ച് ഐസൻസ്റ്റാത്ത് പറഞ്ഞു: ബി.ജെ.പി ഭരിക്കുമ്പോൾ ഹിന്ദുത്വകുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുവെന്നത് അവരുടെ ഭരണത്തെക്കുറിച്ചുണ്ടായിരുന്ന ഭീതികൾ അസ്ഥാനത്താണെന്ന് തെളിയിക്കുന്നു. അദ്ദേഹത്തിെൻറ ആ നിരീക്ഷണം എന്നെ ഞെട്ടിച്ചു. ബഹുവിധ ആധുനികതകളെക്കുറിച്ചുള്ള അദ്ദേഹത്തിെൻറ പഠനങ്ങളാണ് എന്നെ അദ്ദേഹത്തെ വായിക്കുന്നതിലേക്ക് നയിച്ചത്. അദ്ദേഹത്തിെൻറ രാഷ്ട്രീയമായ പക്ഷപാതിത്വങ്ങളെക്കുറിച്ച് അതിനുമുമ്പ് എനിക്ക് ആലോചിക്കാൻ അവസരം കിട്ടിയിരുന്നില്ല.
യഥാർഥത്തിൽ ബി.ജെ.പി ഭരിക്കുമ്പോൾ സംഭവിക്കുന്നതെന്താണെന്ന് നമുക്കറിയാം. ദാരാ സിങ്ങിനെ പിടിക്കാൻവന്ന കാലതാമസം, അദ്ദേഹത്തിെൻറ കൂട്ടുപ്രതികൾ പൊലീസ് നോക്കിനിൽക്കെ പോളിങ്ബൂത്തിൽ ചെന്ന് വോട്ട് രേഖപ്പെടുത്തിയിട്ടുപോയത്, ജയിലിൽ അവർക്കെല്ലാംകിട്ടിയ പരിഗണനകൾ, ദുർബലമായ എഫ്.ഐ.ആർ –അങ്ങനെയെന്തെല്ലാം ഓർക്കാനുണ്ട്. ഒടുവിലുണ്ടായ ഞെട്ടിപ്പിക്കുന്ന ആ സുപ്രീംകോടതി നിരീക്ഷണവും –മതപരിവർത്തനത്തിനു തുനിഞ്ഞ സ്റ്റെയിൻസിനെ ഒരുപാഠം പഠിപ്പിക്കുകയായിരുന്നു ദാരാ സിങ് എന്നാണു കോടതി കണ്ടെത്തിയത്! ബി.ജെ.പിയുടെ ഭരണത്തിൽ സംഭവിക്കുന്നത്, ഒരുവശത്ത് വംശഹത്യയോളം എത്തുന്ന ന്യൂനപക്ഷ–ദലിത് പീഡനവും മറുവശത്ത് ഭരണകൂടസ്ഥാപനങ്ങളും വൈജ്ഞാനികമേഖലകളുടെയും കാവിവത്കരണവുമാണ്. അദ്ദേഹത്തിന് ഞാൻ ഉദാഹരണങ്ങൾ നിരത്തി ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ അത് സമ്മതിക്കാൻതന്നെ വിമുഖതയുള്ളതുപോലെ തോന്നി.
ഇപ്പോൾ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുഫലവും ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുഫലവും നമ്മുടെ മുന്നിലുണ്ട്. കേരളത്തിൽ പ്രതീക്ഷിച്ചതുപോലെ രണ്ടുമുന്നണികളിൽ ഒന്ന്–ഇക്കുറി എൽ.ഡി.എഫ് മുന്നിൽവന്നു. എതിർമുന്നണിയായ യു.ഡി.എഫ് തൊട്ടുപിറകിലുണ്ട്. 2005ൽ ഗ്രാമപഞ്ചായത്തുകളിൽ 700ലധികവും നേടിയത് എൽ.ഡി.എഫ് ആയിരുന്നു. യു.ഡി.എഫ് 270ലേറെ പഞ്ചായത്തുകളിലേ അധികാരത്തിൽവന്നുള്ളൂ. 2010ൽ യു.ഡി.എഫിനു തദ്ദേശ തെരഞ്ഞെടുപ്പുകളുടെ സമീപകാല ചരിത്രത്തിൽ ആദ്യമായി ഗ്രാമപഞ്ചായത്തുകളിൽ ഭൂരിപക്ഷവും നേടാൻകഴിഞ്ഞു. യു.ഡി.എഫിന് 579 പഞ്ചായത്തും എൽ.ഡി.എഫിന് 386 പഞ്ചായത്തുമാണ് അന്ന് ലഭിച്ചത്. ഇപ്പോൾ 2015ൽ ഇത് തിരിച്ചായി. എൽ.ഡി.എഫ് ഇപ്പോൾ നേടിയിരിക്കുന്നത് 546 ഗ്രാമപഞ്ചായത്തുകളാണ്. യു.ഡി.എഫിന് 367ഉം. സാധാരണഗതിയിൽ നോക്കിയാൽ അസ്വാഭാവികമായി ഒന്നുമില്ല. ഗ്രാമീണമേഖലകളിൽ മുമ്പുണ്ടായിരുന്ന സ്വാധീനം തൽക്കാലം സി.പി.എമ്മിനില്ലെന്നത് വാർത്തയല്ല.
എന്നാൽ, ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി–എസ്.എൻ.ഡി.പി മുന്നണി സീറ്റുകളുടെ കാര്യത്തിൽ കുറേ മുന്നോട്ടുപോയി എന്നത് തീർത്തും അവഗണിക്കാൻ കഴിയുന്ന കാര്യമല്ല. ആയിരത്തിലധികം സീറ്റുകൾ ആ മുന്നണിക്ക് ഗ്രാമതലത്തിൽ ലഭിച്ചു. യഥാക്രമം 7551ഉം 6270ഉം സീറ്റുകളാണ് ഇവിടെ എൽ.ഡി.എഫിനും യു.ഡി.എഫിനും കിട്ടിയിട്ടുള്ളത്. ജില്ല, ബ്ലോക് പഞ്ചായത്തുകളിൽ ബി.ജെ.പി മുന്നണിയുടെ സാന്നിധ്യം പരിമിതമാണ്. എന്നാൽ, മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമായി അവർ നേടിയത് 280ലധികം സീറ്റുകളാണ്. ഇവിടെ യു.ഡി.എഫിന് 1461ഉം എൽ.ഡി.എഫിന് 1459ഉം സീറ്റുകളാണെന്നുകാണുന്നു. മുനിസിപ്പാലിറ്റികളിൽ സീറ്റുകളുടെ കാര്യത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫിന് മുന്നിലായതാണ് ഈ തുല്യതക്കുള്ള കാരണം.
കേരളത്തിലെ അമൂർത്തമായ ഒരു മൃദുഹിന്ദുത്വ മനസ്സിനെ മുന്നിൽക്കണ്ടാണ് ബി.ജെ.പി അതിെൻറ രാഷ്ട്രീയം രൂപപ്പെടുത്തുന്നത്. ഉത്തരേന്ത്യയിലെ വർണ വിദ്വേഷ രാഷ്ട്രീയം എല്ലാ അതിരുകളും ലംഘിക്കുന്നത് കേരളത്തിൽ ശക്തമായ രാഷ്ട്രീയവിഷയം ആയതുകൊണ്ടാണ് ബി.ജെ.പിയുടെ നില ഇതിലും ഉയരാഞ്ഞതെന്നത് വ്യക്തമാണ്.
സീറ്റുകൾ നോക്കിയാൽ യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും അടിത്തറയിലേക്ക് ബി.ജെ.പി ഇപ്പോഴും കടന്നിട്ടില്ലെന്ന് ബോധ്യമാവും, ചിലയിടങ്ങളിൽ അത് കാണുന്നുണ്ടെങ്കിലും. വടക്കൻപ്രദേശങ്ങളിൽ എൽ.ഡി.എഫിെൻറയും തെക്കൻപ്രദേശങ്ങളിൽ യു.ഡി.എഫിെൻറയും മേഖലകളിൽ ബി.ജെ.പി കടന്നുകയറുന്നുണ്ട്. പക്ഷേ, ബി.ജെ.പിയുടേത് ഒരിക്കലും കേവലമായ തെരഞ്ഞെടുപ്പു വിജയമല്ല, അത് കേരളത്തെ പതുക്കെപ്പതുക്കെ ആക്രമിക്കുന്ന മാനസികവിജയമാണ്. മാണി വിഷയം, 2010ൽ ഭൂരിപക്ഷം സ്ഥാപനങ്ങളിലും വിജയിച്ചു ഭരിച്ചതിെൻറ ഭരണവിരുദ്ധവികാരം എന്നിവയെ നേരിട്ട യു.ഡി.എഫ് 2005ൽ നേരിട്ടതുപോലൊരു സമ്പൂർണ പരാജയം ഇക്കുറി നേരിട്ടിട്ടില്ല. എൽ.ഡി.എഫ് 2010ലെ നിലയിൽനിന്ന് മുന്നോട്ടുപോയിട്ടുമുണ്ട്. ഇതിനിടയിൽ ഏതുവഴിയിലൂടെയാണ് ബി.ജെ.പി കേരളത്തിൽ കടന്നുകയറുന്നതെന്നത് സൂക്ഷ്മതയോടെ വിലയിരുത്തേണ്ട രാഷ്ട്രീയപ്രതിഭാസമാണ്. താമര വേരിറക്കുന്ന ഒരു ചളിക്കെട്ട് ഇവിടെ ഈറിയൂറി കൂടുകയാണ്.
കേരളത്തിൽ വർഗീയസംഘർഷമോ മതപരമായ വികാരിക വൈരുധ്യങ്ങളോ ഉണ്ടാക്കാൻ ബി.ജെ.പി ശ്രമിച്ച സ്ഥലങ്ങളിൽ– താനൂർ, കൊടുങ്ങല്ലൂർ, ബേപ്പൂർ തുടങ്ങിയ സ്ഥലങ്ങൾ ചില ഉദാഹരണങ്ങൾമാത്രം. അവർക്ക് ചെറിയ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇത് ആപത്കരമായ ഒരു കാര്യമാണ്. അതുപോലെ ഇപ്പോൾ നേടിയിട്ടുള്ള അധികാരം എങ്ങനെയാണ് ബി.ജെ.പി ഉപയോഗിക്കുകയെന്നതും നിർണായകമാണ്. ബിഹാറിലെ ബി.ജെ.പിയുടെ പരാജയത്തെ അൽപം കരുതലോടെ നോക്കിക്കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് ജനതാപരിവാർ കക്ഷികളുടെ ചരിത്രമാണ്. അവരെല്ലാംതന്നെ വിവിധഘട്ടങ്ങളിൽ ആർ.എസ്.എസുമായി കൂട്ടുചേർന്നിട്ടുള്ളവരാണ്. നിതീഷ്തന്നെ ആ മുന്നണിയിലായിരുന്നു ഈ അടുത്തകാലംവരെ. ഇവർക്ക് സ്ഥായിയായ ആർ. എസ്.എസ് വിരുദ്ധരാഷ്ട്രീയമില്ല. ലാലുപ്രസാദിെൻറ സമീപകാല രാഷ്ട്രീയംമാത്രമാണ് ഇതിനൊരു അപവാദം. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നത് പ്രധാനമാണ്. എന്നാൽ, അതുകൊണ്ടുമാത്രം ഹിന്ദുത്വരാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ കഴിയില്ല. ദീർഘവും ദുർഘടങ്ങൾ നിറഞ്ഞതുമായ ഒരു യാത്രയാണ് മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.