പശു=പന്നി?
text_fields‘ഇസ്ലാം സഹോദരങ്ങള്‍ പാര്‍ക്കുന്നിടത്ത് ഒരു പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്താന്‍ തീവ്രവാദികള്‍ ശ്രമിച്ചാല്‍ എന്തുണ്ടാകുമെന്ന് ഒരു ചിന്തകന്‍ ഈയിടെ ചോദിക്കുകയുണ്ടായി. പ്രതിഷേധം നിന്ദയായിക്കൂടാ’ (മാതൃഭൂമി, നവംബര്‍ 12, 2015). കവിയും പ്രകൃതിസംരക്ഷണത്തിന്‍െറ മുന്നണിപ്പോരാളിയുമായ സുഗതകുമാരി ഇങ്ങനെ എഴുതിക്കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ വയ്യ എന്നുതോന്നി. അവര്‍ സൂചിപ്പിച്ചതുപ്രകാരം ഈ മഹാമണ്ടത്തം ഒരു ചിന്തകന്‍േറതായതുകൊണ്ടുകൂടിയാണ് ഇടപെടല്‍. നേരത്തേ ഗോവധവും ഗോമാംസവും ചര്‍ച്ചാവിഷയമായപ്പോഴൊക്കെ ചില അമുസ്ലിം പ്രമുഖരും സംഘ്പരിവാര്‍ പ്രഭൃതികളും മാധ്യമങ്ങളും പന്നിമാംസവും ഗോമാംസവും തമ്മിലെ സമാനത എടുത്തുകാട്ടിയിട്ടുണ്ട്.
കാര്യമെന്താണ്? സെമിറ്റിക് മതങ്ങളായ ജൂതായിസവും ഇസ്ലാമും പന്നിമാംസം നിഷിദ്ധമാണെന്ന് വിധിച്ചിരിക്കുന്നു. അതിനാല്‍ ജൂതരും മുസ്ലിംകളും പോര്‍ക്കിറച്ചി തിന്നാറില്ല. ക്രിസ്ത്യാനികള്‍ പക്ഷേ, പന്നിയെ പോറ്റുകയും കൊല്ലുകയും തിന്നുകയും ചെയ്യാറുണ്ട്. മുമ്പെന്നോ വായിച്ച ഒരു നര്‍മശകലം ഓര്‍മയുണ്ട്. ഒരു ജൂതപുരോഹിതനെ സുഹൃത്തായ കത്തോലിക്ക പാതിരി വിരുന്നിനു ക്ഷണിച്ചു. തീന്‍മേശപ്പുറത്തെ വിഭവങ്ങളില്‍ പന്നിയിറച്ചിയും ഉണ്ടായിരുന്നു. യഹൂദ റബ്ബി അത് തിന്നില്ല. അന്നേരം കത്തോലിക്ക പുരോഹിതന്‍ ചോദിച്ചു: ‘താങ്കളെ എപ്പോഴാണ് പോര്‍ക്ക് മാംസം തീറ്റിക്കാന്‍ എനിക്ക് ഭാഗ്യം ലഭിക്കുക.’ ഉടന്‍ റബ്ബിയുടെ മറുപടി: ‘താങ്കളുടെ കല്യാണത്തിന്!’ (കത്തോലിക്ക പുരോഹിതര്‍ക്ക് കല്യാണം ഹറാമാണല്ളോ; ജൂതന്മാര്‍ക്ക് പന്നിമാംസംപോലെ).
ഇവിടെ പ്രശ്നം വിശുദ്ധിയുടേതല്ല, അശുദ്ധിയുടേതാണ്. അതായത് പന്നി പുണ്യമൃഗമോ സംപൂജ്യമോ ആയതുകൊണ്ടല്ല മുസ്ലിംകള്‍ അതിന്‍െറ മാംസം കഴിക്കാത്തത്; അത് അശുദ്ധവും മാലിന്യവുമായി അവര്‍ കരുതുന്നതുകൊണ്ടാണ്. മാലിന്യങ്ങളൊന്നും തിന്നാന്‍ ഇസ്ലാം അനുവദിച്ചിട്ടില്ല. ‘നിങ്ങള്‍ക്ക് നാലേ നാല് സാധനങ്ങളേ ഭുജിക്കാന്‍ പാടില്ലാത്തതായുള്ളൂ. ശവം, രക്തം, പന്നിമാംസം, ദൈവത്തിന്‍െറ പേരിലല്ലാതെ അറുക്കപ്പെട്ടത് എന്നിവയാണവ’ എന്നതാണ് ഖുര്‍ആന്‍െറ അധ്യാപനം. അതായത് പന്നിമാംസം ആര്‍, എത്ര അളവില്‍, എവിടെവെച്ച് തിന്നാലും അത് പ്രകോപനപരമായി മുസ്ലിംകള്‍ കരുതുന്നില്ല. അതിന്‍െറ പേരില്‍ അവരുടെ മതവികാരങ്ങള്‍ വ്രണപ്പെടുകയുമില്ല. അവരെ അത് തിന്നാന്‍ നിര്‍ബന്ധിക്കരുത് എന്നേയുള്ളൂ. അതാണോ പശുവിന്‍െറ സ്ഥിതി? ഗോമാതാവ് സംപൂജ്യവും പുണ്യമൃഗവുമാണ് ബ്രാഹ്മണര്‍ക്ക്. അതിനാല്‍ പശുവിനെ അറുത്താല്‍ അഥവാ തിന്നാല്‍ അവരുടെ വികാരം വ്രണപ്പെടും. മുസ്ലിംകളും അത് മാനിക്കുന്നു. അതുകൊണ്ടാണ് ഗോപൂജ വ്യാപകമായി നിലവിലുള്ള പ്രദേശങ്ങളില്‍ പൊതുവെ മുസ്ലിംകള്‍ പശുവിനെ അറുക്കുകയോ വില്‍ക്കുകയോ ചെയ്യാത്തത്. അല്ളെങ്കിലും പശുമാംസം മാംസാഹാരികളുടെതന്നെ ഇഷ്ടവിഭവമല്ല. കാളയിറച്ചിയും പോത്തിറച്ചിയുമാണ് അവര്‍ക്ക് പഥ്യം. സ്വതന്ത്ര ജനാധിപത്യ മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ ഒരു വിഭാഗത്തിന്‍െറയും വികാരങ്ങളെ ബാധിക്കാത്തവിധം ഇഷ്ടാഹാരം കഴിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യവും അവകാശവുമുണ്ടാകണം എന്നേ സമാധാനപ്രിയര്‍ ആഗ്രഹിക്കുന്നുള്ളൂ. ഒരു കൂട്ടരുടെ വിശ്വാസാചാരങ്ങള്‍ ഇതര വിഭാഗങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനും അതിന്‍െറ പേരില്‍ മനുഷ്യക്കശാപ്പ് നടത്താനും തുനിയുമ്പോഴാണ് സ്പര്‍ധയും കലാപങ്ങളുമുണ്ടാവുന്നത്. പശു ഒരു ഹിന്ദു-മുസ്ലിം ഇഷ്യു അല്ളേ അല്ല. അങ്ങനെ ആക്കാനുള്ള ശ്രമം ആരുടെഭാഗത്തുനിന്നായാലും ചെറുത്തുതോല്‍പിക്കപ്പെടണം.
അരനൂറ്റാണ്ട് മുമ്പുണ്ടായ ഒരു അനുഭവംകൂടി അനുസ്മരിക്കട്ടെ. എന്‍െറ മൂത്ത ജ്യേഷ്ഠന്‍െറ മകള്‍ക്ക് ടി.ടി.ഐക്ക് പ്രവേശം ലഭിച്ചത് ഒരു ക്രിസ്ത്യന്‍ കോണ്‍വന്‍റ് ട്രെയ്നിങ് സ്കൂളിലായിരുന്നു. അവള്‍ അവിടെ ഹോസ്റ്റലില്‍ താമസിക്കവെ ഒരു പ്രശ്നം നേരിട്ടു. ഓരോ ഗ്രൂപ് വിദ്യാര്‍ഥിനികള്‍ ഷെഡ്യൂള്‍ പ്രകാരം മാറി മാറി പാചകജോലി ചെയ്യണം. എന്‍െറ ജ്യേഷ്ഠന്‍െറ മകളുടെ ഊഴം വരുന്ന ദിവസം പന്നിമാംസമാണ് മുഖ്യ വിഭവം. അവള്‍ക്കത് വേവിക്കാനോ തിന്നാനോ വയ്യെന്ന് വാര്‍ഡനെ അറിയിച്ചപ്പോള്‍ മറുപടി നിഷേധരൂപത്തിലായിരുന്നു. അവള്‍ എന്നെ വിവരമറിയിച്ചു. ഞാന്‍ പോയി മദറിനെ കണ്ട് കാര്യങ്ങള്‍ സൗമ്യമായി ധരിപ്പിച്ചു. ‘അയ്യോ, അങ്ങനെയൊന്നും സംഭവിക്കുകയില്ല. ഒരാളെയും അവരുടെ വിശ്വാസത്തിന് നിരക്കാത്തത് നിര്‍ബന്ധിക്കുന്ന പ്രശ്നമേയില്ല’ -ആദരണീയയായ മദറുടെ മറുപടിക്ക് നന്ദിപറഞ്ഞ് ഞാന്‍ സ്ഥലംവിട്ടു. ഉമ്മക്കുട്ടിക്ക് പന്നിയില്‍നിന്ന് വിടുതലും കിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.