സംവരണം: ഒരു വിയോജനം
text_fieldsസാമൂഹികമായും വിദ്യാഭ്യാസപരമായും പിന്‍നിരയില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും ജാതികള്‍ക്കും ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ ഭരണഘടന വ്യവസ്ഥ ചെയ്തതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്യോഗങ്ങളിലുമുള്ള സംവരണം. പട്ടികജാതി/ പട്ടികവര്‍ഗങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്‍റിലും സീറ്റ് സംവരണവുമുണ്ട്. സാമൂഹികജീവിത തുറകളിലാസകലം പിന്നാക്കമായ സ്ത്രീകള്‍ക്ക് പഞ്ചായത്ത്^നഗരസഭകളില്‍ 50 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തുവെച്ചിരിക്കുന്നു.
നിയമസഭകളിലും ലോക്സഭയിലും 33 ശതമാനം സ്ത്രീ സംവരണത്തിനായുള്ള ബില്‍ യു.പി.എയുടെ ഭരണകാലം മുതല്‍ പാര്‍ലമെന്‍റിന്‍െറ അംഗീകാരം കാത്തുകഴിയുകയാണ്. തീര്‍ച്ചയായും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വര്‍ഗങ്ങളെയും സന്തുലിതമായി വികസിപ്പിക്കാനും തുല്യത കൈവരുത്താനും സംവരണം അനുപേക്ഷ്യമാണ്. ജാതിയും അയിത്തവും തീരാശാപമായ ഇന്ത്യയില്‍ സംവരണവ്യവസ്ഥ ഇല്ലായിരുന്നെങ്കില്‍ ന്യൂനപക്ഷമായ സവര്‍ണര്‍ രംഗം അപ്പാടെ കൈയടക്കുമായിരുന്നു. കീഴ്ജാതിക്കാര്‍ എന്നെന്നും വിറകുവെട്ടികളും വെള്ളം കോരികളുമായി കഴിയേണ്ടി വരുമായിരുന്നു. സംവരണം നിലവില്‍ വന്നിട്ടുകൂടി നിയമനിര്‍മാണ സഭകളിലും ഭരണയന്ത്രത്തിലും ജുഡീഷ്യറിയിലും മേല്‍ജാതിക്കാരുടെ മേധാവിത്വമാണ് പുലരുന്നത്.
എന്നാല്‍, ഇതിന് ശക്തമായ ഒരു മറുവശമില്ളേ എന്നാലോചിക്കാന്‍, സ്വാതന്ത്ര്യത്തിന്‍െറ ഏഴു പതിറ്റാണ്ടുകള്‍ ഏതാണ്ട് പിന്നിട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തെങ്കിലും സമയമായില്ളേ എന്നാണ് എന്‍െറ സംശയം. കാരണങ്ങള്‍ വിശദീകരിക്കാം.
ഒന്ന്: ബുദ്ധിപരമായും യോഗ്യതയിലും എത്ര മികവ് പുലര്‍ത്തിയാലും സമൂഹത്തില്‍ മേല്‍ജാതിക്കാരായറിയപ്പെടുന്നവരുടെ തലമുറകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു. യോഗ്യത കുറഞ്ഞവര്‍ക്ക് അവരെ പിന്നിലാക്കി സ്ഥാനങ്ങള്‍ കൈയടക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നു. ഇത് ജനാധിപത്യപരമായി ന്യായീകരിക്കപ്പെടാമോ?
രണ്ട്: സംവരണത്തിന്‍െറ ആനുകൂല്യങ്ങള്‍ പിന്നാക്ക വിഭാഗങ്ങളെ അലസരും മത്സരരംഗത്ത് കഴിവുതെളിയിക്കുന്നതില്‍ വിമുഖരുമാക്കുന്നു.
മൂന്ന്: കൂടുതല്‍ കൂടുതല്‍ ജാതികള്‍- മുന്നാക്ക ജാതികള്‍പോലും^സംവരണത്തിനായി പൊരുതുകയും മുഖ്യ രാഷ്ട്രീയപാര്‍ട്ടികള്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്കമൂലം 60 ശതമാനത്തിലധികമായിരിക്കുന്നു ചില സംസ്ഥാനങ്ങളില്‍ സംവരണത്തോത്. മെറിറ്റടിസ്ഥാനത്തില്‍ മത്സരിക്കാനുള്ള സാധ്യത അത്രത്തോളം കുറയുകയും ചെയ്യുന്നു.
നാല്: സംവരണ മണ്ഡലങ്ങളിലെ സമ്മതിദായകര്‍ക്ക് പതിറ്റാണ്ടുകളോളം പ്രത്യേക ജാതികളില്‍ പിറന്നവരെ മാത്രമേ തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുന്നുള്ളൂ. ഇത് പൗരാവകാശ നിഷേധമല്ളെങ്കില്‍ മറ്റെന്താണ്?
അഞ്ച്: പഞ്ചായത്ത്-നഗരസഭ തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനമാണ് സ്ത്രീ സംവരണമെന്നതുകൊണ്ട് യോഗ്യരായ സ്ത്രീ സ്ഥാനാര്‍ഥികള്‍ക്കായി നെട്ടോട്ടമോടുകയാണ് പാര്‍ട്ടികള്‍. അടുക്കളയില്‍നിന്നും അങ്കണവാടികളില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടു വരുന്നവരാണ് ഗണ്യമായ ഭാഗം. ഫലം, ഭരണനടത്തിപ്പ് പിന്‍സീറ്റ് ഡ്രൈവിങ്ങായി പരിണമിക്കുന്നു. കുടുംബജീവിതത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ചെയര്‍പേഴ്സന്‍ പദവിക്കുകൂടി സംവരണം ബാധകമാക്കിയതിനാല്‍ മൊത്തം ഭരണം അവതാളത്തിലായ പഞ്ചായത്തുകളും നഗരസഭകളും കുറവല്ല.
ആറ്: പട്ടികവര്‍ഗ സംവരണം നിയമസഭ സീറ്റുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലപ്പത്തും കാലങ്ങളായി തുടരുന്ന വയനാടുപോലുള്ള ജില്ലകളില്‍ സാധാരണ പൗരന്മാര്‍ക്ക് സ്വന്തം ഹിതമനുസരിച്ച് പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ല. അത് വ്യക്തമായും അവകാശ നിഷേധമാണ്. പട്ടികവര്‍ഗങ്ങളിലെ ഉയര്‍ന്ന ജാതിയായ കുറിച്യരാണ് സംവരണം കുത്തകയാക്കിവെക്കുന്നതെന്ന പ്രശ്നവുമുണ്ട്. ഭരണം കാര്യക്ഷമമല്ളെങ്കില്‍ സംവരണ വിഭാഗങ്ങള്‍ക്കുപോലും അര്‍ഹമായ ആനുകൂല്യങ്ങളോ അവകാശങ്ങളോ ലഭിക്കുകയില്ല എന്നതാണനുഭവം.
ഏഴ്: മുസ്ലിംകളാദി അധ$സ്ഥിത ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളും ജാതിസംവരണം ചെയ്യപ്പെടുന്നതുമൂലം അവര്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നു. ഉദാഹരണം മലപ്പുറം ജില്ലയിലെ വണ്ടൂര്‍.
എട്ട്: യുവാക്കള്‍ക്ക് മത്സരിക്കാനുള്ള അവസരം കുറഞ്ഞതുമൂലം അവര്‍ രാഷ്ട്രീയത്തോട്് വിടപറഞ്ഞ് അരാഷ്ട്രീയ മേഖലകളില്‍ ചേക്കേറുന്നു. ഇത് ജനാധിപത്യത്തിന്‍െറ ഭാവിക്കുതന്നെ ശുഭകരമല്ല.
ഇതിനെല്ലാം പ്രതിവിധി സംവരണം എടുത്തുകളയലാണെന്ന് അഭിപ്രായമില്ല. പകരം തുല്യനീതി ലക്ഷ്യംവെച്ചും ഭരണമികവിന് പ്രഥമ പരിഗണനനല്‍കിയും ഒരു പുന:സംവിധാനം അനുപേക്ഷ്യമായിരിക്കുന്നുവെന്നാണ് പറഞ്ഞുവന്നതിന്‍െറ ചുരുക്കം. തദ്വിഷയകമായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കട്ടെ.
ഒന്ന്: സ്ത്രീ സംവരണം 33 ശതമാനമായി കുറക്കുക. യോഗ്യരായ സ്ത്രീകള്‍ക്ക് ജനറല്‍ സീറ്റിലും മത്സരിക്കാമെന്നതുകൊണ്ട് സ്ത്രീക്ക് അവസര നിഷേധം ഭയപ്പെടേണ്ടതില്ല.
രണ്ട്: വൈസ് ചെയര്‍പേഴ്സന്‍ പദവിക്കേ സംവരണം ബാധകമാക്കാവൂ. യോഗ്യതതെളിയിച്ചവര്‍ക്ക് ആണായാലും പെണ്ണായാലും സാരഥ്യം സ്വാഭാവികമായി കൈവരുമല്ലോ.
മൂന്ന്: പട്ടികവര്‍ഗ സംവരണം സ്ത്രീ സംവരണംപോലെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാക്കണം. അതിന് സാധ്യതയില്ളെങ്കില്‍ ദ്വയാംഗ മണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് പ്രതിവിധി.
നാല്: ഉദ്യോഗ സംവരണംമൂലം സമുദായങ്ങള്‍ എത്രത്തോളം വളര്‍ന്നു, തുല്യത കൈവരിച്ചുവെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷനെ നിയോഗിക്കുക. ഏതെങ്കിലും സമുദായങ്ങള്‍ ഏതെങ്കിലും വകുപ്പില്‍ തുല്യത കൈവരിച്ചിട്ടുണ്ടെന്ന് കണ്ടത്തെിയാല്‍ ആ വകുപ്പില്‍ ആ സമുദായത്തിന് സംവരണം തുടരേണ്ടതില്ല. ജനസംഖ്യാനുപാതികമായി സംവരണത്തോത് പുന$ക്രമീകരിക്കുകയും വേണം.
CAUTION: ഇപ്പറഞ്ഞതെല്ലാം വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്. ഏതെങ്കിലും സംഘടനയുടെയോ സമുദായത്തിന്‍െറയോ മാധ്യമത്തിന്‍െറയോ അഭിപ്രായമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.