Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightമികവിനെ ഭയക്കുന്ന...

മികവിനെ ഭയക്കുന്ന മലയാളി

text_fields
bookmark_border
മികവിനെ ഭയക്കുന്ന മലയാളി
cancel

അമേരിക്കയിലെ പ്രശസ്തമായ ഹാര്‍വഡ് സര്‍വകലാശാലയിലെ ധനശാസ്ത്ര പ്രഫസറും മലയാളിയുമായ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍െറ സാമ്പത്തികകാര്യ ഉപദേഷ്ടാവായി നിയമിച്ചത് സംബന്ധിച്ചുയര്‍ന്ന വിവാദം ഏറക്കുറെ കെട്ടടങ്ങിയ മട്ടാണ്.  സ്വാഭാവികമായും അമ്പരപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ആ തീരുമാനം.  സാമ്പത്തികമായും രാഷ്ട്രീയമായും ഇടതുപക്ഷം ഏറ്റവും എതിര്‍ക്കുന്ന നവലിബറല്‍ മുതലാളിത്തനയങ്ങളുടെ ആഗോള പ്രചാരകയായ ഗീത ഗോപിനാഥനെ  ഇടതുജനാധിപത്യമുന്നണി സര്‍ക്കാറിന്‍െറ മുഖ്യമന്ത്രിയും ഇന്ന് ലോകത്ത് അവശേഷിച്ച  പ്രമുഖ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലൊന്നായ സി.പി.എമ്മിന്‍െറ പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉപദേഷ്ടാവായി നിയമിച്ചതിലെ വൈരുധ്യം ആയിരുന്നു അമ്പരപ്പിന്‍െറ നിദാനം. 

അത് സ്വാഭാവികവുമാണ്. ഇടതുപക്ഷം പ്രത്യേകിച്ച് സി.പി.എം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വലതുപക്ഷവത്കരിക്കപ്പെടുന്നെന്ന് ഇടതുപക്ഷത്തിനുള്ളില്‍നിന്ന് വ്യാപകമായി ആക്ഷേപമുള്ളപ്പോളാണ് ഈ നിയമനം.  ഈയിടെ അന്തരിച്ച ഇടതുപക്ഷ സൈദ്ധാന്തികന്‍ പ്രഫുല്‍ ബിദ്വായ് മുതല്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായിരുന്ന പ്രഭാത് പട്നായിക് വരെയുള്ളവര്‍ ഈ ആക്ഷേപം ഉള്ളവരാണ്.  സി.പി.എമ്മിലെ വലതുപക്ഷത്തിനെതിരെ നിലകൊള്ളുന്നെന്ന് കരുതപ്പെടുന്ന വി.എസ്. അച്യുതാനന്ദനെയും അദ്ദേഹം മുന്‍കൈ എടുത്ത് ആസൂത്രണ ബോര്‍ഡില്‍ കൊണ്ടുവന്ന പട്നായിക്കിനെയും പോലെയുള്ളവര്‍ ഗീതയുടെ നിയമനത്തിനെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ ഈ തര്‍ക്കം പ്രത്യയശാസ്ത്രപരമായിത്തീരുകയും ചെയ്തു.  മാര്‍ക്സിനെ തള്ളി ഗീതയെ വരിച്ച പിണറായി എന്ന് വിമര്‍ശനം   ഉയര്‍ന്നു. കുരുക്ഷേത്രയുദ്ധത്തില്‍ ബന്ധുക്കളെയും ഗുരുക്കന്മാരേയും വകവരുത്താനായി ഗോപിനാഥനായ സാരഥിയില്‍നിന്ന് ഗീതോപദേശം സ്വീകരിച്ച ‘വിജയന്‍’ എന്ന ചിന്ത ആലോചനാമധുരവുമായി.     

ഇന്ത്യയിലെ നിലവിലുള്ള നവലിബറല്‍ നയങ്ങളുടെ ഏറ്റവും വലിയ വക്താക്കളും പ്രയോക്താക്കളുമായ കോണ്‍ഗ്രസും ബി.ജെ.പിയും അവര്‍ക്കൊപ്പം നില്‍ക്കുന്ന ചില അക്കാദമിക പണ്ഡിതരും ഗീതയുടെ നിയമനത്തെ വിമര്‍ശിച്ചതിന്‍െറ പിന്നില്‍ സ്വാഭാവികമായും രാഷ്ട്രീയലക്ഷ്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഇന്ത്യയില്‍ നവലിബറല്‍ നയങ്ങളുടെ അണക്കെട്ട് തുറന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെ രജത ജൂബിലിയില്‍തന്നെയാണ് ഈ ഇരട്ടത്താപ്പ് എന്നതും കൗതുകകരം. (ശശി തരൂരിനെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ ആസൂത്രണ ബോര്‍ഡംഗം ജി. വിജയരാഘവനെയും പോലെയുള്ളവര്‍ ഈ നിയമനത്തെ സ്വാഗതം ചെയ്തതും  മറക്കുന്നില്ല). അതേസമയം, നാഴികക്ക് നാല്‍പതുവട്ടം നവലിബറല്‍ വിരുദ്ധ വായ്ത്താരി  മുഴക്കുന്ന സി.പി.എം ഈ നിയമനത്തെ യുക്തിപൂര്‍വം വിശദീകരിക്കാതിരിക്കുന്നതും ഇരട്ടത്താപ്പാണെന്ന അവരുടെ വിമര്‍ശം ന്യായവുമായിരുന്നു. മറ്റ് ചില അക്കാദമിക വിദ്വാന്മാരുടെ ചോദ്യം ഇവിടെ ധാരാളം വിദഗ്ധര്‍ ഉള്ളപ്പോള്‍ എന്തിനു (മലയാളിയെങ്കിലും) ഇറക്കുമതി എന്ന ‘മണ്ണിന്‍െറ മക്കള്‍’വാദത്തിന്‍െറ  ബലത്തിലായിരുന്നു.  

പക്ഷേ, ഇതൊക്കെ മാത്രമായിരുന്നോ ഗീതക്കെതിരെയുള്ള ആക്ഷേപപ്രളയത്തിന്‍െറ കാരണങ്ങള്‍?  അല്ളെന്നാണ്  ഈ ലേഖകന്‍െറ തോന്നല്‍. മികവിനോടും പ്രതിഭയോടും മലയാളിക്കുള്ള ഒരുതരം ഭയമോ അസഹിഷ്ണുതയോ വെറുപ്പ് തന്നെയോ ഈ ആക്ഷേപത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്.  വിദേശികളോട് ഈ ഭയം വളരെ കൂടുതലുമാണ്.  ഗീതയുടെ കുടുംബ വേരുകള്‍ കേരളത്തില്‍തന്നെയായതുകൊണ്ട് ‘വിദേശവിരോധം’ (അതോ, സെനോഫോബിയ എന്ന വിദേശിപ്പേടിയോ?) വിലപ്പോകില്ല. അപ്പോള്‍ പിന്നെ രാഷ്ട്രീയമേ പറയാനാവൂ.  

രാഷ്ട്രീയമെന്തായാലും ഗീതയെപ്പോലെ ആഗോള അക്കാദമിക രംഗത്ത് ഇത്രയും മികവും അംഗീകാരവും ലഭിച്ച മറ്റൊരു മലയാളി ഉണ്ടോ എന്ന് സംശയമാണ്.  അക്കാര്യം തര്‍ക്കമില്ലാത്തതുകൊണ്ട് അതുപറഞ്ഞ് ആക്ഷേപിക്കുന്നത് മണ്ടത്തമാണെന്ന് അവരുടെ വിമര്‍ശകര്‍ക്കറിയാം. അതുകൊണ്ട്  തന്ത്രം മറ്റൊന്നാണ്. മികവൊക്കെ ശരി, എങ്കിലും നവലിബറല്‍ ഗീതയെ വേണ്ടെന്ന് ഒഴുക്കന്‍ ആക്ഷേപം. ദയവുചെയ്ത് ഈ വിമര്‍ശകര്‍ ഗീതയുടെ മികവിന്‍െറ വിവരങ്ങള്‍ ഒന്നുകൂടി ശ്രദ്ധിക്കുക. ലോകത്തെ ആറാമത്തെ ഏറ്റവും മികച്ച സര്‍വകലാശാലയാണ് അഞ്ചു നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഹാര്‍വഡ്.  ഈ പട്ടികയില്‍ ആദ്യത്തെ 200 എണ്ണത്തില്‍പോലും  ഇന്ത്യയിലെ ഒരൊറ്റ സര്‍വകലാശാല ഇല്ളെന്ന് ഓര്‍ക്കണം.  ഇന്ത്യയിലെ മികച്ചവയെടുത്താല്‍ അതില്‍ കേരളത്തിനും ഇടമില്ല. ഈ സര്‍വകലാശാലയുടെ അഞ്ച് നൂറ്റാണ്ട് നീണ്ട ചരിത്രത്തില്‍ തന്നെ അതിന്‍െറ ഏറ്റവും പ്രശസ്തമായ ധനശാസ്ത്രവകുപ്പില്‍ ഈ സ്ഥാനത്ത് വരുന്ന ലോകത്തെ തന്നെ മൂന്നാമത്തെ വനിതയാണ് ഗീത.  ഈ നിലയില്‍ ഉയര്‍ന്ന ഏക ഇന്ത്യക്കാരന്‍ നൊബേല്‍ ജേതാവായ അമര്‍ത്യ സെന്‍ മാത്രം. ഇവ ഗീതയുടെ നേട്ടങ്ങളില്‍ ചിലതുമാത്രം.  ഗീതയുടെ ഉപദേശങ്ങള്‍ക്കായി കാത്തിരിക്കുകയും കോടിക്കണക്കിനു ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്യുന്നവയുമാണ് ലോകരാഷ്ട്രങ്ങളും ആഗോള കോര്‍പറേറ്റ് ഭീമന്മാരും.  

ഇങ്ങനെ ഒരാളെ ഉപദേഷ്ടാവായി (സൗജന്യമായി) കിട്ടിയാല്‍പോലും വേണ്ടെന്ന് പറയാന്‍ വിധം കാര്യങ്ങളെല്ലാം സുഭദ്രമാണോ കേരളത്തില്‍? മനുഷ്യവിഭവശേഷിയിലെ മുന്നേറ്റമടക്കം കേരളത്തിന്‍െറ എല്ലാ നേട്ടങ്ങള്‍ക്കും ഭീഷണിയാകുന്നവിധം വലിയ സാമ്പത്തിക അനിശ്ചിതത്വത്തിന്‍െറ വക്കില്‍ നില്‍ക്കുന്ന കാലമാണിത്.  വിദേശങ്ങളില്‍ ചോരനീരാക്കുന്ന പ്രവാസി മലയാളി അയക്കുന്ന പണം കൊണ്ടുമാത്രം അഷ്ടി കഴിയുന്ന നാടാണിത്. ‘കൃത്യമായ പുരോഗമന നിലപാട്’ ഉള്ളവരൊക്കെ ഉപദേശിച്ചിട്ടും ഇന്ത്യയില്‍ ഏറ്റവും അധികം തൊഴിലില്ലായ്മ.  ഇടതും വലതും നയിച്ച  സര്‍ക്കാറുകള്‍ മാറിമാറി വന്നിട്ടും കൃഷിയും വ്യവസായവും എത്രയോ കാലമായി സ്തംഭനത്തില്‍.  ഇന്ത്യ ആകെ ഒഴുകിയത്തെിയ മൂലധനനിക്ഷേപം തിരിഞ്ഞുനോക്കാത്ത പ്രദേശം. ഇനി വരുന്ന തലമുറകളെയും സ്വന്തം നാടും കുടുംബവും വിട്ട് മണലരണ്യങ്ങളില്‍ പറഞ്ഞുവിട്ട് അവര്‍ സ്വരുക്കൂട്ടുന്ന പണം കൊണ്ടുള്ള നമ്മുടെ ധൂര്‍ത്ത് തുടരാമെന്നാണോ? മാത്രമല്ല എണ്ണ വിലയിടിവില്‍ ആടി ഉലയുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികളെല്ലാം  തിരിച്ചത്തെുമ്പോള്‍ ഈ നാട് എന്തൊക്കെ പ്രശ്നങ്ങളിലേക്കാണ് പോവുക എന്ന് നാം ആലോചിച്ചിട്ടെങ്കിലും ഉണ്ടോ? ആഗോളമാന്ദ്യത്തില്‍ കേരളത്തിന്‍െറ സമ്പദ് നാഡിയായ തോട്ടവിളകളും സുഗന്ധദ്രവ്യങ്ങളും നേരിടുന്ന പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. 

ഈ ദുരിതങ്ങള്‍ക്ക് ഒരു പരിഹാരവും നമ്മുടെ ഭരണകൂടങ്ങള്‍ക്കോ അക്കാദമിക സമൂഹത്തിനോ ഇതുവരെ കണ്ടത്തൊന്‍ ആയിട്ടില്ല.  എല്ലാം നമുക്ക് അറിയാമെന്ന പൊള്ളയായ അഹങ്കാരം മാത്രം എവിടെയും കാണാം. അതല്ളെങ്കില്‍ സമരം സംഘടിപ്പിക്കുക.  ആഗോള മാറ്റങ്ങള്‍ മറ്റേതൊരു സംസ്ഥാനത്തേക്കാളും പിടിച്ചുലക്കുന്ന കേരളത്തിന് ലോകമാകെ അംഗീകരിച്ച ഈ മലയാളിയില്‍നിന്ന് ഒരു ഉപദേശവും നിര്‍ദേശവും സ്വീകരിക്കാനാവില്ളെന്നാണോ? ഗീത ഗോപിനാഥ് എന്ന ഒരു നവലിബറല്‍ ഭീകരവാദി ഇവിടെവന്ന് കയറി  കേരളത്തിന്‍െറ സമത്വസുന്ദരമനോജ്ഞമധുര  സാമ്പത്തിക സാമൂഹിക വ്യവസ്ഥയെയും ചരിത്രത്തെയും അട്ടിമറിച്ചുകളയുമോ? സി.പി.എം എന്ന പാര്‍ട്ടിയുടെയും എല്‍.ഡി.എഫ് എന്ന മുന്നണിയുടെയും പരിപാടികളെ ഇവര്‍ വലതുപാളയത്തില്‍ കൊണ്ടുകെട്ടുമോ?  ഈ വക അസംബന്ധ ചിന്തകള്‍ മലയാളിമനസ്സിനെ കൂട്ടായി ബാധിച്ച ഒരു ഭയാശങ്കയുടെ ഉല്‍പന്നമാണ്.   

മികവിനോടുള്ള മലയാളിയുടെ ഭയത്തിനും സംശയത്തിനും ചരിത്രപരമായ ചില കാരണങ്ങളുണ്ട് എന്ന് തോന്നുന്നു.  നവോത്ഥാനകാലം മുതല്‍ കേരളത്തില്‍ നടന്ന എല്ലാ ജനകീയ മുന്നേറ്റങ്ങളുടെയും ഏറ്റവും വലിയ ലക്ഷ്യം സമത്വം ആയിരുന്നു. ദേശീയ ഇടതുപക്ഷ പ്രസ്ഥാനങ്ങളെല്ലാം സാമൂഹികവും സാമ്പത്തികവും ആയ സമത്വത്തിന്‍െറ സൃഷ്ടിയാണ് ലക്ഷ്യമാക്കിയത്. മലയാളിയുടെ മൂല്യ സങ്കല്‍പനത്തിന്‍െറ ആധാരശിലയും സമത്വമായി.  സാമൂഹികവും സാമ്പത്തികവുമായി കടുത്ത അസമത്വവും ഉച്ചനീചത്വവും നിലവിലിരുന്ന  സമൂഹത്തില്‍ അത് സ്വാഭാവികം. ന്യൂനപക്ഷത്തിന്‍െറ മികവോ ഉയര്‍ച്ചയോ അല്ല ഭൂരിപക്ഷത്തിന്‍െറ ജീവിതം ഭേദപ്പെടുകയാണ് ധാര്‍മികമായും ശരിയെന്ന  മൂല്യപ്രമാണം  തെറ്റായിരുന്നുമില്ല.  ഈ മുന്നേറ്റങ്ങളുടെ തുടര്‍ച്ചയായി അധികാരമേറിയ ഭരണകൂടങ്ങളുടെ നയങ്ങളുടെ മുഖമുദ്രയും അതായി. കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുടെയും മനുഷ്യവിഭവശേഷിയുടെയും പിന്നില്‍ ഭൂരിപക്ഷം ജനങ്ങള്‍ക്ക്  അനുകൂലമായി വിഭവവിതരണം  ഉറപ്പാക്കിയ ‘കേരള മാതൃക വികസനം’തന്നെയായിരുന്നു  (ഈ മുന്നേറ്റത്തിലും ആദിവാസികള്‍, ദലിതര്‍, മത്സ്യത്തൊഴിലാളികള്‍   തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഏറ്റവും പിന്നില്‍ മാത്രമേ സ്ഥാനം കിട്ടിയുള്ളൂ എന്നതും  ശരി).

പക്ഷേ, സമത്വം, സമ്പത്തിന്‍െറ പുനര്‍ വിതരണം, വിഭവങ്ങളുടെ തിരശ്ചീനവത്കരണം  എന്നിവയിലുള്ള ഊന്നല്‍  (പലപ്പോഴും വാചകത്തില്‍ മാത്രമെങ്കിലും) കാലക്രമേണ മികവിന്‍െറ ശത്രുപക്ഷത്തുവരെ എത്തിയിരിക്കുന്നു.  സമത്വം എന്നാല്‍, ശരാശരിത്വത്തിന്‍െറ ആഘോഷമാണെന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. എങ്ങനെയും നിലനില്‍ക്കുന്ന വ്യവസ്ഥ സംരക്ഷിക്കുക എന്നതായിരിക്കുന്നു ധൈര്യപൂര്‍വം മറ്റൊരു വഴി തെരഞ്ഞെടുത്ത പ്രസ്ഥാനങ്ങളുടെപോലും ലക്ഷ്യം.  ഉന്നത വിദ്യാഭ്യാസത്തില്‍ മാത്രമല്ല ഏതുരംഗത്തും ഉയര്‍ന്ന മികവിന്‍െറ കാര്യത്തില്‍ മലയാളി തള്ളിപ്പോകുന്നത് ഇതുകൊണ്ടുതന്നെ.  ഇന്നത്തെ കേരളത്തിന്‍െറ പ്രശ്നങ്ങളുടെ ഒക്കെ കാരണം ഈ ശരാശരിത്വത്തില്‍ കാണാം. മികവും സമത്വവും ഒന്നിച്ചുകൊണ്ടുപോകുക മാത്രമേ കേരളത്തിന്‍െറ വളര്‍ച്ചക്ക് ഇനി ഇന്ധനമാകുകയുള്ളൂ. ഇവ രണ്ടും പരസ്പരവിരുദ്ധമല്ളെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ധീരമായ നയങ്ങള്‍ക്കും സമീപനങ്ങള്‍ക്കും  കേരളം കാത്തിരിക്കുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtgeetha gopinadhprabhath padnaik
Next Story